ഗുരു-ശിഷ്യ പാരമ്പര്യത്തിൽ ശിഷ്യന്മാരെ പഠിപ്പിച്ച അദ്ദേഹം തന്റെ സേവനങ്ങളിൽ നിന്ന് ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ല. എവിടെയും സ്വത്തോ ഭൂമിയോ ഇല്ല, അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ വെറും 3000 രൂപ മാത്രമേയുള്ളൂ. നിങ്ങൾക്ക് അദ്ദേഹത്തെ എങ്ങനെയാണ് പുറത്താക്കാനാവുന്നത്? ലോകത്തൊരിടത്തും ഇങ്ങനെയൊരു സംഭവമുണ്ടായിക്കാണില്ല എന്നും മധുമിത റൗത്ത് പറഞ്ഞു.
കലാമേഖലയിൽ പ്രശസ്തരായ വ്യക്തികൾക്ക് വേണ്ടി സർക്കാർ നൽകിയ വസതികളിൽ നിന്നും അവരെ ഒഴിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് കേന്ദ്രസർക്കാർ. നിരവധി കലാകാരന്മാരെ ഇതിനോടകം തന്നെ ഒഴിപ്പിച്ച് കഴിഞ്ഞു. അതിൽ 90 -കാരനായ പത്മശ്രീ(Padma Shri) പുരസ്കാര ജേതാവും ഒഡീസി നർത്തകനുമായ ഗുരു മായാധർ റൗത്തും(Guru Mayadhar Raut) പെടുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ഒഴിപ്പിച്ചത്.
2014 -ൽ പ്രസ്തുത വസതിയിലെ താമസം റദ്ദാക്കിയിരുന്നെന്നും നേരത്തെ തന്നെ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നു എന്നും സർക്കാർ പറയുന്നു. അദ്ദേഹവും മറ്റ് കലാകാരന്മാരും നടപടി ഒഴിവാക്കണമെന്ന് കാണിച്ച് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കേസ് പരാജയപ്പെട്ടു. തുടർന്ന് ഏപ്രിൽ 25 -ന് ഒഴിയണം എന്ന് അധികൃതർ അറിയിക്കുകയും ചെയ്തു. പിന്നാലെയാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഒഴിപ്പിച്ചത്.

എന്നാൽ, തന്റെ വസ്തുക്കളുമായി റൗത്ത് വസതിക്ക് മുന്നിൽ നിൽക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ കേന്ദ്രത്തിനെതിരെ വിമർശനങ്ങളുയർന്നു. പുറത്തുകിടക്കുന്ന വസ്തുക്കളിൽ അദ്ദേഹത്തിന്റെ പത്മശ്രീ ഫലകവും കാണാമായിരുന്നു. എന്നാൽ, ഒഴിപ്പിക്കൽ നിയമപരമാണെങ്കിലും അത് ചെയ്ത രീതി പ്രതിഷേധാർഹമാണെന്ന് റൗത്തിന്റെ മകളായ മധുമിത റൗത്ത് പറയുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ നിന്നും കലാകാരന്മാർക്ക് ബഹുമാനം ലഭിക്കുന്നില്ലെന്ന് അവർ കേന്ദ്രത്തെ വിമർശിച്ചു.
2014 -ൽ തന്നെ സർക്കാർ ഒഴിപ്പിക്കാനുള്ള തീരുമാനമെടുത്തിരിക്കാം. എന്നാൽ അത് 2020 -ലാണ് കലാകാരന്മാരെ അറിയിച്ചതെന്നും അവർ പറഞ്ഞു. സർക്കാരിന്റെ ഉദ്ദേശശുദ്ധിയെക്കുറിച്ചുള്ള ചോദ്യങ്ങളും അവർ ഉന്നയിച്ചു. രാജീവ് ഗാന്ധി വസതി അനുവദിച്ചത് മുതൽ ഇതൊരു രാഷ്ട്രീയ കളിയാണോ എന്നും അവർ ചോദിച്ചു. "ഈ സർക്കാരിന്റെ മുൻഗണനയിൽ ഞങ്ങൾ വളരെ താഴ്ന്നവരാണ്. സർക്കാരിന് കൃത്യമായ ഒരു സാംസ്കാരിക നയവും ഇല്ല. കുടിയൊഴിപ്പിക്കലിന് ഞാൻ എതിരല്ല, മറിച്ച് അത് ചെയ്ത മനുഷ്യത്വരഹിതമായ രീതിയെയാണ് ഞാൻ എതിർക്കുന്നത്. ഞങ്ങളുടെ സാധനങ്ങളെല്ലാം പുറത്തേക്ക് വലിച്ചെറിഞ്ഞു. ഭാഗ്യത്തിന് അന്ന് ഞാൻ എന്റെ അച്ഛനൊപ്പം ഇല്ലായിരുന്നുവെങ്കിൽ, അദ്ദേഹം മരിച്ചിട്ടുണ്ടാവും" എന്നും മധുമിത റൗത്ത് പറഞ്ഞു.
