ധാരാളം നാരുകളും മാംസ്യവും ധാതുക്കളും വിറ്റാമിനുകളും ഫൈറ്റോകെമിക്കലുകളും അടങ്ങിയിരിക്കുന്ന ഉരുളക്കിഴങ്ങിന്റെ തൊലിയും ഏറെ ഉപയോഗമുള്ളതാണ്. ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന കിഴങ്ങ് എതാണെന്ന് ചോദിച്ചാല്‍ ഉരുളക്കിഴങ്ങ് എന്ന് പറയേണ്ടിവരും. കടയില്‍ നിന്ന് വാങ്ങുന്ന ഉരുളക്കിഴങ്ങ് ഉപയോഗിച്ച് വീട്ടില്‍ത്തന്നെ കൃഷി ചെയ്യാം. അതില്‍ നിന്ന് മുളച്ച ഉരുളക്കിഴങ്ങ് എടുത്താല്‍ മതി. അതുപോലെ പച്ചനിറമുള്ള ഉരുളക്കിഴങ്ങുകളും മുളയ്ക്കാന്‍ സാധ്യതയുണ്ട്.

മുളച്ച് കഴിഞ്ഞാല്‍ ഉരുളക്കിഴങ്ങ് നാല് കഷണങ്ങളാക്കുക. ഓരോ കഷണത്തിലും ഒരു മുളയെങ്കിലും ഉണ്ടാകണം. ഗ്രോബാഗിലും നേരിട്ട് മണ്ണിലും നമുക്ക് ഉരുളക്കിഴങ്ങ് നടാവുന്നതാണ്. ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ അടിവളമായി ഉപയോഗിക്കാം. മുള മുകളിലേക്ക് വരുന്ന രീതിയില്‍ കിഴങ്ങു കഷണങ്ങള്‍ നടണം. ഒരു ഗ്രോബാഗില്‍ ഒരു കഷണം മതി.

ആഗസ്റ്റ്, സെപ്റ്റംബര്‍, ഒക്റ്റോബര്‍ എന്നീ മാസങ്ങളില്‍ ഉരുളക്കിഴങ്ങ് നടാം. നട്ട് 30 ദിവസം കഴിഞ്ഞാലും 70 ദിവസം കഴിഞ്ഞാലും ചുവട്ടില്‍ മണ്ണ് കൂട്ടി വളമിട്ടുകൊടുക്കണം. നന്നായി വെള്ളം ആവശ്യമുള്ള ചെടിയാണ് ഇത്. കീടങ്ങളെ അകറ്റാന്‍ വേപ്പിന്‍പിണ്ണാക്ക് നല്ലതാണ്. രണ്ടാഴ്ച കൂടുമ്പോള്‍ ചാണകവും ചാരവും ചേര്‍ത്തുകൊടുക്കാം. വേപ്പെണ്ണ മിശ്രിതം ഇലകളില്‍ തളിച്ചാല്‍ പുഴുക്കള്‍ ആക്രമിക്കില്ല. 80 മുതല്‍ 120 ദിവസങ്ങള്‍ കഴിയുമ്പോള്‍ ഉരുളക്കിഴങ്ങ് വിളവെടുക്കാം.

മുളച്ച ഉരുളക്കിഴങ്ങുകള്‍ കഴിക്കരുത്

മുളച്ച ഉരുളക്കിഴങ്ങില്‍ സൊളാനൈന്‍, ചാക്കോനൈന്‍ എന്നീ ആല്‍ക്കലോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നാഡീവ്യൂഹത്തെ തകരാറിലാക്കുന്നതുകൊണ്ട് മുളച്ചുവന്ന ഉരുളക്കിഴങ്ങ് കറികളില്‍ ഉപയോഗിക്കരുത്.

കൃഷി ചെയ്യാനായി മുളപ്പിക്കുമ്പോള്‍ കേടില്ലാത്ത വലുപ്പമുള്ള ഉരുളക്കിഴങ്ങുകള്‍ വാങ്ങണം. ഇരുട്ടുമുറിയില്‍ തറയില്‍ നിരനിരയായി വെയ്ക്കണം. നനഞ്ഞ ചണച്ചാക്ക് കൊണ്ട് മൂടിയ ശേഷം ഇടയ്ക്കിടെ നനച്ചുകൊടുക്കണം. 20 ദിവസം കഴിഞ്ഞാല്‍ ഉരുളക്കിഴങ്ങില്‍ മുള വരും.

വട്ടവടയിലെ ഉരുളക്കിഴങ്ങ്

വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം വട്ടവടയിലെ കര്‍ഷകര്‍ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നു. വര്‍ഷം മുഴുവന്‍ ഇവിടെ ലഭ്യമാകുന്ന വിളയാണ് ഉരുളക്കിഴങ്ങ്. കുഫ്രി ജ്യോതി എന്ന ഇനമാണ് ഇവിടെ കൃഷിക്ക് ഉപയോഗിക്കുന്നത്. ഒരേക്കറില്‍ പത്ത് ചാക്കോളം വിത്ത് ആവശ്യമാണ്.

ഇവിടെ ഉരുളക്കിഴങ്ങ് വിത്തുകള്‍ മറ്റു സ്ഥലങ്ങളില്‍ നിന്ന് കൊണ്ടുവന്ന് രണ്ടുമാസത്തോളം തണലില്‍ ചണച്ചാക്കില്‍ സൂക്ഷിക്കും. ഈ സമയത്ത് വിത്ത് മുളച്ച് തുടങ്ങും. വിത്തിന്റെ വലുപ്പമനുസരിച്ച് നാലിഞ്ച് മുതല്‍ ആറിഞ്ചു വരെ അകലത്തില്‍ നടാം. 10 ദിവസം കൊണ്ട് ഇലകള്‍ മുളയ്ക്കും.

മൂന്ന് മാസംകൊണ്ട് ഉരുളക്കിഴങ്ങ് ഇവിടെ വിളവെടുപ്പിന് പാകമാകും. ഒരു ഹെക്ടറില്‍ നിന്ന് 20 ടണ്‍ വരെ കര്‍ഷകര്‍ക്ക് നല്ല കാലാവസ്ഥയുള്ളപ്പോള്‍ വിളവ് ലഭിക്കാറുണ്ട്.

ലെയ്സ് ഉണ്ടാക്കാന്‍ FL2027

പെപ്സിക്കോ ഇന്ത്യ കമ്പനി ലെയ്സ് ഉണ്ടാക്കാന്‍ ഉപയോഗിച്ച ഉരുളക്കിഴങ്ങിന്റെ ഇനമാണ് FL 2027. FC5 എന്നറിയപ്പെടുന്ന ഈ ഇനം 2009 -ലാണ് വ്യാവസായികാടിസ്ഥാനത്തില്‍ ഉപയോഗിച്ചു വന്നത്. ഇതില്‍ വെള്ളത്തിന്റെ അംശം വളരെ കുറവാണെന്നതാണ് മേന്മ. ഉരുളക്കിഴങ്ങിന്റെ മറ്റ് ഇനങ്ങളില്‍ 85 ശതമാനം വെള്ളമുള്ളപ്പോള്‍ FC5 ല്‍ 80 ശതമാനം മാത്രമേ വെള്ളത്തിന്റെ അംശമുള്ളൂ.

ഉരുളക്കിഴങ്ങിന്റെ തൊലിയുടെ ഗുണങ്ങള്‍

പൊട്ടാസ്യത്തിന്റെ കലവറയാണ് ഉരുളക്കിഴങ്ങിന്റെ തൊലി. ദഹനപ്രക്രിയ സുഗമമാക്കാന്‍ ഉരുളക്കിളങ്ങിന്റെ തൊലി കഴിക്കുന്നതുകൊണ്ട് കഴിയും.  ഇരുമ്പിന്റെ അംശം കൂടുതലുള്ളതുകൊണ്ട് ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഉരുളക്കിഴങ്ങിന്റെ തൊലിയില്‍ വിറ്റാമിന്‍ ബി 3 അടങ്ങിയിരിക്കുന്നു. ഇത് മാനസിക പിരിമുറുക്കമില്ലാതാക്കാന്‍ സഹായിക്കുന്നു. ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കുകയും വയറിലെ കാന്‍സര്‍ പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കാനും ഹൃദ്രോഗം ചെറുക്കാനും ടൈപ്പ് ടു ഡയബറ്റിസ് പ്രതിരോധിക്കാനും സഹായിക്കുന്നു

