നിങ്ങൾ ഒരു കാമുകിയെയാണ് വാടകയ്ക്ക് എടുക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ മണിക്കൂറിൽ ഏകദേശം 6,000 യെൻ (3,000 രൂപയിൽ കൂടുതൽ) നൽകണം.
"പങ്കാളിയെ വാടകയ്‌ക്കെടുക്കുക" എന്ന സംവിധാനത്തെ കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? അത്ഭുതപ്പെടേണ്ട, കാരണം ഇത്തരത്തിൽ ഒരു സമ്പ്രദായം നിയമപരമായി അംഗീകരിച്ച ഒരു രാജ്യം തന്നെയുണ്ട്. അത് ഏതാണെന്നല്ലേ? ജപ്പാനാണ് ആ രാജ്യം. ഒറ്റപ്പെട്ടുപോയ ആളുകൾക്ക് അവരുടെ ഏകാന്തതയിൽ നിന്നും മോചനം നേടുന്നതിനായാണ് ജപ്പാൻ സർക്കാർ ഇത്തരത്തിൽ ഒരു കാര്യത്തിന് നിയമപരമായ അംഗീകാരം നൽകിയിരിക്കുന്നത്.
ആവശ്യകതകളെ അടിസ്ഥാനമാക്കി ഒരു പങ്കാളിയെ വാടകയ്‌ക്കെടുക്കാൻ കഴിയുന്ന ഒരു വെബ്‌സൈറ്റ് ജപ്പാനിൽ നിലവിലുണ്ട്, ഇത് ജാപ്പനീസ് സർക്കാർ ആണ് നിയന്ത്രിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത്. ജപ്പാനിലെ നിരവധി വ്യക്തികൾ അഭിമുഖീകരിക്കുന്ന ഏകാന്തതയ്ക്കുള്ള പരിഹാരമായാണ് ഇത് നടപ്പിലാക്കി വരുന്നത്. ഈ വെബ്സൈറ്റിലൂടെ നിങ്ങൾക്ക് പങ്കാളികളെ മാത്രമല്ല, സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വാടകയ്‌ക്കെടുക്കാം.
ജപ്പാൻ ടുഡേ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ചുരുങ്ങിയത് രണ്ട് മണിക്കൂർ നേരത്തേക്കാണ് ഒരു വ്യക്തിയെ ബുക്ക് ചെയ്യാൻ സാധിക്കുക. നിങ്ങൾ ഒരു കാമുകിയെയാണ് വാടകയ്ക്ക് എടുക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ മണിക്കൂറിൽ ഏകദേശം 6,000 യെൻ (3,000 രൂപയിൽ കൂടുതൽ) നൽകണം. അവരുടെ സമയം കൂടുതൽ ആവശ്യമാവുകയാണ് എങ്കിൽ പിന്നീടുള്ള ഓരോ മണിക്കൂറിനും അധിക ചാർജ് ആയി 2,000 യെൻ (ഏതാണ്ട് 1200 രൂപ) അടയ്ക്കണം.
ജപ്പാനിൽ ഇത്തരത്തിൽ കാമുകിമാരെ വാടകയ്ക്ക് നൽകുന്ന ഒരു ഏജൻസിയാണ് ഷിഹോ. വാടക നൽകുന്നതും സമയ ക്രമീകരണത്തിലും വാടകയ്ക്ക് എടുക്കുന്ന വ്യക്തികളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട കർശന നിർദേശങ്ങളും നിയന്ത്രണങ്ങളും ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. നിയുക്ത സമയത്തിനും സന്ദർഭത്തിനും പുറത്ത് വാടകയ്‌ക്ക് എടുത്ത വ്യക്തിയുമായി നേരിട്ട് ബന്ധപ്പെടാൻ ക്ലയന്റുകൾക്ക് അനുവാദമില്ല എന്നതാണ് അത്തരത്തിലുള്ള ഒരു നിയമം. ബന്ധങ്ങളുടെ അഭാവംമൂലം ഒറ്റപ്പെട്ടു പോകുന്നവർക്ക് ഒരു താൽക്കാലിക ആശ്വാസം നൽകുക എന്നതാണ് ഇതിലൂടെ ജപ്പാൻ സർക്കാർ ഉദ്ദേശിക്കുന്നത്.
