Asianet News MalayalamAsianet News Malayalam

മരണത്തിലേക്ക് അടുക്കുകയാണെന്നറിയാതെ അവർ പാടി, 'നീ ഇല്ലാതെ ജീവിക്കാൻ ഞാൻ തയ്യാറല്ലെങ്കിലും...'

ക്രൂ അംഗങ്ങളുടെ കുടുംബങ്ങൾക്ക് താജാന്റോ അനുശോചനം അറിയിച്ചു. മരണാനന്തരം നാവികരെ ബഹുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

heart breaking last video from KRI Nanggala 402
Author
Indonesia, First Published Apr 27, 2021, 3:28 PM IST

53 നാവികരുമായി ബാലി കടലിൽ കാണാതായ ഇന്തോനേഷ്യൻ സൈനിക അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ ദിവസങ്ങളുടെ അന്വേഷണത്തിനൊടുവിൽ കണ്ടെത്തുകയുണ്ടായി. അതിലെ 53 ജീവനക്കാരെയും മരിച്ചതായി പ്രഖ്യാപിച്ചതായും രാജ്യത്തെ സൈനിക മേധാവി ഞായറാഴ്ച അറിയിച്ചു. എന്നാൽ, അന്തർവാഹിനി മുങ്ങുന്നതിന് മുമ്പ് അതിലെ നാവികർ ഒരുമിച്ച് ഇരുന്ന് പാടുന്ന ഒരു വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഹൃദയം മുറിയുന്ന ആ ക്ലിപ്പിൽ, കെ‌ആർ‌ഐ നംഗല -402 -ന്റെ യൂണിഫോം ധരിച്ച നിരവധി ക്രൂ അംഗങ്ങൾ ഇന്തോനേഷ്യൻ ഹിറ്റായ Sampai Jumpa' എന്ന ഗാനം ആലപിക്കുന്നതായി കാണാം. 'Sampai Jumpa' എന്നാൽ മലയാളത്തിൽ 'വിട' എന്നാണ് അർത്ഥം.

വീഡിയോവിൽ കപ്പലിലെ നാവികരിൽ പലരും പുഞ്ചിരിക്കുന്നത് നമുക്ക് കാണാം. സഹപ്രവർത്തകരുടെ സന്തോഷകരമായ രംഗങ്ങൾ പകർത്തിയതിന് തൊട്ടുപിന്നാലെയാണ്, കെ‌ആർ‌ഐ നംഗാല -402 ബാലി കടലിൽ മുങ്ങി പോയത്. അന്തർവാഹിനി മൂന്ന് കഷണങ്ങളായി തകർന്ന് എല്ലാവരും കൊല്ലപ്പെടുകയായിരുന്നു. 'നിന്നെ മിസ്സ് ചെയ്യാൻ ഞാൻ തയ്യാറല്ലെങ്കിലും, നീ ഇല്ലാതെ ജീവിക്കാൻ ഞാൻ തയ്യാറല്ലെങ്കിലും...' മരണം പടിവാതിൽക്കൽ എത്തിയെന്നറിയാതെ അവർ അവസാനമായി പാടി. അവർക്കിടയിൽ ഒരു അക്കോസ്റ്റിക് ഗിത്താറും പിടിച്ചിരിക്കുന്ന കപ്പൽ കമാൻഡർ ലഫ്റ്റനന്റ് കേണൽ ഹെറി ഒക്ടാവിയൻ സ്ട്രംസായിയെയും കാണാം.

അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്ത ഇന്തോനേഷ്യൻ സൈനിക മേധാവികളാണ് വീഡിയോ പുറത്തുവിട്ടത്. അന്തർവാഹിനി സേനയുടെ കമാൻഡറുടെ വിടവാങ്ങൽ ചടങ്ങിലാണ് ഇത് ആലപിച്ചത് എന്ന് ഇന്തോനേഷ്യൻ സൈനിക വക്താവ് എഎഫ്‌പിയോട് പറഞ്ഞു.  വിദൂരത്തിൽ നിന്ന് പിടിച്ചെടുത്ത ചിത്രങ്ങളിൽ ബാലി കടലിടുക്കിൽ 838 മീറ്റർ താഴ്ചയിൽ കിടക്കുന്ന അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ വ്യക്തമായി കാണാമെന്ന് അധികൃതർ അറിയിച്ചു. ഒരു റഡ്ഡാർ, ആങ്കർ, സുരക്ഷാ ജാക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള അവശിഷ്ടങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെത്തി.

“ആധികാരിക തെളിവുകളുടെ അടിസ്ഥാനത്തിൽ, കെ‌ആർ‌ഐ നംഗാല മുങ്ങിപ്പോയി എന്നും എല്ലാ ക്രൂ അംഗങ്ങളും മരണപ്പെട്ടുവെന്നും ഞങ്ങൾ സ്ഥിരീകരിക്കുന്നു” എയർ ചീഫ് മാർഷൽ ഹാഡി താജാന്റോ ഞായറാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ ഇന്തോനേഷ്യൻ സർക്കാർ അന്താരാഷ്ട്ര അന്തർവാഹിനി രക്ഷാപ്രവർത്തന ഓഫീസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് താജാന്റോ പറഞ്ഞു. നാവികസേന അത് മുങ്ങാനുള്ള കാരണം അന്വേഷിക്കുമെന്നും അതിനാൽ ഇത്തരമൊരു സംഭവം ഭാവിയിൽ സംഭവിക്കില്ലെന്നും അഡ്മിൻ യൂഡോ മാർഗോനോ പറഞ്ഞു.

ക്രൂ അംഗങ്ങളുടെ കുടുംബങ്ങൾക്ക് താജാന്റോ അനുശോചനം അറിയിച്ചു. മരണാനന്തരം നാവികരെ ബഹുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധ മന്ത്രി പ്രബാവോ സുബിയാന്റോയും ദുഃഖം പ്രകടിപ്പിച്ചു. “മരണപ്പെട്ട എല്ലാ ക്രൂ അംഗങ്ങളും രാജ്യത്തെ മികച്ച വ്യക്തികളായിരുന്നു. അവരുടെ സമർപ്പണം വെറുതെയാകില്ലെന്ന് ഞാൻ വിശ്വസിക്കുന്നു” സുബിയാന്റോ പറഞ്ഞു. തിങ്കളാഴ്ച രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ കുടുംബങ്ങളോട് അനുഭാവം പ്രകടിപ്പിച്ചുവെന്നും, അന്തരിച്ച ക്രൂ അംഗങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് സർക്കാർ പണം നൽകുമെന്ന് അദ്ദേഹം പറഞ്ഞുവെന്നും യാഹൂ ന്യൂസ് റിപ്പോർട്ട് ചെയ്തു.

മരണപ്പെട്ട നാവികർക്ക് ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് ആദരാഞ്ജലികൾ ഒഴുകിയെത്തി. എസ്. രാജരത്നം സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിലെ പ്രൊഫസർമാർ സ്കൂളിൽ ബിരുദാനന്തര ബിരുദം നേടിയ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയെ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ ആദരിച്ചു. ശക്തമായ വ്യക്തിത്വം ഉള്ള ഒരു ജനപ്രിയ വിദ്യാർത്ഥി, കരുതലുള്ള നേതാവ്, സഹനാവികർക്ക് പ്രചോദനമേകുന്ന വ്യക്തി എന്നാണ് അവർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

Follow Us:
Download App:
  • android
  • ios