ഒരാഴ്ചയ്ക്കുള്ളിൽ ഹോങ്കോങ്ങ് അതിന്റെ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ രണ്ടു പ്രതിഷേധ റാലികൾക്കാണ് സാക്ഷ്യം വഹിച്ചത്.  ഈ രണ്ടു റാലികളുടേയും മുൻ നിരയിൽ ഉണ്ടായിരുന്നത് ചെറുപ്പക്കാരായിരുന്നു. പലരും ടീനേജ് പ്രായക്കാർ. അവർ എങ്ങനെയാണ് സർക്കാരിന്റെ നയത്തെ തിരുത്തുക എന്ന ലക്ഷ്യത്തോടെ,  വിപ്ലവത്തിന്റെ തീച്ചൂളയിലേക്ക് നിർഭയം എടുത്തുചാടിയത്..?  സർക്കാർ എടുത്ത ഒരു ചരിത്ര പ്രധാനമായ തീരുമാനത്തെ അവർ എങ്ങനെയാണ് കൈപിടിച്ച് തിരുത്തിയെഴുതിച്ചത്..? 

ഹോങ്കോങ്ങിലെ യുവാക്കൾ പണ്ടുമുതലേ ഒരു കാര്യത്തിന് പ്രസിദ്ധരാണ്,സ്വന്തം കാര്യം നോക്കുന്നതിൽ. അവർ ഒന്നുകിൽ കൃത്യമായി പഠിച്ച്‌ നല്ലൊരുദ്യോഗം നേടും. അല്ലെങ്കിൽ  ബിസിനസ്സ് ചെയ്‌ത്‌ നാലുകാശ് സമ്പാദിക്കും. ഹോങ്കോങ്ങിന്റെ ചരിത്രത്തിൽ  അവിടുത്തെ യുവാക്കൾ, തെരുവിലിറങ്ങി സമരം ചെയ്തതിന്റെയോ, രാഷ്ട്രീയത്തിന്റെയും കാല്പനിക ചിന്തയുടെയും പിന്നാലെ പോയി ജീവിതം തുലച്ചു കളഞ്ഞതിന്റെയോ ഒന്നും അധികം ഉദാഹരണങ്ങളില്ല. എന്നിട്ടും, കഴിഞ്ഞ ഒരാഴ്ചയായി തെരുവിൽ നിറഞ്ഞു കത്തിയത് ഹോങ്കോങ്ങിലെ യുവതയുടെ രോഷമാണ്. തെരുവിൽ മുഖം മൂടികളണിഞ്ഞ് മുദ്രാവാക്യങ്ങൾ വിളിച്ചും, വഴികളിൽ മാർഗ്ഗതടസ്സങ്ങൾ സൃഷ്ടിച്ചും, പൊലീസിന് നേരെ ടിയർ ഗ്യാസ് കാനിസ്റ്ററുകൾ തിരിച്ചെറിഞ്ഞും ഒക്കെ അവർ കട്ടയ്ക്കുകട്ട പോരാടി. 

ഇതിനു മുമ്പ് ഒരല്പമെങ്കിലും ഹോങ്കോങ്ങ് അസ്വസ്ഥമായിട്ടുണ്ടെങ്കിൽ, അത് 2014-ൽ നടന്ന 'കുടപിടിക്കൽ' സമരത്തിനിടെയാണ്. അന്ന് ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകൾ നടത്തണം എന്നാവശ്യപ്പെട്ടു തെരുവിലിറങ്ങിയത് പതിനായിരങ്ങളായിരുന്നു. 'ഒക്കുപ്പൈ സെൻട്രൽ' എന്നായിരുന്നു അന്നത്തെ സമരങ്ങൾ അറിയപ്പെട്ടത്. അന്ന് പക്ഷേ, സർക്കാരിൽ നിന്നും യാതൊന്നും നേടിയെടുക്കാതെ തന്നെ അവർക്ക് ആ സമരം നിർത്തേണ്ടി വന്നു. 

