Asianet News MalayalamAsianet News Malayalam

70000 രൂപയ്ക്ക് പെണ്‍മക്കളെ വിറ്റു, ഒരുലക്ഷത്തിന് വൃക്കയും, ദുരിതമൊഴിയാതെ അഫ്ഗാനിലെ ജനങ്ങള്‍

കുറച്ചുകാലമായി അഫ്ഗാനിസ്ഥാനിൽ വൃക്കവ്യാപാരം തഴച്ചു വളരുകയാണ്. എന്നാൽ, താലിബാൻ അധികാരത്തിൽ വന്നതിനുശേഷം, അനധികൃത അവയവ വ്യാപാരത്തിലെ വിലയും വ്യവസ്ഥകളും മാറി. 

herat woman who sold her daughters now sold kidney
Author
Herat, First Published Jan 24, 2022, 11:35 AM IST

പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനി(Afghanistan)ൽ താപനില പൂജ്യത്തിനും താഴെയാവുകയാണ്. അതേസമയം, ഡെലാറാം റഹ്മതി(Delaram Rahmati) എന്ന സ്ത്രീയും മറ്റനേകരെ പോലെ തന്റെ മക്കൾക്കുള്ള ഭക്ഷണം കണ്ടെത്താൻ പാടുപെടുകയാണ്. നാല് വർഷം മുമ്പ് ബാദ്ഗിസ് പ്രവിശ്യയിലെ കുടുംബവീട് ഉപേക്ഷിച്ച് വരേണ്ടി വന്ന റഹ്മത്തിയും കുടുംബവും ഹെറാത്ത്(Herat) നഗരത്തിലെ ചേരികളിലൊന്നിൽ പ്ലാസ്റ്റിക് മേൽക്കൂരയുള്ള മൺകുടിലിലാണ് താമസിക്കുന്നത്. വരൾച്ചയെ തുടര്‍ന്ന് നാടും വീടും വാസയോഗ്യമല്ലാതായപ്പോഴാണ് അവര്‍ക്ക് ഇങ്ങോട്ട് പോരേണ്ടി വന്നത്. ഏകദേശം 3.5 ദശലക്ഷം അഫ്ഗാനികൾ ഇതുപോലെ തങ്ങളുടെ വീടുകൾ വിട്ടുപോകാൻ നിർബന്ധിതരായിട്ടുണ്ട്. അവരെപ്പോലെ റഹ്മതിയും ഇപ്പോൾ ആഭ്യന്തരമായി കുടിയിറക്കപ്പെട്ട ആളുകൾക്കുള്ള സ്ഥലത്താണ് താമസിക്കുന്നത്.

അവിടെ ജോലികളൊന്നുമില്ല. എന്നാൽ, ഈ 50 വയസുകാരിക്ക് തന്റെ രണ്ട് ആൺമക്കൾക്ക് നൽകാനുള്ള ആശുപത്രി ഫീസ് കണ്ടെത്തണം. അവരിൽ ഒരാൾ തളർവാതരോഗിയും മറ്റൊരാൾ മാനസികപ്രശ്നമുള്ളയാളുമാണ്. ഇത് കൂടാതെ ഭർത്താവിനുള്ള മരുന്നും വാങ്ങണം. “എട്ടും ആറും വയസ്സുള്ള എന്റെ രണ്ട് പെൺമക്കളെ വിൽക്കാൻ ഞാൻ നിർബന്ധിതയായി” അവര്‍ പറയുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് തന്റെ പെൺമക്കളെ 100,000 അഫ്ഗാനിക്ക് (ഏകദേശം 70,706.41 രൂപ) തനിക്ക് അറിയാത്ത കുടുംബങ്ങൾക്ക് വിറ്റതായി റഹ്മതി പറയുന്നു. അവളുടെ പെൺമക്കൾ പ്രായപൂർത്തിയാകുന്നതുവരെ അവളോടൊപ്പം താമസിക്കുകയും പിന്നീട് അവരെ ആ അപരിചിതർക്ക് കൈമാറുകയും ചെയ്യും. 

