വീട് നന്നായി നോക്കും, പാർട്ടിയുണ്ടാവില്ല, ശബ്ദമുണ്ടാവില്ല. പ്രൊഡക്ടിവിറ്റി മാത്രമേ ഉണ്ടാവൂ. വൈദ്യുതി ബില്ലും വെള്ളത്തിന്റെ ബില്ലും താൻ അടയ്ക്കും. ഒഴിയാനാകുമ്പോൾ രണ്ട് ദിവസം മുമ്പ് പറഞ്ഞാൽ മതി. താൻ അവിടെ ജീവിച്ചിട്ടേ ഇല്ലെന്ന പോലെ ഒഴിഞ്ഞ് പൊയ്ക്കോളാം എന്നാണ് യുവാവ് പറയുന്നത്. 

ഇന്ത്യയിലെ പല ന​ഗരങ്ങളിലും വാടക കുതിച്ചുയരുകയാണ്. ബെം​ഗളൂരു, ബോംബെ, ദില്ലി തുടങ്ങിയ ന​ഗരങ്ങളാണെങ്കിൽ പറയുകയേ വേണ്ട. അത്യാവശ്യം നല്ലൊരു മുറിയോ, വീടോ ഒക്കെ താമസിക്കാൻ വേണമെങ്കിൽ വലിയ വാടക കൊടുക്കേണ്ടി വരുന്ന അവസ്ഥയാണ്. നല്ല സൗകര്യവും വൃത്തിയും ഒക്കെയുള്ള അപാർട്മെന്റുകളാണെങ്കിൽ പറയുകയേ വേണ്ട. എന്തായാലും, ആ സമയത്ത് വാടക കൊടുക്കാതെ നല്ല നല്ല അപാർട്മെന്റുകളിലും മറ്റും താമസിക്കാനുള്ള ഒരു യുവാവിന്റെ ശ്രമമാണ് ഇപ്പോൾ വൈറലായി മാറുന്നത്. 

നവി മുംബൈയിൽ നിന്നുള്ള ടെക്കിയായ യുവാവിന്റെ പോസ്റ്റ് എങ്ങനെ വാടക കൊടുക്കാതെ ആഡംബര ഭവനങ്ങളിൽ താമസിക്കാം എന്നതിന്റെ ഒരു ഉദാഹരണമാണ് എന്ന് വേണമെങ്കിൽ പറയാം. പക്ഷേ അത് നടക്കാനിത്തിരി പാടാണ്. അതിനായി യുവാവ് ചെയ്യുന്നത് ഇതാണ്. വർഷത്തിൽ ഒരിക്കലോ മറ്റോ മാത്രം സന്ദർശിക്കുന്ന സമ്പന്നരായ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളിൽ താമസിക്കാമെന്ന് പറയുന്നു. അതിന് പകരമായി ആ വീട് നോക്കിക്കൊള്ളാം എന്നതാണ് വാ​ഗ്ദ്ധാനം. 

റെഡ്ഡിറ്റിലാണ് ഇത്തരം വീടുകളുള്ള ആളുകളെ ലക്ഷ്യമാക്കി യുവാവ് പോസ്റ്റിട്ടിരിക്കുന്നത്. നവി മുംബൈയിൽ നിന്നുള്ള അപരിചിതനായ ധനികാ എന്ന് വിളിച്ചുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നതു തന്നെ. നിങ്ങൾ വർഷത്തിലൊരിക്കൽ മാത്രം വരാനായി നവി മുംബൈയിൽ ഒരു ഫ്ലാറ്റ് വാങ്ങിയിട്ടുണ്ടോ എന്നാണ് യുവാവ് ചോദിക്കുന്നത്. അത് പൊടി കയറിയും മറ്റും നശിച്ചു പോകാതിരിക്കാനായി താൻ ആ വീട്ടിൽ താമസിക്കാം എന്നും അത് നന്നായി നോക്കാമെന്നുമാണ് യുവാവ് പറയുന്നത്. 

വീട് നന്നായി നോക്കും, പാർട്ടിയുണ്ടാവില്ല, ശബ്ദമുണ്ടാവില്ല. പ്രൊഡക്ടിവിറ്റി മാത്രമേ ഉണ്ടാവൂ. വൈദ്യുതി ബില്ലും വെള്ളത്തിന്റെ ബില്ലും താൻ അടയ്ക്കും. ഒഴിയാനാകുമ്പോൾ രണ്ട് ദിവസം മുമ്പ് പറഞ്ഞാൽ മതി. താൻ അവിടെ ജീവിച്ചിട്ടേ ഇല്ലെന്ന പോലെ ഒഴിഞ്ഞ് പൊയ്ക്കോളാം എന്നാണ് യുവാവ് പറയുന്നത്. 

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ഭൂരിഭാ​ഗം പേരും യുവാവിനെ പരിഹസിക്കുകയാണ് ചെയ്തത്. ഒരിക്കലും നടക്കാത്ത ഐഡിയ തന്നെ എന്നും ഇതാണോ യാചനയുടെ പുതിയ രൂപമെന്നുമെല്ലാം ആളുകൾ പോസ്റ്റിന് കമന്റുകൾ നൽകി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം