Asianet News MalayalamAsianet News Malayalam

ഗ്രൗണ്ട് റിപ്പോർട്ട് : ജനുവരി 5 -ന് ഉച്ചയ്ക്കും വൈകുന്നേരവുമായി ജെഎൻയു ക്യാമ്പസിൽ നടന്നതെന്ത് ?

റിപ്പോർട്ടുകൾ പ്രകാരം, ഈ അക്രമങ്ങൾ തുടങ്ങുന്നതിന്റെ തലേന്ന്, അതായത് 4 -ന് ക്യാമ്പസിൽ നേരിയ സംഘർഷം ഉണ്ടായിരുന്നു. എബിവിപിയും ഇടതു സംഘടനകളും തമ്മിൽ ഉരസലുകൾ നടന്നിരുന്നു. 

Ground report of the Violence  occurred on January 5th afternoon and evening in JNU
Author
Delhi, First Published Jan 6, 2020, 1:19 PM IST

ജനുവരി 5 -ന് ദില്ലിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാല (JNU) ക്യാമ്പസിനുള്ളിൽ അക്രമം നടന്നു. മുഖംമൂടിയണിഞ്ഞ്,  കയ്യിൽ ഇരുമ്പ് വടികൾ, ഹോക്കി സ്റ്റിക്കുകൾ, മുളങ്കമ്പുകൾ, ചുറ്റിക തുടങ്ങിയ മാരകായുധങ്ങളുമേന്തി, ക്യാമ്പസിനുള്ളിലേക്ക് അതിക്രമിച്ചു കടന്ന ഒരു സംഘമാളുകൾ യാതൊരു പ്രകോപനവും കൂടാതെ വിദ്യാർത്ഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നു. ഈ അക്രമസംഭവങ്ങൾ ഏകദേശം മൂന്നുമണിക്കൂറോളം നീണ്ടുനിന്നു. ഈ മുഖംമൂടിധാരികൾ ഹോസ്റ്റലുകൾക്കുള്ളിലേക്ക് കയറി വിദ്യാർത്ഥികളെ മർദ്ദിച്ചു. പല വിദ്യാർത്ഥികളുടെയും വസ്ത്രങ്ങൾ ചോരയിൽ കുളിച്ചു. പലരുടെയും തല പൊട്ടി ചോരയൊഴുകി. അക്രമികൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുംനേരെ കല്ലേറും നടത്തുകയുണ്ടായി. ഹോസ്റ്റലുകളിലെ പല മുറികളിലും ഇരച്ചുകയറിയ അക്രമികൾ അവിടെ കണ്ണിൽ കണ്ടതൊക്കെ അടിച്ചുതകർത്തു. ദില്ലിയിൽ നിന്നുവരുന്ന വിവരങ്ങൾ പ്രകാരം, ചുരുങ്ങിയത് രണ്ടു ഡസൻ പേർക്കെങ്കിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ജെഎൻയു വിദ്യാർത്ഥിയൂണിയൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ, ഈ അക്രമങ്ങൾക്ക് പിന്നിൽ എബിവിപി ആണെന്ന് ആരോപണം ഉന്നയിച്ചിട്ടുണ്ട്. സബർമതി, മാഹി മാണ്ഡവി, പെരിയാർ ഹോസ്റ്റലുകളെയാണ് അക്രമികൾ ലക്ഷ്യമിട്ടത്. ഈ ആരോപണത്തെ തള്ളിപ്പറഞ്ഞ എബിവിപി അക്രമങ്ങൾക്ക് പിന്നിൽ ഇടതു സംഘടനകൾ തന്നെയാണ് എന്നാണ് പറയുന്നത്. 

Ground report of the Violence  occurred on January 5th afternoon and evening in JNU

