ഏഴ് വർഷം കൊണ്ട് 80 ലക്ഷം രൂപ സമ്പാദിച്ചു. കടുത്ത ജോലി സമ്മർദ്ദം കാരണം ജോലി രാജി വയ്ക്കട്ടെ എന്ന് യുവതി. രാജി വച്ച ശേഷം ലളിതമായൊരു ജീവിതം നയിക്കാനാണ് പ്ലാന്‍.
ഏഴ് വർഷത്തെ കരിയറിനിടയിൽ 80 ലക്ഷം രൂപ സമ്പാദിച്ചു. ഇനി ജോലി രാജിവച്ചാലോ എന്ന് 31 -കാരി. പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരിയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. കടുത്ത ജോലി സമ്മർദ്ദവും തുടർച്ചയായ വീക്കെൻഡ് ഷിഫ്റ്റുകളും അവധി ദിവസങ്ങളിലെ ജോലിയും തന്റെ ആരോഗ്യത്തെ ബാധിച്ചുവെന്നാണ് ഇവർ പറയുന്നത്. തനിക്ക് കടബാധ്യതകളൊന്നുമില്ലെന്നും ലളിതമായ ജീവിതരീതിയാണ് നയിക്കുന്നതെന്നും യുവതി പറയുന്നു. അമിതമായ ഈ ജോലിഭാരം കാരണം താൻ പൂർണ്ണമായും മാനസികമായി തളർന്നുവെന്നും അതിൽ നിന്ന് ഒരു മോചനം ആഗ്രഹിക്കുന്നുവെന്നും യുവതി പറയുന്നുണ്ട്.
'ഒരു പുതിയ ഡിപ്പാർട്ട്‌മെന്റിലേക്ക് മാറ്റിയതുമുതൽ, ഞാൻ വീക്കെൻഡിലും അവധി ദിവസങ്ങളിലും ഓഫീസ് സമയത്തിന് ശേഷവും ചിലപ്പോൾ അർദ്ധരാത്രിയിൽ പോലും ജോലി ചെയ്യുകയാണ്' എന്നാണ് റെഡ്ഡിറ്റിൽ പങ്കുവെച്ച പോസ്റ്റിൽ യുവതി എഴുതിയത്. 'സിക്ക് ലീവ് ആയിരിക്കുമ്പോൾ പോലും എന്നെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. ഒരൊറ്റ ദിവസം അവധിയെടുത്താൽ പോലും ചോദ്യം ചെയ്യും. ദിവസം 9-10 മണിക്കൂർ ജോലി ചെയ്തിട്ടും ഞാൻ 'ആവശ്യത്തിന് ചെയ്യുന്നില്ല' എന്നാണ് നിരന്തരം പറയുന്നത്. എനിക്ക് എപ്പോഴാണ് കൃത്യമായൊരു ബ്രേക്ക് ലഭിച്ചതെന്ന് സത്യത്തിൽ ഓർമ്മയില്ല' എന്നും യുവതി കുറിച്ചിരിക്കുന്നു.
താൻ മാനസികമായി പൂർണ്ണമായും തളർന്നു, ഇതേ സാഹചര്യത്തിൽ ഇനിയൊരു 25-30 വർഷം കൂടി ജോലി ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും ഭയമാണെന്നും യുവതി പറയുന്നു. 'സാമ്പത്തികമായി ഞാൻ ഭദ്രമായ അവസ്ഥയിലാണ്, മാസ ചെലവുകൾ കുറവാണ്. ജോലി രാജിവെച്ച് ഒരു ടിയർ-3 നഗരത്തിലേക്ക് മടങ്ങാനാണ് എന്റെ പദ്ധതി. അവിടെ ദീർഘകാല നിക്ഷേപം, കൃത്യമായ ട്രേഡിംഗ്, സമ്പാദ്യത്തിൽ നിന്നുള്ള പലിശ എന്നിവയൊക്കെ കൊണ്ട് ലളിതമായി ജീവിക്കും' എന്നും തന്റെ പദ്ധതിയെ കുറിച്ച് യുവതി പറയുന്നു.
ഉപദേശം തേടിക്കൊണ്ടാണ് യുവതി പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ജോലി ഉടൻ ഉപേക്ഷിക്കാതെ ഒരു നീണ്ട അവധിയെടുത്ത ശേഷം തനിക്ക് ശരിക്കും എന്താണ് വേണ്ടത് എന്ന് ആലോചിക്കൂ, എന്നിട്ട് ഉചിതമായൊരു തീരുമാനമെടുക്കൂ എന്നാണ് പലരും യുവതിയെ ഉപദേശിച്ചത്.
