ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയപ്പോള്‍ സമയം കളയാതെ പച്ചക്കറി ഒരുക്കുന്ന വീട്ടമ്മ; ഏറ്റെടുത്ത് നെറ്റിസണ്‍സ്
ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്കില്‍ കിടന്ന് എല്ലാവരുടെയും വലിയൊരു സമയമാണ് നഷ്ടമാകുന്നത്. ഇതിന് ഒരു പരിഹാരം എന്ന നിലിയിലാണ് പ്രിയ ഈ ചിത്രം പങ്കുവച്ചത്.

ഗതാഗതക്കുരുക്കിന് ഏറെ പേരുകേട്ട നഗരമാണ് ബെംഗളൂരു. ചുരുങ്ങിയ ദൂരം പോലും നഗരത്തിലൂടെ സഞ്ചരിക്കാൻ മണിക്കൂറുകളാണ് എടുക്കുന്നത്. ലൊക്കേഷൻ ടെക്‌നോളജിയിൽ സ്‌പെഷ്യലൈസ് ചെയ്ത ഡച്ച് ബഹുരാഷ്ട്ര കമ്പനിയായ ടോംടോമിന്‍റെ റിപ്പോർട്ട് അനുസരിച്ച്, ഡ്രൈവിംഗിൽ ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ രണ്ടാമത്തെ നഗരമാണ് ബെംഗളൂരു. നഗരത്തിൽ, വെറും 10 കിലോമീറ്റർ ദൂരം പിന്നിടാൻ 29 മിനിറ്റും 10 സെക്കന്‍റും വേണം. കഴിഞ്ഞ വർഷം, ബെംഗളൂരു നഗരമധ്യത്തിൽ ഇതേ ദൂരം സഞ്ചരിക്കാനുള്ള സമയം 29 മിനിറ്റും 9 സെക്കൻഡുമായിരുന്നു വേണ്ടിയിരുന്നത്. ബംഗളൂരു നഗരവാസികളെ സംബന്ധിച്ചിടത്തോളം ഈ ട്രാഫിക് ബ്ലോക്ക് ജീവിതത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞു. ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി പാഴായി പോകുന്ന സമയം ഫലപ്രദമായി ഉപയോഗിക്കുന്നതിന് ശ്രമം നടത്തുന്ന ബെംഗളൂരു നിവാസികളുടെ വിവിധ കഥകൾ സാമൂഹിക മാധ്യമങ്ങളില്‍ മുമ്പ് വൈറൽ ആയിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒരു വീട്ടമ്മ കൂടി ഇടം പിടിക്കുകയാണ്. ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിക്കിടന്ന സമയത്ത് വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ, കറിക്കായി ഒരുക്കിയാണ് ഈ വീട്ടമ്മ സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടിയത്.
ക്രിപ്‌റ്റോകറൻസി നിക്ഷേപം; 22 -കാരനായ ഗൂഗിൾ ടെക്കിക്ക് 65 ലക്ഷം രൂപ നഷ്ടമായി !
സാമൂഹിക മാധ്യമമായ എക്സിൽ, പ്രിയ എന്ന ഉപഭോക്താവാണ് വൃത്തിയാക്കിയ പച്ചക്കറികളുടെ ചിത്രം സഹിതം ഇക്കാര്യം പങ്കുവെച്ചത്. ബെംഗളൂരു നഗരത്തിലെ ട്രാഫിക്കൽ കുടുങ്ങിക്കിടക്കുന്ന കാറിന്‍റെ മുൻ സീറ്റിൽ വൃത്തിയാക്കി വെച്ചിരിക്കുന്ന പയറിന്‍റെയും ഗ്രീൻപീസിന്‍റെയും ചിത്രങ്ങളാണ് ഇവർ പങ്കുവെച്ചത്. 'ട്രാഫിക് ബ്ലോക്കിലും സമയം പാഴാക്കാതിരിക്കാം' എന്ന കുറിപ്പോയാണ് ഇവർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. നേരത്തെ മുംബൈയിലെ ലോക്കല്‍ ട്രെയിനുകളില്‍ ഇതുപോലെ ജോലി കഴിഞ്ഞ് വരുന്ന സ്ത്രീകള്‍ പച്ചകറികള്‍ അരിയുന്ന വീഡിയോകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സാമൂഹിക മാധ്യത്തില്‍ വളരെ വേഗത്തില്‍ തന്നെ ഈ ചിത്രം നിരവധി പേരുടെ ശ്രദ്ധനേടി. പോസ്റ്റ് ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. പലരും ഈ ചിത്രം തങ്ങളുടെ ബോസിന് ഡെഡിക്കേറ്റ് ചെയ്യുന്നതായി അഭിപ്രായപ്പെട്ടു. ഏതാനും ദിവസങ്ങൾ മുമ്പാണ് സമാനമായ രീതിയിൽ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിക്കിടന്ന ഒരു യുവതി സ്കൂട്ടറിന്‍റെ പിൻസീറ്റിൽ ഇരുന്ന് തന്‍റെ ലാപ്ടോപ്പിൽ ജോലി ചെയ്യുന്നതിന്‍റെ ചിത്രങ്ങൾ സാമൂഹിക മാധ്യമത്തില്‍ വൈറലായത്.
'പണം എടുത്ത് ഓടുക' എന്ന് ചിത്രത്തിന് പേരിട്ട കലാകാരന്‍ ഒടുവില്‍ ഗാലറിക്ക് 60 ലക്ഷം തിരികെ നല്‍കി !
ട്രാഫിക് വിദഗ്ധൻ എം എൻ ശ്രീഹരിയും അദ്ദേഹത്തിന്‍റെ ഗവേഷക സംഘവും നടത്തിയ പഠനമനുസരിച്ച്, ട്രാഫിക് കാലതാമസം, തിരക്ക്, സിഗ്നൽ തടസ്സങ്ങൾ, സമയനഷ്ടം, ഇന്ധന ഉപഭോഗം, അനുബന്ധ ഘടകങ്ങൾ എന്നിവ കാരണം നഗരത്തിന് പ്രതിവർഷം 20,000 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നതായി അവകാശപ്പെട്ടു. ട്രാഫിക് പ്രശ്‌നങ്ങൾ ആളുകളുടെ ഉൽപ്പാദനക്ഷമതയെ തടസ്സപ്പെടുത്തുക മാത്രമല്ല, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള കയറ്റുമതിയിൽ വലിയ കാലതാമസം സൃഷ്ടിക്കുകയും ചെയ്യുന്നു. അതുവഴി ഇന്ത്യയുടെ സിലിക്കൺ വാലിയായ ബെംഗളൂരുവിന്‍റെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ച ഇപ്പോൾ കുറഞ്ഞുകൊണ്ടിരിക്കുകയാണന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക