ഓരോ ചെറിയ കാര്യങ്ങളും ചാറ്റ്ജിപിടിയോട് ചോദിക്കും. അവിടെ നിന്നും കിട്ടുന്ന നിർദ്ദേശങ്ങൾ പുതുതായിരുന്നില്ല, പക്ഷേ സഹായിച്ചു.
എന്തിനും ഏതിനും ചാറ്റ്ജിപിടിയുടെ സഹായം തേടുന്നവരായി ഇന്ന് നമ്മൾ മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഡെലവെയറിൽ നിന്നുള്ള ഒരു 35 -കാരി എങ്ങനെയാണ് തന്റെ ക്രെഡിറ്റ് കാർഡിലെ കടം തിരിച്ചടക്കാൻ ചാറ്റ്ജിപിടി സഹായിച്ചത് എന്നാണ് പറയുന്നത്. കൃത്യമായ അച്ചടക്കവും ഡിജിറ്റൽ ഹെൽപ്പുമുണ്ടെങ്കിൽ അതിന് സാധിക്കുമെന്നും അവർ പറയുന്നു.
റിയൽറ്ററും കണ്ടന്റ് ക്രിയേറ്ററുമായ ജെന്നിഫർ അലൻ, ന്യൂസ് വീക്കിനോട് പറയുന്നത് തന്റെ $23,000 (19,72,342.61) ക്രെഡിറ്റ് കാർഡ് കടത്തി $12,000 (10,29,048.00) -ത്തിലധികം തിരിച്ചടയ്ക്കാൻ തനിക്ക് കഴിഞ്ഞു എന്നാണ്. ചാറ്റ്ജിപിടിയുടെ സഹായത്തോടെ വെറും 30 ദിവസത്തിനുള്ളിലാണ് താനത് ചെയ്തത് എന്നും അവൾ പറയുന്നു.
മാന്യമായ വരുമാനം ലഭിച്ചിട്ടും, ബജറ്റിംഗിലും സാമ്പത്തികകാര്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യുന്നതിലും താൻ വളരെക്കാലമായി ബുദ്ധിമുട്ടുന്നുണ്ട് എന്നാണ് ജെന്നിഫർ പറയുന്നത്. വരുമാനം ഇല്ലാത്തുകൊണ്ടല്ല സാമ്പത്തിക സാക്ഷരത ഇല്ലാത്തതുകൊണ്ടാണ് തനിക്ക് പിഴച്ചത് എന്നാണ് ജെന്നിഫർ പറയുന്നത്. എന്താണ് ഈ പ്രശ്നങ്ങളുടെ മൂലകാരണം എന്ന് മനസിലാക്കുന്നതിന് പകരം കൂടുതൽ കൂടുതൽ അധ്വാനിക്കുകയാണ് താൻ ചെയ്തത് എന്നും അവർ പറയുന്നു.
എന്നാൽ, ഒരു അമ്മയായി മാറിയതോടെ എല്ലാം തകിടം മറിഞ്ഞു. ആഡംബര ജീവിതമായിരുന്നില്ല ജീവിച്ചത്. എന്നിട്ടും പ്രയാസമായിരുന്നു. ഇതിനൊരു മാറ്റം വേണം എന്ന് തോന്നിയപ്പോൾ ചാറ്റ്ജിപിടിയുടെ സഹായത്തോടെ ഒരു 30 ദിവസത്തെ ചലഞ്ച് ഏറ്റെടുത്തു.
ഓരോ ചെറിയ കാര്യങ്ങളും ചാറ്റ്ജിപിടിയോട് ചോദിക്കും. അവിടെ നിന്നും കിട്ടുന്ന നിർദ്ദേശങ്ങൾ പുതുതായിരുന്നില്ല, പക്ഷേ സഹായിച്ചു. ഉപയോഗിക്കാത്ത സബ്സ്ക്രിപ്ഷനുകൾ കട്ട് ചെയ്യുന്നത് മുതൽ, ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസിൽ സാധനങ്ങൾ വിൽക്കുന്നത് പോലെ പല കാര്യങ്ങളിലും ചാറ്റ്ജിപിടി നിർദ്ദേശം നൽകി.
ഏറ്റവും സഹായകമായത് സജീവമല്ലാത്ത അക്കൗണ്ടുകൾ വീണ്ടും നോക്കാൻ പറഞ്ഞതാണ്. 10,000 ഡോളറിന്റെ മറന്നുപോയ ഒരു ബ്രോക്കറേജ് അക്കൗണ്ട് കണ്ടെത്തിയത് അങ്ങനെയാണ്. ഗ്രോസറി വാങ്ങാൻ പോകുമ്പോൾ ഉള്ള സാധനങ്ങൾ വീണ്ടും വാങ്ങാതിരിക്കാനാണ് ചാറ്റ്ജിപിടി നിർദ്ദേശിച്ചത്. അതിലൂടെ കുറേ പണം ലാഭിക്കാനായി.
വലിയ വലിയ കാര്യങ്ങൾ ചെയ്യുന്നതല്ല. കൃത്യമായി അച്ചടക്കത്തോടെ കാര്യങ്ങൾ ചെയ്യുന്നതാണ് തന്നെ സഹായിച്ചത് എന്നാണ് ജെന്നിഫർ പറയുന്നത്. കടം പകുതിയായി കുറഞ്ഞതോടെ ഒരു 30 ദിവസത്തെ ചലഞ്ച് കൂടി ചെയ്യാൻ തയ്യാറെടുക്കുകയാണ് ജെന്നിഫർ ഇപ്പോൾ.


