Asianet News Malayalam

കാര്‍ലോസിന്റെ രക്ഷപ്പെടല്‍: പ്രതിക്കൂട്ടില്‍ മുന്‍ യുഎസ് സൈനികന്‍, ചുരുളഴിയുന്നത് സിനിമാ സ്‌റ്റൈല്‍ കഥ!

ജപ്പാനില്‍ വീട്ടുതടങ്കലില്‍ കഴിയുന്നതിനിടെ നിസാന്‍ കമ്പനിയുടെ മുന്‍ മേധാവി കാര്‍ലോസ് ഘോനെ അതിസാഹസികമായി രക്ഷപ്പെടുത്തി വിദേശത്തേക്ക് കടത്തിയ കേസ് പരിഗണിക്കുന്ന ജപ്പാനീസ് കോടതിക്കു മുന്നിലുള്ളത് സിനിമയെ വെല്ലുന്ന സാഹസിക കഥകള്‍.

great escape of Carlos Ghosn trial details emerged
Author
Tokyo, First Published Jun 18, 2021, 7:57 PM IST
  • Facebook
  • Twitter
  • Whatsapp

അമേരിക്കന്‍ സൈന്യത്തിലെ പ്രത്യേക ഓപ്പറേഷനുകള്‍ക്കായുള്ള വിഭാഗത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച മൈക്കിള്‍ ടെയ്‌ലറും മകന്‍ പീറ്ററുമാണ് വിചാരണ നേരിടുന്നത്. സൈന്യത്തിലിരിക്കെ, വിദേശത്തുനിന്നും ആളുകളെ രക്ഷപ്പെടുത്തുന്ന ദൗത്യങ്ങളില്‍ പ്രവര്‍ത്തിച്ച മൈക്കിള്‍ വിരമിച്ചശേഷം സ്വകാര്യ സുരക്ഷാ ഏജന്‍സി നടത്തുകയായിരുന്നു. യു എസ് സൈന്യത്തിലെ വിവിധ ശാഖകളില്‍നിന്ന് വിരമിച്ച മുന്‍ സൈനികരാണ് ഇയാളുടെ ഏജന്‍സിയിലുള്ളത്. 13 ലക്ഷം അമേരിക്കന്‍ ഡോളര്‍ പ്രതിഫലത്തിനാണ് മൈക്കിളിന്റെ ഏജന്‍സി കാര്‍ലോസിനെ കടത്തിയത് എന്നാണ് പ്രോസിക്യൂഷന്‍ കേസ്. 

 

 

തട്ടിക്കൊണ്ടുപോവലിലും രക്ഷപ്പെടുത്തലിലും വിദഗ്ധരായ മുന്‍ അമേരിക്കന്‍ സൈനികര്‍, സ്വകാര്യ ജെറ്റു വിമാനങ്ങള്‍, സുഷിരങ്ങളുള്ള വലിയ പെട്ടിക്കുള്ളിലെ രക്ഷപ്പെടല്‍...അഴിമതിക്കേസില്‍ ജപ്പാനില്‍ വീട്ടുതടങ്കലില്‍ കഴിയുന്നതിനിടെ നിസാന്‍ കമ്പനിയുടെ മുന്‍ മേധാവി കാര്‍ലോസ് ഘോനെ അതിസാഹസികമായി രക്ഷപ്പെടുത്തി വിദേശത്തേക്ക് കടത്തിയ കേസ് പരിഗണിക്കുന്ന ജപ്പാനീസ് കോടതിക്കു മുന്നിലുള്ളത് സിനിമയെ വെല്ലുന്ന സാഹസിക കഥകള്‍. സംഭവത്തില്‍, മുന്‍ അമേരിക്കന്‍ സൈനിക വിദഗ്ധനും മകനുമാണ് ടോക്കിയോയിലെ പ്രത്യേക കോടതിയില്‍ വിചാരണ നേരിടുന്നത്. ജപ്പാനില്‍നിന്നു രക്ഷപ്പെട്ട് ലബേനോനില്‍ കഴിയുന്ന കാര്‍ലോസ് ഘോനെ വിട്ടുതരണമെന്ന് ജപ്പാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ കുറ്റവാളികളെ കൈമാറുന്ന വ്യവസ്ഥ ഇല്ലാത്തതിനാല്‍ ലബനോന്‍ വിസമ്മതിച്ചിട്ടുണ്ട്.  മസച്ചുസെറ്റ്‌സില്‍ പിടിയിലായ മുന്‍ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥനെയും മകനെയും കുറ്റവാളികളെ കൈമാറുന്ന വ്യവസ്ഥ പ്രകാരമാണ് ജപ്പാനില്‍ എത്തിച്ചത്. 

