Asianet News MalayalamAsianet News Malayalam

അണുബോംബ് വീഴുമ്പോള്‍ ഒരു നാടിന് ഇല്ലാതാവുന്നത്; ഹിരോഷിമയെ ഓര്‍ക്കുമ്പോള്‍

8.15 കഴിഞ്ഞ് പതിനഞ്ചു സെക്കന്റ്. കൗണ്ട് ഡൗൺ നടക്കുമ്പോഴുള്ള മൂളൽ നിലച്ചു. ബോംബ് ബേയിലൂടെ ഇരച്ചുപായുന്ന കാറ്റിന്റെ ശബ്ദം. ടപ്പ്‌....! ലിറ്റിൽ ബോയ് മനുഷ്യരാശിയുടെ കൈവിട്ട്, ഇനിയൊരു പുനർചിന്തയ്ക്കും സാധ്യതയവശേഷിപ്പിക്കാതെ, ജപ്പാനിലെ ഹിരോഷിമയെന്ന ജനനിബിഡമായ പട്ടണത്തിലേക്ക് ഗുരുത്വാകർഷണത്തിന്റെ ചിറകിലേറി മൂക്കുംകുത്തി പറന്നിറങ്ങി.  
 

hiroshima day
Author
Thiruvananthapuram, First Published Aug 6, 2019, 12:33 PM IST

1945 ഓഗസ്റ്റ് 6, രാവിലെ ഏഴുമണി... 
ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോവിൽ നിന്നും 500 മൈൽ അകലെയുള്ള ഹോൺഷു ദ്വീപിലെ ഹിരോഷിമാ എന്ന വ്യവസായനഗരം മറ്റൊരു പതിവു പ്രവൃത്തി ദിവസത്തിന്റെ തിരക്കുകളിലേക്ക് ഉണർന്നെണീറ്റു വരുന്നതേയുണ്ടായിരുന്നുള്ളൂ. അന്ന് ഇന്നത്തെപ്പോലെ കാറുകളുടെ തിരക്കൊന്നുമില്ല നിരത്തിൽ. ഒട്ടുമിക്കവരും നടന്നാണ് ജോലിക്കു പോയിരുന്നത്. ചുരുക്കം ചിലര്‍ സൈക്കിളിലും. ഇടക്കിടയ്ക്ക് ഓരോ സൈനിക വാഹനങ്ങളും റോഡിലൂടെ കടന്നുപോവുന്നുണ്ടായിരുന്നു... 

പെട്ടെന്ന്, ജാപ്പ് റഡാറുകളിൽ, തെക്കുദിക്കിൽ നിന്നും ചില അമേരിക്കൻ വിമാനങ്ങൾ പ്രത്യക്ഷപ്പെട്ടു. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടു നിൽക്കുന്ന കാലമായതുകൊണ്ട്, ഇത് അവർ പ്രതീക്ഷിക്കുന്ന ഒരു സംഭവം തന്നെയാണ്. സൈറണുകളുടെ നിലവിളി ശബ്ദം ഹിരോഷിമയുടെ തെരുവുകളെ വിജനമാക്കി. റേഡിയോ സൈലൻസ് നടപ്പിലായി. ആ ഘട്ടമായപ്പോഴേക്കും, അമേരിക്കൻ വ്യോമാക്രമണത്തെ ചെറുക്കാനുള്ള വിമാനങ്ങൾ ഹിരോഷിമയിലോ പരിസരത്തോ അവശേഷിച്ചിരുന്നില്ല ജപ്പാന്റെ പക്കൽ. അതുകൊണ്ട്, അനിവാര്യമായ ആ ആക്രമണത്തിന്റെ ഫലങ്ങളെ നേരിടാൻ അവർ തയ്യാറെടുത്തു. 

സമയം എട്ടുമണി കഴിഞ്ഞ് ഒൻപതു മിനിറ്റ്... 
അമേരിക്കൻ വ്യോമസേനയുടെ 'എനോലാ ഗേ' (Enola Gay) എന്ന B-29 സൂപ്പർ ഫോട്രെസ്സ്‌  വിമാനം ഹിരോഷിമയിലേക്ക് അടുത്തുതുടങ്ങി. കേണൽ പോൾ ടിബറ്റ്സ് വിമാനത്തിന്റെ ഇന്റർകോമിലൂടെ തന്റെ സഹപൈലറ്റുമാരോട് അനൗൺസ് ചെയ്തു. "നമ്മൾ ബോംബ് റൺ തുടങ്ങാൻ പോവുകയാണ്. എല്ലാവരും അവരവരുടെ ഗോഗിൾസ് നെറ്റിയിൽ എടുത്തുവെക്കുക. കൗണ്ട് ഡൗൺ തുടങ്ങുമ്പോൾ കണ്ണിലേക്ക് ഇറക്കിവെച്ച്, മിന്നൽ വെളിച്ചം വന്നുപോകും വരെ ഇരിക്കുക. 'ആർക്ക് വെൽഡിങ്' തൊഴിലാളികൾ ധരിക്കുന്ന സ്‌പെഷ്യൽ കണ്ണടകൾ അവർക്ക് ബോംബ് പൊട്ടുമ്പോൾ ഉണ്ടായേക്കാവുന്ന കടുത്ത മിന്നലിനെ ചെറുക്കാൻ വേണ്ടി, ബേസിൽ നിന്നും കാലേകൂട്ടി അനുവദിച്ചു നൽകിയിരുന്നു. 

ജാപ്പ് വിമാനങ്ങളുടെ ചെറുത്തുനില്പിന്റേതായ ലക്ഷണങ്ങളൊന്നും തന്നെ കാണുന്നുണ്ടായിരുന്നില്ല. ആ ബോംബർ വിമാനത്തിന്റെ ഗർഭത്തിൽ ഏറെ വിശേഷപ്പെട്ട ഒരു ബോംബ്, അനുസരണയുള്ള ഒരു വളർത്തുനായയെപ്പോലെ നിലംപതുങ്ങി വിശ്രമിക്കുന്നുണ്ടായിരുന്നു. 3.5 മീറ്റർ നീളം. നാലു ടൺ ഭാരം. നീലയും വെള്ളയും നിറത്തിൽ, 'ലിറ്റിൽ ബോയ്' (Little Boy) എന്നുപേരുള്ള ഒരു അണുബോംബ്. ഒരു 'യുറേനിയം ഗൺ ടൈപ്പ്' അണുബോംബായിരുന്നു  'ലിറ്റിൽ ബോയ്'. അമേരിക്ക രണ്ടാം ലോകമഹായുദ്ധകാലത്ത് വിശ്വപ്രസിദ്ധ അറ്റോമികശാസ്ത്രജ്ഞൻ ഡോ. റോബര്‍ട്ട് ഓപ്പൻഹീമറുടെ കാർമികത്വത്തിൽ, 'മാൻഹാട്ടൻ പ്രോജക്റ്റ്' എന്ന രഹസ്യ മിഷനിലൂടെ അന്നത്തെ നാല് ബില്യൺ ഡോളർ ചെലവിട്ട് വികസിപ്പിച്ചെടുത്ത ബ്രഹ്‌മാസ്‌ത്രമായിരുന്നു അത്.

hiroshima day
'ഡോ . ഓപ്പൺഹീമർ മാൻഹാട്ടൻ പ്രോജക്റ്റ് ചീഫ് ലെസ്‌ലി ഗ്രോവ്സിനോടൊപ്പം '

ന്യൂ മെക്സിക്കോയിലെ ലോസ് അലാമോസിലായിരുന്നു അതിന്റെ റിസർച്ച് ലബോറട്ടറി. ഒരു ടോപ്പ് സീക്രട്ട് മിഷനായിരുന്നു മാൻഹാട്ടൻ പ്രോജക്റ്റ്. റൂസ്‌വെൽറ്റിന്റെ മരണാനന്തരം അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം മാത്രമാണ് ഉപരാഷ്ട്രപതിയായിരുന്ന ഹാരി ട്രൂമാന് പോലും ഇതേപ്പറ്റി അറിവുണ്ടായത്. ലോസ് അലാമോസിൽ നിന്നും പാർട്‍സ് ആയി കൊണ്ടുവന്ന ഈ ബോംബ്, പസഫിക് സമുദ്രത്തിലെ ടിനിയൻ എന്ന ജപ്പാനിൽ നിന്നും സഖ്യകക്ഷികൾ പിടിച്ചെടുത്ത ഒരു ദ്വീപിലെത്തിച്ച്, അവിടെ നിന്നും കൂട്ടിച്ചേർത്ത ശേഷമാണ് എനോല ഗേയിൽ കയറ്റി ഹിരോഷിമ ലക്ഷ്യമാക്കി പുറപ്പെടുന്നത്. മൂന്നു പോർവിമാനങ്ങളുടെ ഒരു ഫോർമേഷനായിട്ടായിരുന്നു ടിനിയനിൽ നിന്നും അമേരിക്കൻ ദൗത്യസംഘം പുറപ്പെട്ടത്. 

hiroshima day

'ഹിരോഷിമയിൽ ബോംബിടാൻ പോയ അമേരിക്കൻ വൈമാനിക സംഘം '

ബോംബും വഹിച്ചുകൊണ്ട് പറന്നുപൊങ്ങിയ എനോല ഗേ, തൊട്ടുപിന്നാലെ ഗ്രെയ്റ്റ് ആർട്ടിസ്റ്റ് ( Great Artiste) എന്ന രണ്ടാമതൊരു B29 സൂപ്പർഫോട്രെസ്സ് വിമാനം. ലക്ഷ്യസ്ഥാനത്ത് ഇവയെ ചുറ്റിപ്പറന്നുകൊണ്ട് ചിത്രങ്ങളെടുക്കാൻ വേണ്ടി  മൂന്നാമതായി ഒരു പോർവിമാനം കൂടി. ഇത്രയും ചേർന്നതായിരുന്നു ആ ഫോർമേഷൻ. എനോല ഗേയുടെ ബൊംബാർഡിയർ മേജർ തോമസ് ഫെറെബീ, തന്റെ നോർഡൻ ബോംബ്‌സൈറ്റിന്റെ വ്യൂ ഫൈൻഡറിലേക്ക് തന്റെ ഇടതുകണ്ണ് അടുപ്പിച്ചു. സമയം 8.13  കഴിഞ്ഞ് 30  സെക്കൻഡ്. 

"ഇറ്റ്സ് ആൾ യുവേഴ്സ്..." - കേണൽ പോൾ ടിബറ്റ്സ് മേജറോടായി പറഞ്ഞു. ഇന്റർകോമിൽ നേരത്തേ നൽകിയ നിർദ്ദേശം ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചു, "ഓൺ യുവർ ഗോഗിൾസ്..." 

