10 ദിവസം മുമ്പ് ഇവിടത്തെജോലിയില്‍ നിന്നും പിരിച്ചുവിട്ട തൊഴിലാളിയും പ്രായപൂര്‍ത്തിയാവാത്ത സഹപ്രവര്‍ത്തകനും ചേര്‍ന്ന് മില്ലുടമയെയും പിതാവിനെയും അമ്മാവനെയും കുത്തിക്കൊല്ലുകയായിരുന്നു.

ഗുജറാത്തിലെ സൂറത്തിലുള്ള തുണിമില്ലിനകത്ത് കഴിഞ്ഞ ദിവസം ഒരത്യാഹിതം നടന്നു. മില്ലിനകത്തുവെച്ച് ആ സ്ഥാപനത്തിന്റെ ഉടമയും പിതാവും അമ്മാവനും കൊല്ലപ്പെടുകയായിരുന്നു. ഇന്‍ഡസ്ട്രിയല്‍ മേഖലയിലുള്ള എംബ്രോയിഡറി കമ്പനിയിലാണ് രാത്രിയില്‍ കൊലപാതകം നടന്നത്. ഇവിടെ ജോലി ചെയ്യുന്ന രണ്ട് തൊഴിലാളികളാണ് കൊലപാതകം നടത്തിയത്. ഇവരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. 

10 ദിവസം മുമ്പ് ഇവിടത്തെജോലിയില്‍ നിന്നും പിരിച്ചുവിട്ട തൊഴിലാളിയും പ്രായപൂര്‍ത്തിയാവാത്ത സഹപ്രവര്‍ത്തകനും ചേര്‍ന്ന് മില്ലുടമയെയും പിതാവിനെയും അമ്മാവനെയും കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് കേസ്. കുത്തേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടന്നതിനു പിന്നാലെ, പ്രതികളായ മുന്‍ തൊഴിലാളിയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. 

ഇന്‍ഡസ്ട്രിയല്‍ മേഖലയായ അലന്‍ജീറില്‍ വര്‍ഷങ്ങളായി എംബ്രോയിഡറി കമ്പനി നടത്തുകയായിരുന്ന കല്‍പേഷ് ദൊലാകിയ, പിതാവ് ഗന്‍ജിബായ്, അമ്മാവന്‍ ഘന്‍ശ്യാം രസോദിയ എന്നിവരാണ് കൊല്ലപ്പെട്ടത്. കുത്തേറ്റ് ചോരവാര്‍ന്ന നിലയില്‍ കമ്പനിയില്‍ കണ്ടെത്തിയ ഇവരെ തൊഴിലാളികള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആക്രമണം നടത്തിയ തൊഴിലാളികള്‍ സംഭവശേഷം ഇവിടെനിന്നും രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു. 

രാത്രി ജോലിക്കിടെ അബദ്ധം കാണിച്ച് വലിയ നഷ്ടം വരുത്തിയ ഒരു തൊഴിലാളിയെ 10 ദിവസം മുമ്പ് കമ്പനിയില്‍നിന്നും പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസം സുഹൃത്തായ മറ്റൊരു തൊഴിലാളിയെയും കൂട്ടി ഇയാള്‍ കമ്പനിയില്‍ വന്നു. അവിടെ വെച്ച് കമ്പനിയുടമായ ദൊലാക്കിയയും ബന്ധുക്കളുമായി ഇവര്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നാണ്, കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് ഇവര്‍ കമ്പനിയുടമയെയും പിതാവിനെയും അമ്മാവനെയും കുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട പ്രതികളെ പിന്നീട് അവര്‍ താമസിക്കുന്ന സ്ഥലത്തുവെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.