Asianet News MalayalamAsianet News Malayalam

മുംബൈ ഭീകരാക്രമണത്തിന്റെ പന്ത്രണ്ടാം വാർഷികത്തിലും, ഇന്ത്യൻ നീതിപീഠത്തിനു മുന്നിലെത്താതെ ഹാഫിസ് സയീദ്

അന്താരാഷ്ട്ര ഏജൻസികൾക്ക് മുന്നിൽ ഇന്ത്യ എത്ര കൃത്യമായ തെളിവുകൾ നൽകിയിട്ടും, പാകിസ്ഥാൻ  ആവർത്തിച്ചുകൊണ്ടിരിക്കുന്നത്, ഹാഫിസ് സയീദിനെതിരെ തെളിവില്ല എന്നുതന്നെയാണ്. 

Hafiz Saeed, the master mind behind the 26 11 mumbai terror strike still evading the indian law living in lahore
Author
Lahore, First Published Nov 26, 2020, 12:24 PM IST

കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ ലാഹോർ നഗരത്തിലെ മുരീദ്കെയിലുള്ള ജമായത്ത് ഉദ് ദാവയുടെ ആസ്ഥാനത്ത് ആയിരങ്ങൾ പങ്കെടുത്ത ഒരു പ്രാർത്ഥനായോഗം നടന്നു. അത് 2008 നവംബർ 26 -ന് മുംബൈ നഗരത്തിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുടെ പിടിയിലായി പിന്നീട് വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട അജ്മൽ കസബ് എന്ന തീവ്രവാദിയുടെയും അന്ന് ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റുമരിച്ച മറ്റുള്ള തീവ്രവാദികളുടെയും ആത്മാവിന് ശാന്തിനേർന്നുകൊണ്ടുള്ള പ്രാർത്ഥനയായിരുന്നു. സയീദ് നേരിട്ടാണ് ആ നിസ്കാരം നയിച്ചത്. 

 

Hafiz Saeed, the master mind behind the 26 11 mumbai terror strike still evading the indian law living in lahoreHafiz Saeed, the master mind behind the 26 11 mumbai terror strike still evading the indian law living in lahore

 

പാകിസ്ഥാനിൽ നിന്ന് കടൽ മാർഗം മുംബൈയിലെത്തിയ അജ്മൽ കസബ് അടക്കമുള്ള പത്തംഗ സംഘത്തിന്റെ മൂന്നുദിവസം നീണ്ടുനിന്ന ആക്രമണത്തിൽ അന്ന് കൊല്ലപ്പെട്ടത് 166 പേരാണ്. മുംബൈ ഭീകരവിരുദ്ധ സേനയിലെ വിജയ് സലസ്കർ, ഹേമന്ത് കർക്കരെ, അജയ് കാംട്ടെ, എൻഎസ്ജി കമാൻഡോ  മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ എന്നിവരടക്കം നിരവധി ഓഫീസർമാർ ഈ ആക്രമണത്തിൽ രക്തസാക്ഷികളായി. അജ്മൽ കസബിനെ ജീവനോടെ പിടികൂടാനുള്ള ശ്രമത്തിനിടെ കോൺസ്റ്റബിൾ  തുക്കാറാം ഓംബ്ലെയും വീരചരമമടഞ്ഞു. 

 

Hafiz Saeed, the master mind behind the 26 11 mumbai terror strike still evading the indian law living in lahore

 

അജ്മൽ കസബിന്റെ വധശിക്ഷ നടപ്പിലാക്കപ്പെട്ട ശേഷം ലഷ്കർ എ ത്വയ്യിബ അയാളെ അവരുടെ രക്തസാക്ഷിയായി പ്രഖ്യാപിക്കുകയും, പ്രതികാര നടപടികളുണ്ടാകുമെന്നു ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്തിരുന്നു. ലഷ്കറുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്ന് ജമാഅത് ഉദ് ദാവാ ആവർത്തിച്ച് പറയുന്നുണ്ട് എങ്കിലും, മുംബൈ ഭീകരാക്രമണത്തിന് ശേഷം യുഎൻ സുരക്ഷാ സമിതി ഈ സംഘടനയ്ക്ക് ലഷ്കർ ബന്ധമുണ്ട് എന്ന് സ്ഥിരീകരിച്ചിരുന്നു. 