ജാപ്പനീസ് വ്യവസായലോകത്തെ ഹീറോ, നഷ്ടത്തിലായിരുന്ന നിസാനെ കരകയറ്റിയ ബിസിനസ് വിദഗ്ധന്‍, നിസാന്‍, റെനോ , മിത്സുബിഷി എന്നീ മൂന്ന് ഭീമന്‍മാരുടെ സഖ്യത്തെ നയിച്ച അതിബുദ്ധിമാന്‍, ജപ്പാനിലെ പ്രശസ്തമായ കാര്‍ട്ടൂണ്‍ പുസ്തകത്തിലെ നായകന്‍ വരെയായി മാറിയ കാര്‍ലോസ് ഖോസന്‍ ഓട്ടോമൊബൈല്‍ രംഗത്തെ പ്രമുഖനായിരുന്നു. സാമ്പത്തിക തിരിമറികളുടെ പേരില്‍ നിരവധി കേസുകള്‍ ചുമത്തപ്പെട്ട കാര്‍ലേസ് നൂറു ദിവസം ജയിലില്‍ കഴിഞ്ഞശേഷം വീട്ടുതടങ്കലിലായിരുന്നു. അവിടെ വെച്ചാണ്, അതിസാഹസികമായി ഇയാള്‍ നാടുവിട്ടത്. കാര്‍േലാസ് ലബനോനില്‍ എത്തിയെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ഇദ്ദേഹം രക്ഷപ്പെട്ടുവെന്ന കാര്യം ജപ്പാനീസ് സര്‍ക്കാര്‍ പോലുമറിഞ്ഞത്.  24 മണിക്കൂറും നിരീക്ഷണത്തില്‍ കഴിഞ്ഞ പ്രതി അനായാസം രക്ഷപ്പെട്ടത് ജപ്പാന്‍ ഭരണകൂടത്തിന് വലിയ തിരിച്ചടിയായിരുന്നു. ലബനോനില്‍ സൈ്വര്യവിഹാരം നടത്തുന്ന കാര്‍ലോസ് ജപ്പാനിലെ നീതിന്യായ വ്യവസ്ഥയെയും കോടതിയെയും വിമര്‍ശിച്ചതും വാര്‍ത്തയായിരുന്നു. ബിസിനസ് പ്രതിയോഗികള്‍ക്കു വേണ്ടി ജപ്പാനീസ് ഭരണകൂടം തന്നെ കള്ളക്കേില്‍ കുടുക്കുകയാണ് എന്നാണ് കാര്‍ലോസ് ഘോന്റെ വിമര്‍ശനം.  

 

 

പ്രതിക്കൂട്ടില്‍ അമേരിക്കക്കാര്‍
അമേരിക്കന്‍ സൈന്യത്തിലെ പ്രത്യേക ഓപ്പറേഷനുകള്‍ക്കായുള്ള വിഭാഗത്തില്‍ ദിര്‍ഘകാലം പ്രവര്‍ത്തിച്ച മൈക്കിള്‍ ടെയ്‌ലറും മകന്‍ പീറ്ററുമാണ് വിചാരണ നേരിടുന്നത്. സൈന്യത്തിലിരിക്കെ, വിദേശത്തുനിന്നും ആളുകളെ രക്ഷപ്പെടുത്തുന്ന ദൗത്യങ്ങളില്‍ പ്രവര്‍ത്തിച്ച മൈക്കിള്‍ വിരമിച്ചശേഷം സ്വകാര്യ സുരക്ഷാ ഏജന്‍സി നടത്തുകയായിരുന്നു. യു എസ് സൈന്യത്തിലെ വിവിധ ശാഖകളില്‍നിന്ന് വിരമിച്ച മുന്‍ സൈനികരാണ് ഇയാളുടെ ഏജന്‍സിയിലുള്ളത്. 13 ലക്ഷം അമേരിക്കന്‍ ഡോളര്‍ പ്രതിഫലത്തിനാണ് മൈക്കിളിന്റെ ഏജന്‍സി കാര്‍ലോസിനെ കടത്തിയത് എന്നാണ് പ്രോസിക്യൂഷന്‍ കേസ്. 

