കഴിഞ്ഞ പത്തുവർഷത്തോളമായി അമേരിക്കയിലെ ആയിരക്കണക്കിന് ഭാഗ്യാന്വേഷകർ ഒരു നിധിയും തിരഞ്ഞ് നടപ്പായിരുന്നു. രണ്ടു മില്യൺ ഡോളർ വിലമതിക്കുന്ന, നമ്മുടെ നാട്ടിലെ 15 കോടിയോളം രൂപ  വിലമതിക്കുന്ന സ്വർണ്ണക്കട്ടികളും, നാണയങ്ങളും, വജ്രങ്ങളും മറ്റും അടങ്ങിയ ഒരു പെട്ടി. അതായിരുന്നു അവർ തേടിക്കൊണ്ടിരുന്ന നിധി. നോർത്ത് അമേരിക്കയിലെ റോക്കി മലനിരകളിലാണ് ആ ട്രെഷർ ചെസ്റ്റ് ഒളിപ്പിച്ച് വെച്ചിട്ടുണ്ടായിരുന്നത്. 

ഫോറസ്റ്റ് ഫിൻ എന്നുപേരായ ഒരു ന്യൂ മെക്സിക്കോക്കാരൻ ആർട്ട് ആൻഡ് ആന്റിക്വിറ്റി കളക്ടർ ആണ് ഇങ്ങനെ ഒരു നിധി റോക്കി മലനിരകളിൽ ഒളിപ്പിച്ചു വെച്ചത്. തനിക്ക് കിഡ്‌നി കാൻസർ ആണ് എന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ, ഇനി അധികകാലം ഈ ഭൂമിയിൽ ഉണ്ടാവില്ല എന്നറിഞ്ഞപ്പോൾ ഒരു നിധിവേട്ടയ്ക്കുള്ള സെറ്റപ്പുണ്ടാക്കുകയാണ് അയാൾ ആദ്യം ചെത്തത്. തന്റെ പക്കലുണ്ടായിരുന്ന സ്വർണ്ണത്തിലും, വജ്രത്തിലും തീർത്ത അമൂല്യമായ വസ്തുക്കൾ നിറച്ച് ഒരു നിധിപേടകം തന്നെ ഫിൻ ഉണ്ടാക്കി.പത്തുകിലോ ഭാരമുള്ള നിധിപേടകത്തിനുള്ളിൽ, പതിനൊന്നു കിലോയോളം ഭാരമുള്ള വസ്തുക്കൾ അടക്കം ചെയ്തിട്ടുണ്ടായിരുന്നു. അതിനെ അയാൾ ആരുമറിയാതെ ഒരിടത്ത് ഒളിപ്പിച്ചു വെച്ചു.

 ഇത്രയും ചെയ്ത ശേഷം, ആ രഹസ്യ സ്ഥാനത്തെക്കുറിച്ചുള്ള സൂചനകൾ അവിടവിടെയായി വാരിവിതറിക്കൊണ്ട്, 'ത്രില്ല് ഓഫ് ദ ചേസ്' എന്ന പേരിൽ  ഒരു ആത്മകഥ എഴുതി പ്രസിദ്ധപ്പെടുത്തി ഫെൻ. ആ ആത്മകഥയിലെ ഒരു നിഗൂഢമായ കവിതയിലാണ് ഫിൻ താൻ നിധിപേടകം ഒളിപ്പിച്ച സ്ഥലത്തെക്കുറിച്ചുള്ള 'ക്ലൂ' ഒളിപ്പിച്ചു വെച്ചിരുന്നത്. അത്രയും ചെയ്ത ശേഷം അയാൾ, നാട്ടിലെ സാഹസികരായ ഭാഗ്യാന്വേഷികളെ എല്ലാം വെല്ലുവിളിച്ചുകൊണ്ട് അയാൾ പറഞ്ഞു, " കണ്ടുപിടിക്കാൻ ഒക്കുമെങ്കിൽ കണ്ടു പിടിക്ക്. കണ്ടെത്തിയാൽ അതിനകത്തെ നിധി നിങ്ങൾക്ക് സ്വന്തം..."  

നിധി വേട്ട പ്രഖ്യാപിച്ച് ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ തന്നെ ഫെൻ കിഡ്‌നി കാൻസറിനോടുള്ള തന്റെ പോരാട്ടത്തിൽ വിജയിച്ച്, ജീവിതത്തിലേക്ക് തിരിച്ചു വന്നെങ്കിലും, ആ നിധി തിരിച്ചെടുക്കാൻ അയാൾ മുതിർന്നില്ല. അങ്ങനെ ഒരു നിധി ഇല്ല എന്നും, ഇല്ലാത്ത നിധിയുടെ പേരും പറഞ്ഞുകൊണ്ട് ജനങ്ങളെ വഞ്ചിച്ച ഫെന്നിനെതിരെ നടപടി വേണം എന്നുമൊക്കെ നിധികിട്ടാതെ ഹതാശരായ പലരും പൊലീസിൽ പരാതിപ്പെടുക വരെ ചെയ്തു. അവരോടൊക്കെ ഫെൻ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നത് ഒന്നുമാത്രം, " അന്വേഷിപ്പിൻ, കണ്ടെത്തും''

 


ഒടുവിൽ, നിധികിട്ടാതെ ജീവിതം തുലച്ച മൂന്നര ലക്ഷം പേരുടെ പരാജയങ്ങൾക്കു ശേഷം, കഴിഞ്ഞ ദിവസം അതേ റോക്കി മലനിരകളിൽ, സമുദ്രനിരപ്പിൽ നിന്ന് അയ്യായിരം അടി ഉയരത്തിലുള്ള, കാടിനു നടുവിലെ ഒരു മലഞ്ചെരുവിൽ ഫിൻ ഒളിപ്പിച്ചുവെച്ചിരുന്ന ഈ നിധിപേടകം ഒരു ഭാഗ്യാന്വേഷി കണ്ടെത്തി. അയാൾ അതിനുള്ളിലെ വസ്തുക്കളുടെ ഫോട്ടോ സഹിതം ഫെന്നിനെ ബന്ധപ്പെട്ടിരുന്നു. തന്റെ പേര് രഹസ്യമായി സൂക്ഷിക്കണം എന്നും, തന്നെ സ്വൈര്യമായി ജീവിക്കാൻ അനുവദിക്കണം എന്നും അയാൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പേരുവിവരങ്ങളും മറ്റും രഹസ്യമായി വെച്ചിരിക്കുകയാണ് തല്ക്കാലം. 

 

 

നിധി കണ്ടെത്തി എന്നറിഞ്ഞപ്പോൾ എന്തുതോന്നി എന്ന് ചോദിച്ചപ്പോൾ ഇന്ന് 89 വയസ്സെത്തി നിൽക്കുന്ന ഫെൻ പറഞ്ഞത്," ആവോ.. അറിയില്ല. സന്തോഷവും സങ്കടവും ഒക്കെ ഒന്നിച്ച് തോന്നുന്നുണ്ടെനിക്ക്. നിധി കിട്ടേണ്ടയാൾക്ക് കിട്ടി എന്നതിന്റെ സന്തോഷം, തേടൽ അവസാനിച്ചു എന്നതിന്റെ സങ്കടം.