ഒരു വശത്ത് പ്രണയത്തിൻ്റെ തീവ്രതയും മറുവശത്ത് സാമ്രാജ്യത്വ രാഷ്ട്രീയത്തിൻ്റെ ക്രൂരമായ കരുനീക്കങ്ങളും ക്ലിയോപാട്രയുടെ ജീവിതത്തെ നാടകീയമാക്കി. ഈജിപ്തിൻ്റെ പരമാധികാരം നിലനിർത്താൻ വേണ്ടി ക്ലിയോപാട്ര നടത്തിയ ധീരമായ പോരാട്ടങ്ങൾ…

പുരാതന ഈജിപ്തിന്റേയും റോമിന്റേയും ഗതി നിർണ്ണയിച്ച, ലോകം കണ്ട ഏറ്റവും വലിയ പ്രണയകഥയും അധികാരപ്പോരാട്ടവുമാണ് ക്ലിയോപാട്ര VII-ൻ്റേത്. ഈജിപ്തിന്റെ അവസാനത്തെ ഫറവോ ആയിരുന്ന ക്ലിയോപാട്രയുടെ ജീവിതം, റോമിലെ രണ്ട് ശക്തരായ സൈനിക മേധാവികളുമായുള്ള അവരുടെ ബന്ധത്തിലൂടെയാണ് ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തപ്പെട്ടത്.

ക്ലിയോപാട്രയുടെ ആകർഷകമായ വ്യക്തിത്വവും രാഷ്ട്രീയ തന്ത്രജ്ഞതയും റോമൻ സാമ്രാജ്യത്തിലെ ഏറ്റവും ശക്തരായ ഭരണാധികാരികളായിരുന്ന ജൂലിയസ് സീസറുമായും മാർക്ക് ആൻ്റണിയുമായുമുള്ള ബന്ധത്തിന് കാരണമായി. ഈ ബന്ധങ്ങൾ കേവലം പ്രണയബന്ധങ്ങൾക്കപ്പുറം, ഈജിപ്തിന്റെ സ്വയംഭരണവും റോമൻ രാഷ്ട്രീയത്തിലെ അധികാര സന്തുലിതാവസ്ഥയും നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. സീസറുമായുള്ള ബന്ധം ക്ലിയോപാട്രയെ ഈജിപ്തിൻ്റെ ഭരണാധികാരിയായി നിലനിർത്താൻ സഹായിച്ചപ്പോൾ, മാർക്ക് ആൻ്റണിയുമായുള്ള സഖ്യം റോമൻ റിപ്പബ്ലിക്കിനെ ആഭ്യന്തരയുദ്ധത്തിലേക്ക് നയിക്കുകയും അഗസ്റ്റസിൻ്റെ (ഒക്ടേവിയൻ) ഉയർച്ചക്ക് വഴിയൊരുക്കുകയും ചെയ്തു.

ഒരു വശത്ത് പ്രണയത്തിൻ്റെ തീവ്രതയും മറുവശത്ത് സാമ്രാജ്യത്വ രാഷ്ട്രീയത്തിൻ്റെ ക്രൂരമായ കരുനീക്കങ്ങളും ക്ലിയോപാട്രയുടെ ജീവിതത്തെ നാടകീയമാക്കി. ഈജിപ്തിൻ്റെ പരമാധികാരം നിലനിർത്താൻ വേണ്ടി ക്ലിയോപാട്ര നടത്തിയ ധീരമായ പോരാട്ടങ്ങൾ, റോമൻ സാമ്രാജ്യത്തിൻ്റെ വികസനത്തിനും പുതിയ ചരിത്ര അധ്യായങ്ങൾക്കും വഴിയൊരുക്കി. അവരുടെ മരണം ഒരു യുഗത്തിൻ്റെ അന്ത്യം കുറിക്കുകയും ഈജിപ്തിനെ റോമൻ പ്രവിശ്യയായി മാറ്റുകയും ചെയ്തു. ക്ലിയോപാട്ര VII-ൻ്റെ കഥ വെറുമൊരു പ്രണയകഥയല്ല, മറിച്ച് അധികാരത്തിനും നിലനിൽപ്പിനും വേണ്ടിയുള്ള ഒരു സ്ത്രീയുടെ അചഞ്ചലമായ പോരാട്ടത്തിൻ്റെയും, ആ പോരാട്ടം ഒരു സാമ്രാജ്യത്തിൻ്റെ വിധിയെ എങ്ങനെ മാറ്റിമറിച്ചു എന്നതിൻ്റെയും ചരിത്രമാണ്.

ക്ലിയോപാട്രയുടെ പശ്ചാത്തലം

അലക്സാണ്ടർ ദി ഗ്രേറ്റിൻ്റെ മരണശേഷം (ബിസി 323) ഈജിപ്ത് ഭരിച്ച ഗ്രീക്ക്-മാസിഡോണിയൻ വംശാവലിയായ ടോളമിക് രാജവംശത്തിലെ അംഗമായിരുന്നു ക്ലിയോപാട്ര. ഈജിപ്തിൻ്റെയും സൈറീനിൻ്റെയും സൈപ്രസിൻ്റെയും രാജ്ഞിയായ അവർ, തൻ്റെ രാജ്യത്തിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ദൃഢനിശ്ചയമുള്ളവളായിരുന്നു. അവരുടെ തീക്ഷ്ണമായ വ്യക്തിത്വവും ബുദ്ധിശക്തിയും സൗന്ദര്യവുമാണ് റോമിൻ്റെ ശക്തരായ ജനറൽമാരെ ആകർഷിച്ചത്. 

എന്നാൽ ക്ലിയോപാട്രയുടെ പിതാവായ ടോളമി റോമാക്കാർക്ക് ഈജിപ്തിലേക്കുള്ള വാതിൽ തുറന്നു കൊടുത്തു. അദ്ദേഹത്തിൻ്റെ രാജകീയ പദവി ചോദ്യം ചെയ്യപ്പെട്ടപ്പോൾ, 6,000 ടാലൻ്റ് (ബില്യൺ യുഎസ് ഡോളർ) റോമിന് നൽകി അദ്ദേഹം അധികാരം നിലനിർത്തി. ഈ നീക്കം ഈജിപ്തിനെ സാമ്പത്തികമായി തകർക്കുകയും റോമിന് ഈജിപ്തിൽ സ്വാധീനമുറപ്പിക്കാൻ അവസരം നൽകുകയും ചെയ്തു. ബിസി 51-ൽ, 18 വയസ്സുള്ള ക്ലിയോപാട്ര, തൻ്റെ ഇളയ സഹോദരനും ഭർത്താവുമായിരുന്ന 10 വയസ്സുകാരൻ ടോളമി XIII-നൊപ്പം ഈജിപ്തിൻ്റെ സഹ ഭരണാധികാരിയായി രംഗത്തെത്തി.

ക്ലിയോപാട്രയും ജൂലിയസ് സീസറും: പ്രണയത്തിൻ്റെ തുടക്കം

അധികാരം പൂർണ്ണമായും കൈക്കലാക്കാൻ ആഗ്രഹിച്ച ക്ലിയോപാട്ര ഉടൻതന്നെ ഔദ്യോഗിക രേഖകളിൽ നിന്ന് സഹോദരന്റെ പേര് ഒഴിവാക്കാൻ തുടങ്ങി. എന്നാൽ സാമ്പത്തിക തകർച്ചയും ക്ഷാമവും കാരണം ഈജിപ്ത് ദുർബലമായിരുന്നു. രാജ്യത്തെ സമാധാനത്തിലേക്കും ഐശ്വര്യത്തിലേക്കും നയിക്കാൻ തനിക്ക് ശക്തനായ റോമിന്റെ സഹായം ആവശ്യമാണെന്ന് അവർ തിരിച്ചറിഞ്ഞു, പക്ഷെ അത് തന്റെ നിബന്ധനകൾക്ക് കീഴിൽ ആയിരിക്കണം എന്നും തീരുമാനിച്ചു. ബിസി 48-ൽ, ടോളമി XIII ക്ലിയോപാട്രയെ അലക്സാണ്ട്രിയയിൽ നിന്ന് പുറത്താക്കി. ഇതോടെ, അധികാരമില്ലാതെ ഒറ്റപ്പെട്ട ക്ലിയോപാട്ര സീസറിൻ്റെ സഹായം തേടി.

കിടക്ക സഞ്ചിക്കുള്ളിലെ കൂടിക്കാഴ്ച

അന്ന്, തൻ്റെ എതിരാളിയായ പോംപിയെ പിന്തുടർന്ന് സീസറും സൈന്യവും അലക്സാണ്ട്രിയയിൽ എത്തിയിരുന്നു. ക്ലിയോപാട്ര സീസറിനെ കാണാൻ ഒരു തന്ത്രം ആസൂത്രണം ചെയ്തു. ചരിത്രകാരനായ പ്ലൂട്ടാർക്കിൻ്റെ വിവരണമനുസരിച്ച്: "ക്ലിയോപാട്ര ഒരു ചെറിയ തോണിയിൽ കയറി കൊട്ടാരത്തിലെത്തി. ശ്രദ്ധയിൽപ്പെടാതിരിക്കാൻ, അവൾ ഒരു കിടക്ക സഞ്ചിക്കുള്ളിൽ മുഴുവനായും കിടന്നു. ഈ സഞ്ചി അവളുടെ പരിചാരകൻ സീസറിൻ്റെ അടുത്തേക്ക് ചുമന്നുകൊണ്ട് പോയി."