കഴിഞ്ഞ വര്‍ഷം മെയ് മാസമാണ് മൈക്കിളും മകനും മസച്ചുസെറ്റ്‌സില്‍ അറസ്റ്റിലായത്. ക്രിമിനല്‍ കേസിലെ പ്രതിയെ വിചാരണയില്‍നിന്നും രക്ഷപ്പെടുത്തി എന്ന കുറ്റത്തിനായിരുന്നു അറസ്റ്റ്.  തനിക്കെതിരായ കുറ്റം ഇവര്‍ നിഷേധിച്ചെങ്കിലും ഇവരെ ജപ്പാന് കൈമാറി. ജപ്പാനില്‍ എത്തിയതു മുതല്‍ ഇവര്‍ ജയിലിലായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം കേസില്‍ വിചാരണ ആരംഭിച്ചത്. മൈക്കിളും സംഘവും ജപ്പാനില്‍നിന്നും ക്രിമിനല്‍ കേസ് പ്രതിയെ വന്‍തുക പ്രതിഫലം വാങ്ങി കടത്തിക്കൊണ്ടുപോയതായി ടോക്കിയോ കോടതിയില്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു. കുറ്റം തെളിഞ്ഞാല്‍, ഇവര്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത തടവുശിക്ഷ അനുഭവിക്കുകയും ലക്ഷങ്ങള്‍ പിഴ ഒടുക്കേണ്ടിയും വരും. 

 

 

അതിസാഹസികം ഈ രക്ഷപ്പെടല്‍
2019-ഡിസംബറിലാണ് വീട്ടുതടങ്കലില്‍ കഴിയുന്നതിനിടെ, കാര്‍ലോസ് രക്ഷപ്പെട്ടത്. തന്നെ കുടുക്കാനുള്ള കോര്‍പറേറ്റ് ശത്രുക്കളുടെ ഗൂഢാലോചനയുടെ ഫലമാണ് കേസ് എന്നാണ് കാര്‍ലോസ് ആരോപിച്ചത്. ജയിലില്‍ താന്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടതായും കാര്‍േലാസ് പറഞ്ഞിരുന്നു.  ദിവസം അരമണിക്കൂര്‍ പുറത്തുപോവുന്നത് ഒഴിച്ചാല്‍ ആഴ്ചകളോളം ഏകാന്ത തടവായിരുന്നു. വീട്ടുതടങ്കലിലേക്ക് മാറ്റിയെങ്കിലും, തന്നെ വകവരുത്താന്‍ ശത്രുക്കള്‍ നീക്കം തുടര്‍ന്നതായും കാര്‍ലോസ് പറഞ്ഞിരുന്നു.  അഞ്ചു വര്‍ഷമെങ്കിലും എടുക്കാതെ കേസില്‍ തീരുമാനം ആവില്ല എന്ന അവസ്ഥയായിരുന്നുവെന്നും കാര്‍ലോസ് ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

ഈ സാഹചര്യത്തിലാണ് കാര്‍ലോസിനെ മോചിപ്പിക്കാന്‍ സുഹൃത്തുക്കളും സഹായികളും ശ്രമം നടത്തിയത്. അമേരിക്കയിലുള്ള നിസാന്‍ എക്‌സിക്യൂട്ടീവിന്റെ സഹായത്തോടെ ഇവര്‍ മൈക്കിള്‍ ടെയ്‌ലറിന്റെ ഏജന്‍സിയുമായി ബന്ധപ്പെട്ടതായാണ് ജപ്പാനിലെ കേസ്. അപകടമേഖലകളില്‍നിന്നും ആളുകളെ കടത്തിക്കൊണ്ടുവരുന്നതില്‍ വൈദഗ്ധ്യം നേടിയ മുന്‍ യുഎസ് സൈനികരുടെ സഹായത്തോടെ കാര്‍ലോസിനെ കടത്താന്‍ ഇവര്‍ പ്ലാനിട്ടു. 

