ഹിന്ദി പഠിക്കുന്നതിലെ ഏറ്റവും ബുദ്ധിമുട്ടുള്ള വശം അതിന്റെ വ്യാകരണം മനസ്സിലാക്കുക എന്നതാണ്. അതിൽ നിങ്ങളെ സഹായിക്കുന്നതിന് വേണ്ടി ഒരു നല്ല ഗ്രാമർ കോച്ചിനെയോ പുസ്തകമോ ഒക്കെ കണ്ടെത്തുക. അത് നല്ല മാറ്റമുണ്ടാക്കും എന്നും ഫിഷർ പറയുന്നു.
കഴിഞ്ഞ നാല് വർഷമായി ഇന്ത്യയിൽ താമസിക്കുകയാണ് അമേരിക്കൻ വനിതയായ ക്രിസ്റ്റൻ ഫിഷർ. ഇവിടെ നിന്നുള്ള തന്റെ അനുഭവങ്ങളും ജീവിതവും ഒക്കെ അവർ നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അതുപോലെ അവരുടെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. എങ്ങനെയാണ് താൻ ഹിന്ദി ഭാഷ പഠിച്ചെടുത്തത് എന്നും എങ്ങനെ ഒഴുക്കോടെ ഹിന്ദി പഠിക്കാമെന്നുമാണ് അവർ ഇതിൽ പറയുന്നത്.
വൈറലായിക്കൊണ്ടിരിക്കുന്ന തന്റെ ഈ വീഡിയോയിൽ, ഫിഷർ ഹിന്ദിയിൽ സംസാരിക്കുക മാത്രമല്ല ചെയ്യുന്നത്. തന്റെ പാത പിന്തുടരാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള ചില മാർഗനിർദ്ദേശങ്ങളെല്ലാം നൽകുകയും ചെയ്യുന്നുണ്ട്. ഹിന്ദി പഠിക്കാൻ എളുപ്പമുള്ള ഭാഷയല്ല. ഇതിന് സമയവും പരിശ്രമവും ആവശ്യമാണ്. വർഷങ്ങളായി ഞാൻ ഹിന്ദി പഠിച്ച രീതികളും, എങ്ങനെ ഹിന്ദി പഠിക്കാമെന്നതിനുള്ള ചില നുറുങ്ങുവിദ്യകളും ഇതാ എന്ന് പറഞ്ഞുകൊണ്ടാണ് ഫിഷർ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഗ്രാമർ വളരെ പ്രധാനമാണ് എന്നാണ് അവർ വീഡിയോയിൽ എടുത്തു പറയുന്നത്. ഹിന്ദി പഠിക്കുന്നതിലെ ഏറ്റവും ബുദ്ധിമുട്ടുള്ള വശം അതിന്റെ വ്യാകരണം മനസ്സിലാക്കുക എന്നതാണ്. അതിൽ നിങ്ങളെ സഹായിക്കുന്നതിന് വേണ്ടി ഒരു നല്ല ഗ്രാമർ കോച്ചിനെയോ പുസ്തകമോ ഒക്കെ കണ്ടെത്തുക. അത് നല്ല മാറ്റമുണ്ടാക്കും എന്നും ഫിഷർ പറയുന്നു.
അടുത്തതായി, ഓൺലൈൻ ക്ലാസുകളും ജിപിഎ (Growing Participator Approach) മെത്തേഡുമാണ് തന്നെ ഒരുപാട് സഹായിച്ചത് എന്നും ഫിഷർ പറയുന്നു. ഒപ്പം ഇഗ്ലീഷ് സംസാരിക്കാത്ത നാട്ടുകാരായ ഒരാളുമായി സംസാരിക്കാനുള്ള അവസരം ഉണ്ടാക്കുക. അവരുമായി നിരന്തരം സംസാരിക്കുക എന്നും ഫിഷർ തന്റെ വീഡിയോയിൽ ഉപദേശിക്കുന്നുണ്ട്.
ഉത്സഹം കൈവിടരുത് എന്നാണ് ഏറ്റവും ഒടുവിലായി ഫിഷർ പറയുന്നത്. രണ്ടോ മൂന്നോ വർഷം തന്നെ ചിലപ്പോൾ വേണ്ടി വരും നന്നായി ഹിന്ദി പഠിക്കാൻ. അതിനാൽ ഉത്സാഹം കൈവിടാതെ മുന്നേറുക എന്നാണ് അവൾ പറയുന്നത്.


