Asianet News MalayalamAsianet News Malayalam

പത്മശ്രീ ജേതാക്കളായ ഹിന്ദുസ്ഥാനി സംഗീതജ്ഞര്‍ക്ക് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

ബലാല്‍സംഗം, അശ്ലീല മെസേജ്, പീഡനം; ലോകപ്രശസ്ത ഹിന്ദുസ്ഥാനി സംഗീത വിദ്യാലയത്തില്‍ നടന്നത് ക്രൂരമായ ലൈംഗിക പീഡനങ്ങള്‍

Hindustani music gurus accused of sexual assault
Author
Bhopal, First Published Apr 6, 2021, 3:06 PM IST

ഭോപ്പാലിലെ ലോകപ്രശസ്തമായ ഹിന്ദുസ്ഥാനി സംഗീത വിദ്യാലയത്തില്‍നിന്നുയരുന്നത് ക്രൂരമായ ലൈംഗിക പീഡനങ്ങളുടെ കഥകള്‍. ഹിന്ദുസ്ഥാനി സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്  പത്മശ്രീ അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ച ഗുന്ദേച സഹോദരങ്ങള്‍ നടത്തുന്ന ധ്രുപത് സന്‍സ്ഥാന്‍ സംഗീത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികളാണ് വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. ഗുരുക്കന്‍മാര്‍ ലൈംഗികമായി പീഡിപപിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനികളുടെ പരാതി. 

ധ്രുപത് സംഗീതജ്ഞരായ പരേതനായ രമാകാന്ത് ഗുന്ദേച, സഹോദരങ്ങളായ ഉമാകാന്ത്, അഖിലേഷ് എന്നിവര്‍ക്ക് എതിരെയാണ് വിദേശ വിദ്യാര്‍ത്ഥിനികള്‍ അടക്കം ബലാല്‍സംഗം അടക്കമുള്ള ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ത്തിയത്. രമാകാന്തും ഉമാകാന്തും ധ്രുപത് സംഗീതജ്ഞരും അഖിലേഷ് താളവാദ്യ വിദഗ്ധനുമാണ്. മധ്യപ്രദേശിലെ ഭോപ്പാലില്‍ ഗുരുകുല രീതിയില്‍ ഇവര്‍ നടത്തുന്ന പ്രശസ്തമായ ധ്രുപത് സന്‍സ്ഥാന്‍ സംഗീത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികളാണ് പരാതിയുമായി രംഗത്തുവന്നത്. 

 

ആദ്യ പരാതി 'മീറ്റൂ'വിലൂടെ 

2020 സെപ്തംബറില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പെണ്‍കുട്ടിയുടെ മീറ്റു വെളിപ്പെടുത്തല്‍ വന്നിരുന്നു. തുടര്‍ന്ന് മറ്റ് ചില പെണ്‍കുട്ടികളും പരാതികള്‍ ഉന്നയിച്ചിരുന്നു. സംഭവം അന്വേഷിക്കാന്‍ സ്ഥാപനം സമിതിയെ നിയോഗിച്ചെങ്കിലും, പിന്നീട് നടപടികള്‍ ഒന്നുമുണ്ടായില്ല. അതിനിടെയാണ്, കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ പരാതികളുമായി രംഗത്തുവന്നത്. മൂന്ന് സംഗീജ്ഞരുടെയും ഭാഗത്തുനിന്നും ക്രൂരമായ ലൈംഗികതിക്രമം ഉണ്ടായതായാണ് പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍. ബിബിസി നടത്തിയ അന്വേഷണത്തില്‍ ക്യാമറയ്ക്കു മുന്നിലും പെണ്‍കുട്ടികള്‍ തങ്ങള്‍ക്ക് നേരിടേണ്ടിവരുന്ന ലൈംഗികതിക്രമത്തെക്കുറിച്ച് പറയുന്നുണ്ട്. 

