ജർമനിയിലെ തീവ്ര ഇടതുപക്ഷ പാർട്ടിയാണ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ജർമനി ( MLPD). അമേരിക്കയിലും യൂറോപ്പിന്റെ പലഭാഗങ്ങളിലും കൊളോണിയൽ കാലത്തിന്റെ തിരുശേഷിപ്പുകളായ പല പ്രതിമകളും ജനം വലിച്ച് താഴെയിട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സമരസാഹചര്യത്തിനിടെ, ജർമൻ പ്രാന്തനഗരമായ ഗെയ്‌സൺകിൾഷെനിലെ പാർട്ടി ഹെഡ് ക്വാർട്ടേഴ്സിന് മുന്നിലായി, വ്ലാദിമിർ ലെനിൻ എന്ന തങ്ങളുടെ താത്വികാചാര്യന്റെ പുതിയൊരു പ്രതിമ തന്നെ സ്ഥാപിച്ച് അനാച്ഛാദനം ചെയ്തിരിക്കുകയാണ് പാർട്ടി പ്രവർത്തകർ കഴിഞ്ഞ ദിവസം.കൊറോണ വൈറസിനെതിരെ മുൻകരുതൽ എടുത്തുകൊണ്ട്, മാസ്കുകൾ ധരിച്ചും സോഷ്യൽ ഡിസ്റ്റൻസിങ് ഉറപ്പിച്ചുമാണ് ജർമൻ കമ്യൂണിസ്റ്റ് പാർട്ടി അണികൾ ഈ ചടങ്ങിൽ സംബന്ധിച്ചത്.ചടങ്ങിൽ ആഹ്ലാദസൂചകമായി സോസേജുകളും കേക്കുമൊക്കെ വിതരണം ചെയ്യപ്പെടുകയുണ്ടായി.

 


2.15 മീറ്റർ ഉയരമുള്ള ഈ ലെനിന്റെ ഈ പൂർണകായപ്രതിമ 1957 -ൽ അന്നത്തെ അവിഭക്ത ചെക്കോസ്ലോവാക്യയിൽ നിർമ്മിക്കപ്പെട്ടതാണ്. എന്നാൽ നഗരസഭാ അധികൃതരുടെ ഭാഗത്തുനിന്ന് അതിശക്തമായ എതിർപ്പുകൾ ഈ പ്രതിമയുടെ കാര്യത്തിലുണ്ടായി. കോടതിയിൽ അന്യായം ഫയൽ ചെയ്ത് അവർ ശ്രമിച്ചു. ഒപ്പം പ്രതിമക്കെതിരെ 'നോ പ്ലേസ് ഫോർ ലെനിൻ' (No Place For Lenin) എന്നൊരു സോഷ്യൽ മീഡിയാ ക്യാംപയിൻ പോലും നഗരസഭ നടത്തി. എന്നാൽ, നഗരസഭയുടെ എതിർപ്പ് കോടതി തള്ളിയതോടെ പാർട്ടിക്കാർ പ്ലാൻ ചെയ്തപോലെതന്നെ അനാച്ഛാദനം നടന്നു.

 

 

1917 -ൽ റഷ്യൻ വിപ്ലവം നയിച്ച വിശ്വപ്രസിദ്ധനായ സോവിയറ്റ് കമ്യൂണിസ്റ്റ് നേതാവാണ് വ്ലാദിമിർ ലെനിൻ. 1924 -ൽ സ്ട്രോക്ക് വന്നു മരണപ്പെടും വരെ അദ്ദേഹമായിരുന്നു USSR -ന്റെ സുപ്രീം ലീഡർ. അദ്ദേഹത്തിന് ശേഷം ജോസഫ് സ്റ്റാലിൻ അധികാരത്തിലേറിയെങ്കിലും, ലെനിന്റെ ആശയങ്ങൾ അതിനുശേഷവും പാർട്ടിയിൽ വേരുപിടിച്ചു. ലോകമെമ്പാടും കമ്യൂണിസത്തിന്റെ പ്രതീകമായി അദ്ദേഹം തുടർന്നു. തന്റെ ഭരണകാലത്ത് ലെനിൻ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ അദ്ദേഹത്തെ വിമർശിക്കുന്നവരും കുറവല്ല. 

 

 

 

1989 -ൽ ബെർലിൻ മതിൽ തകരും വരെ പടിഞ്ഞാറൻ ജർമനിയും കമ്യൂണിസ്റ്റുകൾക്ക് സ്വാധീനമുള്ള കിഴക്കൻ ജർമനിയും തമ്മിൽ കാര്യമായ അകൽച്ച നിലനിന്നിരുന്നു. കമ്യൂണിസ്റ്റ് വിരുദ്ധ പശ്ചിമ ജർമൻ മണ്ണിൽ അനാച്ഛാദനം ചെയ്യപ്പെടുന്ന ആദ്യത്തെ ലെനിൻ പ്രതിമയാണിത്.


