Asianet News MalayalamAsianet News Malayalam

ഗൂഗിള്‍മാപ്പ് ചതിച്ചാശാനേ, 20 വര്‍ഷം പൊലീസിനെ വെട്ടിച്ച് നടന്ന മാഫിയാത്തലവന്‍ പിടിയില്‍

ഇതിനിടെയാണ്, ഇയാള്‍ക്കു വേണ്ടി അന്വേഷണം നടത്തിവരികയായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന് ചില രഹസ്യവിവരങ്ങള്‍ ലഭിച്ചു. സ്‌പെയിനിലെ ഗാലപ്പഗാറില്‍ മാനുവല്‍ എന്ന പേരില്‍ കഴിയുകയാണെന്നും മാനൂസ് കിച്ചന്‍ എന്ന പേരില്‍ ഒരു കട നടത്തുകയും ചെയ്തിരുന്നതായാണ് വിവരം ലഭിച്ചത്. ഉടന്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Google Maps helps to capture mafia fugitive
Author
Rome, First Published Jan 6, 2022, 8:03 PM IST

''എങ്ങനെയാണ് നിങ്ങള്‍ എന്നെ കണ്ടെത്തിയത്?''-വിദൂര ഗ്രാമത്തിലെ ഒളിവു ജീവിതത്തിനിടെ വളഞ്ഞിട്ട് പിടിച്ച് വിലങ്ങണിയിച്ചപ്പോള്‍ ഇറ്റാലിയന്‍ മാഫിയാ നേതാവ് ജിയോഷിനോ ഗമിനോ പൊലീസുകാരോട് ചോദിച്ചുകൊണ്ടേയിരുന്നത് ആ ചോദ്യമാണ്. പത്തു വര്‍ഷത്തിലേറെയായി കുടുംബാംഗങ്ങളെ വിളിക്കുക പോലും ചെയ്യാത്ത തന്നെ എങ്ങനെയാണ് കണ്ടെത്തിയത് എന്നായിരുന്നു അയാളുടെ അമ്പരപ്പ്!  

രസകരമായിരുന്നു പൊലീസിന്റെ ഉത്തരം. ''ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ, പിന്നെ ട്രിപ് അഡ്‌വൈസര്‍. അതിലൂടെയാണ്  നിങ്ങളെ കണ്ടെത്തിയത്.''

ഇതു കേട്ട് അന്തം വിട്ടു നില്‍ക്കാനേ 61-കാരനായ ഗമിനോയ്ക്കു കഴിഞ്ഞുള്ളൂ. 

റോമിലെ അതീവസുരക്ഷയുള്ള ജയിലില്‍നിന്നും രക്ഷപ്പെട്ട് കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി സ്‌പെയിനിലെ ഒരു ഗ്രാമത്തില്‍ താമസിക്കുകയായിരുന്നു ഗമിനോ. കൊലപാതകങ്ങള്‍, മയക്കുമരുന്നു കടത്ത്, മാഫിയാ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയായ ഗമിനോ പൊലീസിനെ വെട്ടിച്ച് കള്ളപ്പേരില്‍ കഴിയുകയായിരുന്നു. ഇതിനിടെ പുതിയൊരു വിവാഹവും കഴിച്ചു. പിന്നീട് ഭാര്യയ്‌ക്കൊപ്പം ഇയാള്‍ ഒരു പച്ചക്കറിക്കടയും റസ്‌റ്റോറന്റും നടത്തിവരികയായിരുന്നു. അതിനിടെയാണ്, പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തത്.  

ഇറ്റലിയിലെ കുപ്രസിദ്ധ മാഫിയാ തലവനാണ് പിടികിട്ടാപ്പുള്ളിയായ ഗമിനോ. സിസിലിയന്‍ മാഫിയാ സംഘങ്ങളിലൊന്നിന്റെ തലവനായിരുന്ന ഇയാള്‍ക്കെതിരെ നിരവധി കേസുകളാണുള്ളത്. ഇറ്റലിയിലെ ഏറ്റവും വലിയ മാഫിയാ സംഘമായ കോസാ നാസ്ട്രയുമായി ദീര്‍ഘനാളായി പോരാട്ടത്തിലായിരുന്നു ഗമിനോയുടെ സംഘം. തുടര്‍ന്നാണ് ഇയാള്‍ ഇറ്റലിയില്‍ അറസ്റ്റിലാവുന്നത്. ജയില്‍വാസത്തിനിടെ രക്ഷപ്പെട്ട് സ്‌പെയിനില്‍ എത്തിയെങ്കിലും അവിടെവെച്ച് ഇയാള്‍ വീണ്ടും അറസ്റ്റിലാവുകയും റോമിലെ ജയിലില്‍ കഴിയുകയും ചെയ്തു. 2002-ല്‍ ജയിലിനകത്തു നടന്ന ഒരു സിനിമാ ഷൂട്ടിംഗിനിടെ ഇയാള്‍ തന്ത്രപൂര്‍വ്വം രക്ഷപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ക്കു വേണ്ടി പൊലീസ് അന്വേഷണം നടക്കുകയായിരുന്നു. 2004-ല്‍ യൂറോപ്യന്‍ യൂനിയന്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍, ഇയാളെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. 