ഓട്ടോ പൈലറ്റ് മോഡിലായിരുന്നു എനോല ഗേ. മേജറുടെ ബോംബ് സൈറ്റിന്റെ ക്രോസ് ഹെയറിൽ അദ്ദേഹത്തിന്റെ ടാർജറ്റ് ലൊക്കേഷൻ പതിഞ്ഞു. ഒട്ടാ നദിയിലെ, ഐയോയി പാലം. "ഐ ഹാവ് ഗോട്ട് ഇറ്റ്..." മേജർ പറഞ്ഞു. വിമാനത്തിന്റെ ബോംബ് ബേയുടെ വാതിലുകൾ മലർക്കെ തുറന്നു. 15  സെക്കൻഡിന്റെ കൗണ്ട് ടൗൺ തുടങ്ങുന്ന വിവരത്തിന്റെ മറ്റുവിമാനങ്ങൾക്കും ഒരു ലോ ഫ്രീക്വൻസി ടോൺ കൈമാറപ്പെട്ടു. എല്ലാവരും അവരവരുടെ വെൽഡേഴ്സ് ഗോഗിൾസ് ധരിച്ചു. കൗണ്ട് ഡൌൺ തുടങ്ങി. 

8.15 കഴിഞ്ഞ് പതിനഞ്ചു സെക്കന്റ്. കൗണ്ട് ഡൗൺ നടക്കുമ്പോഴുള്ള മൂളൽ നിലച്ചു. ബോംബ് ബേയിലൂടെ ഇരച്ചുപായുന്ന കാറ്റിന്റെ ശബ്ദം. ടപ്പ്‌....! ലിറ്റിൽ ബോയ് മനുഷ്യരാശിയുടെ കൈവിട്ട്, ഇനിയൊരു പുനർചിന്തയ്ക്കും സാധ്യതയവശേഷിപ്പിക്കാതെ, ജപ്പാനിലെ ഹിരോഷിമയെന്ന ജനനിബിഡമായ പട്ടണത്തിലേക്ക് ഗുരുത്വാകർഷണത്തിന്റെ ചിറകിലേറി മൂക്കുംകുത്തി പറന്നിറങ്ങി.  

ഗ്രേറ്റ് ആർട്ടിസ്റ്റിന്റെ പൈലറ്റ് മേജർ ചാൾസ് സ്വീനി ആ ദൃശ്യം നേരിൽ കണ്ടു. നാലു ടണ്ണിന്റെ കനത്ത പേ ലോഡ് ഒഴിഞ്ഞതും എനോല ഗേ ഒന്ന് ആടിയുലഞ്ഞു. ബോംബ് വിക്ഷേപിച്ച അടുത്ത നിമിഷം തന്നെ വിമാനത്തെ ഓട്ടോപൈലറ്റിൽ നിന്നും മാനുവലിലേക്ക് മാറ്റിയ കേണൽ പോൾ ടിബറ്റ്സ് ഇടത്തോട്ട് അറുപതുഡിഗ്രി ഒടിച്ച്, ഒരു 155 ഡിഗ്രി വളഞ്ഞുപിടിച്ച് വേഗം കൂട്ടി വിമാനം നിയന്ത്രണവിധേയമാക്കി. "ബോംബ് ഗോൺ..." സ്വീനിയുടെ ബൊംബാർഡിയർ ആയിരുന്ന ക്യാപ്റ്റന്‍ കെർമിറ്റ് ബീഹൻ നിശ്വസിച്ചു. 

43  സെക്കൻഡ് - അത്രയും നേരമാണ് 'ലിറ്റിൽ ബോയ്' എന്ന ആറ്റംബോംബിന്, 31,060 അടി ഉയരത്തിൽ നിന്നും പുറപ്പെട്ട് നിലംതൊടാൻ എടുത്തത്. ആ സമയത്ത് ഹിരോഷിമയിൽ ആഞ്ഞുവീശിയ കാറ്റിൽ അത് ലക്ഷ്യസ്ഥാനത്തു നിന്നും 250  മീറ്റർ മാറി, തൊട്ടപ്പുറത്ത് സ്ഥിതിചെയ്യുന്ന ഷിമ ക്ലിനിക്ക് എന്ന ഒരു നഴ്‌സിങ്ങ് ഹോമിന് മുകളിലാണ് വന്നു വീണത്. അറുപതു കിലോഗ്രാം സമ്പുഷ്ട യുറേനിയംകൊണ്ട് നിർമിച്ച ആ ആറ്റംബോംബിന്റെ പ്രഹരശേഷി 12,500 ടൺ ടിഎൻടിയുടേതിന് സമാനമായിരുന്നു. നിമിഷനേരം കൊണ്ട് ആ വിസ്ഫോടനം,  ബോംബ് നിലംതൊട്ടിടത്തെ താപനിലയെ പത്തുലക്ഷം സെന്റിഗ്രേഡിലേക്ക് ഉയർത്തി.  മുകളിൽ ഗ്രേറ്റ് ആർട്ടിസ്റ്റിൽ ഇരുന്നുകൊണ്ട് മേജർ ചാൾസ് സ്വീനി ആ അഗ്നികുംഭം നേരിൽ കണ്ടു. 

