ഈ ലോകത്തിലേക്ക് പതിനായിരത്തില്‍ പരം പുണ്യാളന്മാർ പിറന്നുവീണിട്ടുണ്ട് എന്നാണ് ഏകദേശ കണക്ക്. അക്കൂട്ടത്തിൽ പെടുത്താമോ എന്നറിയില്ല, എന്നാലും, കുറ്റകൃത്യങ്ങളുടെ പറുദീസ എന്നറിയപ്പെടുന്ന വെനിസ്വേലയിലുമുണ്ട് ഒരു പ്രത്യേക തരം പുണ്യാളൻ.  തോക്കേന്തിയ, ചുരുട്ട് പുകച്ചു തള്ളുന്ന ഒരു പുണ്യാളൻ. 

എല്ലാ തിങ്കളാഴ്ച ദിവസവും പത്രങ്ങളിൽ വാരാന്ത്യത്തിൽ നടന്ന കൊലപാതകങ്ങളുടെ റിപ്പോർട്ടുകള്‍  കണികണ്ടാണ് വെനിസ്വേല ഉണരുന്നത്. അപ്പോൾ പിന്നെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികളിൽ കൂട്ടുവരേണ്ട പുണ്യാളനും വേണ്ടേ ഇത്തിരി പ്രൊട്ടക്ഷനൊക്കെ. തോക്കേന്തിയ വെനിസ്വേലൻ  പുണ്യാളന്റെ പേര് ഇസ്മായേൽ എന്നാണ്. നിയമത്തെ വെല്ലുവിളിക്കുന്ന കുറ്റവാളികൾക്കും അവരെ തുരത്താൻ ശ്രമിക്കുന്ന പൊലീസുകാർക്കും നിയമം അനുസരിച്ച് കഴിഞ്ഞുകൂടുന്ന പൊതുജനങ്ങൾക്കും ഒക്കെ ഒരുപോലെ ഉപകാരിയാണ് 'മരിയാ ലിയോൺസ' കള്‍ട്ടിൽ പെട്ട ഇസ്മായേൽ പുണ്യാളൻ. 

ലോകത്തിൽ ഏറ്റവും കൂടുതൽ അക്രമങ്ങൾ നടക്കുന്ന ഒരു സ്ഥലമാണ് വെനിസ്വെല. വർഷത്തിൽ 14000 കൊലപാതകങ്ങളാണ് ഇവിടെ റിപ്പോർട്ട്  ചെയ്യപ്പെടുന്നത്.. യാചകര്‍ വരെ എ കെ 47 കൊണ്ട് നടക്കുന്ന  ബാഗ്ദാദിൽ പോലും ജനം  ഇതിനേക്കാൾ  സുരക്ഷിതരാണ്,  എന്നാണ് കരാക്കസുകാരുടെ പക്ഷം. 

അവിടെയാണ് ഇസ്മായേൽ പുണ്യാളന്റെയും  അദ്ദേഹത്തിന്റെ പരിശുദ്ധ കൊട്ടേഷൻ സംഘത്തിന്റെയും പ്രസക്തി. ശരണാഗതരായി തങ്ങൾക്കരികിൽ എത്തുന്ന ആർക്കും അവർ നന്മ മാത്രമേ ചെയ്യാറുള്ളൂ. ഇവരുടെ  പ്രതിമകൾ ആകെ  ഫ്രീക്കാണ്. അവയിൽ തലതിരിച്ചു വെച്ച ബേസ്ബാൾ ക്യാപ്പുകൾ കാണാം, ചുണ്ടിൽ പിടിപ്പിച്ചുവെച്ച ചുരുട്ടുകൾ കാണാം, അരയിലെ ബെൽറ്റിൽ ഞാത്തിയിട്ട റിവോൾവറുകളും കാണാം. 

വെനിസ്വേലയിൽ പണ്ടുതൊട്ടേ പ്രചാരത്തിലുള്ള 'മരിയാ ലയോൺസാ' കൾട്ടിലേക്ക് സമീപകാലത്ത് കൂട്ടിച്ചേർക്കപ്പെട്ട മിത്തുകളിൽ ഒന്നാണ് ഇസ്മായേലും കൂടെയുള്ള പരിശുദ്ധ കൊട്ടേഷൻ സംഘവും.  മരിച്ചു പോവുന്നവരുടെ ആത്മാക്കൾ ഈ ലോകം വിട്ടുപോവുന്നില്ലെന്നും, അവയെ പ്രീതിപ്പെടുത്തിയാൽ നമുക്ക് പലതു സാധിക്കാമെന്നും കരുതുന്നവരാണ് 'മരിയാ ലയോൺസ' കൾട്ടിൽ വിശ്വസിക്കുന്നവർ. 

ഈ കൾട്ടിന്റെ സ്വാധീന ശക്തി വിശദമാക്കാൻ ഒരൊറ്റ ഉദാഹരണം പറയാം. ഫ്രെഡ്ഡി കാസ്ട്രോ എന്നൊരു പയ്യനുണ്ടായിരുന്നു കാരാക്കസിൽ. അവനെ പൊലീസ് ഒരു കേസിൽ പെടുത്തി അകത്താക്കിയപ്പോൾ അവന്റെ അമ്മ ആകെ പരിഭ്രാന്തയായി നഗരത്തിലെ ഏറ്റവും സമർത്ഥനായ ഒരു വക്കീലിനെ കേസ് ഏൽപ്പിച്ചു. ഒപ്പം, അവർ ഇസ്മായേലിനെയും, അദ്ദേഹത്തിന്റെ പരിശുദ്ധ കൊട്ടേഷൻ സംഘത്തെയും കൂടി പ്രീതിപ്പെടുത്താനുള്ള പ്രാർത്ഥനകളിലും ഏർപ്പെട്ടു. യാദൃച്ഛികമായി, സാധ്യത  ഏറെക്കുറവാണെന്ന് വക്കീൽ പറഞ്ഞിരുന്നിട്ടും, ആ കേസിൽ നിന്നും തടിയൂരി രക്ഷപ്പെടാൻ  ഫ്രെഡ്ഡിയ്ക്ക് നിഷ്പ്രയാസം സാധിച്ചു. അതിന്റെ ക്രെഡിറ്റ് അവന്റെ അമ്മ കൊടുക്കുന്നത് വെനിസ്വെലയിലെ നീതിന്യായ വ്യവസ്ഥയ്‌ക്കോ, ലക്ഷങ്ങൾ എണ്ണിക്കൊടുത്ത ആ വക്കീലിനോ അല്ല, നമ്മുടെ ഇസ്മായേൽ പുണ്യാളനും അദ്ദേഹത്തിന്റെ പരിശുദ്ധ കൊട്ടേഷൻ സംഘത്തിനുമാണ്.

1989 -ൽ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ തകിടം മറിച്ചിലിന്റെ വക്കുവരെ കൊണ്ട് ചെന്നെത്തിച്ച കലാപത്തിന് ശേഷമാണ് ഇസ്മായേൽ പുണ്യാളന് ഇത്ര സ്വാധീനം വെനിസ്വെലൻ ജനതയിൽ ഉണ്ടായത്. കത്തോലിക്കരെപ്പോലെയല്ല 'മരിയാ ലയോൺസ' കൾട്ടുകാർ. ഏത് നിമിഷവും ഇങ്ങനെ പുതിയ പുണ്യാളരും മറ്റും കൂട്ടിച്ചേർക്കപ്പെടാം അവരുടെ ഇതിഹാസങ്ങളിൽ.  പുണ്യാളനും പൊതുജനത്തിനു ഇടയിൽ ഒരു മീഡിയേറ്റർ അഥവാ മധ്യവർത്തിയായ പൂജാരി ടൈപ്പ് സാന്നിധ്യമുണ്ട്. അവർക്കു മുന്നിലാണ്  പുണ്യാളനോടുള്ള തങ്ങളുടെ അപേക്ഷയുമായി പൊതുജനമെത്തുന്നത്.  'സ്പിരിച്വലിസ്റ്റ്', 'പാതിരി' എന്നിങ്ങനെ പല പേരിലും ഈ ഇടനിലക്കാർ അറിയപ്പെടുന്നുണ്ട്. ഏറെ വൈവിധ്യമാർന്ന ആവശ്യങ്ങളാണ്. അതിൽ മകനെ മയക്കുമരുന്നിന്‍റെയും കുറ്റകൃത്യങ്ങളുടെയും ലോകത്തുനിന്നും പിന്തിരിപ്പിക്കാൻ വേണ്ടി വന്നെത്തിയ അമ്മയായോടൊപ്പം, സ്വന്തമായി ഒരു തോക്കു കിട്ടാൻ വേണ്ടി പ്രാർത്ഥനയുമായി എത്തിയ ടീനേജർ വരെ കാണും. 

