സഖ്യസേന ജർമനിയെ കീഴടക്കിയ ശേഷം അവർ വഴി പുറത്തുവന്ന ചിത്രങ്ങളിലൂടെയാണ് ലോകം ആദ്യമായി നാസികൾ അവരുടെ കോൺസൻട്രേഷൻ ക്യാമ്പുകളിൽ നടത്തിയിരുന്ന ഹോളോകോസ്റ്റ് അഥവാ വംശഹത്യയുടെ ക്രൂരതകളെക്കുറിച്ച് അറിയുന്നത്. എന്നാൽ, ഈ ചിത്രങ്ങൾ സേനയുടെ കയ്യിൽ കിട്ടിയിട്ടും കുറേക്കാലം കൂടി അത് അവർ പുറത്തുവിടാത്ത കയ്യിൽ വെച്ചുകൊണ്ടിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യദിനങ്ങളിൽ ഒന്നിൽ ബെർലിനിലൂടെ മാർച്ച് നടത്തിയ റെഡ് ആർമിയാണ് ഈ ക്യാമ്പുകൾ ആദ്യമായി കണ്ടെത്തുന്നത്. അവർ ആദ്യമായി കണ്ടെത്തിയ, സ്വാതന്ത്രമാക്കിയ ക്യാമ്പ്, കിഴക്കൻ പോളണ്ടിലെ മയ്ദനെക്കിലെ ആയിരുന്നു. 1944 ജൂലൈ 24 -നായിരുന്നു അത്.   ആ കണ്ടെത്തൽ നടന്നിട്ട് ഒരു വർഷം കഴിഞ്ഞ്, ഫ്രാൻസ് വിമോചിതമായി ജനറൽ ചാൾസ് ഡി ഗോളെയുടെ നേതൃത്വത്തിൽ അവിടെ ഒരു ഗവൺമെന്റ് രൂപീകൃതമായ ശേഷമാണ് വിവരങ്ങൾ പുറത്തുവിടാം എന്ന ഒരു ധാരണയുണ്ടാകുന്നത്. 

മരണമാർച്ച് 

1944 ജൂൺ ആയപ്പോൾ ഒരു കാര്യം ഉറപ്പായി. ജർമനി തോറ്റുകൊണ്ടിരിക്കുകയാണ്. സമ്പൂർണമായ പരാജയം ഏത് നിമിഷവും സംഭവിക്കാം. അത് ബോധ്യപ്പെട്ട നാസി നേതാവ് ഹെൻറിച്ച് ഹെയിംലർ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. സഖ്യസേന എത്തും മുമ്പ് അതിർത്തിക്കടുത്തുള്ള ക്യാമ്പുകൾ ഒഴിപ്പിക്കണം. അവിടുള്ള തടവുപുള്ളികളെ കൂടുതൽ ഉൾഭാഗത്തേക്കുള്ള ജയിലുകളിലേക്ക് മാറ്റിപ്പാർപ്പിക്കണം. ബാൾട്ടിക് ഭാഗത്ത് മുന്നേറിവരുന്ന സഖ്യസേന ആദ്യം എത്തിപ്പെടാൻ സാധ്യതയുള്ള പ്രദേശത്തുള്ള ക്യാമ്പുകളെ ഉദ്ദേശിച്ചുള്ളതായിരുന്നു ആ ഉത്തരവ്. ഷുട്ട്സ്സ്റ്റാഫെൽ(SS) ഹിറ്റ്ലറുടെ പാരാമിലിട്ടറി പടയെ ആയിരുന്നു ഈ ജോലി ഏല്പിക്കപ്പെട്ടത്. ഓഷ്വിറ്റ്സ്- ബിർക്കേനൗ ഭാഗത്ത് കെട്ടിപ്പൊക്കിയിരുന്ന പടുകൂറ്റൻ കോൺസൻട്രേഷൻ ക്യാമ്പ്, അതേ 1945 ജനുവരിയിൽ റെഡ് ആർമിയാൽ മോചിതമായ അതേ ക്യാമ്പ്.

1944 പകുതിയായപ്പോഴേക്കും തന്നെ അത് ഷുട്ട്സ്സ്റ്റാഫെൽ പതുക്കെപ്പതുക്കെ ഒഴിപ്പിച്ചു തുടങ്ങി. റെഡ് ആർമി അവിടെ എത്തും മുമ്പ് ജർമൻ സൈന്യം അവിടെനിന്ന് 60,000 തടവുകാരെ കടത്തിക്കഴിഞ്ഞിരുന്നു. ഷുട്ട്സ്സ്റ്റാഫെൽ ഓഷ്വിറ്റ്സിൽ നിന്ന് ലോസ്ളാവ് വരെയുള്ള 35 കിലോമീറ്റർ ദൂരം  അത്രയും പേരെ കാൽനടയായാണ് കൊണ്ടുപോയത്. ക്യാമ്പിലെ പീഡനങ്ങളാൽ അവർ അല്ലെങ്കിൽ തന്നെ ഏറെ തളർന്നിരുന്നു. ആ ഭീമൻ ജാഥ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോഴേക്കും കൊണ്ടുപോയവരിൽ 15000 പേരും മരിച്ചുവീണു. ആ നടത്തം പിന്നീട് ചരിത്രത്തിൽ 'ഡെത്ത് മാർച്ച്' എന്നറിയപ്പെട്ടു. സോവിയറ്റ് സൈന്യം വന്നപ്പോൾ അവിടെ നിന്ന് 7000 പേരെ മാത്രമാണ് ആകെ മോചിപ്പിക്കാൻ സാധിച്ചത്.  നേരെ നിൽക്കാനോ ഒരടിവെക്കാനോ ശേഷിയില്ലാതിരുന്നതിന്റെ പേരിൽ മാത്രം ഷുട്ട്സ്സ്റ്റാഫെൽ (SS) അവിടെക്കിടന്നു ചാവാൻ ഉപേക്ഷിച്ചിട്ടുപോയതായിരുന്നു അവരെ.

