Asianet News MalayalamAsianet News Malayalam

മോഹന്‍ലാലിനെ ഇഷ്ടപ്പെടുന്ന, കേരളത്തിലെ പ്രളയത്തെക്കുറിച്ച് തിരക്കുന്ന കശ്മീരി ജനത; താഴ്‍വരയില്‍ നിന്നൊരു റിപ്പോർട്ട്

കശ്മീരിൽ വാർത്താവിനിമയ സംവിധാനം ആകെ വിച്ഛേദിച്ചിരിക്കുകയാണെങ്കിലും കേരളത്തിലെ മഴക്കെടുതി എങ്ങും ചർച്ചയാണ്. ഡിടിഎച്ച് സംവിധാനം ഉള്ള വീടുകളിൽ ടി വി ചാനലുകൾ ലഭ്യമാണ്. 

ground report from kashmir preparations for independence day
Author
Srinagar, First Published Aug 14, 2019, 9:32 AM IST

ശ്രീനഗര്‍: പ്രത്യേകപദവി ഇല്ലാതായതിനു ശേഷമുള്ള സ്വാതന്ത്ര്യ ദിനം, ജമ്മുകശ്മീരിനിത് പുതിയ അനുഭവമാണ്. ഗവർണറുടെ നേതൃത്വത്തിലാവും ഇത്തവണ സ്വാതന്ത്യദിനാഘോഷം. ഒരിക്കല്‍ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ നടന്നിരുന്ന ഷേർ എ കശ്മീർ സ്റ്റേഡിയത്തിലാണ് ഇത്തവണ സ്വാതന്ത്ര്യദിന ആഘോഷം നടക്കുക. എണ്‍പതുകളിൽ ഇന്ത്യ-വെസ്റ്റിൻഡീസ് മാത്സരത്തിനിടെ വലിയ പ്രതിഷേധം നടക്കുകയും പിന്നീട് ഭീകരവാദം പിടിമുറുക്കിയതോടെയുമാണ് കശ്മീരിൽ രാജ്യാന്തര മത്സരങ്ങള്‍ ഇല്ലാതായത്. 

മുമ്പ് സ്വാതന്ത്ര്യദിനാഘോഷത്തിന് വേദിയായിരുന്ന ബക്ഷി സ്റ്റേഡിയം പുതുക്കി പണിയുന്ന സാഹചര്യത്തിലാണ് ഷേർ എ കശ്മീർ ഇതിനായി ഒരുങ്ങുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തില്‍ വിവിധ കലാപ്രകടനങ്ങളും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. സിആർപിഎഫിലെ  ജവാൻമാരും കലാപ്രകടനങ്ങളുമായി എത്തും. കശ്മീരിനെക്കാൾ ജമ്മുവിൽ നിന്നുള്ള കലാസംഘങ്ങൾക്കാവും ഇത്തവണ പങ്കെടുക്കുക. കേന്ദ്രസർക്കാരിന്‍റെ തീരുമാനം കേന്ദ്ര പൊലീസ് സേനകൾക്ക് വലിയ ഊർജ്ജമാണ് നല്‍കിയിരിക്കുന്നത്. 
ground report from kashmir preparations for independence day

നിയന്ത്രണങ്ങൾ എത്രകാലം?

ജമ്മുമേഖലയിലെ നിയന്ത്രണം സർക്കാർ മെല്ലെ നീക്കി തുടങ്ങി. കശ്മീർ മേഖലയിലും നിയന്ത്രണങ്ങൾ പിൻവലിച്ചു തുടങ്ങിയെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. യാത്രാ നിയന്ത്രണമാണ് പ്രധാനമായും പിൻവലിക്കുന്നത്. നിരോധനാജ്ഞയും നീക്കുന്നുണ്ട്. എന്നാൽ വാർത്താവിനിമയ സംവിധാനങ്ങളുടെ നിയന്ത്രണം തുടരും. 300 സ്ഥലങ്ങളിൽ പുറത്തുള്ള ബന്ധുക്കളുമായി സംസാരിക്കാൻ ജനങ്ങൾക്ക് ടെലിഫോൺ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ ഫോൺ കിട്ടാൻ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഫോൺ, ഇൻറർനെറ്റ് നിയന്ത്രണം നീണ്ടു പോയേക്കാമെന്നാണ് സൂചന. തെക്കൻ കശ്മീരിൽ അടുത്ത ഒരു മാസമെങ്കിലും നിയന്ത്രണം തുടരുമെന്നാണ് സൂചന.

