ആഴ്ചകളുടെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദൈവസം ഹോങ്കോങ്ങിലെ തെരുവിലേക്കിറങ്ങി ജനങ്ങൾ പ്രകടനം നടത്തി. കഴിഞ്ഞ കുറെ മാസങ്ങളായി ഹോങ്കോങ് സാക്ഷ്യം വഹിച്ചിരുന്ന ചൈനാ വിരുദ്ധ പ്രകടനം ആയിരുന്നില്ല അത്. അവരുടെ ആവശ്യം ലളിതമായിരുന്നു. ഹോങ്കോങ്ങിൽ എങ്ങും ഇപ്പോൾ സർജിക്കൽ മാസ്ക് കിട്ടാനില്ല. തൊട്ടപ്പുറത്ത് ചൈനയിൽ ആയിരം പേരുടെ ജീവനെടുത്ത, ഹോങ്കോങ് എന്ന കുഞ്ഞു നഗരത്തിലും ഒരാളുടെ മരണത്തിന് കാരണമായിക്കഴിഞ്ഞ കൊറോണാവൈറസിനെ പ്രതിരോധിക്കാൻ വേണ്ടത്ര സർജിക്കൽ മാസ്കുകൾ സർക്കാർ മുൻകൈയെടുത്ത് വിതരണം ചെയ്യണം. 

കഴിഞ്ഞ രണ്ടു മാസമായി ഹോങ്കോങ്ങിലെ സമരങ്ങൾക്ക് പഴയ  ചൂടില്ലാതായിട്ട്. കൊറോണാ ഭീതി കൂടി പടർന്നതോടെ ഹോങ്കോങ്ങുകാരുടെ ശ്രദ്ധ 2002 -2003 കാലയളവിൽ നഗരത്തിൽ പടർന്നു പിടിച്ച് മുന്നൂറോളം പേരുടെ ജീവനെടുത്ത സാർസ് പോലെ ഒരു മഹാമാരി ആവർത്തിക്കാതെ നോക്കുക എന്നതിലായിരുന്നു. എന്നാൽ, ഹോങ്കോങ്ങുകാരുടെ ആവശ്യങ്ങളിൽ ഏറിയകൂറും ഇന്നുവരെ ചൈന അംഗീകരിച്ചിട്ടില്ലാത്ത സ്ഥിതിക്ക് സമരം പൂർണമായി കെട്ടണഞ്ഞു എന്ന് പറയാറായിട്ടില്ല. അസുഖത്തിന്റെ ഭീതി ഒഴിയുന്ന മുറയ്ക്ക് ചാരം മൂടിയ കനൽക്കട്ടകൾ നാളെ വീണ്ടും തീപ്പൊരി പടർത്തി ആളിക്കത്തിയെന്നു വരാം.

നവംബറിൽ നടന്ന ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ജനാധിപത്യവാദികൾക്ക് വമ്പിച്ച വിജയം നേടാനായത് ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവ് കാരി ലാമിന്റെ പ്രതാപം ഒന്ന് കുറച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തെരുവുകളിലെ പ്രതിഷേധാഗ്നിയും ഏറെക്കുറെ അടങ്ങിയ മട്ടാണ്. ലക്ഷക്കണക്കിന് പേർ പങ്കെടുത്ത അവസാന റാലി നടന്നത് ഡിസംബർ 8 -നാണ്. അതിനുശേഷം പുതുവത്സരദിനത്തിലും പ്രതിഷേധക്കാർ തെരുവിലേക്കിറങ്ങിയിരുന്നു. എന്നാൽ, പിന്നീട് ഈ പ്രതിഷേധങ്ങൾ ഒറ്റയ്ക്കും തെറ്റയ്ക്കുമുള്ള കുഞ്ഞു റാലികളിൽ ഒതുങ്ങി നിന്നുതുടങ്ങി. ജോലിക്ക് ഭംഗം വരാതെ ഉച്ചഭക്ഷണ സമയത്തും മറ്റുമായി പല റാലികളും. 

ജനാധിപത്യവാദികളുടെ ഉള്ളിൽ ഇപ്പോഴും ഗവൺമെന്റിനെതിരായ രോഷം അണയാതെ കിടപ്പുണ്ട്. എന്നാൽ, ആ ഊർജ്ജം ഇപ്പോൾ അവർ വഴിതിരിച്ചു വിട്ടിരിക്കുന്നത് കൊറോണാവൈറസ് ബാധ പടരാതിരിക്കാനുള്ള പ്രവർത്തനങ്ങളിൽ സർക്കാർ കാണിച്ച കെടുകാര്യസ്ഥതയെ വിമർശിക്കാൻ വേണ്ടിയാണ്. സർക്കാരിന്റെ വികലമായ ക്വാറന്റൈൻ പദ്ധതികളിൽ പ്രതിഷേധിച്ച് ഹോങ്കോങ്ങിലെ പ്രമുഖ നഴ്സസ് യൂണിയനുകളിൽ ഒന്ന് സമരത്തിലേക്കിറങ്ങുകയാണ്. ചൈനയുമായുള്ള അതിർത്തി പൂർണമായും അടക്കണം, ആരോഗ്യപ്രവർത്തകരുടെ സുരക്ഷ മെച്ചപ്പെടുത്തണം എന്നിവയാണ് അവരുടെ ആവശ്യങ്ങൾ. കാത്തെയ് ഡ്രാഗൺ അടക്കമുള്ള ചില വിമാനക്കമ്പനികളുടെ ക്യാബിൻ ക്രൂ സംഘടനകളും സമരത്തിനിറങ്ങും എന്ന ഭീഷണി മുഴക്കിയിട്ടുണ്ട്.  

ചൈനയോടും സിഇഒ കാരി ലാമിനോടുമുള്ള അതൃപ്തി ഇപ്പോഴും ഹോങ്കോങ്ങിലെ പ്രതിഷേധക്കാർക്കിടയിൽ പുകയുന്നുണ്ട്. എന്നാൽ തൽക്കാലത്തേക്ക് കൊറോണയുടെ പേരിൽ ഒന്നടങ്ങാനാണ് അവരുടെ തീരുമാനം. ആദ്യം കൊറോണയെ നേരിട്ട ശേഷമാകാം, സർക്കാരിനെ എന്ന മട്ടാണ്. അവർ ടെലിഗ്രാമിലൂടെ അടുത്തിടെ പ്രചരിപ്പിച്ച ഒരു സന്ദേശം, അതിങ്ങനെയാണ് "വൈറസിനോട് പൊരുതിക്കോളൂ, നമ്മുടെ അന്തിമലക്ഷ്യം മറന്നു പോകരുത്..."