മുറിവിലൂടെയോ മറ്റേതെങ്കിലും തരത്തിലോ ഈ വിഷം മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ പിന്നെ ജീവൻ തിരിച്ചു പിടിക്കുക അത്ര എളുപ്പമല്ല. അതിനാൽ ഇവയെ സ്പർശിക്കുന്നത് പോലും അപകടമാണ്.

ലോകത്തിലെ അപകടകാരികളായ ജീവികളുടെ പട്ടികയിൽ എപ്പോഴും സ്ഥാനം പിടിക്കാറ് മുതലകളും കരടികളും പാമ്പുകളും ഒക്കെയാണ്. എന്നാൽ, ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവിക്ക് വെറും രണ്ടിഞ്ച് മാത്രമേ വലിപ്പമുള്ളുവെന്ന് നിങ്ങൾക്കറിയാമോ? 10 പേരെ കൊല്ലാൻ ആവശ്യമായ വിഷം ഇവയുടെ ശരീരത്തിൽ അടങ്ങിയിട്ടുണ്ട്. ഇനി ഈ അപകടകാരിയായ ജീവി ഏതാണെന്നോ ? ഗോൾഡൻ പോയിസൺ ഡാർട്ട് തവള എന്ന ഒരു ഇത്തിരി കുഞ്ഞൻ തവളയാണ് ഈ അപകടകാരി.

1973 -ൽ ആദ്യമായി കണ്ടുപിടിച്ച ഗോൾഡൻ പോയിസൺ ഡാർട്ട് തവള വിഷത്തവളയുടെ ഏറ്റവും വലിയ ഇനങ്ങളിൽ ഒന്നാണ്. പാമ്പുകളെ പോലെയോ ചിലന്തികളെ പോലെയോ കടിക്കുമ്പോൾ അല്ല ഇവയുടെ വിഷം മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. മറിച്ച് ഈ തവള അതിന്റെ ചർമ്മത്തിലൂടെ നേരിട്ട് വിഷം സ്രവിക്കുന്നു. അതുകൊണ്ടുതന്നെയാണ് കൂടുതൽ അപകടകാരികൾ ആകുന്നതും. 

മുറിവിലൂടെയോ മറ്റേതെങ്കിലും തരത്തിലോ ഈ വിഷം മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ പിന്നെ ജീവൻ തിരിച്ചു പിടിക്കുക അത്ര എളുപ്പമല്ല. അതിനാൽ ഇവയെ സ്പർശിക്കുന്നത് പോലും അപകടമാണ്. ഹൃദയത്തെയും നാഡീവ്യവസ്ഥയെയും ബാധിക്കുന്ന ഒരു കാർഡിയോ, ന്യൂറോടോക്സിൻ ആണ് ഇതിൻറെ വിഷം. വിഷബാധയേറ്റാൽ തൽക്ഷണം പക്ഷാഘാതം ഉണ്ടാവുകയും പത്തു മിനിറ്റിനുള്ളിൽ മരണം സംഭവിക്കുകയും ചെയ്യും എന്നാണ് വിദഗ്ധർ പറയുന്നത്.

ശരാശരി ആറ് മുതൽ 10 വർഷം വരെ ആയുസ്സുള്ള ഇവയ്ക്ക് നിലവിൽ ആവാസ വ്യവസ്ഥയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ വലിയ ഭീഷണിയാണ് ഉയർത്തുന്നത് എന്നാണ് ഗവേഷകർ പറയുന്നത്. മഴക്കാടുകളുടെ നാശം കാരണം ഇവയുടെ എണ്ണം ഇപ്പോൾ കുറഞ്ഞുവരികയാണ്. കൊളംബിയയിലേതിന് സമാനമായ രീതിയിലുള്ള മഴക്കാടുകളിലാണ് ഇവയെ കൂടുതലായും കാണുന്നത്.

തെക്കേ അമേരിക്കയിലെ എംബെറ ചോക്കോ ഗോത്രക്കാരാണ് ഗോൾഡൻ പോയിസൺ ഡാർട്ട് തവളകളെ ഉപയോഗിച്ചിരുന്നത്. ഇവർ മൃഗങ്ങളെ വേട്ടയാടുന്നതിനും മറ്റ് മനുഷ്യരിൽ നിന്നുള്ള സംരക്ഷണത്തിനും തവളകളുടെ വിഷം ഉപയോഗിച്ചിരുന്നു.