സുഹൃത്തുക്കളായതോടെ അവൾ തനിക്ക് സ്ഥിരമായി ഭക്ഷണം തരാനും ഇടയ്ക്കിടെ അന്വേഷിക്കാനും ഒക്കെ തുടങ്ങി. റമദാന്റെ ഭാഗമായി വീട്ടിലെ പ്രാർത്ഥനകളിലും തന്നെ പങ്കെടുപ്പിച്ചു.
പ്രണയം പല തരത്തിലും സംഭവിക്കാറുണ്ട്. എപ്പോൾ എവിടെ വച്ച് എങ്ങനെ സംഭവിക്കുമെന്ന് അറിയില്ല എന്നത് തന്നെയാണ് പ്രണയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത തന്നെ. അതുപോലെ, അറിയാത്ത നാട്ടിലെത്തിയപ്പോൾ നാണയം ഇട്ട് അലക്കാൻ കഴിയുന്ന ഒരു സ്ഥലം അന്വേഷിച്ച് നടന്നതാണ് ഈ യുവാവ്. അവിടെ വച്ചാണ് അയാളുടെ ജീവിതത്തിലേക്ക് അയാളുടെ സോൾമേറ്റ് കടന്നു വന്നത്.
മലേഷ്യയിലെ സെലാങ്കൂർ സ്വദേശിയാണ് 38 -കാരനായ സൈറി അമീർ. തെക്കൻ ചൈനയിലെ ഗ്വാങ്‌ഷൗവിൽ ഡെലിവറി സ്റ്റോർ നടത്തുകയായിരുന്നു മലേഷ്യയിൽ നിന്നുള്ള അമീർ. ഏതൊരു ദിവസം പോലെ തന്നെയായിരുന്നു അന്നും അയാൾക്ക്.
ഗ്വാങ്‌ഷൗവിലെത്തിയപ്പോൾ ആ സ്ഥലം അമീറിന് വലിയ പരിചയം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് അലക്കാൻ ഒരിടം അന്വേഷിച്ച് ഇറങ്ങുന്നത്. യുനാൻ പ്രവിശ്യയിൽ നിന്നുള്ള വാങ് സൂഫിയ എന്ന 40 -കാരിയെ അയാൾ വഴിയിൽ കണ്ടുമുട്ടുന്നു. അങ്ങനെ വാങ്ങിനോടും അയാൾ അന്വേഷിച്ചു, അലക്കാൻ ഒരിടമുണ്ടോ അടുത്ത് എന്ന്. ആ ഒറ്റചോദ്യത്തിലാണ് അവരുടെ പ്രണയത്തിൻറെ തുടക്കം.
ചൈനയിൽ തനിക്കാരും പരിചയക്കാരില്ലായിരുന്നു. ആ സമയത്ത് വാങ്ങിനെ സുഹൃത്തായി കിട്ടിയത് തനിക്ക് വലിയ ഭാഗ്യം തന്നെയായി. രണ്ടുപേരും ഒരേ മതത്തിൽ പെട്ടവരായതും അവൾക്ക് അനുകൂലമായി തോന്നി എന്നാണ് അമീർ ആ ബന്ധത്തെ കുറിച്ച് പറയുന്നത്.
സുഹൃത്തുക്കളായതോടെ അവൾ തനിക്ക് സ്ഥിരമായി ഭക്ഷണം തരാനും ഇടയ്ക്കിടെ അന്വേഷിക്കാനും ഒക്കെ തുടങ്ങി. റമദാന്റെ ഭാഗമായി വീട്ടിലെ പ്രാർത്ഥനകളിലും തന്നെ പങ്കെടുപ്പിച്ചു. അപ്പോഴാണ് അവൾ തനിക്ക് എത്രമാത്രം പ്രാധാന്യം നൽകുന്നു എന്ന് മനസിലായത് എന്നും അമീർ പറയുന്നു.
പിന്നീട്, വാങ്ങിന് അസുഖം വന്നപ്പോൾ വാങ്ങിന്റെ സഹോദരനാണ് അമീറിനോട് വിവാഹത്തെ കുറിച്ച് ചോദിക്കുന്നത്. അങ്ങനെയാണ് തങ്ങൾ ഇരുവരും വിവാഹം കഴിച്ചതെന്നും അമീർ പറയുന്നു.
അപരിചിതമായ നാട്ടിൽ, അപരിചിതയായ ഒരു സ്ത്രീയോട് നടത്തിയ സഹായാഭ്യർത്ഥന ജീവിതകാലം നീണ്ടുനിൽക്കുന്ന പ്രണയത്തിലേക്ക് പോകുമെന്ന് എന്തായാലും അന്ന് അമീറോ വാങ്ങോ കരുതിക്കാണില്ല. എന്തായാലും, ചൈനയിലും മലേഷ്യയിലും സോഷ്യൽ മീഡിയയിൽ ഇരുവരുടേയും പ്രണയകഥയ്ക്ക് ഒരുപാട് ആരാധകരുണ്ട്.