 

Hafiz Saeed, the master mind behind the 26 11 mumbai terror strike still evading the indian law living in lahore

 

ഇതാദ്യമായിട്ടല്ല ജമാഅത് ഉദ് ദാവ ഇത്തരത്തിൽ പരസ്യമായി ഒരു തീവ്രവാദിക്കുവേണ്ടി പ്രാർത്ഥനയോഗം സംഘടിപ്പിക്കുന്നത്. 2016 -ൽ, അമേരിക്കൻ സേനയുടെ ഡ്രോൺ ആക്രമണത്തിൽ താലിബാൻ നേതാവ് മുല്ലാ അക്തർ മൻസൂർ കൊല്ലപ്പെട്ടപ്പോഴും സയീദ് ഒരു പ്രതിഷേധ റാലിയുമായി രംഗത്തു വന്നിരുന്നു. തലക്കുമേൽ പത്തു മില്യൺ ഡോളറിന്റെ ഇനാമുള്ള, ഹാഫിസ് സയീദ് എന്ന ഈ കൊടും തീവ്രവാദി ഇന്നും ലാഹോറിൽ ഐഎസ്‌ഐയുടെ രഹസ്യ കേന്ദ്രത്തിൽ അവരുടെ പരിപൂർണ സംരക്ഷണത്തിൽ സ്വൈരജീവിതം നയിക്കുകയാണ്. ഇന്ത്യക്ക് തന്നെ ഒരു ചുക്കും ചെയ്യാനാവില്ല എന്നുവരെ 2015 -ൽ ഈ രഹസ്യ സങ്കേതത്തിൽ ഇരുന്നുകൊണ്ട് ഹാഫിസ് സയീദ് വീമ്പിളക്കുകയുണ്ടായി. തന്റെ സംഘടന 140 സ്‌കൂളുകളും അനേകം കോളേജുകളും നടത്തുന്ന ഒരു ചാരിറ്റി സംഘനയാണ് എന്നും അതിനു അൽ ക്വയിദയുമായി യാതൊരു ബന്ധവും ഇല്ല എന്നുമാണ് മാധ്യമങ്ങളോട് സയീദ് എന്നും അവകാശപ്പെടുന്നത്.

2001 -ൽ ലഷ്കർ നടത്തിയ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിൽ പ്രതിചേർക്കപ്പെട്ട ഹാഫിസ് സയീദ്, ആ വർഷം തന്നെ വീട്ടുതടങ്കലിൽ ആയിരുന്നു. 2002 മാർച്ചിൽ സയീദ് മോചിതനാകുന്നു. 2006 -ൽ മുംബൈ ട്രെയിൻ ബോംബിങ്ങുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനക്കുറ്റം ചുമത്തി വീണ്ടും അറസ്റ്റിലാകുന്നു. എന്നാൽ ആ കേസിൽ തെളിവില്ലെന്ന് പറഞ്ഞു കൊണ്ട് ലാഹോർ ഹൈക്കോടതി 2006 ഒക്ടോബറിൽ സയീദിനെ വീണ്ടും വിട്ടയക്കുന്നു. 2008 ഡിസംബറിൽ യുഎൻ ജമാഅത് ഉദ് ദാവയെ നിരോധിക്കുന്നു. സയീദ് വീണ്ടും വീട്ടുതടങ്കലിൽ ആകുന്നു.  2009 ജൂലൈയിൽ പാക് കോടതി ഈ വീട്ടുതടങ്കൽ നിയമവിരുദ്ധമെന്നു കണ്ടെത്തി സയീദിനെ വീണ്ടും വിട്ടയക്കുന്നു. 

