Asianet News MalayalamAsianet News Malayalam

ചാണകമേറ്, ചാണകക്കുളി; ഇന്ത്യയിലെ ഏറ്റവും വലിയ ചാണകഫെസ്‍റ്റിവലില്‍ പങ്കെടുക്കണോ? ഇവിടേക്ക് പോകാം

കര്‍ണാടക-തമിഴ്‍നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഗുമാതാപുര ഗ്രാമത്തിൽ നടക്കുന്ന പതിവ് വാർഷിക പരിപാടിയാണ് ഈ ചാണകം ഉത്സവം. ഓരോ വർഷവും ദീപാവലി അവധിക്കാലം കഴിഞ്ഞുള്ള സമയത്താണ് ഈ ആഘോഷം നടക്കുന്നത്.

Gore Habba cow dung festival
Author
Karnataka, First Published Nov 6, 2019, 12:43 PM IST

നനവുള്ള ചാണകത്തിന്‍റെ മണം മൂക്കിലേക്കടിച്ച് കയറുന്നതും അതില്‍ ചവിട്ടിനടക്കുന്നതുമൊന്നും എല്ലായ്‍പ്പോഴും അത്ര സുഖമുള്ള കാര്യമൊന്നുമല്ല. എന്നാല്‍, ചാണകം കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും എറിഞ്ഞ് ഒരു ചാണക ഫെസ്റ്റിവല്‍ തന്നെ നടന്നാലോ? ഗോരേ ഹബ്ബാ ഫെസ്‍റ്റിവലിലാണ് ഈ ചാണകമേറും ആഘോഷവും നടക്കുന്നത്. ചാണകത്തിന് ശമനഫലമുണ്ടെന്ന വിശ്വാസത്തിലാണ് ഗോരേ ഹബ്ബായില്‍ ഈ ആഘോഷം. 

കര്‍ണാടക-തമിഴ്‍നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഗുമാതാപുര ഗ്രാമത്തിൽ നടക്കുന്ന പതിവ് വാർഷിക പരിപാടിയാണ് ഈ ചാണകം ഉത്സവം. ഓരോ വർഷവും ദീപാവലി അവധിക്കാലം കഴിഞ്ഞുള്ള സമയത്താണ് ഈ ആഘോഷം നടക്കുന്നത്. ഗ്രാമവാസികളും അവരോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നവരുമെല്ലാം ഈ ചാണകമേറിലും ആഘോഷത്തിലും പങ്കെടുക്കാനെത്തിച്ചേരുന്നു. അതില്‍ മുതിര്‍ന്നവരെന്നോ, കുട്ടികളെന്നോ ഒന്നുമുള്ള വ്യത്യാസങ്ങളൊന്നുമില്ല. ഉത്സവത്തിനായി ചാണകത്തിന്‍റെ വളരെ വളരെ വലിയ കൂനകള്‍ തന്നെ ഇവിടെ ഒരുക്കപ്പെടുന്നുണ്ട്. ആഘോഷത്തിന്‍റെ ഭാഗമായി ഗ്രാമവും വഴികളുമെല്ലാം അലങ്കരിച്ചിരിക്കും. വഴിയിലൊരുക്കുന്ന ചാണകക്കൂനയും ചാണകമേറും ബഹളവും ആഘോഷവുമെല്ലാം കാണാനും പങ്കെടുക്കാനും ഗ്രാമത്തിലെ ആബാലവൃദ്ധം ജനങ്ങളും എത്തിച്ചേരുന്നു.

വീട്ടില്‍ മെഴുകുന്നതിനും, കൃഷിക്കും, ഇന്ധനത്തിനുമടക്കം ഇന്ത്യയില്‍ പല ആവശ്യങ്ങള്‍ക്കും ചാണകം ഉപയോഗിക്കുന്നത് നമ്മള്‍ കണ്ടുകാണും. എന്നാല്‍, ചാണകം വാരിയെറിഞ്ഞുകൊണ്ടുള്ള ഇത്ര വലിയൊരാഘോഷം ഒരുപക്ഷേ, ഇന്ത്യയില്‍ ഇവിടെ മാത്രമേ കാണാന്‍ കഴിയൂ. ഏതായാലും ആഘോഷം നടക്കുന്നതിന് തൊട്ടുമുമ്പായി എല്ലാവരും ചേര്‍ന്ന് ഗ്രാമത്തില്‍ ഇത്തരം ആവശ്യങ്ങള്‍ക്കായി മാറ്റിവെക്കാതെ ചാണകമെല്ലാം സംഭരിക്കുന്നു. ശരീരത്തിലാകമാനം ഇങ്ങനെ ചാണകമാകുന്നതിലും ചാണകത്തില്‍ കുളിക്കുന്നതിലും ഈ ഗ്രാമത്തിലുള്ളവര്‍ക്ക് യാതൊരു പ്രശ്‍നവുമില്ല. ഈ ചാണകമേറും ചാണകക്കുളിയുമെല്ലാം തികച്ചും നിരുപദ്രവകരമാണെന്ന് തന്നെയാണ് അവര്‍ വിശ്വസിക്കുന്നത്. മാത്രവുമല്ല, അതിനേക്കാളൊക്കെ ഉപരിയായി ഇവര്‍ക്ക് മറ്റൊരു വിശ്വാസവുമുണ്ട്. വേറൊന്നുമല്ല, ഈ ചാണകം അസുഖങ്ങള്‍ ഭേദമാക്കുമെന്നാണ് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റൊരു ചിന്തയും ഇല്ലാതെ തന്നെ വര്‍ഷാവര്‍ഷം അവര്‍ ഈ ആഘോഷപരിപാടിയില്‍ ഭാഗമാകുന്നു. 

വീഡിയോ കാണാം:


 

Follow Us:
Download App:
  • android
  • ios