ധ്രുപത് സംഗീത ലോകത്തെ പ്രമുഖരാണ് രമാകാന്ത്, ഉമാകാന്ത് സഹോദരങ്ങള്‍. 2012-ലാണ് ഇവര്‍ക്ക് പത്മശ്രീ ലഭിച്ചത്. കേന്ദ്ര സംഗീത നാടക അക്കാദമിയുടേതടക്കം നിരവധി പുരസ്‌കാരങ്ങളും ഇവര്‍ നേടിയിട്ടുണ്ട്. ഇളയസഹോദരനായ അഖിലേഷ് താളവാദ്യ വിദഗ്ധന്‍ എന്ന നിലയില്‍ പ്രശസ്തനാണ്. മൂവരും ചേര്‍ന്നാണ് ഭോപ്പാലില്‍ ധ്രുപത് സന്‍സ്ഥാന്‍ സംഗീത വിദ്യാലയം നടത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കാന്‍ കുട്ടികള്‍ ഇവിടെ വരുന്നുണ്ട്. ഗുരുകുല രീതിയിലുള്ള വലിയ കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍നിന്നാണ് പഠിക്കുന്നത്. കോമ്പൗണ്ട് വൃത്തിയാക്കുന്നതും വസ്ത്രങ്ങള്‍ കഴുകുന്നതുമടക്കം കാമ്പസിലെ എല്ലാ കാര്യങ്ങളും കുട്ടികളാണ് ചെയ്യേണ്ടത്. യുനസ്‌കോ കള്‍ച്ചറല്‍ ഹെറിറ്റേജ് സമിതിയുടെ അംഗീകാരമുണ്ട് എന്ന രീതിയിലാണ് വിദ്യാലയം പ്രവര്‍ത്തിക്കുന്നതെങ്കിലും തങ്ങള്‍ക്ക് ഈ സ്ഥാപനവുമായി ഒരു ബന്ധവുമില്ലെന്നാണ് യുനസ്‌കോ സമിതി അറിയിച്ചത്. തങ്ങളുടെ പേര് ഉപയോഗിക്കുന്നത് അവസാനിക്കണമെന്ന് വിദ്യാലയ അധികൃതരോട് ആവശ്യപ്പെടുമെന്നും സമിതി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. 

 

Hindustani music gurus accused of sexual assault

 

ഹോസ്റ്റല്‍ മുറിയില്‍ ബലാല്‍സംഗം

ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഞെട്ടിക്കുന്ന പരാതികളാണ് വിദ്യാര്‍ത്ഥിനികള്‍ ഉന്നയിക്കുന്നത്. അശ്ലീല മെസേജുകള്‍ അയക്കുക, നഗ്ത പ്രദര്‍ശിപ്പിക്കുക, ലൈംഗികമായി സമീപിക്കുക, ബലാല്‍സംഗം തുടങ്ങിയ കുറ്റങ്ങളാണ് ഗുരുക്കന്‍മാര്‍ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ ഉന്നയിക്കുന്നത്. 

അന്തരിച്ച രമാകാന്ത് തനിക്ക് നിരന്തരം അശ്ലീല മെസേജുകള്‍ വാട്ട്‌സാപില്‍ അയച്ചിരുന്നതായി ഒരു വിദ്യാര്‍ത്ഥിനി ബിബിസിയോട് പറഞ്ഞു. കാറില്‍ വെച്ച് ഒരിക്കല്‍ ലൈംഗികമായി അക്രമിച്ചതായും മോണിക്ക എന്ന (യഥാര്‍ത്ഥ പേരല്ല) വിദ്യാര്‍ത്ഥിനി ആരോപിച്ചു. '' കാറില്‍വെച്ച് അദ്ദേഹം എന്നെ ചുംബിക്കാന്‍ ശ്രമിച്ചു. ഞാന്‍ എതിര്‍ത്തെങ്കിലും അദ്ദേഹം പിന്തിരിഞ്ഞില്ല. എന്റെ ശരീരത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ഞാനാകെ അന്തംവിട്ട് നിന്നുപോയി. തുടര്‍ന്ന് എന്നെ ഹോസ്റ്റലില്‍ കൊണ്ടുവിട്ടു. 