അടുത്ത സെമസ്റ്ററിനുള്ള രജിസ്ട്രേഷനെച്ചൊല്ലി ആരംഭിച്ച കലഹം 

റിപ്പോർട്ടുകൾ പ്രകാരം, ഈ അക്രമങ്ങൾ തുടങ്ങുന്നതിന്റെ തലേന്ന്, അതായത് 4 -ന് ക്യാമ്പസിൽ നേരിയ സംഘർഷം ഉണ്ടായിരുന്നു. എബിവിപിയും ഇടതുസംഘടനകളും തമ്മിൽ ഉരസലുകൾ നടന്നിരുന്നു. ഈ സംഘർഷങ്ങൾക്ക് കാരണമായതോ, പുതിയ സെമസ്റ്ററിനായി നടത്താനിരുന്ന രജിസ്‌ട്രേഷനും. ജനുവരി ഒന്നിന് തന്നെ രജിസ്‌ട്രേഷൻ തുടങ്ങിയിട്ടുണ്ടായിരുന്നു. രജിസ്‌ട്രേഷനുള്ള അവസാന തീയതി ജനുവരി 5 ആയിരുന്നു. ഫീസ് വർധനവിൽ പ്രതിഷേധിച്ച് JNUSU അടക്കമുള്ള ഇടത് അനുഭവമുള്ള സംഘടനകൾ രജിസ്‌ട്രേഷൻ തടയാൻ ശ്രമിച്ചിരുന്നു. അതേസമയം, ഇങ്ങനെ അടയ്ക്കാൻ പ്രേരിപ്പിക്കപ്പെട്ട രജിസ്‌ട്രേഷൻ കൗണ്ടറുകൾ തുറന്നു പ്രവർത്തിപ്പിക്കാൻ വേണ്ടി ശ്രമിച്ചുകൊണ്ട് എബിവിപി അടക്കമുള്ള വലതു സംഘടനകളും ക്യാമ്പസിലെത്തി. ഇങ്ങനെ രജിസ്‌ട്രേഷൻ തടസ്സപ്പെടുത്തിയാൽ, വർധിപ്പിച്ച ഫീസ് അടച്ചുകൊണ്ട് പഠനം മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു സെമസ്റ്റർ നഷ്ടപ്പെടുമെന്നാണ് എബിവിപി വാദിക്കാൻ ശ്രമിച്ചത്. ഇതിനെ പിന്തുണച്ചുകൊണ്ട് ജെഎൻയു അഡ്മിനിസ്ട്രേഷനും രംഗത്തുവരികയുണ്ടായി. "നിങ്ങൾ ഫീസടക്കുന്നില്ലെങ്കിൽ അടക്കേണ്ട, അടക്കേണ്ടവർ അടച്ചോട്ടെ എന്നും, അവരെ തടയാനോ രജിസ്ട്രേഷൻ കൗണ്ടർ പൂട്ടിക്കാനോ എന്തിനാണ് ശ്രമിക്കുന്നത്?" എന്നാണ് അഡ്മിനിസ്ട്രേഷൻ ഭാരവാഹികൾ ഇടത് നേതാക്കളോട് ചോദിച്ചത്. 

Ground report of the Violence  occurred on January 5th afternoon and evening in JNU

ജെഎൻയു അഡ്മിനിസ്ട്രേഷൻ പറയുന്നത് ഇപ്രകാരമാണ്. ജനുവരി 3 -ന് മുഖംമൂടിയണിഞ്ഞ ചില വിദ്യാർഥികൾ ബിൽഡിങ്ങിലേക്ക് കടന്നുവന്ന് പവർ സപ്ലൈ കട്ട് ചെയ്തു. രജിസ്‌ട്രേഷൻ നടപടികൾ തടസ്സപ്പെടുത്തുക എന്നതായിരുന്നു ആ മുഖംമൂടിധാരികളുടെ പ്രധാന ഉദ്ദേശ്യം എന്നാണ് അഡ്മിനിസ്ട്രേഷൻ പറയുന്നത്. നാലാം തീയതി മറ്റുചില മുഖംമൂടി ധാരികൾ ഇതേ ലക്ഷ്യത്തോടെ സെൻട്രൽ ഇൻഫർമേഷൻ സിസ്റ്റംസിൽ നുഴഞ്ഞു കയറി അവിടത്തെ സെർവറുകൾ അടിച്ചു തകർത്തു എന്നും അഡ്മിനിസ്ട്രേഷൻ ആരോപിക്കുന്നു. നാലാം തീയതി  കുറെ വിദ്യാർത്ഥികളെയും സംഘടിപ്പിച്ചുകൊണ്ട് എബിവിപി രജിസ്ട്രേഷനുവേണ്ടി എത്തിയപ്പോൾ അവർക്കു നേരെ ആക്രമണമുണ്ടായി. തടയാൻ വന്ന സെക്യൂരിറ്റി ജീവനക്കാർക്കും അന്ന് മർദ്ദനമേറ്റു. 

ഈ അക്രമസംഭവങ്ങൾക്കു ശേഷം ക്യാമ്പസ്സിനുള്ളിൽ ആകെ ഭീകരാവസ്ഥയായിരുന്നു. ഏത് നിമിഷവും സംഘടനകൾ തമ്മിൽ പരസ്പരം ആക്രമണങ്ങൾ നടക്കാം എന്നുള്ള അവസ്ഥ സംജാതമായിരുന്നു. ഇത് പരിഹരിക്കാനായി ജെഎൻയുവിലെ അധ്യാപകരുടെ സംഘടന ക്യാമ്പസ്സിനുളിൽ ഒരു പീസ് മാർച്ച് സംഘടിപ്പിച്ചിരുന്നു. അവിടെ എത്തിയ വിദ്യാർഥികൾ പറഞ്ഞത് രജിസ്‌ട്രേഷൻ നടപടികൾ തടസ്സപ്പെടുന്ന സാഹചര്യം നിലവിലുണ്ടായിരുന്നു എന്നാണ്. തങ്ങൾ വിദ്യാർത്ഥികളോട് രജിസ്‌ട്രേഷൻ ചെയ്യാതെ സമരത്തോട് സഹകരിക്കണം എന്നാഹ്വാനം ചെയ്തിരുന്നു എന്ന് ഇടത് സംഘടന നേതാവ് സതീഷ് ചന്ദ്ര യാദവും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അക്രമസംഭവങ്ങളിൽ ഇടത് വിദ്യാർത്ഥിസംഘടനകളിൽ പെട്ട ആർക്കും തന്നെ പങ്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞിരുന്നു. 

പൊലീസിന്റെ നിഷ്‌ക്രിയത്വം 

പീസ് മാർച്ച് തുടങ്ങാൻ വേണ്ടി പ്രൊഫസർമാരും വിദ്യാർത്ഥികളും അണിനിരന്നപ്പോഴേക്കും അക്രമം പൊട്ടിപ്പുറപ്പെട്ടു. അപ്പോഴേക്കും സമയം ഏകദേശം സന്ധ്യയാകാറായിരുന്നു. നൂറോളം പേർ ക്യാമ്പസ്സിന് പുറത്തുനിന്ന് അക്രമത്തിനായി മുഖമൂടി അണിഞ്ഞും കൊണ്ട് വന്നെത്തിയിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ക്യാമ്പസുമായി യാതൊരു ബന്ധവുമില്ലാത്തവരായിരുന്നു അക്രമികളിൽ ഭൂരിഭാഗവും. എബിവിപിയുമായി ബന്ധമുള്ളവരാണ് ഈ അക്രമികൾ എന്നാണ് ഇടത് വിദ്യാർത്ഥി സംഘടനകൾ പറയുന്നത്. ദില്ലി പൊലീസിനുനേരെയും ഇടത് സംഘടനകൾ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. അക്രമികളെ ക്യാമ്പസ്സിൽ കടക്കുന്നതിൽ നിന്ന് പൊലീസ് തടഞ്ഞില്ല എന്ന് മാത്രമല്ല, മൂന്നു മണിക്കൂറോളം ക്യാമ്പസിനുള്ളിൽ അഴിഞ്ഞാടി, ജെഎൻയു എസ്‍യു പ്രസിഡന്റിനെ അടക്കം മാരകമായി മുറിവേൽപ്പിച്ചിട്ടും അവരെ നിർബാധം തിരികെ പോകാൻ പൊലീസ് അനുവദിച്ചു എന്നാണ് മുഖ്യ ആരോപണം. ക്യാമ്പസ്സിന് അകത്തുനിന്ന് പലവട്ടം അധ്യാപകർ പൊലീസിനെ വിളിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല എന്ന പരാതിയും ഉയർന്നിട്ടുണ്ട്. 

Ground report of the Violence  occurred on January 5th afternoon and evening in JNU

ക്യാമ്പസ്സിന് പുറത്ത് ഈ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരും ആക്രമിക്കപ്പെട്ടു. യോഗേന്ദ്ര യാദവ് അടക്കം സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ എത്തിയ ചില രാഷ്ട്രീയ നേതാക്കൾക്ക് നേരെയും അക്രമണങ്ങളുണ്ടായി. ഈ ആരോപണങ്ങൾ അന്വേഷിക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടിട്ടുണ്ട്. ഈ അക്രമങ്ങളുടെ നിരവധി വീഡിയോ ദൃശ്യങ്ങളും, പരിക്കേറ്റവരുടെ ചിത്രങ്ങളും മറ്റും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുഖംമൂടിയിട്ട അക്രമികൾ ഹോസ്റ്റൽ കോറിഡോറിലൂടെ മാരകായുധങ്ങളുമായി നീങ്ങുന്നതിന്റെയും ദൃശ്യങ്ങളുണ്ട്. ജെഎൻയു എസ്‍യു പ്രസിഡന്റ് ഐഷി ഘോഷ് ഗുരുതരമായി പരിക്കേറ്റ നിലയിൽ നിൽക്കുന്ന ചിത്രങ്ങൾ അതിൽപ്പെടും. പരിക്കേറ്റവരെ AIIMS -ലും സഫ്ദർജംഗ് ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ടു.

Ground report of the Violence  occurred on January 5th afternoon and evening in JNU

 

വിസിക്ക് നേരെയും ആരോപണം 

ക്യാമ്പസ്സിൽ ഉണ്ടായ അനിഷ്ടസംഭവങ്ങളിൽ വിസി ജഗദീഷ് കുമാർ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. സമരം ചെയ്യാതെ ഫീസ് വർദ്ധനവുമായി സഹകരിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ പൗരാവകാശങ്ങൾ സമരം ചെയ്യുന്ന വിദ്യാർഥികൾ ഹനിക്കുന്നതിനെപ്പറ്റി അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. വിദ്യാർഥികൾ ഇങ്ങനെ പരസ്പരം അക്രമങ്ങൾ അഴിച്ചുവിടുന്നതിനെയും അദ്ദേഹം അപലപിച്ചു. എന്നാൽ, അധ്യാപകരിൽ ഒരു വിഭാഗം വിസിക്ക് എതിരെയാണ്. ഒരാവശ്യത്തിനും വിസിയെ കിട്ടാറില്ല എന്നും, ചർച്ചകൾക്ക് ഒരിക്കലും അദ്ദേഹം എത്താറില്ല എന്നും അവർ ആരോപിക്കുന്നു. 

 

Follow Us:
Download App:
  • android
  • ios