2009 ഓഗസ്റ്റിൽ ഇന്ത്യയുടെ അപേക്ഷ പ്രകാരം  ഇന്റർപോൾ സയീദിനെതിരെ ഒരു റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നു. 2009 സെപ്റ്റംബറിൽ പാക് സർക്കാർ വീണ്ടും സയീദിനെ വീട്ടുതടങ്കലിൽ ആക്കുന്നു. 2012 ഏപ്രിലിലാണ് 2008 -ൽ നടന്ന മുംബൈ ഭീകരാക്രമണക്കേസിലെ ഗൂഢാലോചനയിൽ സയീദിന്റെ പങ്ക് ചൂണ്ടിക്കാട്ടി അമേരിക്ക അയാളുടെ തലക്ക് പത്തുമില്യൺ ഡോളർ ഇനാം പ്രഖ്യാപിക്കുന്നത്. 

ഇന്ത്യൻ നിരന്തരം വ്യക്തമായ തെളിവുകൾ അന്താരാഷ്ട്ര ഫോറങ്ങളിൽ നൽകിയിട്ടും ഇന്നുവരെ ഹാഫിസ് സയീദിനെ ഇന്ത്യയ്ക്ക് വിട്ടുനൽകാൻ പാക് ഭരണകൂടം തയ്യാറാകുന്നില്ല. അന്താരാഷ്ട്ര ഏജൻസികൾക്ക് മുന്നിൽ ഇന്ത്യ എത്ര കൃത്യമായ തെളിവുകൾ നൽകിയിട്ടും പാകിസ്ഥാൻ ആവർത്തിച്ചുകൊണ്ടിരിക്കുന്നത് ഹാഫിസ് സയീദിനെതിരെ തെളിവില്ല എന്നുതന്നെയാണ്. ഹാഫിസ് സയീദിന്റെ ഗൂഢാലോചനയിൽ പാക് സൈന്യവും ഐഎസ്‌ഐയും രാഷ്ട്രീയക്കാരും ഒക്കെ പങ്കാളികളാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.  സയീദിനെ ബിൻ ലാദനുമായി ബന്ധിപ്പിക്കുന്ന കൃത്യമായ തെളിവുകൾ കിട്ടിയ ശേഷമാണ് അമേരിക്ക സയീദിന്റെ തലക്ക് ഇത്ര വലിയൊരു തുക പ്രതിഫലമായി പ്രഖ്യാപിച്ചിട്ടുള്ളത്. 

 

Hafiz Saeed, the master mind behind the 26 11 mumbai terror strike still evading the indian law living in lahore

 

അന്താരാഷ്ട്ര സമ്മർദ്ദത്തിന് വഴങ്ങി പാകിസ്ഥാൻ ലോകരാഷ്ട്രങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രം ഹാഫിസ് സയീദിനെ ഭീകരവാദത്തിന് ഫണ്ടിങ് നടത്തി എന്ന കേസിൽ പത്തുവർഷത്തെ തടവിന് വിധിച്ചിട്ടുണ്ട്  എങ്കിലും, ഇന്നും, പാകിസ്ഥാനിൽ ലാഹോറിൽ, സ്വൈരജീവിതം നയിക്കുകയാണ്, അവിടെ ഇരുന്നുകൊണ്ട് പുതിയ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുകയാണ്, പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ ഇനിയും എത്രയോ യുവാക്കളുടെ മനസ്സിൽ ഭീകരവാദത്തിന്റെ വിത്തുകൾ പാകിക്കൊണ്ടിരിക്കുകയാണ് ഹഫീസ് സയീദ് ചെയ്യുന്നത്. ഇന്ത്യൻ മണ്ണിൽ നടന്ന നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ഈ കൊടും ഭീകരനെ ഇന്ത്യൻ നീതിപീഠങ്ങൾക്കു മുന്നിൽ കൊണ്ടുവന്നു നിർത്താൻ മുംബൈ ഭീകരാക്രമണത്തിന് പന്ത്രണ്ടു വർഷം തികഞ്ഞ ഈ ദിവസം വരെയും ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് സാധിച്ചിട്ടില്ല. അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം ചെലുത്തി അത് സാധിച്ചെടുക്കാനുള്ള പരിശ്രമങ്ങൾ ഇപ്പോഴും തുടരുക തന്നെയാണ്. 

Follow Us:
Download App:
  • android
  • ios