നിമിഷാർദ്ധനേരം കൊണ്ട്, ഹിരോഷിമാ പട്ടണത്തിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ ഒഴികെ സകലതും ചാരമായി മാറി. കെട്ടിടങ്ങൾ തകർന്നടിഞ്ഞു. ബോംബ് വന്നുവീണതിന്റെ പതിനഞ്ചു കിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങളുടെ ചില്ലുകൾ പോലും തകർന്നുവീണു. ഹിരോഷിമയിൽ ജനസംഖ്യ രണ്ടര ലക്ഷമായിരുന്നു. അതിന്റെ മൂന്നിലൊന്നുപേർ, അതായത്, 80,000 പേർ തൽക്ഷണം കൊല്ലപ്പെട്ടു.

hiroshima day 
'ഹിരോഷിമ അണുബോംബിടുന്നതിന് മുമ്പും ശേഷവും '

സ്ഫോടനം നടന്നപാടേ 'എനോല ഗേ'യുടെ മുൻക്യാബിനിന്റെ ചില്ലുജനാലയിൽ നക്ഷത്ര വെളിച്ചം തെളിഞ്ഞു. പൈലറ്റ് കേണൽ പോൾ ടിബറ്റ്സിന് തന്റെ പല്ലുകളിൽ വല്ലാത്തൊരു വിറയൽ അനുഭവപ്പെട്ടു. വിമാനത്തിന്റെ പിൻഭാഗത്തിരുന്ന ടെയിൽ ഗണ്ണർ ബോബ് കാരൻ തന്റെ കൊഡാക് കാമറ കയ്യിലെടുത്ത് താഴത്തെ സര്‍വനാശത്തിന്‍റെ ചിത്രങ്ങൾ എടുക്കാൻ തുടങ്ങി. താഴെ വയലറ്റ് മേഘങ്ങൾക്ക് നടുവിലൂടെ വെളുത്ത പുകയുടെ ഒരു കുമിള മൂവായിരം അടിവരെ ഉയർന്നുപൊങ്ങിക്കഴിഞ്ഞിരുന്നു. അതിന് പതുക്കെ ഒരു കൂണിന്റെ രൂപം വരാൻ തുടങ്ങി. 

'എനോല ഗേ'യുടെ പൈലറ്റ് ക്യാപ്റ്റൻ റോബർട്ട് ലൂയിസ് തന്റെ ലോഗ് ബുക്കിൽ ഇങ്ങനെ എഴുതി, "മൈ ഗോഡ്...വാട്ട് ഹാവ് ഐ ഡൺ..?"  വെപ്പണിയർ വില്യം പാർസൻസ് ഒരു രഹസ്യസന്ദേശം തന്റെ ബേസിലേക്കയച്ചു, "ലക്ഷ്യം ഭേദിച്ചു, വിമാനത്തിന് കുഴപ്പമൊന്നുമില്ല..." 

മൂന്നാമത്തെ നിരീക്ഷണ വിമാനത്തിലുണ്ടായിരുന്ന ശാസ്ത്രജ്ഞൻ ബെർണാഡ് വാൾഡ്മാൻ തന്റെ 'ഫാസ്റ്റാക്സ് ഹൈസ്‍പീഡ് കാമറ'യിൽ സ്ഫോടനദൃശ്യങ്ങൾ പകർത്തി. ശാസ്ത്രനിരീക്ഷകൻ ഹാരോൾഡ്‌ അഗ്നോ, തന്റെ 16  എംഎം ഹോം മൂവി കാമറ പ്രവർത്തിപ്പിച്ച് ജനൽച്ചില്ലിനോട് ചേർത്തുവെച്ച് അതിന്റെ നിശബ്ദഫിലിമിൽ സ്‌ഫോടനത്തിന്റെ വീഡിയോ ദൃശ്യങ്ങളും പകർത്തി. 

അതേസമയം താഴെ ഭൂമിയിൽ നടന്നത്:

ജപ്പാൻ നാവിക സേനയുടെ ഡ്രാഫ്റ്റ്‌സ്മാനായിരുന്ന സുതോമു യാമാഗുച്ചി ശബ്ദം കേട്ട് മുകളിലേക്ക് നോക്കിയപ്പോൾ ഒരു വിമാനം പോലെന്തോ കണ്ടു. അതിൽ നിന്നും അതിവേഗം താഴേക്ക് പാഞ്ഞുവരുന്ന കറുത്ത വസ്തുവും കണ്ടു. അടുത്ത നിമിഷം അദ്ദേഹത്തിന്റെ കണ്‍മുന്നിൽ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമായിരുന്നു. അദ്ദേഹം കൈവിരലുകൾ കൊണ്ട് കണ്ണുപൊത്തി കമിഴ്ന്നു കിടന്നു. നിലം വല്ലാതെ കുലുങ്ങുന്നുണ്ടായിരുന്നു. ആദ്യത്തെ വിലയിൽ അരമീറ്ററോളം മുകളിലേക്ക് പൊങ്ങി അദ്ദേഹം വീണ്ടും നിലത്തുവന്നുവീണു. പിന്നെ കണ്ണുതുറന്നപ്പോൾ നാലുപാടും നിറഞ്ഞ ഇരുട്ടായിരുന്നു. 

