ഗ്രേറ്റ തുന്‍ബെറിന് ആംനെസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ പരമോന്നത പുരസ്കാരം. പരിസ്ഥിതി സംരക്ഷണ പോരാട്ടത്തിലൂടെ ശ്രദ്ധേയായ ഈ പതിനാറുകാരിയായ സാമൂഹ്യപ്രവര്‍ത്തകയെ 'അംബാസിഡര്‍ ഓഫ് കോണ്‍ഷ്യസ് പുരസ്‍കാരം' നല്‍കിയാണ് സംഘടന ആദരിച്ചത്. 

2018 ആഗസ്തില്‍ സ്വീഡിഷ് പാര്‍ലിമെന്‍റ് കെട്ടിടത്തിന് പുറത്ത് കാലാവസ്ഥയ്ക്കായുള്ള സ്കൂള്‍ പണിമുടക്കിലൂടെയാണ് ഗ്രേറ്റ ശ്രദ്ധേയയാവുന്നത്. അന്ന് ഒന്‍പതാം ഗ്രേഡ് വിദ്യാര്‍ത്ഥിയായിരുന്നു അവള്‍. ഉഷ്ണതരംഗവും കാട്ടുതീയും ഒഴിഞ്ഞശേഷം സ്കൂളില്‍ പോകാം എന്നതായിരുന്നു അവളുടെ നിലപാട്. അതിനാവശ്യമുള്ള നടപടി സ്വീഡിഷ് സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും അവള്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്‍റിന് പുറത്ത് 'കാലാവസ്ഥയ്ക്ക് വേണ്ടിയുള്ള സ്കൂള്‍ പണിമുടക്ക്' എന്ന ബോര്‍ഡുമായി അവള്‍ നിലയുറപ്പിച്ചു. ഗ്രേറ്റയുടെ സമരത്തെ പിന്തുണച്ച് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അന്ന് തെരുവിലിറങ്ങി. പിന്നീട്, വിവിധ രാജ്യങ്ങളില്‍ അവള്‍ സംസാരിച്ചു. 

ഗ്രേറ്റയുടെ പോരാട്ടത്തിനുള്ള തുടക്കം മാത്രമായിരുന്നു. പ്രകൃതിക്ക് വേണ്ടി പിന്നെയും ഗ്രേറ്റ ശബ്ദിച്ചു. പിന്നീട് 2018 നവംബറില്‍  ഗ്രേറ്റ TEDxStockholm ൽ സംസാരിച്ചു. ഡിസംബറിൽ യുനൈറ്റഡ് നേഷൻസ് ക്ലൈമറ്റ് ചേഞ്ച് കോൺഫറൻസിനെ അഭിസംബോധന ചെയ്തിരുന്നു. ലോക കാലാവസ്ഥ ഉച്ചകോടിയില്‍ അവള്‍ ചര്‍ച്ചയായി. ഗ്രേറ്റയുടെ പ്രകൃതിക്ക് വേണ്ടിയുള്ള പോരാട്ടത്തിനുള്ള അംഗീകാരമാണ് ആംനെസ്റ്റിയുടെ ഈ പുരസ്കാരം. ലോകത്തിലെ പോരാടുന്ന യുവത്വത്തിനായി ഈ പുരസ്കാരം സമര്‍പ്പിക്കുന്നുവെന്നാണ് ഗ്രേറ്റ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞത്.