ജോലി ഉപേക്ഷിച്ച ശേഷം സംഗീതം പഠിക്കാന്‍ എത്തിയ താന്‍, എല്ലാം മറക്കാന്‍ ശ്രമിച്ച് എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കാം എന്നു കരുതി നിന്നുവെങ്കിലും മൂന്നു മാസത്തിനു ശേഷം ഗുരു രമാകാന്ത തന്നെ ബലാല്‍സംഗം ചെയ്തതായി മോണിക്ക പറഞ്ഞു. ''ഗുരു മുറിയിലേക്ക് കയറി വന്ന് ബലം പ്രയോഗിച്ച് വസ്ത്രങ്ങള്‍ അഴിച്ചു മാറ്റുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്തു. അതിനുശേഷം അയാള്‍ ഇറങ്ങിപ്പോയി. മൂന്ന് ദിവസം ഞാന്‍ ഒരിറ്റുവെള്ളം കുടിച്ചിട്ടില്ല.''-മോണിക്കയുടെ വാക്കുകള്‍. 

അഖിലേഷ് തന്നെ കാറില്‍വെച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതായി മറ്റൊരു പെണ്‍കുട്ടി ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

അഞ്ചു പെണ്‍കുട്ടികളാണ് ബിബിസിയോട് തങ്ങള്‍ക്കെതിരെ ഉണ്ടായ ലൈംഗിതികതിക്രമം വെളിപ്പെടുത്തിയത്. ലൈംഗികമായി സമീപിക്കുന്നതോടെ രമാകാന്തിന് അധ്യയനത്തിലുള്ള ശ്രദ്ധ ഇല്ലാതാവും. എതിര്‍ത്താല്‍, പരസ്യമായി എല്ലാവരുടെയും മുന്നില്‍ വെച്ച് അപമാനിക്കാറാണ് പതിവെന്നും കുട്ടികള്‍ പറയുന്നു. 

അര്‍ദ്ധരാത്രിയിലെ പീഡനം 

സിയാറ്റില്‍ സ്വദേശിയായ റേച്ചല്‍ ഫെയര്‍ബാങ്ക്‌സ് എന്ന യുവതിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതായിരുന്നു. 2017-ല്‍ സ്‌കൂളില്‍ ചേര്‍ന്ന ആദ്യ ദിവസം മുതല്‍ മോശം അനുഭവങ്ങളുണ്ടായെന്ന് അവര്‍ പറയുന്നു. ബാഗും മറ്റും മുറിയില്‍ എത്തിക്കാന്‍ കൂടെ വന്ന കാമ്പസിലെ ഡ്രൈവറാണ് ആദ്യം ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ഇക്കാര്യം രമാകാന്തിനോട് പരാതിപ്പെട്ടപ്പോള്‍, അയാളും ഉപദ്രവിക്കാന്‍ ശ്രമിച്ചു. ബലംപ്രയോഗിച്ച് ചുംബിക്കുക, അശ്ലീല മെസേജുകള്‍ അയക്കുക എന്നിവയായിരുന്നു ആദ്യം. പിന്നീടൊരിക്കല്‍ അര്‍ദ്ധരാത്രി കാറില്‍ വിജനമായ ഒരു പാടത്ത് കൊണ്ടുപോയി വസ്ത്രങ്ങള്‍ അഴിച്ചു മാറ്റാന്‍ ശ്രമിക്കുകയും ജനനേന്ദ്രിയത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു. 