മുഖത്തിന്റെ ഇടതുഭാഗത്തും ഇടത്തേ കൈക്കും വല്ലാത്ത നീറ്റൽ അനുഭവപ്പെട്ടു അദ്ദേഹത്തിന്. വല്ലാതെ ഛർദ്ദിക്കാൻ തോന്നി. അടുത്ത ക്ഷണം വീണ്ടും കണ്ണിൽ ഇരുട്ടുകേറുന്നപോലെ തോന്നി. കുറച്ചപ്പുറത്തായി നിൽക്കുന്നുണ്ട് ഒരു മരം. അതിന്റെ ഇലകളൊക്കെ കൊഴിഞ്ഞു പോയിരിക്കുന്നു. ഒരുവിധം, സർവശക്തിയും സംഭരിച്ചുകൊണ്ട് അദ്ദേഹം ആ മരച്ചുവടുവരെ നടന്നുചെന്നു. അവിടെ ചാരിയിരുന്നുപോയി ക്ഷീണത്താൽ. തൊണ്ടയാകെ വറ്റി വരണ്ടിരിക്കുന്നു. കടുത്ത ദാഹം..!

hiroshima day

'ബോംബിങ്ങിൽ തകർന്നടിഞ്ഞ ഹിരോഷിമ '

ഹിരോഷിമയുടെ കിഴക്കുഭാഗത്തായി ഒരു തീവണ്ടി നഗരം ലക്ഷ്യമാക്കി കുതിച്ചുപായുകയായിരുന്നു. സൈനികർ ഇടപെട്ട് ആ തീവണ്ടി നിർത്തിച്ചു. യാത്രക്കാരെ മുഴുവൻ തീവണ്ടിയിൽ നിന്നും ഇറക്കി. ട്രെയിനിന്റെ ബോഗികൾ അവിടെ ഉപേക്ഷിച്ച് എഞ്ചിൻ മാത്രം ഹിരോഷിമയിലേക്ക് യാത്ര തുടർന്നു. പക്ഷേ, ട്രാക്കിലൂടെ ഹിരോഷിമ വിട്ട് കാൽനടയായി രക്ഷപ്പെട്ടു വന്നുകൊണ്ടിരുന്നവരുടെ നീണ്ട ഒരു നിര ആ എഞ്ചിനിന്റെ പ്രയാണം തടഞ്ഞു. അക്കൂട്ടത്തിലുള്ള എല്ലാവരുടെയും അവസ്ഥ ഏറെ കഷ്ടമായിരുന്നു. ദേഹത്തുനിന്നും മുഖത്തുനിന്നുമെല്ലാം, ചുവരിൽ നിന്നും പോസ്റ്റർ ഇളകി വീഴുമ്പോലെ, തൊലി പൊളിഞ്ഞു വീണുകൊണ്ടിരുന്നു. വേച്ചുവേച്ചായിരുന്നു അവരുടെ നടത്തം. അവരുടെ ഇരുണ്ട മുഖങ്ങളിൽ നിന്നും നേർത്ത സ്വരത്തിൽ ഒരേയൊരു വാക്കാണ് പുറപ്പെട്ടുകൊണ്ടിരുന്നത്, "വെള്ളം... വെള്ളം..." 

പതിനൊന്നുമണിയോടെ, ബോംബുസ്ഫോടനത്തിലുണ്ടായ മേഘങ്ങൾ ഹിരോഷിമയിൽ മഴപെയ്യിച്ചു. ആ മഴയിൽ അഴുക്കും, പൊടിയും, അപകടകരമായ റേഡിയോ ആക്റ്റീവ് വസ്തുക്കളും ഒക്കെ നിറഞ്ഞിരുന്നു. അന്നുപെയ്ത മഴയ്ക്ക് കടും കറുപ്പുനിറമായിരുന്നു. ചുവരുകളിലും, ആളുകളുടെ ഉടുപ്പുകളിലുമൊക്കെ അത് കറുത്ത പാടുകൾ വീഴ്ത്തി. 

hiroshima day

'ഹിരോഷിമയിലെ  സർവ്വനാശത്തിന്റെ മറ്റൊരു ദൃശ്യം' 

യാമാഗുച്ചി ഇരുന്നിടത്ത് മഴ പെയ്തുതുടങ്ങിയിരുന്നില്ല. കുറച്ചപ്പുറത്തായി ഒരു ഞരക്കം കേട്ടു അയാൾ. ചെന്നുനോക്കിയപ്പോൾ കുഴിക്കുള്ളിൽ വീണുകിടക്കുന്ന ഒരു സ്ത്രീയെക്കണ്ടു. വസ്ത്രങ്ങളൊക്കെയും കത്തിക്കരിഞ്ഞിട്ടുണ്ട്. ഒന്നെണീക്കാൻ ശ്രമിച്ചപ്പോഴേക്കും അവർ വീണുപോയി. വീണിടത്തുകിടന്ന് ആരോടെന്നില്ലാതെ സഹായത്തിനായി അവർ കേഴുന്നത് യാമാഗുച്ചി കണ്ടു. കണ്ണുതുറന്നു നോക്കിയപ്പോൾ അദ്ദേഹത്തെ കണ്ട അവർ ചോദിച്ചു, "ഞാൻ മരിക്കാൻ പോവുകയാണോ സാൻ..?"  

