ആദ്യം കരുതിയത് ജോലിയിൽ നിന്നും ഇടവേള എടുക്കാം എന്നാണ്. എന്നാൽ, 10 വർഷമായിട്ടും താൻ ആ ജോലിയിലേക്ക് തിരിച്ചുപോയില്ല എന്നും സൂസൻ പറയുന്നു.
പലരുടേയും സമ്മർദ്ദത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി അവരുടെ ജോലി മാറാറുണ്ട്. ഇത് മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുന്നത് വളരെ പെട്ടെന്നാണ്. അതിനാൽ തന്നെ ജോലി ചെയ്ത് സമ്പാദിക്കുന്ന പണത്തിൽ ഏറെയും ആശുപത്രികളിൽ ചെലവഴിക്കേണ്ടി വരുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. അതുപോലെ, യുഎസ്സിൽ നിന്നുള്ള ഒരു സോഫ്റ്റ്വെയർ കൺസൾട്ടൻ്റ് തന്റെ ജോലി ഉപേക്ഷിച്ച് വിയറ്റ്നാമിൽ താമസമാക്കി. താനിനി ആ പഴയ ജീവിതത്തിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്നില്ല എന്നാണ് അവർ പറയുന്നത്.
സൂസൻ എന്ന യുവതിയാണ് തൻറെ ജീവിതത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ, സൂസൻ സ്വയം പരിചയപ്പെടുത്തുകയും തന്റെ തീരുമാനത്തെക്കുറിച്ച് തുറന്നുപറയുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. തന്റെ പേര് സൂസൻ എന്നാണ്. താൻ യുഎസിൽ നിന്നാണ് എന്ന് പറഞ്ഞുകൊണ്ടാണ് അവൾ തുടങ്ങുന്നത്. വിയറ്റ്നാമിൽ എല്ലായിടത്തും പോഷകസമൃദ്ധമായ ഭക്ഷണം വളരെ കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്നും പുതുമയുള്ള ഭക്ഷണമാണ് എന്നും രണ്ട് ഡോളറിന് ഒരു നേരത്തെ ഭക്ഷണം കിട്ടുമെന്നും അവൾ വീഡിയോയിൽ പറയുന്നത് കാണാം. യുഎസ്സിൽ നിന്നും വിയറ്റ്നാമിലേക്ക് വരാനിടയാക്കിയ സാഹചര്യത്തെ കുറിച്ചും അവൾ പറയുന്നു.
'താൻ ഒരു സോഫ്റ്റ്‌വെയർ കൺസൾട്ടന്റായിരുന്നു. ഒരുപാട് സമ്മർദ്ദം അനുഭവിച്ചിരുന്നു അന്നൊക്കെ. രാത്രി മുഴുവൻ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. എപ്പോഴും ചിന്ത തന്നെ ആയിരുന്നു, കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വന്നു. ഒരിക്കൽ സുഖമില്ലാതെയായി. ഇത് സമ്മർദ്ദവുമായി ബന്ധപ്പെട്ടതാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഞാൻ ഒരു സൈക്കോളജിസ്റ്റിനെ സമീപിച്ചു. നിങ്ങളെപ്പോലുള്ളവരെ ഞാൻ കണ്ടിട്ടുണ്ട്, അവർ മരിച്ചുവെന്നാണ് സൈക്കോളജിസ്റ്റ് തന്നോട് പറഞ്ഞത്' എന്നും സൂസൻ വീഡിയോയിൽ പറയുന്നു.
ആദ്യം കരുതിയത് ജോലിയിൽ നിന്നും ഇടവേള എടുക്കാം എന്നാണ്. എന്നാൽ, 10 വർഷമായിട്ടും താൻ ആ ജോലിയിലേക്ക് തിരിച്ചുപോയില്ല എന്നും സൂസൻ പറയുന്നു. വളരെ സ്വാഭാവികമായ ജീവിതമാണ് വിയറ്റ്നാമിലേത്. അത് താൻ നേരത്തെ പ്ലാൻ ചെയ്തതായിരുന്നില്ല. യുഎസ്സിലെ ജോലിയും ജീവിതവും ജോലിയും ഉപേക്ഷിക്കാനുള്ള ആദ്യത്തെ തീരുമാനത്തിന്റെ ബാക്കി തന്നെയാണ് അത്. ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ട സമയത്ത് എടുക്കണമെന്നും സ്വന്തം ജീവിതം ആസ്വദിക്കണം എന്നുമാണ് സൂസന്റെ പക്ഷം. വളരെ പ്രചോദനാത്മകമായ ജീവിതമാണ് സൂസന്റേത് എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.


