പൊലീസ് അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കാൻ കഴിയില്ലെന്ന് ബ്ലെൻഹൈം കൊട്ടാരം വക്താവ് പറഞ്ഞു. തെയിംസ് വാലി പൊലീസ് ആന്‍ഡ് ക്രൈം കമ്മീഷണര്‍ മാത്യു ബാര്‍ബര്‍ പറയുന്നത് ടോയ്‍ലെറ്റ് കണ്ടെത്തുക എന്നത് ഒരു വെല്ലുവിളി തന്നെയാണ് എന്നാണ്. 

കോടികൾ വിലമതിക്കുന്ന 18 കാരറ്റ് വരുന്ന ഒരു സ്വര്‍ണ ടോയ്‍ലെറ്റ് കാണാതെ പോയത് രണ്ടുവര്‍ഷം മുമ്പാണ്. എന്നാല്‍, ഇപ്പോഴും അത് കടത്തിയവരെ കുറിച്ച് യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല. 2019 സെപ്റ്റംബർ 14 -ന് അതിരാവിലെ ഓക്സ്ഫോർഡ്ഷയറിലെ ബ്ലെൻഹൈം കൊട്ടാരത്തിൽ നടന്ന ഒരു കലാപ്രദർശനത്തിൽ നിന്നാണ് 'അമേരിക്ക' എന്ന ശീർഷകത്തിലുള്ള വർക്കിംഗ് ടോയ്‌ലറ്റ് കടത്തിയത്.

അക്കാലത്ത് ഇത് ആറ് മില്യൺ ഡോളർ (ഏകദേശം 44 കോടി) വിലമതിക്കുകയും ഇൻഷുറൻസ് കമ്പനികൾ 100,000 പൗണ്ട് വരെ പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ശേഷം ഏഴുപേര്‍ സംശയത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടുവെങ്കിലും ഇവര്‍ക്കെതിരെ മോഷണക്കുറ്റം ചുമത്തിയിരുന്നില്ല. ഒരു സംഘം പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചിരിക്കുന്ന വീട്ടിലേക്ക് കടന്നുകയറുകയും കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തശേഷമാണ് ടോയ്ലെറ്റ് മോഷ്ടിച്ചുകൊണ്ടു പോയത്. ടോയ്‍ലെറ്റ് കെട്ടിടത്തിലേക്ക് പ്ലംബ് ചെയ്ത് വച്ചിരിക്കുകയായിരുന്നു. 

ഇത് ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലായിരുന്നു, ഇത് മോഷ്ടിക്കപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് ഇറ്റാലിയൻ കണ്‍സെപ്ച്വല്‍ കലാകാരൻ മൗറിസിയോ കാറ്റലന്റെ പ്രദർശനത്തിന്റെ ഭാഗമായിരുന്നു. ഇൻഷുറൻസ് സ്ഥാപനമായ ഫൈൻ ആർട്ട് സ്പെസി അഡ്ജസ്റ്റേഴ്സ് (FASA) പറയുന്നത്, ടോയ്‍ലെറ്റ് സുരക്ഷിതമായി തിരികെ നൽകുന്നതിനുള്ള പ്രതിഫലം ഇപ്പോഴും നിലനിൽക്കുന്നു എന്നാണ്. ഡയറക്ടര്‍ ഫിലിപ്പ് ഓസ്റ്റിൻ പറഞ്ഞു: "ഇതുവരെ ആരും സമ്മാനത്തുകയ്ക്കായി മുന്നോട്ട് വന്നിട്ടില്ല... തുടക്കത്തിൽ ധാരാളം അന്വേഷണങ്ങൾ ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ എല്ലാം നിശബ്ദമായി."

അന്വേഷണം തുടരുന്നതിനിടെ അറസ്റ്റിലായ എല്ലാവരെയും വിട്ടയച്ചതായും ആരുടെ മേലും കുറ്റം ചുമത്തിയിട്ടില്ലെന്നും തേംസ് വാലി പൊലീസ് പറഞ്ഞു. മോഷ്ടിച്ച വസ്തുക്കള്‍ വിറ്റുവെന്ന് സംശയിച്ച് ലണ്ടനില്‍ നിന്നുള്ളൊരു 37 -കാരന്‍, മോഷണക്കേസില്‍ എവ്‌ഷാം സ്വദേശിയായ 68-കാരന്‍, മോഷ്ടിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ചെൽട്ടൻഹാമിൽ നിന്നുള്ള 36 -കാരന്‍, മോഷണത്തിന് ​ഗൂഢാലോചന നടത്തിയെന്ന് കരുതുന്ന ഓക്സ്ഫോർഡിൽ നിന്നുള്ള 38 വയസുള്ള സ്ത്രീ, 37 ഉം 36 ഉം വയസുള്ള രണ്ട് പുരുഷന്മാര്‍, മോഷണം സംശയിച്ച് കെന്‍റില്‍ നിന്നുള്ള ഒരു 45 -കാരൻ എന്നിവരാണ് അറസ്റ്റിലായത്. എന്നാൽ, ഇവർക്കെതിരെ തെളിവുകളോ ഒന്നും ഇല്ലാത്തതിനാൽ വിട്ടയച്ചു. 

പൊലീസ് അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കാൻ കഴിയില്ലെന്ന് ബ്ലെൻഹൈം കൊട്ടാരം വക്താവ് പറഞ്ഞു. തെയിംസ് വാലി പൊലീസ് ആന്‍ഡ് ക്രൈം കമ്മീഷണര്‍ മാത്യു ബാര്‍ബര്‍ പറയുന്നത് ടോയ്‍ലെറ്റ് കണ്ടെത്തുക എന്നത് ഒരു വെല്ലുവിളി തന്നെയാണ് എന്നാണ്. 'എപ്പോഴെങ്കിലും ആ ടോയ്‍ലെറ്റ് പിന്നെ കണ്ടിട്ടുണ്ടോ? സത്യസന്ധമായി പറഞ്ഞാല്‍ ആ ടോയ്‍ലെറ്റ് അതേ രൂപത്തില്‍ തിരികെ കിട്ടുമെന്ന് പ്രതീക്ഷയില്ല. അത്രയും വലിയ അളവില്‍ സ്വര്‍ണം ആരെങ്കിലും കയ്യില്‍ വയ്ക്കുമോ. ഇപ്പോള്‍ തന്നെ ഏതെങ്കിലും തരത്തില്‍ അത് മാറ്റി വിറ്റിട്ടുണ്ടാകുമെന്നാണ് തോന്നുന്നത്. അത് കണ്ടെത്തി ഉടമയക്ക് തിരികെ നല്‍കാന്‍ കഴിഞ്ഞാല്‍ സന്തോഷം തന്നെ. പക്ഷേ, അതിന് കഴിയുമെന്ന് തോന്നുന്നില്ല' എന്ന് അദ്ദേഹം ബിബിസിയോട് പറയുന്നു. 

ഏതായാലും കോടികൾ വിലമതിക്കുന്ന ഈ സ്വർണ ടോയ്‍ലെറ്റ് ഇനി അതുപോലെ തിരികെ കിട്ടുമെന്ന് അന്വേഷണസംഘത്തിന് വലിയ വിശ്വാസമൊന്നുമില്ല.