സാൽവദോർ റാമോസിന് മെയ് 16 -ന് 18 വയസ്സ് തികഞ്ഞു. മെയ് 17, മെയ് 20 തീയതികളിലാണ് റൈഫിളുകൾ വാങ്ങിയതെന്ന് അധികൃതർ പറയുന്നു.

അമേരിക്കയിലെ ടെക്‌സസിലെ (Texas) റോബ് എലിമെന്ററി സ്‌കൂളിൽ ചൊവ്വാഴ്ചയുണ്ടായ മാരകമായ വെടിവെപ്പിൽ നിരവധിപ്പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഈ മരണങ്ങൾക്ക് കാരണക്കാരനായ വിദ്യാർത്ഥിയുടെ മുത്തച്ഛൻ റൊളാൻഡോ റെയ്സ് (Rolando Reyes) ഇപ്പോൾ സംഭവത്തെ കുറിച്ച് മനസ്സ് തുറക്കുന്നു. 

താൻ അറിയാതെയാണ് തന്റെ പേരക്കുട്ടി അടുത്തിടെ രണ്ട് എആർ-15 റൈഫിളുകൾ വാങ്ങിയതെന്ന് അദ്ദേഹം എബിസി ന്യൂസിനോട് പറഞ്ഞു. ഉവാൾഡെ പട്ടണത്തിൽ 19 കുട്ടികളെയും രണ്ട് അധ്യാപകരെയും സാൽവദോർ റാമോസ് (Salvador Ramos) കൊലപ്പെടുത്തി. “അവന്റെ പക്കൽ ആയുധങ്ങൾ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ, ഞാൻ അത് പൊലീസിൽ റിപ്പോർട്ട് ചെയ്യുമായിരുന്നു" റൊളാൻഡോ റെയ്സ് പറഞ്ഞു.

മുത്തശ്ശിയെ തലയ്ക്ക് വെടിവച്ച ശേഷം സാൽവദോർ, കുടുംബത്തിന്റെ കാർ മോഷ്ടിച്ച് സ്കൂളിലേയ്ക്ക് പോവുകയായിരുന്നു. മുത്തശ്ശിയ്ക്ക് 66 വയസാണ്. പേര് സീലിയ മാർട്ടിനെസ്. വെടിയേറ്റ അവരുടെ ജീവൻ തിരിച്ച് കിട്ടിയെങ്കിലും, ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. അമ്മയുമായി വഴക്കിട്ട് പിരിഞ്ഞിരുന്ന സാൽവദോർ മുത്തച്ഛന്റേയും, മുത്തശ്ശിയുടെയും കൂടെയാണ് താമസിച്ചിരുന്നത്. അവൻ എപ്പോഴും അവന്റെ മുറിയിൽ തന്നെ കതകടച്ചിരിക്കുമെന്ന് മുത്തച്ഛൻ പറഞ്ഞു. മുറിയിൽ ഒറ്റയ്ക്ക് ഇരുന്ന് വീഡിയോ ഗെയിമുകൾ കളിക്കലാണ് അവന്റെ പണി. അവൻ വളരെ നിശബ്ദനായിരുന്നു എന്നും, സംസാരം നന്നേ കുറവാണെന്നും റെയ്സ് പറഞ്ഞു.

