വ്ലാദിമിർ പുടിന്റെ ഇഷ്ട സുഗന്ധ ദ്രവ്യമെന്താണ്? ഇക്കാര്യം വെളിപ്പെടുത്തുന്ന ഔദ്യോഗിക രേഖകൾ ഒന്നും തന്നെ ക്രെംലിനിൽ നിന്ന് പുറത്തുവന്നിട്ടില്ലെങ്കിലും, റഷ്യയിലെ പല പെർഫ്യൂം വിദഗ്ധരും ഈ വിഷയത്തിൽ തങ്ങളുടെ അഭിപ്രായങ്ങൾ നിരന്തരം പുറപ്പെടുവിച്ചിട്ടുണ്ട്. 

'അരോമ'(aroma.ru) എന്ന പേരിൽ ഒരു പെർഫ്യൂം പോർട്ടൽ ഉണ്ട് റഷ്യയിൽ. അതിൽ ലേഖനങ്ങൾ എഴുതാറുള്ള സുഗന്ധദ്രവ്യ ഗവേഷകയാണ് അന്നാ അസ്‌കറോവ. അവർ പറയുന്നത്, പുടിന്റെ ഇഷ്ട സുഗന്ധ ദ്രവ്യം, വാൻ ക്ളീഫ് ആൻഡ് ആർപ്പൽസ് എന്ന കമ്പനി 1989 മുതൽ പുറത്തിറക്കുന്ന 'സാർ' (Tsar by Van Cleef & Arpels) എന്ന കൊളോൺ ആണെന്നാണ്. ഇത് ഈ രംഗത്തെ വിദഗ്ധർ സ്ഥിരീകരിച്ച ഒരു വസ്തുതയാണ്. അതിനു ലാവെണ്ടറിന്റെയും, ബെർഗമൊട്ട് നാരകത്തിന്റെയും, മല്ലിയുടെയും, പുൽതൈലത്തിന്റെയും ഒരു മിശ്രിത ഗന്ധമാണ് ഈ യൂ ഡി കൊളോണിനുള്ളത്. അതിന് 'ഉത്തരവാദിത്തം' തുളുമ്പുന്ന ഒരു നിഗൂഢഗന്ധമാണുള്ളത് എന്ന് അന്നാ അസ്‌കറോവ പറയുന്നുണ്ടെങ്കിലും, ഈ പെർഫ്യൂം നിർമിച്ചിരിക്കുന്ന കമ്പനി അവകാശപ്പെടുന്നത് അതിന്റെ ഗന്ധം, 'ആരെയും വശീകരിക്കുന്നതും, മദിപ്പിക്കുന്നതും, ആവേശത്തിലാഴ്ത്തുന്നതും, ലഹരിപിടിപ്പിക്കുന്നതും' ഒക്കെയാണ് എന്നാണ്. നൂറു മില്ലി ലിറ്ററിന്റെ ഒരു കുപ്പിക്ക് ഏകദേശം 23,000 രൂപയോളം വിലപിടിപ്പുള്ള ഈ പ്രീമിയം സുഗന്ധ ദ്രവ്യമാണ് പുടിന്റെ ദേഹത്തുനിന്നുതിരുന്നത് എന്നാണ് അരോമ എന്ന പെർഫ്യൂം പോർട്ടലിന്റെ അഭിപ്രായം.

 

 

എന്നാൽ, റഷ്യയിലെ അറിയപ്പെടുന്നൊരു ദിനപത്രമായ എക്സ്പ്രസ് ഗസെറ്റ പറയുന്നത്, അമുവാഷ് ഗോൾഡ് മാൻ (Amouage Gold Man, released in 1998.) ആണെന്നാണ്. ഇതിന്റെ ടോപ്പ് നോട്ട്സ്, റോസ്ഹിപ്പ്സ്, ഫ്രാൻസിൻസെൻസ്, ലില്ലി ഓഫ് ദ വാലി എന്നിവയും, ഹാർട്ട് നോട്ട്സ് ഐറിസ്, ജാസ്മിൻ, പചൗലി എന്നിവയും ചേർന്നതാണ്. ബേസ് നോട്ട്സിൽ ചന്ദനവും, ആംബർഗ്രിസും, കസ്തൂരിയും, ദേവദാരുവും, ഓക്ക് മോസും ഒക്കെ കലർന്നിട്ടുണ്ട്. നേരത്തെ പറഞ്ഞതിനേക്കാൾ അല്പം വിലക്കുറവാണ് അമുവാഷ് ഗോൾഡ്മാൻ എന്ന ഈ സുഗന്ധ ദ്രവ്യത്തിന്. നൂറു മില്ലിയുടെ ഒരു കുപ്പിക്ക് ഏകദേശം 8900 രൂപയോളം വരും വില. 

 

 

അതുപോലെ 2006 -ൽ Moskovsky Komsomolets എന്ന റഷ്യൻ പത്രത്തിൽ ഷന്ന ഗ്ലാഡ്‌കോവ എന്ന പെർഫ്യൂം നിർമാതാവ് അവകാശപ്പെട്ടത് താൻ പുടിനും പത്നി ല്യുഡ്‌മിനക്കും വേണ്ടി മാത്രമായി താൻ മെറ്റാലിക് ഫ്രഷ്‌നെസ്സ് ഉള്ള ഒരു പെർഫ്യൂം ഉണ്ടാക്കി നൽകി എന്നായിരുന്നു. ഇത് പുടിൻ ഉപയോഗിച്ചിരുന്നു എന്നതിന് പക്ഷെ തെളിവുകളില്ല. അതുപോലെ ബെലറൂസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സുഗന്ധദ്രവ്യ നിർമാതാവായ വ്ലാദിമിർ റെകുനോവ് 2016 -ൽ വ്ലാദിമിർ പുടിന് ഡെഡിക്കേറ്റ് ചെയ്തുകൊണ്ട് പുറത്തിറക്കിയ പെർഫ്യൂം ആണ്, ലീഡേഴ്‌സ് നമ്പർ വൺ എന്നത്.

 

 

ആയിരം കുപ്പി മാത്രമാണ് ഈ ലിമിറ്റഡ് എഡിഷൻ സുഗന്ധദ്രവ്യം നിർമ്മിക്കപ്പെട്ടത്. മരത്തിന്റെ സമ്മാനപ്പെട്ടിക്കുള്ളിൽ അതിനു 22,313 രൂപയും, അല്ലാതെ 11,755 രൂപയോളവുമാണ് വില. ഇതിന്റെ ടോപ്പ് നോട്ട്സ് ബെർഗമോന്റും, ലെമനും, ബ്ലാക്ക് കറന്റുമാണ്. ഹാർട്ട് നോട്ട്സ് സെഡാറും സ്പ്രൂസ് ബാമും, ബേസ് നോട്ട്സ്, മസ്ക്കും ടോങ്ക ബീനും ആണ്. പുടിന്റെ തലയുമായി രൂപ സാമ്യമുള്ള ഒരു ശിരസ്സും ഈ പെർഫ്യൂമിന്റെ കുപ്പിക്കുമുകളിലുണ്ട്. എന്നാൽ ഈ സുഗന്ധ ദ്രവ്യത്തിനും പ്രസിഡന്റ വ്ലാദിമിർ പുടിനും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നൊരു വിശദീകരണവും പിന്നീട് പ്രസിഡന്റിന്റെ വക്താവായ ദിമിത്രി പെസ്‌കോവ് വെളിപ്പെടുത്തിയിരുന്നു.