ധാരാളം ഫ്ളവനോയിഡുകള്‍ ഉരുളക്കിഴങ്ങിന്റെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റ് ഘടകങ്ങള്‍ ഇതിലുണ്ട്. അസുഖങ്ങള്‍ക്കും അണുബാധയ്ക്കുമെതിരെ ഫലപ്രദമാണ് ഇത്. ഹൃദയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. ഉരുളക്കിഴങ്ങിന്റെ തൊലിയില്‍ അടങ്ങിയിരിക്കുന്ന ധാതുലവണങ്ങളും പൊട്ടാസ്യവും മഗ്‌നീഷ്യവും കാല്‍സ്യവും രക്തസമര്‍ദം നിയന്ത്രിക്കാന്‍ ഫലപ്രദമാണ്.

സൗന്ദര്യ വര്‍ധക ഉത്പന്നമായും ഉരുളക്കിഴങ്ങിന്റെ തൊലി ഉപയോഗിക്കാം. കറുത്ത പാടുകളും മുഖക്കുരുവും ബ്ളാക്ക് ഹെഡ്സുകളും വൈറ്റ് ഹെഡ്സുകളും മാറ്റാനും കൂടുതലുള്ള എണ്ണമയം ഇല്ലാതാക്കാനും തൊലി സഹായിക്കുന്നു.

ഉരുളക്കിഴങ്ങ് നീര് കോട്ടണ്‍ പഞ്ഞിയില്‍ മുക്കി കറുത്ത പാടുകളും പ്രശ്നങ്ങളുമുള്ള ഭാഗത്ത് വെച്ച് 15-20 മിനിറ്റിനു ശേഷം ഇളംചൂടുവെള്ളത്തില്‍ കഴുകിക്കളഞ്ഞാല്‍ മതി. മുടിയുടെ തിളക്കം വര്‍ധിപ്പിക്കാനും നന്നായി വളരാനും സഹായിക്കുന്നു. ഉരുളക്കിഴങ്ങ് നീര് തലയോട്ടിയില്‍ തേച്ച് മൃദുവായി മസാജ് ചെയ്യണം. 15 മിനിറ്റ് കഴിഞ്ഞ് പച്ചവെള്ളത്തില്‍ കഴുകിയാല്‍ മതി.

എല്ലുകളുടെ ശക്തി വര്‍ധിപ്പിക്കാനും ഉരുളക്കിഴങ്ങിന്റെ തൊലിപ്പുറത്തെ ഘടകങ്ങള്‍ സഹായിക്കും. ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസിയം, ഫോസ്ഫറസ്, കാല്‍സ്യം, കോപ്പര്‍, സിങ്ക് എന്നിവയാണ് ഇതിന് സഹായിക്കുന്നത്. സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിന് ശേഷമുണ്ടാകുന്ന അസ്ഥിക്ഷയം പരിഹരിക്കാനും ഇത് സഹായിക്കുന്നു. ഇന്‍ഡോര്‍ ആയി വളര്‍ത്തുന്ന ചെടികള്‍ക്ക് വളമായി ഉരുളക്കിഴങ്ങിന്റെ തൊലി ഉപയോഗിക്കാം. മണ്ണ് ഫലപുഷ്ടിയുള്ളതാക്കാന്‍ ഉരുളക്കിഴങ്ങ് തൊലി സഹായിക്കും. വെള്ളികൊണ്ടുള്ള ആഭരണങ്ങള്‍ മിനുസപ്പെടുത്താനും തിളക്കം നല്‍കാനും ഉരുളക്കിഴങ്ങിന്റെ തൊലി കൊണ്ട് ഉരസിയാല്‍ മതി. കറകളും തുരുമ്പുകളും നീക്കം ചെയ്യാനും കഴിയും.