ഗതാഗതക്കുരുക്കിനിടെ കാറിൽ ഹൃദയാഘാതമുണ്ടായ അപരിചിതന് മലയാളി നഴ്‌സുമാരായ അഞ്ജലി ബൈജുവും ആർദ്ര രാജും സിപിആർ നൽകി ജീവൻ രക്ഷിച്ചു. എറണാകുളം കാലടിയിൽ നടന്ന ഈ സംഭവത്തെ പ്രമുഖ വ്യവസായി ഹർഷ് ഗോയങ്ക എക്‌സിലൂടെ അഭിനന്ദിക്കുകയും ചെയ്തു.
ഗതാഗതക്കുരുക്കിനിടെ ഹൃദയാഘാതത്തെ തുടർന്ന് കാറിനുള്ളിൽ കുഴഞ്ഞുവീണ അപരിചിതന്‍റെ ജീവൻ സമയോചിത ഇടപെടലിലൂടെ രക്ഷിച്ച മലയാളികളായ രണ്ട് നഴ്‌സുമാർക്ക് പ്രമുഖ ഇന്ത്യൻ വ്യവസായി ഹർഷ് ഗോയങ്കയുടെ അഭിനന്ദനം. സമൂഹ മാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇരുവരെയും പ്രശംസിച്ചത്.
കാറിൽ വച്ച് ഹൃദയാഘാതം
കഴിഞ്ഞ മാസം എറണാകുളം ജില്ലയിലെ കാലടി പാലത്തിന് സമീപമാണ് സംഭവം. അങ്കമാലിയിലെ എൽ എഫ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ അഞ്ജലി ബൈജുവും നഴ്‌സിങ് വിദ്യാർഥിനിയായ ആർദ്ര രാജും ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ഒരു കാറിനുള്ളിൽ ഡ്രൈവർ കുഴഞ്ഞുവീണതായി അറിഞ്ഞത്. പിന്നാലെ പ്രശ്നത്തിന്‍റെ ഗുരുതരാവസ്ഥ മനസിലാക്കിയ ഇരുവരും ഉടൻ തന്നെ ബസിൽ നിന്നും ഇറങ്ങി, കാറിലെ അപരിചതനായ യാത്രക്കാരന് സിപിആർ നൽകുകയായിരുന്നു. ഇതേതുടർന്ന് രോഗിയുടെ ശ്വാസോച്ഛ്വാസം നിലനിർത്താൻ സാധിക്കുകയും ഉടനെ ആശുപത്രിയിലെത്തിച്ച് അവശ്യമായ വിദഗ്ദ ചികിത്സ ഉറപ്പ് വരുത്താൻ കഴിഞ്ഞു.
അഭിനന്ദിച്ച് ഹരീഷ് ഗോയങ്കയും
ഈ സംഭവം ഇന്ത്യയിലെ പ്രമുഖ വ്യവസായികളിലൊരാളായ ഹർഷ് ഗോയങ്ക തന്‍റെ എക്‌സിൽ പങ്കുവെച്ചു. "കേരളത്തിലെ ഗതാഗതക്കുരുക്കിനിടെ ഹൃദയാഘാതം സംഭവിച്ച അപരിചിതനെ ഒരു നഴ്‌സും നഴ്‌സിങ് വിദ്യാർഥിനിയും സമയോചിതമായി സിപിആർ നൽകി രക്ഷിച്ചു. ഇത്തരത്തിലുള്ള ആളുകളെയാണ് ഇന്ത്യയ്ക്ക് കൂടുതൽ ആവശ്യം. അഞ്ജലിക്കും ആർദ്ര രാജിനും സല്യൂട്ട്," അദ്ദേഹം തന്‍റെ കുറിപ്പിൽ എഴുതി. സംഭവം സമൂഹ മാധ്യമങ്ങളിൽ വ്യാപക ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് ഇരുവർക്കും അഭിനന്ദനവുമായി രംഗത്തെത്തിയത്.