തുടര്‍ന്നാണ്, 2019 ഡിസംബറില്‍ ഒരു സ്വകാര്യ ജെറ്റ് വിമാനം വാടകയ്ക്ക് എടുത്ത് ഇവര്‍ ജപ്പാനിലെ ഒസാക്കയിലെത്തിയത്. അവിടെനിന്നും തലസ്ഥാനമായ ടോക്കിയോയില്‍ എത്തി. പ്രത്യേക അനുമതിയോടെ അടുത്തുള്ള ഒരു ഹോട്ടലില്‍ പോവാന്‍ അനുമതി ലഭിച്ചിരുന്ന കാര്‍ലോസിനെ ഇവര്‍ അവിടെവച്ച് കണ്ടുമുട്ടി. സംഗീത ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന, ദ്വാരങ്ങളുള്ള വലിയ പെട്ടിയില്‍ കാര്‍ലോസിനെ അടച്ചശേഷം പെട്ടി കന്‍സായി വിമാനത്താവളത്തില്‍ എത്തിച്ചു. അവിടന്നാണ്, തങ്ങളുടെ സ്വകാര്യ ജെറ്റ് വിമാനത്തിലേക്ക് ആ പെട്ടി കയറ്റിയത്. പിന്നീട് തുര്‍ക്കി വഴി സംഘം ലബനോനിലെത്തി. കാര്‍ലോസിനെ സ്വീകരിക്കാന്‍ ലബനോന്‍ പ്രസിഡന്റ് തന്നെ  എത്തിയിരുന്നതായാണ് വാര്‍ത്തകള്‍. കാര്‍ലോസ് രക്ഷപ്പെട്ട് ലബനോനില്‍ എത്തിയതായി പത്രവാര്‍ത്തകള്‍ വന്നപ്പോഴാണ് ജപ്പാനില്‍ ഈ വിവരമറിഞ്ഞത്. തുടര്‍ന്ന്, കാര്‍ലോസിനെ വിട്ടുതരണമെന്ന് ജപ്പാന്‍ ലബനോനിനോട് ആവശ്യപ്പെട്ടുവെങ്കിലും അവരതിനു സമ്മതിച്ചില്ല. അതിനിടെയാണ്, കുറ്റവാളികളെ വിട്ടുതരാനുള്ള കരാര്‍ നിലവിലുള്ള അമേരിക്കയില്‍നിന്നും മൈക്കിള്‍ ടെയ്‌ലറിനെയും മകനെയും ജപ്പാനിലേക്ക് കൊണ്ടുവന്നത്. 

 

 

കാര്‍ലോസിന്റെ ഉയര്‍ച്ച താഴ്ച്ചകള്‍
ലബനന്‍ സ്വദേശികളായ അച്ഛനമ്മമാര്‍, ബ്രസീലില്‍ ജനനം, പാരിസില്‍നിന്ന് എന്‍ജിനീയറിംഗ് ബിരുദം. അഞ്ച് ഭാഷകളില്‍ പ്രാവീണ്യം. റെനോയുടെ തെക്കന്‍ അമേരിക്കന്‍ വിഭാഗം നയിക്കാനെത്തിയ കാര്‍ലോസ് ഘോന്‍ നഷ്ടത്തില്‍ നിന്ന് അതിനെ കരകയറ്റിയത് ചുരുങ്ങിയ സമയം കൊണ്ടാണ്. അതുകൊണ്ടാണ് ജപ്പാന്റെ അഭിമാനമായ നിസാന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ നിസാനില്‍ ഓഹരിവാങ്ങിയ റെനോ കാര്‍ലോസിനെത്തന്നെ ജപ്പാനിലേക്ക് വിട്ടത്. പുറംരാജ്യക്കാരെ എപ്പോഴും അവിശ്വസിക്കുന്ന ജപ്പാനിലേക്ക് പിന്‍സ്ട്രൈപ്പ് സൂട്ടും സണ്‍ഗ്ലാസസുമായി വിമാനമിറങ്ങിയ കാര്‍ലോസ് വിജയിക്കുമെന്ന് നിസാനില്‍ ആരും കരുതിയില്ല.

