കഴിഞ്ഞ വർഷം ജൂലൈയിൽ, വടക്കുകിഴക്കൻ സിറിയയിലെ അൽ ഹസാക്കയിൽ രണ്ട് പെൺകുട്ടികളെ അവരുടെ ബന്ധുക്കൾ കൊലപ്പെടുത്തിയ സംഭവം വലിയ വിവാദമായിരുന്നു.

അപരിചിതനാൽ ബലാത്സംഗത്തിനിരയായ അഞ്ചുവയസുകാരിയെ അവളുടെ വീട്ടുകാർ ദുരഭിമാനത്തിന്റെ പേരിൽ കൊലപ്പെടുത്തിയതായി(Honor Killing) റിപ്പോർട്ടുകൾ. നവംബർ 18 -ന് സിറിയ(Syria)യിലെ അൽ-ഷഹ്ബ(Al-Shahba) മേഖലയിലാണ് ഒരു അജ്ഞാതൻ കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. പീഡനത്തിന്റെ മുറിവുകൾ ഉണങ്ങും മുൻപേ സ്വന്തം മാതാപിതാക്കൾ തന്നെ അപമാനത്തിന്റെ പേരിൽ ആ മകളെ കൊന്നുവെന്ന് ആരോപിക്കപ്പെടുന്നു. എന്നാൽ, മാതാപിതാക്കൾ അത് നിഷേധിക്കുന്നുണ്ട്. 

ജനുവരി 27 -ന് വടക്കൻ സിറിയയിലെ മാൻബിജിലെ മാലിന്യക്കൂമ്പാരത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന്, കിഴക്കൻ അലപ്പോയിലെ അൽ ഫുറത്ത് ആശുപത്രിയിലേക്ക് ശരീരം കൊണ്ടുപോയി. പെൺകുട്ടിയുടെ നിരവധി കുടുംബാംഗങ്ങളെ ആഭ്യന്തര സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് (എസ്ഒഎച്ച്ആർ) അറിയിച്ചു. പെൺകുട്ടി അച്ഛനെ കാണാൻ പോകുന്ന വഴിമദ്ധ്യേയാണ് മോട്ടോർ ബൈക്കിൽ വന്ന ഒരു അപരിചിതൻ അവളെ തട്ടിക്കൊണ്ടുപോയത്. തുടർന്ന്, കുർദിഷ് സേനയുടെ നിയന്ത്രണത്തിലുള്ള അൽ-ഷഹ്ബ എന്ന പ്രദേശത്തെ ഒരു വയലിൽ വച്ച് ബലാത്സംഗം ചെയ്തു. കാണാതായ മകളെ തിരഞ്ഞ് ഇറങ്ങിയ വീട്ടുകാർ പെൺകുട്ടിയെ ദേർ ജാമിലിനും, കഫ്ർ നഹ ഗ്രാമത്തിനും ഇടയിലുള്ള റോഡിന് സമീപം കണ്ടെത്തി.

എന്നാൽ, അതിന് ശേഷം പെൺകുട്ടി എപ്പോഴാണ് കൊല്ലപ്പെട്ടതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, പെൺകുട്ടിയുടെ മാതാപിതാക്കൾ ഈ ആരോപണം നിഷേധിക്കുകയാണ്. മകളെ തങ്ങൾ കൊന്നിട്ടില്ലെന്ന് അവർ പറയുന്നു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് എസ്ഒഎച്ച്ആർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ജൂലൈയിൽ, വടക്കുകിഴക്കൻ സിറിയയിലെ അൽ ഹസാക്കയിൽ രണ്ട് പെൺകുട്ടികളെ അവരുടെ ബന്ധുക്കൾ കൊലപ്പെടുത്തിയ സംഭവം വലിയ വിവാദമായിരുന്നു. ദുരഭിമാനക്കൊല എന്ന് വിളിക്കപ്പെടാവുന്ന ആ സംഭവങ്ങളിൽ ജനങ്ങൾ രോഷാകുലരായി പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. മരണപ്പെട്ട ഒരാൾ ബലാത്സംഗത്തിന് ഇരയായ വ്യക്തിയാണ്. അവളുടെ ഒരു ബന്ധു തന്നെയാണ് അവളെ പീഡിപ്പിച്ചത്. തുടർന്ന് ഒരു വർഷത്തിലേറെ കാലം ആ പെൺകുട്ടിയെ വീട്ടുകാർ ചങ്ങലക്കിട്ടു. ഒടുവിൽ പിതാവ് തന്നെ അവളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.

ദുരഭിമാനക്കൊലയ്ക്ക് ഇരയായ രണ്ടാമത്തെ പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടാൻ ശ്രമിച്ചതിനായിരുന്നു വെടിയേറ്റ് മരണപ്പെട്ടത്. അൽ-ഹസാക്കയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ഗ്രാമത്തിൽ താമസിക്കുന്ന 18 വയസ്സുള്ള ഈദ എന്ന പെൺകുട്ടിയെയാണ് അവളുടെ ഗോത്രക്കാർ വെടിവെച്ചുകൊന്നത്. അവളുടെ കുടുംബം അവളെ വധിക്കുന്നതിന് മുമ്പ് ദിവസങ്ങളോളം പട്ടിണികിടക്കുകയും മർദിക്കുകയും ചെയ്തിരുന്നു. ഒന്നിലധികം ആളുകൾ അവളെ മെഷീൻ ഗണ്ണുകളും പിസ്റ്റളുകളും ഉപയോഗിച്ച് കൊലപ്പെടുത്തുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ ഓൺലൈനിൽ പ്രചരിച്ചിരുന്നു. ദുരഭിമാനക്കൊലകളും പെൺകൊലപാതകങ്ങളും സിറിയയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് സിറിയൻ ഫോർ ട്രൂത്ത് ആൻഡ് ജസ്റ്റിസിന്റെ ലീഗൽ മോണിറ്റർ റിപ്പോർട്ട് ചെയ്യുന്നു.