ആ കണ്ടെത്തലിന് അന്ന് ജനസാമാന്യത്തിനുമേൽ ഒരു സ്വാധീനവും ചെലുത്താനായില്ല. അന്ന് റെഡ് ആർമി കണ്ടതിന്റെയൊന്നും ചിത്രങ്ങൾ എങ്ങും പ്രസിദ്ധപ്പെടുത്തിയിരുന്നില്ല എന്നതുതന്നെ കാരണം. മയ്ദനെക്കിലെയും ഓഷ്വിറ്റ്സ്- ബിർക്കേനൗവിലെയും രംഗങ്ങൾ അന്ന് റഷ്യൻ പോളിഷ് ഫോട്ടോഗ്രാഫർമാർ പകർത്തിയിരുന്നു. അടുത്തതായി മോചിപ്പിക്കപ്പെട്ട സ്ട്രൂതോഫിൽ കണ്ട രംഗങ്ങൾ അമേരിക്കൻ സൈന്യം ഒരു ഡോക്യൂമെന്ററി ആയി പകർത്തി. ഫ്രഞ്ച് മണ്ണിൽ ഉണ്ടായിരുന്ന ഒരേയൊരു കോൺസൻട്രേഷൻ ക്യാമ്പ് ആയിരുന്നു അത്. ഫ്രാൻസിന് ആ വാർത്തകളും അതിദയനീയമായ ആ രംഗങ്ങളും പുറത്തുവിടാനുണ്ടായിരുന്ന മടിയായിരുന്നു അന്ന് ആ വാർത്തകൾ സെൻസർ ചെയ്യപ്പെടാനുണ്ടായ കാരണം. 

1945 ഏപ്രിൽ ആറിന് ജർമനിയിലെ ബുക്കൻവാൾഡ് ക്യാമ്പിന്റെ ഒരു അനെക്സ് ആയിരുന്ന ഓഡ്രൂഫ് കണ്ടെത്തപ്പെട്ടതായിരുന്നു വഴിത്തിരിവ്. അമേരിക്കൻ യുദ്ധ റിപ്പോർട്ടർ മേയർ ലൈവിനും, എഎഫ്പിയുടെ ഫോട്ടോഗ്രാഫർ എറിക്ക് ഷ്വാബിനും ഒപ്പം അമേരിക്കൻ സൈന്യം അവിടെ എത്തുമ്പോൾ അവർക്ക്, ഇനിയും കത്തിത്തീർന്നിട്ടില്ലാത്ത തീ കാണാനായിരുന്നു. ഒപ്പം, തലയ്ക്ക് വെടിയുണ്ടയേറ്റ് കിടന്നു പിടച്ചുകൊണ്ടിരുന്ന എല്ലും തോലുമായ തടവുപുള്ളികളെയും. 

ഏപ്രിൽ 12 -ണ് സഖ്യസേനയുടെ സുപ്രീം കമാണ്ടർ ഡ്വൈറ്റ് ഐസൻഹോവർ ആ ക്യാമ്പ് സന്ദർശിച്ചു. അവിടെ കണ്ട ഭീതിദമായ രംഗങ്ങൾ അദ്ദേഹത്തെ പിടിച്ചുലച്ചു. അദ്ദേഹമാണ് സഖ്യസേനയുടെ മീറ്റിങ് വിളിച്ചുകൂട്ടി സകല സെൻസർഷിപ്പും നീക്കാൻ തീരുമാനമെടുത്തു. നാസികൾ പ്രവർത്തിച്ച കൊടും ക്രൂരതകൾ എത്രയും പെട്ടെന്ന് ലോകം അറിയണം എന്ന് ഐസൻഹോവറിന് നിർബന്ധമായിരുന്നു.  

അന്ന് വൈകുന്നേരം ഫ്രാൻസിലെ കമ്യൂണിസ്റ്റ് പത്രമായ സെ സോയിർ അതിന്റെ ഒന്നാം പേജിൽ അച്ചടിച്ചത് ഒരു വമ്പൻ കുഴിമാടത്തിൽ ചിത്രമായിരുന്നു. ഒപ്പം വിശദമായ നാസിഭീകരതയുടെ അനുഭവസാക്ഷ്യങ്ങളും. അതിനു പിന്നാലെ ലോകമെമ്പാടുമുള്ള പത്രങ്ങളുടെ ലേഖകർ ഈ ക്യാമ്പുകൾ സന്ദർശിച്ച്, ഹോളോകോസ്റ്റിനെ അതിജീവിച്ചവരെ നേരിൽ കണ്ട് വിശദമായ അനുഭവവിവരണങ്ങളും, ചിത്രങ്ങളും മറ്റും പ്രസിദ്ധപ്പെടുത്തി. ജർമൻകാർ തന്നെ എടുത്തിരുന്ന പല ട്രോഫി ചിത്രങ്ങളും പിന്നീട് ചരിത്ര രേഖകളായി. മനുഷ്യൻ എന്ന ക്രൂരമൃഗത്തിന് സഹജീവികളോട് എത്ര മോശമായി പെരുമാറാനാകും, എങ്ങനെയൊക്കെ മറ്റൊരു മനുഷ്യനെ ചിത്രവധം ചെയ്യാനാകും എന്നതിന്റെയൊക്കെ വേദനിപ്പിക്കുന്ന സാക്ഷ്യങ്ങളായി ആ റിപ്പോർട്ടുകൾ.