സോഷ്യൽ മീഡിയ സെൻസേഷനായി മാറിയതിന് ശേഷം കുറേപ്പേർ വീടിനോട് താൽപര്യം കാണിച്ചു എന്നും എന്നാൽ ഇതുവരെ ഗൗരവപൂർണമായ ഓഫറുകളൊന്നും ലഭിച്ചിട്ടില്ലെന്നും സേത്ത് പറയുന്നു.
വിൽപ്പനയ്‌ക്കായി ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ഒരു വീട് ഓൺലൈനി(Online)ൽ വൈറലായി(Viral)ക്കൊണ്ടിരിക്കുകയാണ്, അതിന്റെ വിലയെ ചൊല്ലിയല്ല വൈറലാവുന്നത്. മറിച്ച്, അത് അകത്തും പുറത്തുമെല്ലാം അടിമുടി കറുപ്പാണ് എന്നത് കൊണ്ടാണ്.
അസാധാരണമായ ഹോം ലിസ്റ്റിംഗുകൾ ക്യൂറേറ്റ് ചെയ്യുന്ന സില്ലോ ഗോൺ വൈൽഡ് (Zillow Gone Wild) എന്ന ട്വിറ്റർ അക്കൗണ്ട് അതിനെ "ഗോത്ത് ഹോം" (Goth Home) എന്ന് വിശേഷിപ്പിച്ച ശേഷമാണ് പ്രോപ്പർട്ടി വൈറലായത്. അതിന്റെ അസാധാരണമായ നിറം ആളുകളെ വളരെ പെട്ടെന്ന് തന്നെ ആകർഷിക്കുകയായിരുന്നു.
ഡിസംബർ 17 -ന് 250,000 ഡോളറിന് രണ്ട് നിലകളുള്ള വീട് ആദ്യമായി വിപണിയിലെത്തി. പുറംഭാഗം മാത്രമല്ല, സൂക്ഷ്മ പരിശോധനയിൽ, ഇന്റീരിയർ ഡെക്കറേഷനും വളരെ വ്യത്യസ്തമാണെന്ന് മനസിലാക്കാൻ കഴിയും. വീടിന് വെളുത്ത തറയും ചുമർ ടൈലുകളും ചാരനിറത്തിലുള്ള ഫർണിച്ചറുകളും ഉണ്ട്. എന്നാൽ, മറ്റെല്ലാം സ്ഥലവും കറുത്ത തീമിലാണ് തയ്യാറാക്കിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ "ഗോത്ത് ഹൗസ്" എന്ന് വിളിക്കപ്പെടുന്ന വീടിനെക്കുറിച്ച് റിയൽറ്ററും ഉടമയുമായ സേത്ത് ഗുഡ്മാൻ ഫോക്സ് ന്യൂസുമായി സംസാരിച്ചു. ഗുഡ്‌മാൻ ആ വിളിപ്പേരിനെക്കുറിച്ച് ചിരിച്ചുകൊണ്ട് താൻ ഗോഥിക് അല്ല എന്നും, അതുകൊണ്ടല്ല വീട് പൂർണ്ണമായും കറുത്ത ചായം പൂശിയത് എന്നും വിശദീകരിക്കുകയുണ്ടായി. വീടിന് ഒരു കറുത്ത ഷിംഗിൾ റൂഫ് നൽകുക എന്നതായിരുന്നു സേത്തിന്റെ യഥാർത്ഥ പദ്ധതി. എന്നാൽ, അയാൾക്ക് ആ രൂപം വളരെ ഇഷ്ടപ്പെട്ടു, പുറംഭാഗം മുഴുവൻ കറുപ്പ് ആക്കാൻ അദ്ദേഹം തീരുമാനിച്ചു. അവിടം കൊണ്ടും തീർന്നില്ല. പിന്നാലെ, അകവും കറുപ്പ് നിറത്തിലാക്കി.
സോഷ്യൽ മീഡിയ സെൻസേഷനായി മാറിയതിന് ശേഷം കുറേപ്പേർ വീടിനോട് താൽപര്യം കാണിച്ചു എന്നും എന്നാൽ ഇതുവരെ ഗൗരവപൂർണമായ ഓഫറുകളൊന്നും ലഭിച്ചിട്ടില്ലെന്നും സേത്ത് പറയുന്നു. വീടിന് രണ്ട് കിടപ്പുമുറികളും രണ്ട് കുളിമുറിയും ഉണ്ട്. ഫ്രഞ്ച് വാതിലുകൾ, ലാമിനേറ്റ് ഫ്ലോറിംഗ് എന്നിവ ഉൾപ്പെടുന്നു. അടുക്കള ഗ്രാനൈറ്റ് കൗണ്ടർടോപ്പുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഏതായാലും അടിമുടി കറുപ്പ് നിറഞ്ഞ വീട് വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്.
