മൈക്രോസോഫ്റ്റിലെ പിരിച്ചുവിടലിനിടെ ജോലി നഷ്ടപ്പെട്ടവർക്കുള്ള പിന്തുണ റാണ നേരത്തെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.

ഏറ്റവും സുരക്ഷിതവും മാന്യവുമായ ജോലി സർക്കാർ ജോലി ആണെന്നുള്ള ചിന്ത ആളുകൾ ഇനിയെങ്കിലും മാറ്റണമെന്നും സർക്കാർ ജീവനക്കാരെ അപേക്ഷിച്ച് ടെക്കികൾക്ക് സാമ്പത്തികഭദ്രത കൂടുതലാണെന്നും ഗൂഗിൾ എൻജിനീയറുടെ സോഷ്യൽ മീഡിയ പോസ്റ്റ്. 

മൈക്രോസോഫ്റ്റ് അടുത്തിടെ യുഎസിൽ ജോലി ചെയ്തിരുന്ന തൻറെ സഹോദരനെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ പങ്കുവെച്ച ട്വീറ്റിന് മറുപടിയായാണ് ബെംഗളൂരു ആസ്ഥാനമായുള്ള എഞ്ചിനീയർ ഇത്തരത്തിൽ ഒരു അഭിപ്രായപ്രകടനം നടത്തിയത്. സർക്കാർ ജോലിക്കാണ് തൊഴിൽ സുരക്ഷിതത്വം കൂടുതൽ എന്നായിരുന്നു സ്നേഹ എന്ന സ്ത്രീ ട്വീറ്റിൽ കുറിച്ചത്. 

സ്നേഹയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു, "മൈക്രോസോഫ്റ്റ് യുഎസ്എയിൽ ജോലി ചെയ്യുന്ന എന്റെ കസിൻ സഹോദരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരിക്കുന്നു, ടെക്നോളജി സ്ഥിരതയുള്ള സ്ഥലമല്ല. അതുകൊണ്ടാണ് മാതാപിതാക്കൾ സർക്കാർ ജോലിക്ക് തയ്യാറെടുക്കാൻ പറയുന്നത്. കുറഞ്ഞത് ജോലിസുരക്ഷയെങ്കിലും ഉണ്ട്." 

ഈ പോസ്റ്റിനു മറുപടിയായിട്ടാണ് ബെംഗളൂരുവിലെ എഞ്ചിനീയറായ രാഹുൽ റാണ ഈ അഭിപ്രായത്തെ വിമർശിച്ചത്. അദ്ദേഹത്തിൻറെ പോസ്റ്റ് ഇങ്ങനെയായിരുന്നു  "സർക്കാർ ജീവനക്കാരൻ ജീവിതകാലം മുഴുവൻ സമ്പാദിക്കുന്നതിന്റെ അഞ്ചിരട്ടി വരുമാനം കുറച്ച് വർഷങ്ങൾക്കുള്ളിൽ നേടാൻ കഴിയുമ്പോൾ നിങ്ങൾക്ക് എന്തിനാണ് തൊഴിൽ സുരക്ഷ വേണ്ടത്."  

മൈക്രോസോഫ്റ്റിലെ പിരിച്ചുവിടലിനിടെ ജോലി നഷ്ടപ്പെട്ടവർക്കുള്ള പിന്തുണ റാണ നേരത്തെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. “സമീപകാല #മൈക്രോസോഫ്റ്റ് #ലേഓഫുകൾ ബാധിച്ച എല്ലാ മിടുക്കരായ ആളുകൾക്കും പിന്തുണ” എന്നായിരുന്നു അദ്ദേഹത്തിൻറെ ആദ്യ പോസ്റ്റ്. കൂടാതെ ദുഷ്കരമായ സമയമാണെങ്കിലും പുതിയ വാതിലുകൾ തുറക്കുമെന്നും പുതിയ സാധ്യതകൾ തേടുകയാണെങ്കിൽ തനിക്ക് പേര് വിവരങ്ങൾ ഡിഎം ചെയ്യണമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

Scroll to load tweet…

അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് മൈക്രോസോഫ്റ്റ് കഴിഞ്ഞദിവസം ഏകദേശം 6,000 തൊഴിലാളികളെ പിരിച്ചുവിടാൻ തീരുമാനിച്ചിരുന്നു. ഇത് മൈക്രോസോഫ്റ്റിലെ മുഴുവൻ ജീവനക്കാരുടെയും ഏകദേശം 3% ആണ്. കൂടാതെ തങ്ങളുടെ റെഡ്മണ്ട് ആസ്ഥാനവുമായി ബന്ധപ്പെട്ട 1,985 തൊഴിലാളികളെ പിരിച്ചുവിടുകയാണെന്നും മുമ്പ് വിവരങ്ങൾ പുറത്തുവിട്ടിരുന്നു. 

ചൊവ്വാഴ്ച മുതൽ ജീവനക്കാർക്കുള്ള നോട്ടീസുകൾ പുറത്തിറങ്ങിത്തുടങ്ങി. ജനുവരി-മാർച്ച് മാസത്തിൽ ശക്തമായ വിൽപ്പനയും ലാഭവും മൈക്രോസോഫ്റ്റ് റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വൻതോതിലുള്ള പിരിച്ചുവിടൽ തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം