വിവാഹ ജീവിതത്തിലേക്ക് കടക്കും മുമ്പ് പെണ്‍കുട്ടി കന്യകയാണോ എന്നറിയാനുള്ള കന്യകാത്വ പരിശോധന ഇപ്പോഴും രാജ്യത്തിന്‍റെ പല ഭാഗത്തും നടന്നുവരുന്നുണ്ട്. വിദ്യാഭ്യാസമില്ലാത്തവരോ, ഉള്‍നാടുകളില്‍ ജീവിക്കുന്നവരോ ഒക്കെയാണ് ഇത്തരം പരിശോധനകള്‍ നടത്തുന്നത് എന്ന് തോന്നിയാലും തെറ്റി. 

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബംഗളൂരുവില്‍, വിവാഹത്തിന് തൊട്ടുപുറകെ കന്യകാത്വ പരിശോധന നടത്തിയതിന് വധു വിവാഹമോചനം ആവശ്യപ്പെട്ടത്. 26 വയസ്സുള്ള രക്ഷ എന്ന യുവതിയാണ് വിവാഹമോചനത്തിനാവശ്യപ്പെട്ടത്. താലി കെട്ടിക്കഴിഞ്ഞ് കുറച്ച് സമയത്തിനുള്ളില്‍ തന്നെ ഭര്‍ത്താവ്  കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കിയതായും ഗര്‍ഭ പരിശോധന നടത്തിയതായും യുവതി പറയുന്നു. 

രക്ഷയും ഭര്‍ത്താവ് ശരത്തും എം ബി എ ബിരുദധാരികളാണ്. രണ്ടുപേരും നോര്‍ത്ത് കര്‍ണാടകയിലെ പ്രധാനപ്പെട്ട രണ്ട് കമ്പനികളിലായി ജോലിയും നോക്കുന്നുണ്ട്. മാട്രിമോണിയല്‍ സൈറ്റ് വഴി ആലോചിച്ചാണ് വിവാഹം നടന്നത്. 

വിവാഹത്തിന് 15 ദിവസം മാത്രമുള്ളപ്പോഴാണ് രക്ഷയ്ക്ക് തന്‍റെ അമ്മയെ നഷ്ടപ്പെട്ടത്. അതിന്‍റെ വേദനയിലും വിഷമത്തിലുമായിരുന്നു രക്ഷ. പക്ഷെ, അത് മനസ്സിലാക്കാതെ മറ്റെന്തോ പ്രശ്നത്തിലായിരുന്നു രക്ഷയെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു ശരത്ത്. വിവാഹം നടന്നത് രക്ഷയുടെ താല്‍പര്യത്തോടെയല്ല എന്നായിരുന്നു ശരത്ത് കരുതിയിരുന്നത്. 

മാത്രവുമല്ല, വിവാഹ ദിവസം ഗ്യാസിന്‍റേതായ പ്രശ്നങ്ങള്‍ കൊണ്ട് രക്ഷ ഛര്‍ദ്ദിച്ചതും ശരത്തിനെ സംശയാലുവാക്കി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രക്ഷയെ കന്യകാ പരിശോധനയ്ക്കും, ഗര്‍ഭ പരിശോധനയ്ക്കും വിധേയയാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ശരത്ത്. അനുമതി പത്രം ഒപ്പ് വയ്ക്കുമ്പോള്‍ മാത്രമാണ് താന്‍ കന്യകാപരിശോധനയ്ക്ക് വിധേയയാരിക്കുകയാണ് എന്ന് രക്ഷ തിരിച്ചറിഞ്ഞത്. അതോടെ, അവള്‍ ശരത്തിന്‍റെ കൂടെ പോവാന്‍ തയ്യാറാവാതെ തന്‍റെ സഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു. പിന്നാലെ വിവാഹമോചനവും ആവശ്യപ്പെട്ടു.