35 ബില്യനായിരുന്നു നിസാന്റെ കടം. സ്ഥിരം തൊഴിലാളികളുടെ ശമ്പളം തന്നെ കൊടുക്കാന്‍ പറ്റാത്ത അവസ്ഥ. കാറുകളാണെങ്കില്‍ പഴഞ്ചനും. നിസാനില്‍ കടുത്ത നടപടികളാണുണ്ടായത്. പല ഫാക്ടറികളും അടച്ചു, 14 ശതമാനം തൊഴിലാളികളെ പിരിച്ചുവിട്ടു. നിസാന്റെ ഡിസൈന്‍ തന്നെ മാറ്റി. ആറുവര്‍ഷത്തിനകം നിസാന്‍ ഹോണ്ടയെ കടത്തിവെട്ടി, ജപ്പാന്റെ രണ്ടാമത്തെ മികച്ച കാര്‍ കമ്പനിയായി. നിസാന്റെ സെഡാനുകളും പിക് അപ് ട്രക്കുകളും എസ് യു വികളും അമേരിക്കന്‍ വിപണി പിടിച്ചടക്കി. 2000 തുടക്കത്തോടെ റെനോ നിസാന്‍ സഖ്യത്തിന്റെ മേധാവിയായി കാര്‍േലാസ്. ഒരേസമയം അത്തരത്തിലെ രണ്ട് കമ്പനികളുടേയും മേധാവിയാകുന്ന ആദ്യത്തെയാളായി. ജപ്പാനില്‍ വിദേശീയരായ ചുരുക്കം പേര്‍ക്കുമാത്രം കിട്ടുന്ന ബഹുമതികള്‍ക്കും അര്‍ഹനായി. ബ്ലൂ റിബണ്‍ മെഡല്‍ കിട്ടുന്ന ആദ്യത്തെ വിദേശിയും. പക്ഷേ നിസാനില്‍ തന്നെ പലര്‍ക്കും ഈ വിജയം അത്ര രുചിച്ചില്ല.

ആര്‍ഭാട സംസ്‌കാരമായിരുന്നു കാര്‍ലോസിന്റെത്. നിസാനിലെ 21,000 ജീവനക്കാരെ പിരിച്ചുവിട്ട് കോസ്റ്റ് കില്ലര്‍ എന്ന പേര് നേടിയെടുത്ത കാര്‍ലോസ് റിയോ ഒളിമ്പിക്സില്‍ സ്പോണ്‍സര്‍ഷിപ്പിന് ചെലവഴിച്ചത് 200 മില്യനാണ്. നിസാന്റെ പ്രൈവറ്റ് ജെറ്റുകളില്‍ സഞ്ചാരം. ബ്രസീലിലും ബെയ്റൂത്തിലും ജപ്പാനിലും നിസാന്റെ ചെലവില്‍ ഫ്ലാറ്റുകളും വീടുകളും. ഫ്രാന്‍സിലെ വേര്‍സയ് കൊട്ടാരത്തിലെ ആര്‍ഭാടപൂര്‍ണമായ വിവാഹവിരുന്ന്. 

കമ്പനി ഡയറക്ടര്‍മാരുടെ ശമ്പളം വെളിപ്പെടുത്തണമെന്ന നിയമം ജപ്പാനില്‍ നടപ്പിലായത് 2008 -ലാണ്. അതിനുശേഷം നിസാന്റെ ഓഹരിയുടമകള്‍ ചേര്‍ന്ന് ഡയറക്ടമാരുടെയെല്ലാംകൂടി ശമ്പളം 27 മില്യനില്‍ കൂടാന്‍ പാടില്ലെന്നും തീരുമാനിച്ചിരുന്നു. പക്ഷേ 2017ല്‍ കാര്‍ലോസിന്റെ മാത്രം ശമ്പളം 16.9 മില്യനായിരുന്നു ടൊയോട്ട ചെയര്‍മാനേക്കാളും പതിനൊന്നിരട്ടി. 