അന്ന് ക്ലിയോപാട്രയ്ക്ക് 21 വയസ്സ്, സീസറിന് 52. 30 വയസ്സിൻ്റെ വ്യത്യാസം അവരെ ബാധിച്ചതേയില്ല, സീസർ രാജ്ഞിയിൽ അപ്പോൾ തന്നെ ആകൃഷ്ടനായി. അദ്ദേഹം ക്ലിയോപാട്രയെ സഹോദരനുമായി ഒന്നിപ്പിച്ച് സഹ-ഭരണാധികാരിയാക്കി. സീസറുമായി ഒരു രാത്രി ചെലവഴിച്ച ശേഷം ക്ലിയോപാട്രയെയും സീസറെയും ഒരുമിച്ച് കണ്ട ടോളമി XIII പ്രകോപിതനായി, തൻ്റെ കിരീടം നിലത്തെറിഞ്ഞ് ഇറങ്ങിപ്പോയി. ഇതിനെത്തുടർന്ന് ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ടു. ടോളമിയും ക്ലിയോപാട്രയുടെ ഇളയ സഹോദരി അർസിനോയിയും റോമൻ സൈന്യത്തിനെതിരെ യുദ്ധം ചെയ്തു. സീസറിൻ്റെ സൈന്യത്തിൻ്റെ സഹായത്തോടെ ഇരുവരും പരാജയപ്പെട്ടു.

ബിസി. 47-ൽ, ക്ലിയോപാട്ര സീസറിൻ്റെ മകന് ജന്മം നൽകി. അവൻ ടോളമി സീസർ അഥവാ സീസേറിയോൺ ('ചെറിയ സീസർ') എന്നറിയപ്പെട്ടു. സീസറിനോടൊപ്പം ക്ലിയോപാട്രയും സീസേറിയോണും റോമിലേക്ക് പോയി. എന്നാൽ, ഒരു വിദേശിയുടെ മകൻ റോമിൻ്റെ അടുത്ത അവകാശിയാകുമെന്ന ചിന്ത റോമൻ ജനതയെ പ്രകോപിപ്പിച്ചു. ബിസി 44-ൽ സീസർ വധിക്കപ്പെട്ടതോടെ, റോമിൽ വെറുക്കപ്പെട്ട വ്യക്തിയായി മാറിയ ക്ലിയോപാട്ര മകനുമായി ഈജിപ്തിലേക്ക് പലായനം ചെയ്തു. ഇതിനു പിന്നാലെ, ക്ലിയോപാട്രയുടെ അടുത്ത സഹോദര-ഭർത്താവായിരുന്ന ടോളമി XIV-ഉം മരണപ്പെട്ടു . അതോടെ മൂന്നു വയസ്സുകാരൻ മകനോടൊപ്പം ഭരിക്കാൻ അവർക്ക് സ്വാതന്ത്ര്യം ലഭിച്ചു.

ക്ലിയോപാട്രയും മാർക്ക് ആന്റണിയും

സീസറിൻ്റെ മരണശേഷം, റോമൻ നേതൃത്വത്തിനായി ഒക്ടേവിയനും മാർക്ക് ആന്റണിയും തമ്മിൽ തർക്കമുണ്ടായി. കിഴക്കൻ റോമൻ പ്രദേശങ്ങളുടെ ഭരണം ആന്റണിക്ക് ലഭിച്ചു. പാർഥ്യൻ സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ പണം ആവശ്യമുള്ള ആന്റണിയുടെ കണ്ണ് ഈജിപ്തിലെ സമ്പത്തിൽ പതിഞ്ഞു. ആന്റണിയെ കാണാൻ ടാർസസിലേക്ക് (ഇന്നത്തെ തുർക്കി) പോയ ക്ലിയോപാട്രയുടെ വരവ്, സീസറിനെ കാണാൻ പോയതിനേക്കാൾ ഗംഭീരമായിരുന്നു. സീസറെപ്പോലെ ആന്റണിയും രാജ്ഞിയിൽ അത്യധികം ആകൃഷ്ടനായി. ആന്റണി തൻ്റെ ദൗത്യങ്ങൾ ഉപേക്ഷിച്ച് ശൈത്യകാലം മുഴുവനും ക്ലിയോപാട്രയോടൊപ്പം അലക്സാണ്ട്രിയയിൽ ചെലവഴിച്ചു.

ഈ സമയത്ത്, ഈജിപ്തിലെ തൻ്റെ ഭരണത്തിന് ഭീഷണിയായിരുന്ന സഹോദരി അർസിനോയിയെ ആന്റണിയുടെ നിർദ്ദേശപ്രകാരം വധിച്ചു. ബിസി 40-ൽ അവർക്ക് അലക്സാണ്ടർ ഹീലിയോസ്, ക്ലിയോപാട്ര സെലീൻ II എന്നീ ഇരട്ടക്കുട്ടികൾ പിറന്നു. പിന്നീട് ടോളമി ഫിലാഡെൽഫസ് എന്ന മറ്റൊരു മകനും പിറന്നു. പിന്നിട് ആന്റണി, ഒക്ടേവിയൻ്റെ സഹോദരിയായ ഒക്ടേവിയ മൈനറെ വിവാഹം കഴിച്ചെങ്കിലും, ബിസി 37-ൽ അദ്ദേഹം ക്ലിയോപാട്രയുടെ അടുത്തേക്ക് തിരികെയെത്തി.

അധികാരത്തിന്റെ അവസാനം

കൂടുതൽ അധികാരത്തിനായി ഒക്ടേവിയൻ മറ്റ് റോമൻ നേതാക്കളെ പരാജയപ്പെടുത്തി ശക്തി പ്രാപിച്ചു. ബിസി 33-ൽ, ആന്റണി തൻ്റെ സഹോദരിയെ ഉപേക്ഷിച്ചതിന് പ്രതികാരമായി ഒക്ടേവിയൻ ഈജിപ്ഷ്യൻ രാജ്ഞിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ബിസി 31-ൽ, ഗ്രീസിൻ്റെ പടിഞ്ഞാറൻ തീരത്തുള്ള ആക്റ്റിയം യുദ്ധത്തിൽ ക്ലിയോപാട്രയുടെയും ആന്റണിയുടെയും സംയുക്ത സൈന്യം ഒക്ടേവിയൻ്റെ സൈന്യത്തോട് ദയനീയമായി പരാജയപ്പെട്ടു. 

ക്ലിയോപാട്ര തൻ്റെ രക്ഷയ്ക്കായി ഒക്ടേവിയനുമായി കരാറുണ്ടാക്കി എന്ന് തെറ്റിദ്ധരിച്ച ആന്റണി, റോമൻ ആചാരപ്രകാരം, വാളിൽ വീണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. പരിക്കേറ്റ അദ്ദേഹത്തെ ക്ലിയോപാട്ര ഒളിച്ചിരുന്ന ശവകുടീരത്തിൽ എത്തിച്ചു. ആന്റണി ക്ലിയോപാട്രയുടെ കൈകളിൽ കിടന്ന് മരണപ്പെട്ടു. താൻ ഒക്ടേവിയൻ്റെ തടവുകാരിയായി റോമിലെ തെരുവുകളിലൂടെ വലിച്ചിഴയ്ക്കപ്പെടും എന്ന് മനസ്സിലാക്കിയ ക്ലിയോപാട്ര, അസ്പിസ് എന്ന ഈജിപ്ഷ്യൻ മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിച്ച് സ്വയം മരണം വരിച്ചു. അതോടെ റോം വിജയിച്ചു. ഈജിപ്തിലെ ഫറവോമാരുടെ യുഗം അവസാനിക്കുകയും, ഈജിപ്ത് റോമിൻ്റെ കീഴിലാവുകയും ചെയ്തു.

പിന്തുടർച്ചക്കാർ

ക്ലിയോപാട്രയുടെ മരണശേഷം, ഒക്ടേവിയൻ റോമിന്റെ ചക്രവർത്തിയായി (അഗസ്റ്റസ് സീസർ). റോമിൻ്റെ അധികാരം തന്റെ കൈവശം സുരക്ഷിതമാക്കാൻ, ക്ലിയോപാട്രയുടെ മകൻ സീസേറിയോണിനെ അദ്ദേഹം വധിച്ചു. ആന്റണിയിൽ ജനിച്ച മൂന്ന് കുട്ടികളെ ചങ്ങലയ്ക്കിട്ട് റോമിൽ പ്രദർശിപ്പിച്ചു. പിന്നീട് ഇവരെ ആന്റണിയുടെ മുൻ ഭാര്യ ഒക്ടേവിയയുടെ സംരക്ഷണത്തിലാക്കി. കുട്ടികളിൽ ക്ലിയോപാട്ര സെലീൻ II പിന്നീട് മൗറിറ്റാനിയയിലെ രാജ്ഞിയായി.