എല്ലാക്കാലവും ചരിത്രത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന സംഭവമായി അടയാളപ്പെടുത്തപ്പെട്ടതാണ് ഹോളോകോസ്റ്റ്. ഹിറ്റ്ലറും അയാളുടെ പടയും ചേര്‍ന്ന് കൊന്നുതള്ളിയ നിരപരാധികള്‍ക്ക് കണക്കില്ല. അത്തരമൊരു അനുഭവമായിരുന്നു കാറ്റിയുടെ മുത്തശ്ശിക്കും. ആ കഥ കാറ്റി തന്നെ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. 1939 -ല്‍ ഹിറ്റ്ലര്‍ പോളണ്ടിലേക്ക് അധിനിവേശം നടത്തുമ്പോള്‍ കാറ്റിയുടെ മുത്തശ്ശിക്ക് രണ്ട് വയസായിരുന്നു പ്രായം. 

ചരിത്രത്തിലെ തന്നെ ആ ഏറ്റവും വലിയ വംശഹത്യയെ അവളുടെ മുത്തശ്ശി അതിജീവിച്ചു. പക്ഷേ, ജീവിതത്തിലെക്കാലവും അത് നല്‍കിയ വേദന അവരെ പിന്തുടര്‍ന്നു. 56 വര്‍ഷങ്ങള്‍ക്കുശേഷം കാറ്റിയുടെ മുത്തശ്ശി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് ഗേറ്റിന് മുന്നിലൂടെ കടന്നുപോയി. ഉണങ്ങാത്ത മുറിവ് വീണ്ടും വേദനിച്ചു. അപ്പോഴാണ് കൊച്ചുമകളോട് പോലും അന്നത്തെ അനുഭവം അവര്‍ പങ്കുവച്ചത്. ആ അനുഭവമാണ് കാറ്റി പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത് അത് ഇങ്ങനെയായിരുന്നു: 

1939 -ല്‍ ഹിറ്റ്ലര്‍ പോളണ്ടിലേക്ക് മാര്‍ച്ച് ചെയ്യുമ്പോള്‍ എന്‍റെ മുത്തശ്ശിക്ക് രണ്ട് വയസായിരുന്നു പ്രായം. അവര്‍ക്ക് നാല് വയസ് പ്രായമുള്ളപ്പോള്‍ മുറ്റത്ത് കളിക്കുകയായിരുന്നു. പെട്ടെന്നാണ് അലര്‍ച്ചകളും നിലവിളികളും കേട്ടത്. അവര്‍ മുറ്റത്തുനിന്ന് നോക്കിയപ്പോള്‍ നാസികളെ കാണാമായിരുന്നു. അവരുടെ അയല്‍ക്കാരനായ മൂന്നുവയസുകാരന്‍റെ ശവശരീരവും അവിടെ കാണാമായിരുന്നു. നാസികള്‍ ബഹളം വച്ചുകൊണ്ടിരുന്നു. അവിടെവച്ചുതന്നെ അവര്‍‌ അവനെ കൊന്നുകളയുകയായിരുന്നു. ആ മൂന്നുവയസുകാരന് നാസികളുടെ ബുള്ളറ്റാല്‍ ജീവന്‍ നഷ്ടപ്പെട്ടു. 

മാസങ്ങള്‍ക്കുശേഷം ഒരുദിവസം എന്‍റെ മുത്തശ്ശിയും വീട്ടുകാരും അതിരാവിലെ ഉറക്കമുണര്‍ന്നു. അവരോട് റെഡിയായി മുറ്റത്തേക്കിറങ്ങാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അവര്‍ ട്രെയിന്‍ സ്റ്റേഷനിലേക്കാണ് പോയത്. അവരുടെ അച്ഛനെ ഒരു ട്രെയിനിലും അമ്മയേയും കുഞ്ഞുസഹോദരങ്ങളെയും മറ്റൊരു ട്രെയിനിലും കയറ്റി. അന്ന് മുത്തശ്ശിക്ക് അഞ്ച് വയസായിരുന്നു പ്രായം. അവരെ കൊണ്ടുപോയത് മൈദാനേക് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലേക്കായിരുന്നു. ആദ്യത്തെ ദിവസം മുത്തശ്ശിയോടും മറ്റ് കുട്ടികളോടും പ്രഭാതഭക്ഷണത്തിന് മുമ്പ് പുറത്തേക്ക് പോകാനും വരിവരിയായി നില്‍ക്കാനും പറഞ്ഞു. ഒരു നാസി ഓരോ കുട്ടിയേയും എണ്ണിത്തുടങ്ങി, ഒന്ന്... രണ്ട്.... മൂന്ന്... നാല്.... അഞ്ച്.... ആറ്.... ഏഴ്... എട്ട്.... ഒമ്പത്... എന്നിട്ട് പത്താമത്തെ കുട്ടിയെ വെടിവച്ചുകൊന്നു. ഏതൊരു നിര്‍ഭാഗ്യവാനായ കുട്ടി വേണമെങ്കിലും വെടിയേറ്റ് കൊല്ലപ്പെടാമെന്ന് അയാള്‍ അവരോട് പറഞ്ഞു. ശബ്ദമുണ്ടാക്കാതെ, പരാതിപ്പെടാതെ ജോലി ചെയ്യാനും ആജ്ഞാപിച്ചു. 

എന്‍റെ മുത്തശ്ശി ഒരു പോളിഷ് കാത്തലിക്ക് ആയിരുന്നു. പോളിഷ് ജൂതരിലേക്ക് ഏതാനും അടിയുടെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. ഓഫീസര്‍മാരിലൊരാളുടെ ഭാര്യയ്ക്ക് ഒരു കുട്ടിയെ ദത്തെടുക്കാന്‍ ആഗ്രഹമുണ്ടായി. അവര്‍ എന്‍റെ മുത്തശ്ശിയെ ദത്തെടുത്തു. അവരുടെ പേര് മാറ്റി. അമ്മ മരിച്ചുവെന്ന് മുത്തശ്ശിയോട് പറഞ്ഞു. അങ്ങനെയാണ് മുത്തശ്ശി ജര്‍മ്മനാവുന്നത്. സഖ്യരാജ്യങ്ങള്‍ പോളണ്ടിലേക്ക് വരുന്നുവെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് മുത്തശ്ശിയെ ദത്തെടുത്ത ഓഫീസറും ഭാര്യയും പെട്ടെന്നുതന്നെ അവിടം വിട്ടു. ആ തിരക്കിനിടയില്‍ അവരെന്‍റെ മുത്തശ്ശിയെ, അവര്‍ പുതുതായി ദത്തെടുത്ത മകളെ മറന്നുപോയി. മൂന്നുദിവസം ഓഫീസര്‍മാരിലൊരാളുടെ വീട്ടില്‍ തനിച്ച് കഴിഞ്ഞു മുത്തശ്ശി. പിന്നീട് റെഡ് ക്രോസെത്തി അവരെ കൊണ്ടുപോയി, പേര് ചോദിച്ചു. ആറ് മാസം അവര്‍ മുത്തശ്ശിയുടെ കുടുംബത്തിന് വേണ്ടി അന്വേഷിച്ചു. 

പതുക്കെ അവരെ കണ്ടെത്തി. എന്തോ എങ്ങനെയോ അമ്മയും അച്ഛനും സഹോദരങ്ങളും ജീവനോടെ ശേഷിച്ചിരുന്നു. എന്‍റെ മുത്തശ്ശി ഒരിക്കലും നാസി ഓഫീസറെയോ അയാളുടെ ഭാര്യയേയോ സ്നേഹത്തോടെ ഓര്‍ത്തിട്ടില്ല. അവരെ മനുഷ്യരായിപ്പോലും മുത്തശ്ശി കണ്ടില്ല. മൈദൈനേക് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് ഗേറ്റിനടുത്തേക്ക് ചെല്ലുംവരെ മുത്തശ്ശി ഇതൊന്നും എന്നോട് പറഞ്ഞിരുന്നില്ല. അവിടെവച്ച് ഓര്‍മ്മകള്‍ കൊണ്ട് അവര്‍ പൊട്ടിക്കരഞ്ഞു. അത് 2001 -ലായിരുന്നു. റെഡ്ക്രോസ് അവരെ രക്ഷിച്ചിട്ട് 56 വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. ആ ഭയവും ഭീകരതയും കാലത്താല്‍ ഇല്ലാതായില്ല. ഹോളോകോസ്റ്റ് ഇരകളുടെ ഡിഎന്‍എ -യില്‍ വ്യത്യാസമുണ്ടാക്കുമെന്ന് പഠനം പറയുന്നു. അവരുടെ മാനസികവളര്‍ച്ചയെ ബാധിക്കുമെന്നും. ഞാന്‍ ജീവിക്കുന്നതും ആ ഡിഎന്‍എ -യോട് കൂടിയാണ്. അതുകൊണ്ട് നിങ്ങള്‍ നിയോ നാസികള്‍ നല്ലവരാണ് എന്ന് വിശ്വസിക്കുന്നുവെങ്കില്‍ അവരുടെ ശബ്ദം നാം കേള്‍ക്കണമെന്ന് പറയുകയാണെങ്കില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ഒരു മൂന്നുവയസുകാരനെ കുറിച്ച് ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.

അത് തന്നെയാണ് നാസികള്‍ക്ക് ശബ്ദം കൊടുത്തപ്പോള്‍ സംഭവിച്ചത്. അതാണ് എന്‍റെ മുത്തശ്ശിയെ ഒരിക്കലവരെ തടവിലിട്ടിരുന്ന കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിന്‍റെ മുന്നില്‍ പൊട്ടിക്കരയിപ്പിച്ചത്. നാസികളും തുടങ്ങിയത് ഒരു ശബ്ദത്തില്‍ നിന്നാണ്, ഒരു സന്ദേശവുമായാണ് അത് എത്തിച്ചേര്‍ന്നതാവാട്ടെ പറയാന്‍പോലുമാവാത്തത്ര ക്രൂരതയിലും.