Asianet News MalayalamAsianet News Malayalam

ആ​ഗോളതാപനം തടയാൻ ജസീന്ത ആർഡൻ ഒന്നും ചെയ്യുന്നില്ല, ന്യൂസിലൻഡ് പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ​ഗ്രേറ്റ

താന്‍ കാലാവസ്ഥയ്ക്ക് വേണ്ടി നിലകൊള്ളുന്നതിനാല്‍ തന്നെ തനിക്കും കുടുംബത്തിനും നേരെ ഭീഷണിയുണ്ട് എന്നും ഗ്രേറ്റ പറഞ്ഞു. 

Greta Thunberg criticized Jacinda Ardern on climate change
Author
Sweden, First Published Sep 26, 2021, 4:20 PM IST

ആഗോളതാപനം (global warming) തടയാൻ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ (Jacinda Ardern) ഒന്നും ചെയ്യുന്നില്ലെന്ന് കാലാവസ്ഥാ ആക്റ്റിവിസ്റ്റ് ഗ്രേറ്റ തൻബെർഗ് (Greta Thunberg) ആരോപിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ പ്രവര്‍ത്തിച്ച ഒരു രാഷ്ട്രീയനേതാവിനെ പോലും കാണാന്‍ തനിക്കായിട്ടില്ല എന്നും ഗ്രേറ്റ പറയുന്നു. ജൂണ്‍ മാസത്തില്‍, 'കാലാവസ്ഥാ വ്യതിയാനം ജീവിതത്തിനും മരണത്തിനും ഇടയിലുള്ളത്ര പ്രധാനപ്പെട്ട കാര്യമാണ്' എന്ന് ജസീന്താ ആര്‍ഡന്‍ പറഞ്ഞിരുന്നു. അതേ കുറിച്ചുള്ള ചോദ്യത്തിന് വളരെ രൂക്ഷമായ പ്രതികരണമാണ് ഗ്രേറ്റയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. 

Greta Thunberg criticized Jacinda Ardern on climate change

'ജസീന്താ ആര്‍ഡനെ പോലുള്ളവര്‍ കാലാവസ്ഥാ നേതാക്കളാണ് എന്ന വിശ്വാസം തന്നെ വലിയ തമാശയാണ്' എന്ന് ഗ്രേറ്റ ദ ഗാര്‍ഡിയനോട് പറഞ്ഞു. ഹരിതഗൃഹ വാതക ബഹിര്‍ഗമനം ഇതുവരെ കുറഞ്ഞിട്ടില്ല. അത് കുറയാതെ ലോകനേതാക്കള്‍ എന്തെങ്കിലും ചെയ്തു എന്ന് പറയുക സാധ്യമല്ല എന്നും ഗ്രേറ്റ പറയുന്നു. 

ന്യൂസിലാൻഡ് കാലാവസ്ഥാ വ്യതിയാന മന്ത്രി ജെയിംസ് ഷാ പറഞ്ഞത് രാജ്യത്തിന്റെ കാർബൺ ബഹിര്‍ഗമനം ഇനിയും കുറഞ്ഞിട്ടില്ലെന്ന് തൻബെർഗ് പറഞ്ഞത് ശരിയാണ്. പക്ഷേ, അത് സംഭവിക്കും എന്നാണ്. 'തങ്ങളുടെ സര്‍ക്കാര്‍ അതിനുവേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ഒരുപാട് കാര്യങ്ങള്‍ സര്‍ക്കാരിന് ഇനിയും ചെയ്യാനുണ്ട്' എന്നും മന്ത്രി പറഞ്ഞു. 

2020 ഡിസംബറിൽ ന്യൂസിലാൻഡ് ഒരു കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും 2025 -ഓടെ പൊതുമേഖലയെ ഡീകാർബണൈസ് ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു. 'ഈ നീക്കം ഒരു പോസിറ്റീവ് മുന്നേറ്റമല്ല' എന്നാണ് ഗ്രേറ്റ ഇതേക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചത്. 2020 ഡിസംബര്‍ 13 -ന് ഗ്രേറ്റ ട്വിറ്ററില്‍ കുറിച്ചത് ഈ നീക്കത്തിലൂടെ വെറും ഒരു ശതമാനത്തില്‍ താഴെ മാത്രം ഹരിതഗൃഹ ബഹിര്‍ഗമനം കുറക്കാനേ സാധിക്കൂ എന്നാണ്. അത് മറ്റ് രാജ്യങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല എന്നും ഗ്രേറ്റ ആരോപിച്ചിരുന്നു. 'തന്‍റെ സര്‍ക്കാര്‍ കൂടുതല്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട് എന്നും അതിനാല്‍ തന്നെ ഗ്രേറ്റയുടെ ആരോപണം ന്യായമില്ലാത്തതാണ്' എന്നും അന്ന് ആര്‍ഡന്‍ പ്രതികരിച്ചിരുന്നു. 

Greta Thunberg criticized Jacinda Ardern on climate change

താന്‍ കാലാവസ്ഥയ്ക്ക് വേണ്ടി നിലകൊള്ളുന്നതിനാല്‍ തന്നെ തനിക്കും കുടുംബത്തിനും നേരെ ഭീഷണിയുണ്ട് എന്നും ഗ്രേറ്റ പറഞ്ഞു. വീടിന് പുറത്ത് നിന്നും ആളുകള്‍ തങ്ങളെ പകര്‍ത്താന്‍ ശ്രമിച്ചുവെന്നും അകത്ത് കടക്കാന്‍ ശ്രമിച്ചുവെന്നും ഗ്രേറ്റ പറയുന്നു. നേരത്തെ പരിസ്ഥിതിക്ക് വേണ്ടി നിലകൊണ്ടതിന് 2020 -ൽ 227 ആക്ടിവിസ്റ്റുകള്‍ കൊല്ലപ്പെട്ടതായുള്ള കണക്ക് ഗ്ലോബൽ വിറ്റ്‍നെസ് (Global Witness) പുറത്തു വിട്ടിരുന്നു. 
 

Follow Us:
Download App:
  • android
  • ios