എന്നാൽ ഇത്തവണ അങ്ങനെയല്ല..!  ഹോങ്കോങ്ങിൽ നിന്നും കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കായി പൗരന്മാരെ മെയിൻലാൻഡ് ചൈനയിലേക്ക് കൈമാറ്റം ചെയ്യുന്നത്തിനുവേണ്ടി ഒരു ബിൽ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടു.  ആ വിവാദ ബില്ലിനെതിരെയാണ് ഹോങ്കോങ്ങിലെ യുവജനങ്ങൾ ഒന്നടങ്കം  തെരുവിലിറങ്ങിയതും,സർക്കാരിനെക്കൊണ്ട് ആ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നത് നിർത്തിവെപ്പിച്ചതും, ഏറെക്കുറെ അത് ഉപേക്ഷിച്ച മട്ടിൽ ആക്കിയതും.

ഇക്കുറി എന്താണ് വ്യത്യസ്തമായിരുന്നത്..? കഴിഞ്ഞ കുറി മുട്ടുമടക്കാതിരുന്ന ഹോങ്കോങ് സർക്കാർ ഇത്തവണ  യുവാക്കൾക്കു മുന്നിൽ കീഴടങ്ങിയത് എന്തുകൊണ്ടാണ്.? 

തങ്ങളുടെ ഭാവിയും, ജോലിയും, ജീവൻ വരെയും പണയപ്പെടുത്തിക്കൊണ്ട്, അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയെ പരീക്ഷിച്ചുകൊണ്ട് ആ യുവാക്കൾ പോലീസിന്റെ  ഭീഷണികൾ അവഗണിച്ച്  തെരുവിൽ തന്നെ തുടരുന്നത് എന്തുകൊണ്ടാണ്..? 


'ഇത് റാഡിക്കലായി ഉണ്ടായ ഒരു മാറ്റമല്ല..' - ഹോങ്കോങ് ജനതയിൽ ഈ മാറ്റം കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി പതുക്കെ വന്ന ഒന്നാണ്. 2000-ൽ ഹോങ്കോങ്ങിൽ 58 % രജിസ്റ്റേർഡ് വോട്ടർമാരുണ്ടായിരുന്നത് 2016 ആയപ്പോഴേക്കും 70% ആയി വർധിച്ചു. ഹോങ്കോങ്ങ് എന്ന ബ്രിട്ടീഷ് കോളനിയുടെ രാഷ്ട്രീയ ഭാവി തുലാസിൽ നിൽക്കുന്ന ഒരു കാലത്ത് ഇത് വളരെ ശ്രദ്ധേയമായ ഒരു മാറ്റമാണ്. 

ഹോങ്കോങിന് മേൽ ചൈനയ്ക്ക് എന്നും നോട്ടമുണ്ടായിരുന്നു. അവർ ഹോങ്കോങ്ങിനെ ആക്രമിച്ചു സ്വന്തമാക്കാതിരുന്നത് അത് ബ്രിട്ടീഷ് കോളനി ആയിരുന്നതുകൊണ്ടുമാത്രമാണ്. 1997-ൽ ഹോങ്കോങ് പ്രവിശ്യയുടെ പരമാധികാരം ബ്രിട്ടനിൽ നിന്നും മെയിൻലാൻഡ് ചൈനയ്ക്ക് കൈമാറപ്പെട്ടെങ്കിലും, അതിനെ അന്നത്തെ ഉടമ്പടി പ്രകാരം 2047  വരെ ഒരു സ്പെഷ്യലി അഡ്മിനിസ്റ്റെർഡ് റീജിയൻ (SAR) ആയി നിലനിർത്തപ്പെട്ടു.  വിദേശകാര്യത്തിലും, പ്രതിരോധത്തിലും ഒഴിച്ച് മറ്റെല്ലാ കാര്യത്തിലും ഹോങ്കോങിന് പരമാധികാരമുണ്ട്. 

