ലബനന്റെ തലസ്ഥാനമായ ബെയ്‌റൂത്തിനെ നെടുകെ പിളർന്നുകൊണ്ടുണ്ടായ ഉഗ്രസ്‌ഫോടനത്തിനു കാരണമായത് ഏകദേശം 2,700 ടണ്ണോളം വരുന്ന അമോണിയം നൈട്രേറ്റ് എന്ന സ്‌ഫോടകവസ്‌തു, കാർഗോ തുറമുഖത്തിലെ ഒരു ഗോഡൗണിൽ തീത്തും അസുരക്ഷിതമായി സൂക്ഷിച്ചിരുന്നതാണ് എന്നാണ് ഇപ്പോൾ വരുന്ന പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സ്‌ഫോടകവസ്‌തു എങ്ങനെയാണ് പൊട്ടിത്തെറിച്ചത് എന്ന് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല എങ്കിലും ഏറെക്കുറെ ഇപ്പോൾ ഉണ്ടായിട്ടുള്ള ദുരന്തത്തിന് കാരണം ഈ രാസവസ്തു തന്നെയാണ് എന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. 

എന്താണ് അമോണിയം നൈട്രേറ്റ് ? 

അമോണിയം നൈട്രേറ്റ് എന്ന സ്‌ഫോടക വസ്തുവിന്റെ രാസനാമം  NH₄NO₃ എന്നാണ്. ക്രിസ്റ്റൽ പരുവത്തിലുള്ള ഈ കെമിക്കൽ, ലോകത്തിലെ ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന രാസവളങ്ങളിൽ ഒന്നുകൂടിയാണ്. മണ്ണിലെ നൈട്രജൻ സാന്നിധ്യം മെച്ചപ്പെടുത്താനാണ് കർഷകർ 34-0-0 എന്നറിയപ്പെടുന്ന ഈ വളം ഉപയോഗിക്കുന്നത്. ക്വാറികളിൽ വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു സ്‌ഫോടകവസ്‌തു കൂടിയാണ് അമോണിയം നൈട്രേറ്റ്. അവിടെ ഇതിനെ ഫ്യൂവൽ ഓയിലുമായി കലർത്തി, ഒരു ഡിറ്റണേറ്റർ വെച്ച് പൊട്ടിക്കുകയാണ് പതിവ്. വ്യാവസായികാവശ്യത്തിനായി സൂക്ഷിച്ചു വെച്ചിട്ടുള്ള അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിക്കണമെന്നുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട് ഒരുപാട് വീഴ്ചകൾ ഉണ്ടാവേണ്ടതുണ്ട്. അതൊക്കെ ബെയ്‌റൂത്തിൽ ഉണ്ടായി എന്നുതന്നെ വേണം കരുതാൻ.

 

 

എന്താവാം സ്ഫോടനത്തിലേക്ക് നയിച്ച സാഹചര്യം?

അമോണിയം നൈട്രേറ്റ് എന്ന രാസവസ്തു സാധാരണ താപനിലയിൽ തനിയെ തീപിടിക്കാത്ത ഒന്നാണ്. എന്നാൽ അത് ചുറ്റും നടക്കുന്ന തീപ്പിടുത്തങ്ങളെ ആളിക്കത്തിക്കാൻ വേണ്ട ഓക്സിജൻ നൽകാൻ പറ്റുന്ന ഒന്നാണ്. കാരണം ഈ രാസവസ്തുവിന്റെ ക്രിസ്റ്റലുകൾ നിരവധി സുഷിരങ്ങളോട് കൂടിയ(porous)താണ്. ഏതൊരു സ്ഫോടനവും നടക്കാൻ അവിടെ ഓക്സിജൻ ഉണ്ടായിരിക്കേണ്ടതുണ്ട്. അമോണിയം സൾഫേറ്റിന്റെ ക്രിസ്റ്റലുകളിൽ പതിവിൽ കവിഞ്ഞ അളവിൽ ഓക്സിജൻ സാന്നിധ്യം ഉണ്ടായിരിക്കും. അതുകൊണ്ടാണ് ഇത് ഫ്യൂവൽ ഓയിലുമായി മിക്സ് ചെയ്ത ശേഷം, പാറപൊട്ടിക്കാനും മറ്റുമായി കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. ചുറ്റുമുള്ള താപനില, എന്തെങ്കിലും അനുബന്ധ സ്ഫോടനം കാരണമോ, അല്ലെങ്കിൽ തീപിടുത്തം കാരണമോ ഉയർന്നാൽ, വളരെ പെട്ടെന്ന് ഈ രാസവസ്തുവിന്റെ വിഘടനം നടക്കാം. തുടർന്ന് നടക്കുന്ന രാസപ്രവർത്തനത്തിൽ കൂടിയ അളവിൽ നൈട്രജൻ ഓക്സൈഡുകളും, നീരാവിയും ഉത്പാദിപ്പിക്കപ്പെടാം. ഇങ്ങനെ പെട്ടെന്നു വാതകങ്ങൾ പുറപ്പെടുന്നതാണ് സ്‌ഫോടനത്തിൽ കലാശിക്കുന്നത്.  ബെയ്‌റൂത്തിൽ എന്താണ് ഉണ്ടായത് എന്നത് സംബന്ധിച്ച കൃത്യമായ ഒരു വിശദീകരണം ഉണ്ടായിട്ടില്ല ഇതുവരെ. എന്തായാലും അവിടെ കഴിഞ്ഞ ആറുവർഷക്കാലമായി ഏകദേശം 2700 ടണ്ണോളം അമോണിയം നൈട്രേറ്റ് തുറമുഖത്തിലെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു എന്ന സ്ഥിരീകരണം വന്നിട്ടുണ്ട്. അത്ര അപകടകരമായ ഒരു രാസവസ്തു സൂക്ഷിച്ചിരുന്നിടത് കാര്യമായ ഒരു സുരക്ഷാ മുൻ കരുതലുകളും ഉണ്ടായിരുന്നില്ല എന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. 