ആ വഴി വന്ന രണ്ടു വിദ്യാർഥികൾ ഇരുവരെയും ഒരു ക്ലിനിക്കിൽ എത്തിച്ചു. അവിടെ ഗുരുതരമായ പൊള്ളലേറ്റ് എത്തിയ മറ്റുപലരെയും അവർ കണ്ടു. യമാഗുച്ചിക്ക് തന്റെ മുഖത്തെ തൊലി അടർന്ന് ഇളകി വരുന്നതു പോലെ തോന്നി. ക്ലിനിക്കിലെ നഴ്‌സുമാർ അദ്ദേഹത്തിന്റെ പൊള്ളലുകളിൽ ക്രീം പുരട്ടി. മുറിവുകൾ ഡ്രസ്സ് ചെയ്തു. അവിടെ വെച്ച് അവർ അദ്ദേഹത്തിന് ഒരു ഗ്ലാസ് വെള്ളവും ഒരു ബിസ്കറ്റും നൽകി. ഒരു കഷ്ണം കഴിച്ചപ്പോഴേക്കും ഛർദ്ദിച്ചു. 

ഹിരോഷിമയിൽ സർവനാശം ആദ്യമായി റിപ്പോർട്ടുചെയ്ത പത്രപ്രവർത്തക 

സാതോഷി നാകാമുറ. വയസ്സ് 37. ഹിരോഷിമയിൽ സ്ഥിരതാമസക്കാരനായിരുന്ന അദ്ദേഹം ബോംബുവീണതിന്റെ തലേന്ന് തന്റെ ഒരു സ്നേഹിതയെക്കാണാനായി പട്ടണത്തിൽ നിന്നും സൈക്കിൾ ചവിട്ടി, അല്പം ദൂരെ ഒരിടത്തുപോയിരിക്കയായിരുന്നു. സന്ദർശനം പതിവിലും നീണ്ടപ്പോൾ അന്ന് രാത്രി സ്നേഹിതയോടൊപ്പം ചെലവിടാൻ സാതോഷി തീരുമാനിച്ചു. പിറ്റേന്ന് രാവിലെ ഹിരോഷിമയിൽ ബോംബുവീണു. അതിന്റെ പ്രകമ്പനങ്ങൾ അദ്ദേഹം കഴിഞ്ഞിരുന്നിടത്തേക്കും എത്തി. രാവിലെ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്ന സതോഷി സ്‌ഫോടനത്തിന്റെ ആഘാതത്തിൽ നിലത്തുമറിഞ്ഞുവീണുപോയി. ആ മുറിയുടെ കിഴക്കു ദിക്കിലേക്കുള്ള എല്ലാ ജനൽച്ചില്ലുകളും തകർന്നു തരിപ്പണമായി. ആ ചില്ലിൻകഷ്ണങ്ങൾ കൊണ്ട് അദ്ദേഹത്തിന്റെ മുഖം മുറിയുകയും ചെയ്തു.  

സ്വബോധം തിരിച്ചുകിട്ടിയ ഉടനെ അദ്ദേഹം തന്റെ സൈക്കിളിൽ ഹിരോഷിമ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു. പോകും വഴി കരിമഴ പെയ്തിറങ്ങി. കനത്ത കാറ്റിൽ അദ്ദേഹത്തിന്റെ സൈക്കിൾ ആടിയുലഞ്ഞു. സൈക്കിളിന്റെ ഹാൻഡിൽ ബാറിൽ മഴയിലെ എണ്ണമയമുള്ള കരിപടർന്നു. കയ്യിൽ ഒരു നോട്ടുപുസ്തകവുമായി അദ്ദേഹം തകർന്നടിഞ്ഞ ഹിരോഷിമാ നഗരത്തിലൂടെ നടന്നു. അദ്ദേഹത്തിന്റെ വീട് ബോംബിങ്ങിൽ തകർന്നുപോയിരുന്നു. തലചായ്ക്കാൻ ഇനി ഇടമില്ല. പക്ഷേ, വെറുതെയിരിക്കേണ്ട സമയവുമായിരുന്നില്ല അത്. ഒരു പത്രപ്രവർത്തകൻ എന്ന നിലയ്ക്ക് അദ്ദേഹത്തിന് ഒത്തിരിക്കാര്യങ്ങൾ ചെയ്യേണ്ടതുണ്ടായിരുന്നു. അദ്ദേഹം നേരെ ഹാരയിലേക്ക് പോയി. അവിടെയാണ് പ്രദേശത്തെ ഏക ട്രാൻസ്മിറ്റർ ഉണ്ടായിരുന്നത്. അവിടെനിന്നും അദ്ദേഹം ജപ്പാനിലെ ഔദ്യോഗിക പത്രമായ ഡോമൈയുടെ ഒകായാമ ഓഫീസിലേക്ക്, പിൽക്കാലത്ത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആ വാർത്ത റിപ്പോർട്ട് ചെയ്തു. 'ഇപ്പോൾ സമയം 8.16 ഇന്നുരാവിലെ ഹിരോഷിമയ്ക്കു മുകളിലൂടെ പറന്നുവന്ന ഒന്നോ രണ്ടോ വിമാനങ്ങൾ ഒരു 'സ്പെഷ്യൽ' ബോംബിട്ടു. ഹിരോഷിമ പൂർണ്ണമായും തകർന്നുതരിപ്പണമായിരിക്കുകയാണ്. ഉദ്ദേശം 1,70,000 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്.'