അവൻ പലപ്പോഴും സ്കൂളിൽ പോകാറില്ല. ചിലപ്പോൾ അവനെ മുത്തച്ഛൻ തന്നോടൊപ്പം ജോലിയ്ക്ക് കൊണ്ടുപോകുമായിരുന്നു. ഒരു ക്രിമിനൽ റെക്കോർഡുള്ള തനിക്ക്, തോക്കുകൾ നിയമപരമായി കൈവശം വയ്ക്കാൻ അനുവാദമില്ലെന്നും, തോക്കുകൾ വീട്ടിലുള്ള വിവരം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ, അപ്പോഴേ റിപ്പോർട്ട് ചെയ്തേനെ എന്നും റെയ്‌സ് പറഞ്ഞു. “വെടിയേറ്റ വാർത്തകളും, ആളുകളുടെ അനുഭവങ്ങളും കാണുമ്പോൾ എനിക്ക് വെറുപ്പ് തോന്നുന്നു. ഞാൻ അതിനെല്ലാം എതിരാണ്. എന്തുകൊണ്ടാണ് ഈ ആളുകളെ തോക്കുകളും മറ്റും വാങ്ങാൻ അവർ അനുവദിക്കുന്നത്? അദ്ദേഹം ചോദിക്കുന്നു. ഈ ആക്രമണം തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാൽവദോർ റാമോസിന് മെയ് 16 -ന് 18 വയസ്സ് തികഞ്ഞു. മെയ് 17, മെയ് 20 തീയതികളിലാണ് റൈഫിളുകൾ വാങ്ങിയതെന്ന് അധികൃതർ പറയുന്നു. ജന്മദിനം ആഘോഷിക്കാൻ അവന്റെ മുത്തശ്ശി അടുത്തിടെ അവനെ ആപ്പിൾബീയുടെ റെസ്റ്റോറന്റിലേക്ക് കൊണ്ടുപോയിരുന്നുവെന്ന് റെയ്‌സ് പറഞ്ഞു. സ്കൂളിൽ അവൻ സ്ഥിരം പ്രശ്‌നക്കാരനായിരുന്നുവെന്നും, സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി സ്ഥിരം വഴക്കിടുമായിരുന്നുവെന്നും പറയപ്പെടുന്നു. 

സ്കൂളിൽ സ്ഥിരം തർക്കുത്തരം പറയുന്ന, കൂട്ടുകാരെ ഉപദ്രവിക്കുന്ന ഒരു വിദ്യാർത്ഥിയായിരുന്നു അവനെന്ന് സഹപാഠികളും പറഞ്ഞു. കൂടാതെ അമ്മയുമായി നിരന്തരം വഴക്കിടുകയും ചെയ്യുമായിരുന്നു. എന്നാൽ, വെടിവെപ്പ് നടന്ന ദിവസം കാലത്ത് അസ്വാഭാവികമായി ഒന്നും സംഭവിച്ചില്ലെന്ന് റെയ്‌സ് പറഞ്ഞു. ഫോൺബിൽ അടയ്ക്കുന്നതിനെച്ചൊല്ലി സാൽവദോർ മുത്തശ്ശിയുമായി ചെറിയ വാക്ക് തർക്കമുണ്ടായെങ്കിലും, കാര്യമായൊന്നുമുണ്ടായില്ലെന്ന് റെയ്സ് കൂട്ടിച്ചേർത്തു.

തന്റെ ചെറുമകന് വാഹനമോടിക്കാൻ അറിയില്ലെന്നും, ഡ്രൈവിംഗ് ലൈസൻസ് ഇല്ലെന്നും, അവൻ ആയുധങ്ങൾ എങ്ങനെ വാങ്ങിയെന്ന് തനിക്ക് അറിയില്ലെന്നും റെയ്സ് പറഞ്ഞു. വേനലവധി തുടങ്ങാനിരിക്കെയായിരുന്നു അപകടം. ഈ സ്കൂളിലെ തന്നെ ഹൈസ്കൂൾ വിദ്യാർഥിയാണ് സാൽവദോർ. 21 പേരുടെ ജീവനാണ് അവൻ കവർന്നത്. സംഭവത്തിന് ഏകദേശം 15 മിനിറ്റ് മുമ്പ് അവൻ തന്റെ പദ്ധതി ഫേസ്ബുക്കിൽ പങ്കിട്ടുവെന്ന് സംസ്ഥാന ഗവർണർ ബുധനാഴ്ച പറഞ്ഞു. വെടിവെപ്പിൽ പരിക്കേറ്റ് ആശുപത്രികളിലുള്ള കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയ‍ർന്നേക്കുമെന്നാണ് സൂചന. 

വായിക്കാം: 

Gun Missing: റെയില്‍വേ കണ്ടെയ്നറില്‍ നിന്ന് ആയിരക്കണക്കിന് തോക്കുകള്‍ മോഷണം പോയി

പ്ലാനിംഗ് ഫേസ്ബുക്കിലൂടെ, അക്രമം തെരുവുകളില്‍; അമേരിക്കയില്‍ അഴിഞ്ഞാടുന്ന സായുധസംഘങ്ങള്‍