Asianet News MalayalamAsianet News Malayalam

Sleep Deprived Nation : പാതിരായ്ക്കും ഓഫീസില്‍നിന്ന് വിളിവരും; ഇത് ഉറക്കമില്ലാത്തവരുടെ രാജ്യം!

മദ്യവും, ഉറക്കഗുളികകളും, മെഡിറ്റേഷന്‍ ആപ്പുകള്‍ എന്ന് തുടങ്ങി ഒന്ന് ഉറങ്ങി കിട്ടാന്‍ പരീക്ഷിക്കാത്തതായി ഇനി ഒന്നുമില്ല. ദക്ഷിണ കൊറിയയുടെ വിജയത്തിന് നല്‍കേണ്ടി വന്ന കനത്ത വിലയാണ് ഈ ഉറക്കമില്ലായ്മ.  

how South Korea became the most sleep deprived nations on earth
Author
Seol, First Published Apr 7, 2022, 4:10 PM IST

ഉറങ്ങാന്‍ പാടുപെടുന്നവരാണോ ദക്ഷിണ കൊറിയക്കാര്‍? അതെ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ലോകത്ത് ഏറ്റവും കൂടുതല്‍ ഉറക്കം നഷ്ടപ്പെട്ട രാജ്യങ്ങളില്‍ ഒന്നാണ് ദക്ഷിണ കൊറിയ. പ്രതിദിനം ശരാശരി  6 മണിക്കൂറില്‍ താഴെ മാത്രമാണ് അവര്‍ ഉറങ്ങുന്നത്. എന്നാല്‍ മാനസികമോ, ശാരീരികമോ, സാമൂഹ്യമോ ആയ കാരണങ്ങളല്ല അതിന് പിന്നില്‍, മറിച്ച് ജോലി ഭാരമാണ്. ഒരു ദിവസം പതിനാല് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്ന അവര്‍ക്ക് ഉറങ്ങാന്‍ എവിടെ സമയം? ഈ ഉറക്കമില്ലായ്മ ആളുകളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു.    

29 കാരിയായ ഒരു പബ്ലിക് റിലേഷന്‍സ് ഓഫീസറാണ് ജി-യൂണിന്‍. അവളുടെ ഓരോ ദിവസവും തിരക്കേറിയതായിരുന്നു. കാലത്ത് ഏഴ് മണിയ്ക്ക് ജോലി ആരംഭിച്ചാല്‍ രാത്രി 10 മണിക്കായിരിക്കും അവസാനിക്കുന്നത്. തിരക്കുള്ള ദിവസങ്ങളില്‍ അത് പുലര്‍ച്ചെ മൂന്ന് വരെ നീളും. ഇതിനിടയില്‍ അവള്‍ ഒന്ന് സ്വസ്ഥമായി ഉറങ്ങാന്‍ ആഗ്രഹിച്ച് വീട്ടിലെത്തും. ഒന്ന് മയക്കം പിടിക്കുമ്പോഴായിരിക്കും അര്‍ദ്ധരാത്രി എന്തെങ്കിലും ഉടന്‍ ചെയ്യണമെന്ന് പറഞ്ഞ് അവളുടെ ബോസിന്റെ വിളി. 'എങ്ങനെ വിശ്രമിക്കണമെന്ന് പോലും ഞാന്‍ മറന്നു തുടങ്ങി'- അവള്‍ പറയുന്നു. എന്നാല്‍ ഒടുവില്‍ ഉറക്കക്കുറവും, ജോലിയുടെ ടെന്‍ഷനും താങ്ങാന്‍ വയ്യാതെ അവള്‍ ജോലി രാജിവച്ചു. ഇപ്പോള്‍ അവള്‍ ഒരു ഫ്രീലാന്‍സറായി പ്രവര്‍ത്തിക്കുന്നു. തന്റെ ഉറക്കമില്ലായ്മ പരിഹരിക്കാന്‍ സൈക്യാട്രിസ്റ്റായ ഡോ ജി-ഹിയോണ്‍ ലീയിന്റെ സ്ലീപ് ക്ലിനിക്കിലും പോകുന്നു.  