ഇസ്മായേൽ നമ്മുടെ കായംകുളം കൊച്ചുണ്ണി പോലെ പണ്ടുകാലത്ത് വെനിസ്വേലയിൽ ഉണ്ടായിരുന്ന ഒരു പ്രസിദ്ധനായ കൊള്ളക്കാരനായിരുന്നു. കരിഞ്ചന്തക്കാരെയും പൂഴ്ത്തിവെപ്പുകാരെയും കൊള്ളയടിച്ച് പാവങ്ങൾക്ക് നൽകിയിരുന്ന, ഹീറോ പരിവേഷമുള്ള ഒരു നല്ല കൊള്ളക്കാരൻ.  ദുഷ്ടനായ ഒരു പൊലീസുകാരനാണ് ഇസ്മായേലിനെ ചതിച്ചു കൊലപ്പെടുത്തിയത് എന്നൊരു പഴങ്കഥയും ഇസ്മായേലിന്റെ പുണ്യാള പദവി അരക്കിട്ടുറപ്പിക്കുന്നതാണ്. തന്നെ ചതിച്ചു കൊന്ന പൊലീസ് എന്ന വർഗത്തോടുള്ള അടക്കാനാവാത്ത പകയുമായി പ്രതികാരം തീർക്കാൻ നടക്കുകയാണ് ഇസ്മായേൽ ഇന്നും. പ്രതികാര ദാഹം അടങ്ങിയാൽ മാത്രമേ അതിന് ഈ ലോകത്തു നിന്നും  മോക്ഷമുള്ളൂ എന്നാണ് അവിടുത്തുകാരുടെ വിശ്വാസം.

ഇന്ന് കരാക്കസിൽ ഇസ്മായേൽ പുണ്യാളനെ തേടിച്ചെല്ലുന്ന പാവങ്ങൾക്ക് തങ്ങളുടെ വിളി  പുണ്യാളൻ കേൾക്കുമെന്നുള്ള കാര്യത്തിൽ 100  ശതമാനം ഉറപ്പുണ്ട്. കാരണം, തങ്ങളെപ്പോലെ കരാക്കസിന്റെ തെരുവുകളിൽ എല്ലാ വിഷമതകളും അനുഭവിച്ച് ജീവിച്ചു കൊണ്ടിരുന്ന ഒരാളാണ് തങ്ങളുടെ പുണ്യാളനും എന്ന് അവർക്ക് നന്നായറിയാം. 

വെനിസ്വെലയിലെ കരാക്കസിൽ പൊലീസിന് അത്രയെളുപ്പം കയറിച്ചെല്ലുകയോ, ഇടപെടുകയോ ഒന്നും ചെയ്യാനാവാത്ത ഇടങ്ങൾ ഏറെയുണ്ട്. ആ സ്ഥലങ്ങൾ അങ്ങനെ തന്നെ നിലനിർത്തപ്പെടുന്ന പക്ഷം, ഇസ്മായേലിനെപ്പോലെയുള്ള അസാധാരണരായ പുണ്യാളരും  അവരുടെ പരിശുദ്ധ കൊട്ടേഷൻ സംഘവും ഒക്കെ ജനങ്ങൾ വിശ്വസിച്ചെന്നിരിക്കും. തങ്ങളുടെ കാര്യങ്ങൾ നേടാൻ അവരെ ആശ്രയിച്ചെന്നും ഇരിക്കും. അതൊക്കെ തികച്ചും സ്വാഭാവികം മാത്രമാണ്.