പക്ഷേ നിസാനുള്ളില്‍ത്തന്നെ ചോദ്യങ്ങളുയര്‍ന്നു. ഫ്രഞ്ച് സര്‍ക്കാരിനു ഓഹരിയുള്ള റെനോയിലും പുരികങ്ങള്‍ ചുളിഞ്ഞു. അതുമാത്രമല്ല, കാര്‍ലോസ് നിസാനുവേണ്ടി റെനോയുടെ സാധ്യതകള്‍ ബലികഴിക്കുന്നു എന്ന് റെനോയും നിസാന്റെ സാങ്കേതികമികവുകള്‍ റെനോ മുതലെടുക്കുന്ന എന്ന് നിസാനും വിശ്വസിച്ചുതുടങ്ങി. അതിനിടെയാണ് നിസാന്‍ ചില ആരോപണങ്ങള്‍ നേരിട്ടതും കാറുകള്‍ പിന്‍വലിക്കേണ്ടിവന്നതും. അതിന്റെ കുറ്റം തലയിലേറ്റിയത് കമ്പനി ചീഫ് എക്സിക്യൂട്ടിവായ ഹിരോതോ സയ്കാവ ആണ്. കാര്‍ലോസിനെ കാണാനുണ്ടായിരുന്നില്ല. ചീഫ് എക്സിക്യൂട്ടിവ് സ്ഥാനം നേരത്തെതന്നെ ഒഴിഞ്ഞ കാര്‍ലോസ് റെനോയിലെയും കുറേ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞിരുന്നു, വിശ്രമജീവിതത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിരുന്നു കാര്‍ലോസ് എന്നു പറയുന്നു, മകള്‍.

അതിനുശേഷമാണ് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായത്. കാര്‍ലോസിന്റെ സാമ്പത്തിക തിരിമറികള്‍ എന്ന പേരില്‍ ശമ്പളത്തിന്റെ തെളിവുകളടക്കം ചിലര്‍ പുറത്തുവിട്ടു. അതോടെ നിസാന്‍ കമ്പനിതന്നെ പ്രോസിക്യൂട്ടര്‍മാരെ സമീപിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ കാര്‍ലോസിന്റെ സുഹൃത്തുക്കളും അറസ്റ്റിലായി. അതും അതീവരഹസ്യമായി.

വിമാനമിറങ്ങുന്ന കാര്‍ലോസിനെകാത്തുനിന്ന ഡ്രൈവര്‍ ഇക്കാര്യം അറിഞ്ഞത് മണിക്കൂറുകള്‍ക്കുശേഷമാണ്. വീട്ടില്‍ കാത്തിരുന്ന മകളും അതു തന്നെ. വധശിക്ഷക്കു വിധിക്കപ്പെട്ടവരെ താമസിപ്പിച്ചിരുന്ന ജയില്‍ മുറിയില്‍ താമസം. ലൈറ്റുകള്‍ അണക്കില്ല, രാജ്യത്തിന്റെ വിദേശീയനായ ശത്രുവെന്ന പോലെയായിരുന്നു കാര്യങ്ങളെന്ന് കാര്‍ലോസിന്റെ സുഹൃത്തുക്കള്‍ പറയുന്നു. ആരോപണങ്ങളെല്ലാം കാര്‍ലോസ് നിഷേധിച്ചിരുന്നു. നിസാനില്‍ തന്നെയുള്ളവര്‍ അദ്ദേഹത്തെ കുടുക്കുകയായിരുന്നു എന്ന് സുഹൃത്തുക്കളും പറഞ്ഞിരുന്നു.

മാര്‍ച്ചില്‍ കാര്‍ലോസിനെ ജാമ്യത്തില്‍ വിട്ടു. സര്‍ക്കാര്‍ നിരീക്ഷണത്തില്‍ വീട്ടുതടങ്കലിലേക്ക്. പുറംലോകവുമായി ഒരു ബന്ധവുമില്ല, നാല പാസ്പോര്‍ട്ടുകളും അഭിഭാഷകന്റെ കസ്റ്റഡിയില്‍. വളരെ ദുര്‍ബലമായ കേസ് എന്നൊക്കെ എല്ലാവരും പറഞ്ഞെങ്കിലും ജാപ്പനീസ് നീതിന്യായ വ്യവസ്ഥയുടെ കുരുക്കുകളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രയാസമായിരിക്കും എന്നായിരുന്നു വിധിയെഴുത്ത്. എന്തായാലും അതിനൊന്നും കാത്തിരിക്കാതെ കാര്‍ലോസ് രക്ഷപ്പെട്ടു. 

Follow Us:
Download App:
  • android
  • ios