''ഞാനയാളെ തള്ളിമാറ്റി. അതിനുശേഷം കുറച്ചുദൂരെയുള്ള ഒരു സ്ഥലത്ത് ഇറക്കിവിട്ടശേഷം അയാള്‍ പോയി. രാത്രി വൈകി തനിച്ച് നടന്ന് എങ്ങനെയൊക്കെയോ കാമ്പസില്‍ എത്തുകയായിരുന്നു. പിറ്റേന്ന് തന്നെ ഞാന്‍ വിദ്യാലയം വിട്ടു''-റേച്ചല്‍ പറയുന്നു. 

തനിക്ക് പേരു വെളിപ്പെടുത്താന്‍ മടിയില്ലെന്ന് പറഞ്ഞ റേച്ചല്‍, ഏറെക്കാലമെടുത്താണ് താനീ തുറന്നുപറച്ചിലിന് ധൈര്യം കൈവരിച്ചതെന്ന് പറഞ്ഞു. റേച്ചലിന്റെ അനുഭവം 'ധ്രുപത് ഫാമിലി യൂറോപ്പ്' എന്ന ഫേസ്ബുക്ക് പേജില്‍ 'മീറ്റൂ' ആയി പുറത്തുവന്നതോടെയാണ് ഇവിടെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ പുറത്തറിഞ്ഞത്. 

നടപടിയില്ലാതെ പരാതികള്‍

ഫേസ്ബുക്ക് പോസ്റ്റ് വിവാദമായപ്പോള്‍ അഖിലേഷും ഉമാകാന്തും ആരോപണങ്ങള്‍ നിഷേധിച്ചു. തങ്ങളെയും വിദ്യാലയത്തെയും കരിവാരിത്തേക്കാന്‍ പുറത്തുള്ളവര്‍ നടത്തുന്ന നിക്ഷിപ്ത താല്‍പ്പര്യത്തോടെയുള്ള നുണപ്രചാരമാണ് ഇതെന്നായിരുന്നു അവരുടെ പ്രതികരണം. ഇതിനിടെ, സ്ഥാപനം ഇക്കാര്യം അന്വേഷിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചെങ്കിലും പരാതിക്കാരെയും അവരെ പിന്തുണയ്ക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ഭീഷണിപ്പെടുത്താനാണ് ഈ അവസരം ഉപയോഗിച്ചതെന്നാണ് ആരോപണം. 

ഗുരുകുല സമ്പ്രദായ പ്രകാരം നടത്തുന്ന പരമ്പരാഗത സംഗീത പഠനമാണ് ഈ സാഹചര്യം ഉണ്ടാക്കിയത് എന്നാണ് വിമര്‍ശനം. ''പഴയ ഗുരുകുല സമ്പ്രദായ പ്രകാരം, ഗുരുവിന്റെ ഹിതം പൂര്‍ണ്ണമായി അനുസരിക്കാന്‍ ശിഷ്യര്‍ ബാധ്യസ്ഥരാണ്. പൂര്‍ണ്ണസമര്‍പ്പണമാണ് വിദ്യാര്‍ത്ഥികളില്‍നിന്നും ഗുരു പ്രതീക്ഷിക്കുന്നത്. ഇതാണ് പുതിയ കാലത്ത് ചൂഷണത്തിനുള്ള മാര്‍ഗമായി തീരുന്നത്'-പ്രശസ്ത വായ്പാട്ടു വിദഗ്ധ നീലാ ഭഗവത് പറയുന്നു. 

ഗുരുകുല സമ്പ്രദായമാണ് ഈ പ്രശ്‌നത്തിന്റെ മുഴുവന്‍ കാരണമെന്നാണ് പ്രശസ്ത സംഗീതജ്ഞന്‍ ടി എം കൃഷ്ണ പറയുന്നത്. അധ്യാപകര്‍ക്ക് അമിതമായ അധികാരം നല്‍കുന്ന ഈ സമ്പ്രദായം അടിയന്തിരമായി ഇല്ലായ്മ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.   

Follow Us:
Download App:
  • android
  • ios