'ഞാൻ ഇരുപത് വർഷമായി ഈ പ്രദേശത്ത് തയ്യൽ ചെയ്യുന്നുണ്ട്. ഇസ്ലാമാബാദിലെയും റാവൽപിണ്ടിയിലെയുമെല്ലാം സമ്പന്ന പ്രദേശങ്ങളിൽ നിന്നുമുള്ള ആളുകൾ ഇവിടെ എത്തുന്നു. ബ്രാൻഡഡായ വില കൂടിയ തുണിത്തരങ്ങളാണ് അവർ തയ്ക്കാനായി കൊണ്ടുവരുന്നത്' എന്നും റസാഖ് പറയുന്നു. 

എല്ലാവരും സന്തോഷത്തോടെ ഈദുൽ ഫിത്ർ(Eid al-Fitr) ആഘോഷിക്കാനുള്ള ഒരുക്കമാണ്. എന്നാൽ, പാകിസ്ഥാനി(Pakistan)ലെ ഈ തയ്യൽക്കടക്കാരനെ സംബന്ധിച്ച് ഇത് നിരാശയുടെയും വേദനയുടെയും ദിവസം കൂടിയാണ്. കാരണം വേറൊന്നുമല്ല, ഈദുൽ ഫിത്ർ ആഘോഷിക്കുന്നതിനായി നിരവധിപ്പേർ അദ്ദേഹത്തിന്റെ കടയിൽ തയ്ക്കാൻ വച്ചിരിക്കുന്ന സൽവാർ കമ്മീസുകൾ രണ്ട് തോക്കുധാരികൾ വന്ന് മോഷ്ടിച്ചിട്ട് പോയി. ഇരുന്നൂറിലധികം വസ്ത്രങ്ങളാണ് കടയിൽ നിന്നും മോഷ്ടിക്കപ്പെട്ടത്. അതും എല്ലാം നല്ല വിലയുള്ള തുണികൾ.

കടയുടമ മുഹമ്മദ് റസാഖ്(Muhammad Razzaq) പറയുന്നത് ഇങ്ങനെ, ഇസ്ലാമാബാദിലെ തന്റെ കടയിലേക്ക് ആയുധധാരികളായ രണ്ടുപേർ കയറിവന്നു. അവർ ജീവനക്കാരെ കെട്ടിയിടുകയും മർദ്ദിക്കുകയും ചെയ്‍തു. പിന്നീട്, ഏറെക്കുറെ തയ്‍ച്ച് പൂർത്തിയാക്കിയ 240 പരമ്പരാ​ഗതരീതിയിലുള്ള സൽവാർ കമ്മീസുകൾ(shalwar kameez) മോഷ്ടിച്ചിട്ടുപോയി.

ഈ ഈദുൽ ഫിത്ർ തനിക്ക് ദുസ്വപ്നമാക്കിത്തീർത്ത ആ ദുഷ്ടന്മാരായ കള്ളന്മാരെ കണ്ടുപിടിക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞില്ല എന്നും റസാഖ് പറയുന്നു. വസ്ത്രങ്ങളെല്ലാം കൂടി നോക്കിയാൽ ഏഴ് ലക്ഷത്തിനു മുകളിൽ വിലവരും എന്ന് റസാഖ് പറയുന്നു. ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ച് ഈദുൽ ഫിത്ർ വളരെ പ്രധാനമാണ്. മിക്കവരും പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങും. അതിനി പണം കുറവാണ് എങ്കിൽ പോലും മിക്കവരും പുതുവസ്ത്രങ്ങൾ വാങ്ങാൻ ശ്രമിക്കാറുണ്ട്. 

ഏതായാലും ഈ വൻമോഷണം നടന്നതോടെ റസാഖിന്റെ കടയിലെ അലമാരകൾ ഏറെക്കുറെ കാലിയായിക്കഴിഞ്ഞു. 'ഞാൻ ഇരുപത് വർഷമായി ഈ പ്രദേശത്ത് തയ്യൽ ചെയ്യുന്നുണ്ട്. ഇസ്ലാമാബാദിലെയും റാവൽപിണ്ടിയിലെയുമെല്ലാം സമ്പന്ന പ്രദേശങ്ങളിൽ നിന്നുമുള്ള ആളുകൾ ഇവിടെ എത്തുന്നു. ബ്രാൻഡഡായ വില കൂടിയ തുണിത്തരങ്ങളാണ് അവർ തയ്ക്കാനായി കൊണ്ടുവരുന്നത്' എന്നും റസാഖ് പറയുന്നു. ആ വിലകൂടിയ തുണിത്തരങ്ങളാണ് മോഷണം പോയിരിക്കുന്നത്. 

കടയിലെ ജീവനക്കാരനാണ് സൽമാൻ അഷ്റഫ്. മോഷണത്തിനിടെ സൽമാനെയും കള്ളന്മാർ കെട്ടിയിട്ടിരുന്നു. 'അവർ അക്രമകാരികളായ കള്ളന്മാരായിരുന്നു. അവർ കയറുപയോ​ഗിച്ചാണ് തങ്ങളെ കെട്ടിയിട്ടത്. പിന്നീട് തങ്ങളോട് മിണ്ടാതിരിക്കാൻ പറഞ്ഞു' എന്നും സൽമാൻ പറയുന്നു. 

ഏതായാലും മോഷണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന് പൊലീസ് പറഞ്ഞു.