 

 

അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാൽ ഉണ്ടാകുന്ന നൈട്രജൻ വാതകങ്ങളിൽ പ്രധാനം നൈട്രജൻ ഡയോക്സൈഡ് ആണ്. ഇത് ചുവന്ന നിറത്തിലുള്ള, ദുർഗന്ധമുള്ള ഒരു വാതകമാണ്. സാധാരണ ഗതിക്ക് നഗരങ്ങളിലെ അന്തരീക്ഷവായുവിൽ കുറഞ്ഞ അളവിൽ നൈട്രജൻ ഡയോക്സൈഡ് ഉണ്ടാവാറുണ്ട് എങ്കിലും, ഇത് കൂടിയ സാന്ദ്രതയിൽ ശ്വാസവായുവിൽ കലർന്നാൽ അത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകാം. 

ഇതിനു മുമ്പ് അമോണിയം നൈട്രേറ്റ് പ്രതിയായ സ്‌ഫോടനങ്ങൾ 

2015 -ൽ ചൈനയിലെ ടിയാൻജിൻ നഗരത്തിലെ ഒരു ഫാക്ടറിയിൽ ഉണ്ടായ, 173 പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനം നടന്നത് ഇങ്ങനെയാണ്. പെട്ടെന്ന് തീപിടിക്കുന്ന ചില കെമിക്കലുകളും അമോണിയം നൈട്രേറ്റും ഒരേ സ്ഥലത്ത് സൂക്ഷിച്ചിരുന്നു. കെമിക്കലുകൾക്ക് തീപിടിച്ചു. അഗ്നിബാധയുണ്ടായി. താപനില ഉയർന്നു. അമോണിയം നൈട്രേറ്റ് കത്തി, സ്ഫോടനമുണ്ടായി.

 

 

അതുപോലെ 2013 -ൽ ടെക്‌സസിലെ ഒരു ഫെർട്ടിലൈസർ പ്ലാന്റിൽ ഉണ്ടായ സ്ഫോടനവും അമോണിയം നൈട്രേറ്റ് പൊട്ടിത്തെറി ആയിരുന്നു. അന്ന് പതിനഞ്ചു പേർ കൊല്ലപ്പെട്ടിരുന്നു. അതുപോലെ 2001 ഫ്രാൻസിലെ ടൗലൗസിൽ നടന്ന 31 പേരുടെ മരണത്തിനിടയാക്കിയ  സ്ഫോടനത്തിലും വില്ലൻ അമോണിയം നൈട്രേറ്റ് തന്നെ ആയിരുന്നു. ഫ്യൂവൽ ഓയിലുമായി മിക്സ് ചെയ്യുമ്പോൾ ഉഗ്രരൂപം ആർജിക്കുന്ന അമോണിയം നൈട്രേറ്റ് താലിബാൻ, ഐസിസ് അടക്കമുള്ള പല തീവ്രവാദ സംഘടനകളുടെയും ഇഷ്ട സ്‌ഫോടക വസ്തുകൂടിയാണ്. ഇതേ രാസവസ്തുവാണ് 1995 ലെ ഒക്ലഹോമ സ്ഫോടനത്തിന്റെയും പിന്നിൽ.