താൻ യാദൃച്ഛികമായിട്ടാണ് അന്ന് അച്ഛനരികിലെത്തിയത്. സമയം ഒരു മണി ആയിട്ടുണ്ടാവും. താൻ അച്ഛന് ഭക്ഷണം നൽകുകയായിരുന്നു. അപ്പോഴാണ് ബെല്ലടിച്ചത്. എത്തിയ ഉദ്യോഗസ്ഥർ രണ്ട് മിനിറ്റ് പോലും ചെലവഴിക്കാനില്ല എന്നാണ് പറഞ്ഞത്. പിന്നാലെ പൊലീസുകാരും പണിക്കാരും എത്തി. അവർ സാധനങ്ങളെല്ലാം പുറത്തേക്ക് വലിച്ചെറിഞ്ഞു. അച്ഛൻ ആകെ ഞെട്ടിത്തരിച്ച അവസ്ഥയിലായിരുന്നു എന്നും മധുമിത പറയുന്നു.
ഓർഡർ കാണിക്കാൻ താൻ ആവശ്യപ്പെട്ടു. എന്നാൽ, ഒരു പേപ്പറും അവർക്ക് കാണിക്കാനായില്ല. ഞങ്ങളുടെ റിവ്യൂ പെറ്റീഷൻ നാളെ കോടതിയിൽ പരിഗണിക്കാനിരിക്കുന്നതിനാൽ ഒരു ദിവസം കൂടി കാത്തിരിക്കാൻ താൻ അവരോട് അഭ്യർത്ഥിച്ചു, പക്ഷേ ഞങ്ങൾക്ക് സ്റ്റേ ഓർഡർ ലഭിച്ചാൽ എന്തുചെയ്യുമെന്ന് ചോദിച്ച് അവർ വിസമ്മതിച്ചു. ഈ വർഷങ്ങളിലെല്ലാം എന്റെ പിതാവ് ഈ രാജ്യത്തെ സേവിച്ചു. ഗുരു-ശിഷ്യ പാരമ്പര്യത്തിൽ ശിഷ്യന്മാരെ പഠിപ്പിച്ച അദ്ദേഹം തന്റെ സേവനങ്ങളിൽ നിന്ന് ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ല. എവിടെയും സ്വത്തോ ഭൂമിയോ ഇല്ല, അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ വെറും 3000 രൂപ മാത്രമേയുള്ളൂ. നിങ്ങൾക്ക് അദ്ദേഹത്തെ എങ്ങനെയാണ് പുറത്താക്കാനാവുന്നത്? ലോകത്തൊരിടത്തും ഇങ്ങനെയൊരു സംഭവമുണ്ടായിക്കാണില്ല എന്നും മധുമിത റൗത്ത് പറഞ്ഞു.
റൗത്തിനെ ഒഴിപ്പിച്ചതിന് പുറമെ, മറ്റ് എട്ട് പ്രമുഖ കലാകാരന്മാരോട് മെയ് 2 -നകം സർക്കാർ നൽകിയിരിക്കുന്ന വസതികൾ ഒഴിയാൻ കേന്ദ്രം ബുധനാഴ്ച ആവശ്യപ്പെട്ടു. 28 കലാകാരന്മാരിൽ, നിരവധി അറിയിപ്പുകൾ നൽകിയിട്ടും സർക്കാർ വസതികളിൽ നിന്ന് ഇതുവരെ ഒഴിയാത്ത എട്ട് പേർ ഇപ്പോഴും ഉണ്ടെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു. വസതികളൊഴിയാനുള്ള നടപടികൾ തുടങ്ങിയതായും രണ്ടിനകം ഒഴിയാമെന്നും കലാകാരന്മാർ രേഖാമൂലം അറിയിച്ചതായും ഉദ്യോഗസ്ഥൻ പറഞ്ഞു.
സർക്കാരിന്റെ നയമനുസരിച്ച്, പ്രതിമാസം 20,000 രൂപയിൽ താഴെ വരുമാനം നേടുന്ന 40 കലാകാരന്മാർക്ക് സാംസ്കാരിക മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരം ജനറൽ പൂൾ റെസിഡൻഷ്യൽ അക്കോമഡേഷനിൽ പ്രത്യേക ക്വാട്ടയിൽ താമസസൗകര്യം അനുവദിക്കാം.