സിയോളിലാണ് ഡോ ജി-ഹിയോണ്‍ ലീയിന്റെ സ്ലീപ്പ് ക്ലിനിക്കുള്ളത്. അവര്‍ ഉറക്കത്തിലാണ് സ്‌പെഷ്യലൈസ് ചെയ്തത്. ഉറങ്ങാനായി ഒരു രാത്രിയില്‍ 20 ഉറക്ക ഗുളികകള്‍ വരെ കഴിക്കുന്ന രോഗികളെ താന്‍ കാണാറുണ്ടെന്ന് അവര്‍ പറയുന്നു. ഉറക്കഗുളികകളോടുള്ള ആസക്തി രാജ്യത്തെ വിഴുങ്ങുന്ന അപകടകരമായ ഒരു പ്രവണതയായി മാറികൊണ്ടിരിക്കയാണ്. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളൊന്നുമില്ലെങ്കിലും, ഏകദേശം 100,000 കൊറിയക്കാരെങ്കിലും ഉറക്ക ഗുളികകള്‍ക്ക് അടിമകളാണെന്ന് കണക്കാക്കപ്പെടുന്നു. ചിലര്‍ക്ക് ഉറക്കഗുളികകളും മതിയാകാതെ വരുന്നു. അത്തരക്കാര്‍ അതിന് പുറമേ മദ്യവും ശീലിക്കുന്നു.  

ഇത് ആത്മഹത്യകള്‍ പെരുകാന്‍ കാരണമാവുന്നതായി പഠനം വ്യക്തമാക്കുന്നു. കൂടാതെ, മദ്യത്തിന്റെയും, ആന്റീഡിപ്രസന്റുകളുടെയും ഉയര്‍ന്ന തോതിലുള്ള ഉപഭോഗവും  ഇവിടെ കാണാം. ഈ അവസ്ഥാവിശേഷണത്തിന് മൂലകാരണം കണ്ടെത്തണമെങ്കില്‍ വര്‍ഷങ്ങള്‍ പുറകോട്ട് സഞ്ചരിക്കേണ്ടി വരും. ഒരുകാലത്ത് ദക്ഷിണ കൊറിയ ഭൂമിയിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായിരുന്നു. ഏതാനും ദശാബ്ദങ്ങള്‍ക്കുള്ളിലാണ് ലോകത്തിലെ ഏറ്റവും സാങ്കേതികമായി പുരോഗമിച്ച രാജ്യങ്ങളിലൊന്നായി അത് മാറിയത്. സമാനമായ രീതിയില്‍ വളര്‍ന്ന സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും സ്വന്തമായി പ്രകൃതി വിഭവങ്ങളുണ്ടായിരുന്നു. എന്നാല്‍ കൊറിയയ്ക്ക് അത്തരം പ്രകൃതിസമ്പത്തില്ല. ജനങ്ങളുടെ കൂട്ടായ കഠിനാധ്വാനത്തിലൂടെയാണ് രാജ്യം പുരോഗമിച്ചത്. അതിന്റെ ഫലമോ അമിതമായി ജോലി ചെയ്യുന്ന, സമ്മര്‍ദമുള്ളവരും, ഉറക്കക്കുറവുള്ളവരുമായ ഒരു സമൂഹത്തിന്റെ പിറവി.  

ചുരുങ്ങിയത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങേണ്ട സ്ഥാനത്ത് അതിന് കഴിയാതെ വരുന്ന കൊറിയക്കാര്‍ മദ്യവും, ഉറക്കഗുളികകളും, മെഡിറ്റേഷന്‍ ആപ്പുകള്‍ എന്ന് തുടങ്ങി ഒന്ന് ഉറങ്ങി കിട്ടാന്‍ പരീക്ഷിക്കാത്തതായി ഇനി ഒന്നുമില്ല. ദക്ഷിണ കൊറിയയുടെ വിജയത്തിന് നല്‍കേണ്ടി വന്ന കനത്ത വിലയാണ് ഈ ഉറക്കമില്ലായ്മ.  
 

Follow Us:
Download App:
  • android
  • ios