നാകാമുറ താൻ കണ്ട നാശനഷ്ടങ്ങൾ കണ്ട് ഒരു ഏകദേശം കണക്കുപറഞ്ഞതാണ്. അത് അത്ര മോശം കണക്കായിരുന്നില്ല എന്ന് പിന്നീട് ബോധ്യപ്പെട്ടു. പക്ഷേ, നാകാമുറയുടെ കണക്കുകൾ അദ്ദേഹത്തിന്റെ എഡിറ്റർക്ക് ശുദ്ധ ഭോഷ്കായിട്ടാണ് തോന്നിയത്. തെറ്റായ വിവരങ്ങൾ റിപ്പോർട്ടുചെയ്തതിന് നകാമുറയ്ക്ക് എഡിറ്ററുടെ ശകാരം കേൾക്കേണ്ടിവന്നു. ഒരൊറ്റ ബോംബിൽ എങ്ങനെ ഹിരോഷിമ നഗരം മുഴുവൻ തകർന്നടിയും എന്ന 'ന്യായമായ' സംശയമായിരുന്നു എഡിറ്റർക്ക്. പട്ടാളത്തിന് കുറേക്കൂടി വിശ്വാസ്യമായ കണക്കുകൾ റിപ്പോർട്ടുചെയ്യാൻ എഡിറ്റർ നാകാമുറയെ നിർബന്ധിച്ചു. വര്‍ധിച്ച കലിയോടെ നാകാമുറ ട്രാൻസ്മിറ്ററിലൂടെ അലറി "പട്ടാളക്കാർ വിഡ്ഢികളാണ്...". 

മൂന്നുദിവസം കഴിഞ്ഞ് നാഗസാക്കിയിൽ 'ഫാറ്റ് മാന്‍'

ഹിരോഷിമയിൽ ബോംബിട്ടതിനു പിന്നാലെ ജപ്പാൻ കീഴടങ്ങുമെന്നാണ് സഖ്യകക്ഷികൾ പ്രതീക്ഷിച്ചതെങ്കിലും, അതുണ്ടായില്ല. അതോടെ രണ്ടാമതും ജപ്പാനെതിരെ അണുബോംബ് പ്രയോഗിക്കാൻ തീരുമാനമായി. 1945 ഓഗസ്റ്റ് 9 -ന് ടിനിയൻ ദ്വീപിൽ നിന്നും, മേജർ ചാൾസ് സ്വീനി, വീണ്ടും 'ബോക്സ്കാർ'എന്ന മറ്റൊരു B29 സൂപ്പർ ഫോട്രെസ്സ്‌ ബൊംബാർഡിയർ വിമാനത്തിൽ 'ഫാറ്റ് മാന്‍' എന്ന വിളിപ്പേരുള്ള രണ്ടാമത്തെ അണുബോംബും കൊണ്ട് പറന്നുപൊങ്ങി.  'ഫാറ്റ് മാൻ' ഒരു 'പ്ലൂട്ടോണിയം ഇമ്പ്ലോഷൻ ബോംബ്'ആയിരുന്നു. ഇത്തവണത്തെ ലക്‌ഷ്യം,  ഹിരോഷിമയിൽ നിന്നും 420  കിലോമീറ്റർ അകലെയുള്ള നാഗസാക്കിയായിരുന്നു. രാവിലെ 11.02 -ന് അവിടെയും ബോംബ് നിക്ഷേപിക്കപ്പെട്ടു. 10,000 പൗണ്ട് ഭാരവും, 20,000 ടൺ ടിഎൻടിയുടെ സ്‌ഫോടകശേഷിയും ഉണ്ടായിരുന്ന ആ ബോംബ് വന്നുപതിച്ചതിന്റെ ഒരു കിലോമീറ്റർ പരിധിയിലുള്ള സകലതും തകർന്നടിഞ്ഞു. നാഗസാക്കിയുടെ എട്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ ജനൽച്ചില്ലുകളും തകർന്നുവീണു. ബോംബിന്റെ പരിധിയിൽ ഉണ്ടായിരുന്ന എല്ലാവര്‍ക്കും തേർഡ് ഡിഗ്രി പൊള്ളലുകൾ ഏറ്റു. 

hiroshima day

'നാഗസാക്കിയിലെ സ്ഫോടനദൃശ്യം' 

ബോംബ് വീണ സ്ഥലത്തിന് 500  മീറ്റർ അകലെയായിരുന്നു ഷിറോയാമാ പ്രൈമറി സ്‌കൂൾ. സ്‌കൂൾ നിന്നേടത്ത് ആകെ അവശേഷിച്ചത് കോൺക്രീറ്റിന്റെ ഒരു അസ്ഥികൂടം മാത്രമായിരുന്നു. മറ്റെല്ലാം തന്നെ തകർന്നടിഞ്ഞു. അന്നവിടെ ഉണ്ടായിരുന്ന ചിയോകാ ഇഗാഷിറ ആകെ കേട്ടത് ഞെട്ടിക്കുന്ന ഒരു പൊട്ടിത്തെറി ശബ്ദം മാത്രമാണ്. മുതുകിൽ നിന്ന് ഒരു റാത്തൽ ഇറച്ചി ഇളകിപ്പറിഞ്ഞു പോയപോലെ അവർക്കുതോന്നി. അസഹ്യമായ നീറ്റൽ അനുഭവപ്പെട്ടു. തൊട്ടടുത്ത് നിന്നിരുന്ന മകളെ അവർ തന്റെ  ശരീരം കൊണ്ട് മറച്ചുപിടിച്ചു. "രക്ഷിക്കണേ..." എന്ന് നിലവിളിക്കാൻ ചിയോക ആഗ്രഹിച്ചു. തൊണ്ടക്കുഴിയിൽ നിന്നും ശബ്ദം വെളിയിൽ വന്നില്ല. നാഗസാക്കി നഗരത്തെ ഒന്നാകെ ചിതയിൽ വെച്ച് എരിച്ച പോലെ തോന്നി. നഗരത്തിലെ ജയിലിന്റെ മൂന്നു കെട്ടിടങ്ങൾ ഒരു മൈക്രോസെക്കൻഡ്‌ നേരം കൊണ്ട് നിലം പൊത്തി. 
 
ഒടുവിൽ രണ്ടാമത്തെ അണുബോംബാക്രമണവും കഴിഞ്ഞതോടെ ജപ്പാന്റെ പ്രതിരോധം അവസാനിച്ചു. 1945  ഓഗസ്റ്റ് 15 -ന് റേഡിയോയിലൂടെ ജപ്പാൻ ചക്രവർത്തി ഹിരോഹിതോ, ജപ്പാൻ കീഴടങ്ങിയതായി പ്രഖ്യാപിച്ചു. ഹിരോഷിമയിൽ മരിച്ചത് 1,40,000  പേരായിരുന്നു എങ്കിൽ, നാഗസാക്കിയിൽ അത് 74,000  ആയിരുന്നു. ഹിരോഷിമയിൽ പ്രയോഗിക്കപ്പെട്ടതിനേക്കാൾ പ്രഹരശേഷി കൂടിയ ബോംബായിരുന്നു നാഗസാക്കിയിലേതെങ്കിലും രണ്ടു മലകൾക്കിടയിലായിരുന്നു നാഗസാക്കി എന്നത് അതിന്റെ ആഘാതത്തെ തെല്ലൊന്നു ചുരുക്കി. ഹിരോഷിമയിൽ അന്നുണ്ടായിരുന്ന ആശുപത്രികളിലെ 90 ശതമാനം ജീവനക്കാരും കൊല്ലപ്പെട്ടു. നാല്‍പ്പത്തിയഞ്ച് ആശുപത്രികളിൽ നാല്‍പ്പത്തിരണ്ടും നിലംപൊത്തി. കടുത്ത പൊള്ളലേറ്റായിരുന്നു ഭൂരിഭാഗം മരണങ്ങളും. പൊള്ളലേറ്റവരെ വേണ്ടരീതിയിൽ പരിചരിക്കാനുള്ള സൗകര്യങ്ങൾ ഇല്ലാതിരുന്നതുകൊണ്ടാണ് പലരും മരിച്ചത്. മറ്റുനഗരങ്ങളിൽ നിന്നും പരിക്കേറ്റവരെ സഹായിക്കാൻ വന്നെത്തിയ പലരും റേഡിയേഷനേറ്റ് കാൻസർ വന്ന് മരിച്ചു. രക്താർബുദം അടുത്ത അഞ്ചാറുകൊല്ലങ്ങളിൽ ആ പ്രദേശത്ത് വ്യാപകമായ മരണങ്ങൾക്ക് കാരണമായി. ഗർഭാവസ്ഥയിൽ റേഡിയേഷൻ ഏറ്റ പല സ്ത്രീകളുടെയും കുഞ്ഞുങ്ങൾ ജനിതക തകരാറുകളോടെ പിറന്നുവീണു.

hiroshima day

'അണുവികിരണത്തിൽ നിന്നും രക്ഷതേടാൻ മാസ്ക് ധരിച്ചു നിൽക്കുന്ന ജാപ്പനീസ് പെൺകുട്ടികൾ '

നാഗസാക്കിയിൽ 'ഫാറ്റ് മാൻ' ഇട്ട ബോക്‌സ് കാർ  സൂപ്പർ ഫോട്രെസ്സ് വിമാനത്തിലെ ബൊംബാഡിയർ ആയ ക്യാപ്റ്റൻ കെർമിറ്റ് ബീഹൻ പറഞ്ഞ ഒരു വാചകത്തിൽ അവസാനിപ്പിക്കാം. 1985 -ൽ നാഗസാക്കി ബോംബിങ്ങിന്റെ നാല്പതാം വാർഷികത്തിൽ അദ്ദേഹത്തോട് പത്രക്കാർ ചോദിച്ചു, "അങ്ങേക്ക് അന്ന് അത്രയും പേരെ കൊന്ന ആ ബോംബ് ഇടേണ്ടി വന്നതിൽ തരിമ്പും പശ്ചാത്താപമില്ലേ..?" 

അദ്ദേഹം പറഞ്ഞു,  "പശ്ചാത്താപമോ..? ഒരിക്കലുമില്ല... ആ നരകം ഒന്നവസാനിപ്പിച്ചു കിട്ടാൻ അങ്ങനെ ഒരു കടുംകൈ അത്യാവശ്യമായിരുന്നു..." ഒരു നെടിയ നിശ്വാസത്തോടെ അദ്ദേഹം ഇത്രകൂടി പറഞ്ഞു, "ഈ ലോകത്ത് മനുഷ്യരാശിക്കുമേൽ ഇത്രയും മാരകമായ ഒരു ബോംബിടേണ്ടി വരുന്ന അവസാനത്തെ ദുർഭാഗ്യവാൻ ഈ ഞാനാവട്ടെ...''

Follow Us:
Download App:
  • android
  • ios