ഈ ഉടമ്പടി അവസാനിക്കുന്ന 2047-ൽ എന്താവും ഹോങ്കോങ്ങിന്റെ അവസ്ഥ എന്നത് ഇന്ന് അവിടുത്തെ യുവാക്കളെ അലട്ടുന്ന ഒരു അനിശ്ചിതത്വമാണ്.  ഇനിയും കൊല്ലം പത്തുമുപ്പതുണ്ടെങ്കിലും, അത് ഏറെ സമീപത്തിലാണ് എന്നുള്ള തോന്നൽ അവരിൽ ശക്തമാണ്. അതുകൊണ്ടുതന്നെ ചൈനീസ് സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഏതൊരു നീക്കവും അവരെ എളുപ്പത്തിൽ ആശങ്കയിലാക്കും. 


ഈ സമരത്തിനിടെയും അവിടത്തെ യുവാക്കൾ വളരെ ശ്രദ്ധാലുക്കളാണ്. മുഖം മറച്ചും, ഐഡന്റിറ്റി വെളിപ്പെടുത്താതെയും മാത്രം പ്രതികരിക്കുന്ന അവർ തങ്ങളുടെ വിവരങ്ങൾ ചൈനീസ് ചാരന്മാർ ശേഖരിക്കാതിരിക്കാൻ  ക്രെഡിറ്റ് കാർഡുകളും മറ്റും ഉപയോഗിക്കാൻ മടിക്കുന്നുണ്ട്. കഴിവതും പണം തന്നെ കൊടുത്ത് ട്രെയിൻ ടിക്കറ്റുകളും മറ്റും വാങ്ങുന്നു. വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ, ടെലിഗ്രാം പോലുള്ള ആത്മഘാതിയായ ആപ്‌ളിക്കേഷനുകൾ ഫോണിൽ സൂക്ഷിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നു. 

കഴിഞ്ഞ കുറി 'ഒക്കുപ്പൈ സെന്റർ'  പ്രൊട്ടസ്റ്റിന്റെ കാലത്ത് ഈ ശ്രദ്ധ ഉണ്ടായിരുന്നില്ല. അന്ന് ആ സമരത്തിൽ പങ്കെടുത്തവർ പരക്കെ വേട്ടയാടപ്പെട്ടു.  പ്രദേശത്ത്  വർധിച്ചുവരുന്ന ചൈനയുടെ സ്വാധീനമാണ് അവരെയൊക്കെ ഇങ്ങനെയുള്ള  പ്രതിഷേധങ്ങളിലേക്ക് ഇറക്കി വിടുന്നത്. ഇത്തരത്തിലുള്ള നിയന്ത്രണങ്ങളോട് മൗനം പാലിക്കുന്നതും, അതൊക്കെ കണ്ടില്ലെന്നു നടിക്കുന്നതുമാണ് ഈ ലോകത്തിൽ  ഏറ്റവും അപകടകരമായ കാര്യം എന്ന് അവർ കരുതുന്നുണ്ട്. 

ഇത്തവണത്തെ സമരത്തിന് ഒരു പ്രത്യേകതയുണ്ട്. സമരക്കാർ ഇപ്പോൾ ഉള്ളതിൽ കൂടുതൽ ജനാധിപത്യം പുലർന്നുകാണണം എന്ന് ആഗ്രഹിക്കുന്നില്ല. ഉള്ളത് എത്രയോ അത്രയും അതുപോലെ നിലനിർത്താണെങ്കിലും സാധിക്കണം, അതാണ് അവരുടെ ആവശ്യം.  ഇത്തവണ അവർ തയ്യാറായെടുത്താണ് സമരത്തിനിറങ്ങിയത്. മുറിവുകൾ കെട്ടാനുള്ള ബാന്ഡേജുകൾ മുതൽ, പോലീസിൽ നിന്നും പരിക്ക് പറ്റിയാൽ ആവശ്യം വന്നേക്കാവുന്ന മരുന്നുകൾ വരെ അവർ സ്റ്റോക്കു ചെയ്തിരുന്നു ഇത്തവണ. പലർക്കും അവരുടെ അച്ഛനമ്മമാരിൽ നിന്നും കടുത്ത എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു. സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പലരെയും വീട്ടിൽ നിന്നും പുറത്താക്കി.  പോലീസ് ആ കുട്ടികളെ നിരന്തരം വേട്ടയാടി. എന്നിട്ടും അവർ സമരം ഉപേക്ഷിച്ചില്ല. 