ജയിലില്‍നിന്നും രക്ഷപ്പെട്ട ഗമനോ ഏറെ കാലം പല പേരുകളില്‍ പല ജോലി ചെയ്ത് കഴിയുകയായിരുന്നു. ഇതിനിടെയാണ് മാഡ്രിഡിന്റെ പ്രാന്തപ്രദേശത്തിലുള്ള ഗാലപ്പഗാര്‍ ഗ്രാമത്തില്‍ എത്തിയത്. ഇവിടെ ഒരു ഷെഫായി കഴിഞ്ഞിരുന്ന ഇയാള്‍ പിന്നീട് ഒരു വിവാഹം കഴിക്കുകയും ഭാര്യയ്‌ക്കൊപ്പം പല തരം വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുകയും ചെയ്തു. ഒരു ഹെയര്‍ സാലണ്‍, റസ്‌റ്റോറന്റ്, പഴം പച്ചക്കറി കട എന്നിവ നടത്തി വരികയായിരുന്നു ഇയാള്‍.

 

Google Maps helps to capture mafia fugitive


 

ഇതിനിടെയാണ്, ഇയാള്‍ക്കു വേണ്ടി അന്വേഷണം നടത്തിവരികയായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന് ചില രഹസ്യവിവരങ്ങള്‍ ലഭിച്ചു. സ്‌പെയിനിലെ ഗാലപ്പഗാറില്‍ മാനുവല്‍ എന്ന പേരില്‍ കഴിയുകയാണെന്നും മാനൂസ് കിച്ചന്‍ എന്ന പേരില്‍ ഒരു കട നടത്തുകയും ചെയ്തിരുന്നതായാണ് വിവരം ലഭിച്ചത്. ഉടന്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഗൂഗിള്‍ മാപ്പ് വഴി ഈ പ്രദേശത്തെയും കടകളെയും കണ്ടെത്താനായിരുന്നു പൊലീസിന്റെ ശ്രമം. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലൂടെ 2018-ലുള്ള ഈ കടയുടെ ചിത്രം ഇവര്‍ക്ക് കിട്ടി. 

രസകരമെന്നു പറയട്ടെ, ആ കടയ്ക്കു മുന്നില്‍ രണ്ടു പേര്‍ നിന്ന് സംസാരിക്കുന്ന ചിത്രമാണ് പൊലീസിന് ലഭിച്ചത്. ആ ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ അതിലൊരാള്‍ ഗമനോ ആണെന്ന് പൊലീസ് കണ്ടെത്തി. ഒരു കത്തിക്കുത്തിനെ തുടര്‍ന്ന് പണ്ടുണ്ടായ ഒരു മുറിവിന്റെ പാട് അയാളുടെ താടിയില്‍ തെളിഞ്ഞുകാണാമായിരുന്നു. പിന്നീട്, ട്രിപ് അഡ്‌െവെസറിലൂടെ ഇയാളുടെ റസ്‌റ്റോറന്റിന്റെ വിവരങ്ങള്‍ കിട്ടി. ഇതിലുള്ള ഫോട്ടോകള്‍ക്കൊപ്പം ഷെഫിന്റെ കുപ്പായമിട്ട ഗാമനോയുടെ ചിത്രവും കണ്ടെത്തി. റസ്‌റ്റോറന്റിന്റെ ഫേസ്ബുക്ക് പേജിലും ഷെഫായി ഗാമനോയുടെ ചിത്രം ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. 

ഇതോടെ പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കുകയും ഗ്രാമത്തിലേക്ക് കുതിച്ചെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 
 

Follow Us:
Download App:
  • android
  • ios