 

 

"പല രാജ്യങ്ങളും തങ്ങളുടെ മണ്ണിൽ ഏതൊക്കെ സ്മാരകങ്ങൾ നിലനിർത്തണം എന്ന് പുനരാലോചിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് നമ്മൾ പുതിയ പ്രതിമകളും കൊണ്ടിറങ്ങുന്നത് എന്നാലോചിക്കണം" എന്നായിരുന്നു ഈ പ്രതിമാ അനാച്ഛാദനത്തെ എതിർത്ത  ഗെയ്‌സൺകിൾഷെൻ മേയർ ഫ്രാങ്ക് ബാറാണോവ്സ്കി ഈ പ്രതിമയ്‌ക്കെതിരെ സിറ്റി കൗൺസിൽ പോസ്റ്റ് ചെയ്ത നിരവധി യൂട്യൂബ് വീഡിയോ പ്രസംഗങ്ങളിൽ ഒന്നിൽ പറഞ്ഞത്. " ഇരുപതാം നൂറ്റാണ്ടിലെ ഒരു സ്വേച്ഛാധിപതിയുടെ പ്രതിമ നിർമിച്ച്, അതും പൊക്കിപ്പിടിച്ചുകൊണ്ടു വന്ന്, പീഠത്തിൽ സ്ഥാപിച്ച്, അതിനെ അനാച്ഛാദനം ചെയ്യാൻ ചിലർ ഇപ്പോൾ ശ്രമിക്കുന്നു എന്നത് എത്ര പരിഹാസ്യമാണെന്ന് നിങ്ങളോർക്കുക " അദ്ദേഹം കൂട്ടിച്ചേർത്തു. ഗെയ്‌സൺകിൾഷെൻ സിറ്റി കൗൺസിൽ ഈ പ്രതിമക്കെതിരെ പ്രമേയം പാസ്സാക്കിയും പ്രതിഷേധിച്ചു. 

 

 

 

 

അമേരിക്കയിൽ തിരികൊളുത്തപ്പെട്ട 'ബ്ലാക്ക് ലൈവ്സ് മാറ്റർ' എന്ന മുന്നേറ്റത്തിന്റെ അനുരണനങ്ങൾ ജർമൻ മണ്ണിലും ദൃശ്യമാണ്. കഴിഞ്ഞ ദിവസം ഹാംബുർഗിലെ ആൾട്ടോന ജില്ലയിൽ, പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന, ജർമൻ ദേശീയതയുടെ പതാകാവാഹകനായിരുന്ന 'അയേൺ ചാൻസലർ' (Iron Chancellor) എന്നറിയപ്പെട്ടിരുന്ന ഓട്ടോ വോൺ ബിസ്മാർക്ക് എന്ന നേതാവിന്റെ പ്രതിമ ആരോ പെയിന്റ് തേച്ച് വികൃതമാക്കിയിരുന്നു. എന്ന് മാത്രമല്ല, കൊളോണിയലിസ്റ്റ് ചരിത്ര നേതാക്കളുടെ പേരിൽ തെരുവീഥികൾ പുനർനാമകരണം ചെയ്യപ്പെടുന്നതുൾപ്പെടെയുള്ള പലതും ജർമൻ മണ്ണിൽ എതിർപ്പുനേരിടുകയും ചെയ്തിട്ടുണ്ട്. സ്വന്തം നാസി ചരിത്രത്തെ തന്നെ വേണ്ടുംവിധം കൈകാര്യം ചെയ്യാനും ഓർക്കാനും സാധിക്കാത്ത ഒരവസ്ഥ ഇന്നത്തെ ജർമൻ ഭരണകൂടങ്ങൾക്കുണ്ട്.

 

 

അതേസമയം, "കാലത്തിനും മുൻപേ ജനിച്ച, ചരിത്ര പ്രാധാന്യമുള്ള, ആഗോള പ്രസക്തിയുള്ള ഒരു ചിന്തകനായിരുന്നു തങ്ങളുടെ താത്വികാചാര്യൻ  വ്ലാദിമിർ ലെനിൻ" എന്നാണ് ജർമൻ മാർക്സിസ്റ്റ് ലെനിനിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി ഗാബി ഫെഷ്‌നര്‍ പറയുന്നത്. "ലോകത്തിൽ ഏറ്റവും ആദ്യമായി ജനാധിപത്യത്തിനെക്കുറിച്ച് ഉറക്കെ വിളിച്ചുപറഞ്ഞ, അതിനായി പ്രോജ്ജ്വലസമരങ്ങൾ നയിച്ച, വിപ്ലവാനന്തരം മാതൃകാപരമായി ഒരു സ്റ്റേറ്റിനെ നയിച്ച ആ യുഗപ്രഭാവന്റെ ഓർമയ്ക്കായി ഒരു പ്രതിമ, അതും തങ്ങളുടെ പാർട്ടി ആസ്ഥാനത്ത് വെക്കുന്നതിൽ മറ്റാർക്കും ഒരു മനോവേദനയും ഉണ്ടാകേണ്ടതില്ല..." എന്ന് ഗാബി ഫെഷ്‌നര്‍ പറഞ്ഞതായി AFP ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.