സമരം ചെയ്തതിൽ ഭൂരിഭാഗവും ഹോങ്കോങ്ങിലെ ഏറ്റവും മിടുക്കരായ കുട്ടികൾ പഠിക്കുന്ന കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളായിരുന്നു. സമരത്തിനിടെ വിപ്ലവകാരികളെ പോലീസ് റബ്ബർ ബുള്ളറ്റുകളും ബീൻ ബാഗ് ഷോട്ടുകളും  ടിയർ ഗ്യാസിന്റെ 150 -ൽ അധികം കാനിസ്റ്ററുകളും കൊണ്ടാണ് എതിരിട്ടത്. കഴിഞ്ഞതവണ നടന്ന അംബ്രല്ലാ പ്രൊട്ടസ്റ്റിൽ 79  ദിവസം കൊണ്ട് ഉപയോഗിക്കേണ്ടി വന്നതിലധികം, ഇവയെല്ലാം ഇത്തവണ ഒരാഴ്ചയ്ക്കകം പൊലീസിന് ചെലവിടേണ്ടി വന്നു.  നിരവധി വിദ്യാർത്ഥികൾക്ക് പെപ്പർ സ്പ്രേയുടെയും നീറ്റൽ അറിയേണ്ടി വന്നു. എന്നിട്ടും അവർ പിന്മടങ്ങാൻ തയ്യാറായില്ല. 

കുട്ടികളെ ആക്രമിച്ച പോലീസുകാരോട് ഒരു സ്ത്രീ സമരത്തിനിടെ , " നാളെ നിങ്ങൾക്കും ഇതുപോലുള്ള കുട്ടികളുണ്ടാവും.. ഓർത്തോ.. " എന്ന് ദേഷ്യപ്പെടുന്നതിന്റെ വീഡിയോ വൈറലായിരുന്നു.  സമരങ്ങളോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് നഗരത്തിലെ പള്ളികളിൽ നിന്നും സംഘങ്ങൾ പോലീസിനെതിരെ ഹാലേലുയ്യാ വിളികളുമായി രംഗത്തെത്തിയിരുന്നു.  " ഞങ്ങളുടെ മക്കളെ വെടിവെക്കരുതേ.." എന്ന പ്ലക്കാർഡുകളുമായി സമരക്കാരുടെ അമ്മമാർ അണിനിരന്ന " മദേഴ്‌സ് റാലി' യും ഏറെ ശ്രദ്ധേയമായി.  

സർക്കാരിനെതിരെയുള്ള പൊതുജനവികാരം ശക്തമായതോടെ രാഷ്ട്രീയക്കാർക്കും അടങ്ങിയിരിക്കാനായില്ല. പല നേതാക്കളും സമരം ചെയ്യുന്ന യുവാക്കളെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി.  

ഹോങ്കോങ്ങിന്റെ രാഷ്ട്രീയഭാവി ഇനി എങ്ങോട്ട് ചായും എന്നത് ഇനിയും വ്യക്തമല്ല. ബില്ലുമായി തൽക്കാലം മുന്നോട്ടു പോവുന്നില്ല എന്ന് സർക്കാറിന്റെ  ഭാഗത്തുനിന്നും ശനിയാഴ്ച  ഒരു പ്രഖ്യാപനമുണ്ടായിട്ടും, ഞായറാഴ്ച പതിവിലും അധികം പങ്കാളിത്തത്തോടെയുള്ള ഒരു റാലിയ്ക്കാൻ ഹോങ്കോങ് സാക്ഷ്യം വഹിച്ചത്. ആ റാലിയിൽ പങ്കെടുത്ത പലരും തങ്ങളുടെ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഒരു പ്രതിഷേധത്തിനിറങ്ങുന്നത്. അവർ അങ്ങനെ ചെയ്യാൻ ധൈര്യപ്പെട്ടത്, ഈ നിഷ്കളങ്കരായ യുവാക്കളുടെ എതിർപ്പുകളോട് അവരുടെ ഹൃദയം ചേർന്ന് മിടിക്കുന്നതുകൊണ്ടാണ്. 