ജനങ്ങളുടെ നിലപാട്

കശ്മീരിൽ ഇതുവരെ സഞ്ചരിച്ച മേഖലകളിൽ പൊതുവെ ജനങ്ങളുടെ രോഷം പ്രകടമായിരുന്നു. വഴിയിൽ ക്യാമറയുമായി ഇറങ്ങി നില്‍ക്കുമ്പോൾ ഈ രോഷം നേരിടേണ്ടി വന്നിരുന്നു. സ്കൂൾ എന്ന് തുറക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ദാൽ തടാകത്തിൽ കുട്ടികൾ നീന്തിക്കളിക്കുന്നതും കാണാന്‍ കഴിഞ്ഞു. കടകൾ അടച്ചിടാനാണ് നിർദ്ദേശമെങ്കിലും അത്യാവശ്യം ചൂണ്ടിക്കാട്ടി സമീപിച്ചാൽ ഷട്ടർ തുറന്ന് സഹകരിക്കുന്നവരെയും ഇവിടെ കാണാം. 

കശ്മീരികളിൽ ഭൂരിപക്ഷം സർക്കാർ തീരുമാനത്തെ അനുകൂലിക്കുന്നു എന്ന് ഒരു ഹിന്ദി മാധ്യമത്തിന്‍റെ സർവേ പുറത്ത് വന്നു. എന്നാൽ ശ്രീനഗറിലും ചുറ്റുമുള്ള മേഖലകളിലും ഇതിനു വിപരീതമാണ് പ്രതികരണങ്ങൾ. എന്നാൽ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തോടൊപ്പം വന്ന ഡ്രൈവർ ഇമ്രാൻ ഈ രോഷത്തോട് യോജിച്ചില്ല. 'ഇവിടെയുള്ള നേതാക്കൾ എല്ലാം അവരുടെ കീശ വലുതാക്കി. വലിയ വരുമാനം അവർ കേന്ദ്രഫണ്ട് കൊള്ളയടിച്ച് ഉണ്ടാക്കി. കശ്മീരിന് വികസനം വരാൻ മോദി സഹായിക്കും. ഇന്ത്യയിൽ അഴിമതിയില്ലാത്ത ഒരേ ഒരു നേതാവ് മോദിയാണ്'. പക്ഷേ ഇമ്രാന്‍റേത് താഴ്വരയിൽ ഒറ്റപ്പെട്ട ശബ്ദമാണ്.

ground report from kashmir preparations for independence day

കേരളത്തിലെ മഴക്കെടുതി

കശ്മീരിൽ വാർത്താവിനിമയ സംവിധാനം ആകെ വിച്ഛേദിച്ചിരിക്കുകയാണെങ്കിലും കേരളത്തിലെ മഴക്കെടുതി എങ്ങും ചർച്ചയാണ്. ഡിടിഎച്ച് സംവിധാനം ഉള്ള വീടുകളിൽ ടി വി ചാനലുകൾ ദ്യശ്യമാണ്. മലയാളികള്‍ തങ്ങുന്നത് കൊണ്ടാണോ എന്നറിയില്ല, ഏഷ്യാനെറ്റ് ന്യൂസ് സംഘം തങ്ങിയ ഹോട്ടലിലും ഡിടിഎച്ച് ഉണ്ട്. മലയാളം ചാനലുകളും ലഭ്യമാണ്. കേരളത്തിലെ മഴക്കെടുതിയെക്കുറിച്ച് പോയിടത്തൊക്കെ കശ്മീരികൾ ചോദിച്ചു. കേരളത്തിൽ നിന്നാണെന്ന് പറയുമ്പോൾ ചിലർ സൗമ്യമായി പെരുമാറുന്നുണ്ട്. ഇമ്രാൻ പറഞ്ഞു 'മോഹൻലാലിനെ അറിയാം. മോഹൻലാൽ സിനിമ ഹിന്ദിയിൽ ഡബ് ചെയ്തത് കാണാറുണ്ട്'. 
 

Follow Us:
Download App:
  • android
  • ios