വില്പനയ്ക്ക് വച്ച വീടിന് വില 7 കോടി; ഒറ്റ പ്രശ്നം മാത്രം, മേല്‍ക്കൂര പാതിയും ചോരും !
വില്പന സൈറ്റിൽ നൽകിയിരിക്കുന്ന വീടിന്‍റെ ചിത്രങ്ങൾ വീടിന്‍റെ ശോചനീയാവസ്ഥ എടുത്ത് കാണിക്കുന്നതാണ്.

തെക്ക്-പടിഞ്ഞാറൻ ലണ്ടനിൽ മേൽക്കൂരയിൽ ദ്വാരങ്ങളോട് കൂടിയ കേടുപാടുകൾ സംഭവിച്ച വീട് വില്പനയ്ക്ക്. 6,95,000 പൗണ്ടിന് ആണ് വീട് വില്പനയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ഇന്ത്യൻ രൂപയിൽ ഏഴ് കോടിയിലധികം വരും. വിംബിൾഡണിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. മൂന്ന് കിടപ്പുമുറികളുള്ള വീടിന്‍റെ മുകളിലത്തെ നിലയിലെ കുളിമുറിയിൽ ഒരു ദ്വാരവും മേൽക്കൂരയിൽ മറ്റു ചിലയിടങ്ങളിൽ കോൺക്രീറ്റ് പാളികൾ ഇളകിയ അവസ്ഥയിലുമാണ്. വീട് വില്പനയ്ക്കായി ലിസ്റ്റ് ചെയ്തിരിക്കുന്ന ഏജൻന്‍റ് പറയുന്നത് പ്രകാരം ഈ പ്രദേശത്ത് മൂന്ന് മുറികളോടുകൂടിയ കേടുപാടുകൾ ഒന്നും സംഭവിക്കാത്ത ഇരുനില വീടിന് £1 മില്യണിലധികം വിലയുണ്ട്. അതായത് 10 കോടിയിലധികം. സ്വന്തമായി ഒരു വീട് പൂർത്തീകരിച്ചെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പൂർണ്ണവും എന്നാല്‍ ശൂന്യവുമായ ക്യാൻവാസ് സ്വന്തമാക്കാനുള്ള അവസരമായാണ് വില്പനയ്ക്കായുള്ള പരസ്യത്തിൽ വസ്തുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. വീടിനെ സമ്പൂർണ്ണമായും നവീകരിച്ച് എടുക്കേണ്ടതുണ്ടെന്ന് പരസ്യത്തിൽ പ്രത്യേകം പറയുന്നു. എന്നാൽ ഇതിന് ലോൺ സൗകര്യം ലഭ്യമല്ലാത്തതിനാൽ മുഴുവൻ തുകയും ഒന്നിച്ച് നൽകുന്നവർക്ക് മാത്രമാണ് വീട് വിൽക്കുകയുള്ളൂ.
'ചേട്ടായി കോഫി...'; പ്രഷര്‍ കുക്കറില്‍ കോഫി ഉണ്ടാക്കുന്ന വീഡിയോ വൈറല്‍ !
വില്പന സൈറ്റിൽ നൽകിയിരിക്കുന്ന വീടിന്‍റെ ചിത്രങ്ങൾ വീടിന്‍റെ ശോചനീയാവസ്ഥ എടുത്ത് കാണിക്കുന്നതാണ്. പല ഭാഗങ്ങളിലും പൊട്ടി പൊളിഞ്ഞു കിടക്കുന്നതായും തറയിലും ഭിത്തികളിലും പച്ചപ്പായൽ മൂടിയിരിക്കുന്നതായും കാണാം. തങ്ങള്‍ വീടിന്‍റെ യഥാര്‍ത്ഥ അവസ്ഥ മറച്ച് വച്ചിട്ടില്ലെന്നും സത്യസന്ധമായി തന്നെയാണ് വീട് വില്പനയ്ക്കായി വച്ചതെന്നും ഏജന്‍റ് അവകാശപ്പെട്ടു. വീടിന് ഇത്രയേറെ കേടുപാടുകൾ ഉണ്ടെങ്കിലും ലണ്ടനിൽ വീടുകളുടെ വില കുതിച്ചുയരുന്നതിനാൽ ആവശ്യക്കാർ ധാരാളമുണ്ടാകുമെന്നാണ് വിൽപ്പനക്കാരുടെ പ്രതീക്ഷ. വിംബിൾഡണിൽ ശരാശരി ഒരു ചെറിയ വീടിന്‍റെ ശരാശരി വില ഇപ്പോൾ £536,000 (5,45,75,520 രൂപ) ആണ്. ഹാലിഫാക്സിന്‍റെ വീട് വില്പന വിലയില്‍ കഴിഞ്ഞ വര്‍ഷം 4.8 ശതമാനത്തിന്‍റെ ഇടിവ് രേഖപ്പെടുത്തി. എന്നാല്‍ കഴിഞ്ഞ ആറ് മാസത്തിനിടെ ആദ്യമായി ഒക്ടോബറില്‍ വീടുകളുടെ വില വീണ്ടും ഉയര്‍ന്നു. വരും വര്‍ഷങ്ങളില്‍ വില ഇടിയുമെന്നാണ് പൊതുവേ പ്രതീക്ഷിക്കുന്നത്. അതേ സമയം യുകെയില്‍ വീടുകളുടെ വില കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് 3.2% കുറഞ്ഞെന്നും കണക്കുകള്‍ പറയുന്നു.