എന്തായാലും ഒരു കാര്യം വളരെ വ്യക്തമായിട്ടുണ്ട്. ഹോങ്കോങ്ങുകാർ ഇന്ന് സമരങ്ങളെയും പ്രതിഷേധങ്ങളെയും കാണുന്നത്, പഴയ കണ്ണുകൊണ്ടല്ല..! കഴിഞ്ഞ പത്തുമുപ്പതുവര്ഷത്തെ രാഷ്ട്രീയ മൗഢ്യത്തെയാണ് ഈ 'കൈമാറ്റ ബില്ലി'നെതിരായ സമരം ഉടച്ചുകളഞ്ഞത്. 

" ലാത്തിയുമായി തൊട്ടുമുന്നിൽ വന്നു നിൽക്കുന്ന പോലീസിന്റെ കണ്ണിലേക്കുറ്റു നോക്കി മണിക്കൂറുകളോളം  വിപ്ലവഗാനങ്ങൾ ഉച്ചത്തിൽ പാടേണ്ടി വരുമെന്നൊന്നും ഞങ്ങളാരും സങ്കല്പിച്ചിരുന്നതല്ല.. ഞങ്ങളുടെ അമ്മമാർ ഞങ്ങൾക്ക് പിൻതുണ പ്രഖ്യാപിച്ചു കൊണ്ട് തെരുവിലിറങ്ങുമെന്നും.. റിപ്പോർട്ടർമാർ ഞങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹെൽമെറ്റുകളും മറ്റും ധരിച്ച് ഞങ്ങൾക്കിടയിലേക്ക് ഇറങ്ങി വരുമെന്നും.. ഒന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. .."  ഒരു വിദ്യാർത്ഥി പറഞ്ഞു. 

 ആദ്യമായി ടിയർ ഗ്യാസിന്റെ നീറ്റലറിഞ്ഞ ഒരു വിദ്യാർത്ഥിനി  ആ അനുഭവത്തെ വേദനാജനകം എന്നാണ് പറഞ്ഞത്. " കണ്ണിൽ കുത്തുന്ന വേദനയായിരുന്നു.. ഒന്നും കാണാനാവാത്ത അവസ്ഥ.. വെള്ളമൊഴിച്ചാൽ കൂടുതൽ പ്രശ്നമാവും എന്നറിഞ്ഞിരുന്നില്ല ഞാൻ.. ആകെ നരകത്തിൽ പെട്ട അവസ്ഥയായി.. ടിയർ ഗാസ് കാൻ താഴെ വന്നു വീണു പൊട്ടുന്ന ഒച്ച ഇനി ഒരിക്കൽക്കൂടി കേൾക്കുന്നതിനെപ്പറ്റിപ്പോലും ഓർക്കാൻ വയ്യ.. എന്നാലും ഞാൻ പ്രതിഷേധത്തിൽ നിന്നും പിന്നോട്ട് പോവുന്ന പ്രശ്നമേയില്ല.. "  അവൾ  പറഞ്ഞു. 

ഇപ്പോൾ ഹോങ്കോങ്ങിലെ ജനങ്ങൾക്ക് ആ വേദനകളൊന്നും വലിയ പ്രശ്നമായി തോന്നുന്നില്ല. കാരണം, അവരുടെ സ്വാതന്ത്ര്യമാണ് ഇപ്പോൾ അപകടത്തിലായിരിക്കുന്നത്. അത് രക്ഷിച്ചെടുക്കാൻ  മറ്റെന്തു ത്യജിച്ചും പ്രതിഷേധിക്കാൻ അവർക്കു മടിയില്ല..!