herat woman who sold her daughters now sold kidney

ഭാവിയിലെ വിവാഹത്തിനായി പെണ്‍മക്കളെ വിൽക്കുന്നത് അഫ്ഗാനിസ്ഥാനിൽ അസാധാരണമല്ല. പക്ഷേ, ആ സമയം വരെ അവരെ വീട്ടിൽത്തന്നെ വളർത്തുന്നു. എന്നിരുന്നാലും, രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോൾ, കുട്ടികള്‍ക്ക് ഭക്ഷണം നൽകാൻ കഴിയാത്തതിനാൽ ചെറുപ്പത്തിൽ തന്നെ അവരെ കൈമാറുകയാണെന്ന് പല കുടുംബങ്ങളും പറയുന്നു. പക്ഷേ, തന്റെ പെൺമക്കളെ വിൽക്കുക എന്നതു മാത്രമായിരുന്നില്ല റഹ്മതിക്ക് ചെയ്യേണ്ടി വന്നത്. “കടവും പട്ടിണിയും കാരണം എന്റെ വൃക്ക വിൽക്കാൻ ഞാൻ നിർബന്ധിതയായി” അവൾ റുക്‌ഷന മീഡിയയോട് പറഞ്ഞു. 

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് അഫ്ഗാനിസ്ഥാൻ മാനുഷിക പ്രതിസന്ധിയുടെയും സാമ്പത്തിക തകർച്ചയുടെയും വക്കിലാണ്. അഫ്ഗാനിസ്ഥാനിലെ ഏജൻസിയുടെ അംബാസഡർ പറഞ്ഞു, "അഫ്ഗാന്‍റെ സമകാലിക ചരിത്രത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധിയാണ് അവരിപ്പോള്‍ അനുഭവിക്കുന്നത്". വരൾച്ച, കൊവിഡ് 2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം എന്നിവ സമ്പദ്‌വ്യവസ്ഥയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. പണപ്പെരുപ്പത്തിലെ വർദ്ധനവ് ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരാൻ കാരണമായി. 

herat woman who sold her daughters now sold kidney

കുറച്ചുകാലമായി അഫ്ഗാനിസ്ഥാനിൽ വൃക്കവ്യാപാരം തഴച്ചു വളരുകയാണ്. എന്നാൽ, താലിബാൻ അധികാരത്തിൽ വന്നതിനുശേഷം, അനധികൃത അവയവ വ്യാപാരത്തിലെ വിലയും വ്യവസ്ഥകളും മാറി. ഒരു കാലത്ത് $3,500 മുതൽ $4,000 വരെ (2,60,855.00 മുതൽ 2,98,120.00 വരെ) ഉണ്ടായിരുന്ന വൃക്കയുടെ വില $1,500 -ൽ താഴെയായി (1,11,795.00) കുറഞ്ഞു. റഹ്മതി തന്റെ വലത് വൃക്ക 150,000 അഫ്ഗാനിക്കാണ് (1,01,015.25) വിറ്റത്. എന്നാൽ, ഓപ്പറേഷനിൽ നിന്ന് അവള്‍ സുഖം പ്രാപിച്ചില്ല. ഇപ്പോൾ അവളുടെ ഭർത്താവിനെപ്പോലെ അവളും രോഗിയാണ്, ഡോക്ടറെ കാണാനാണെങ്കില്‍ പണവുമില്ല. 

യുഎൻ അഭയാർത്ഥി ഏജൻസിയായ UNHCR പറയുന്ന പ്രകാരം, രാജ്യത്തെ 40 ദശലക്ഷം വരുന്ന ജനസംഖ്യയുടെ പകുതിയിലധികവും അങ്ങേയറ്റത്തെ പട്ടിണി നേരിടുകയാണ്. അവരിൽ ഏകദേശം ഒമ്പത് ദശലക്ഷം പേർ പട്ടിണി ഭീഷണിയിലുമാണ്. ഇതേ തുടര്‍ത്ത് റഹ്മത്തിയെ പോലുള്ള അനേകര്‍ക്ക് സ്വന്തം വൃക്ക വില്‍ക്കേണ്ടി വരികയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

(ചിത്രത്തില്‍ ഹെരാത്തില്‍ താമസിക്കുന്ന കുടുംബങ്ങള്‍)

Follow Us:
Download App:
  • android
  • ios