Asianet News MalayalamAsianet News Malayalam

എങ്ങനെ തിരിച്ചടിക്കും ഇറാൻ? ജനറൽ കാസിം സൊലെമാനിയുടെ വധത്തിനുള്ള പ്രതികാരമായി ഇറാൻ ചെയ്യാൻ സാധ്യതയുള്ളത് എന്തൊക്കെ?

ഖൊമേനിയുടെ ട്വീറ്റ് ഒരു ഖുർആൻ വചനമായിരുന്നു, "പരമകാരുണികനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തിൽ". ഇതാ ഞങ്ങൾ (പ്രതികാരം) തുടങ്ങുകയായി എന്ന് പറയാതെ പറയുകയായിരുന്നു അദ്ദേഹം  

How will Iran act in retaliation to the targeted assassination of General Qassem Soleimani
Author
Bagdad, First Published Jan 4, 2020, 2:03 PM IST


ഇറാന്റെ അന്താരാഷ്ട്ര സായുധ സേനയായ ഖുദ്സ് ഫോഴ്‌സിന്റെ തലവനായിരുന്നു ജനറൽ കാസിം സൊലെമാനി. ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ വെച്ച് അമേരിക്കൻ സൈന്യം ഒരു വ്യോമാക്രമണത്തിലൂടെ അദ്ദേഹത്തെ കൊലപ്പെടുത്തിയ നടപടി ഇറാനും അമേരിക്കക്കും ഇടയിലുള്ള, അല്ലെങ്കിൽ തന്നെ സംഘർഷഭരിതമായ ഇടപെടലുകളെ ഒന്നുകൂടി കലുഷിതമാക്കിയിരിക്കുകയാണ്. അമേരിക്ക കാണിച്ച ഈ അതിസാഹസികതയ്ക്ക് അവർ വലിയ വില നൽകേണ്ടി വരും എന്ന് ഇറാൻ വിദേശകാര്യമന്ത്രി ജാവേദ് ശരീഫ് പറഞ്ഞപ്പോൾ, ഇറാന്റെ സുപ്രീം ചീഫ് ആയ അയത്തൊള്ളാ അലി ഖൊമേനി കുറേക്കൂടി ഗൂഢഭാഷയിലാണ് പ്രതികരിച്ചത്. ഖൊമേനിയുടെ ട്വീറ്റ് ഒരു ഖുർആൻ വചനമായിരുന്നു. "In the Name of God, the Beneficent, the Merciful",  അതായത് "പരമകാരുണികനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തിൽ". ഇതാ ഞങ്ങൾ (പ്രതികാരം) തുടങ്ങുകയായി എന്ന് പറയാതെ പറയുകയായിരുന്നു ഖൊമേനി എന്നാണ് വിദേശകാര്യ വിദഗ്ധരുടെ അഭിപ്രായം. 

 

ഖൊമേനിയുടെ പ്രതികരണം കൂടി വന്നതോടെ ഇറാൻ അമേരിക്കയുടെ ഈ കൊലപാതകത്തോട് വളരെ ശക്തമായ രീതിയിൽ പ്രതികരിക്കാനിടയുണ്ട് എന്ന അഭ്യൂഹങ്ങൾ പറക്കുകയാണ്. ഇങ്ങനെ 'കണ്ണിനു പകരം കണ്ണ് ' എന്ന രീതിയിലുള്ള പ്രതികരണങ്ങൾ ഉണ്ടാകാൻ തുടങ്ങിയാൽ അത് പ്രദേശത്ത് അശാന്തി പടർത്താനുള്ള സാധ്യത ഏറുകയാണ്. ഇങ്ങനെ ഒരു സാഹചര്യമുണ്ടാകുമ്പോൾ ആദ്യം ഉയരുന്ന ചോദ്യം, ഇറാഖിൽ അമേരിക്കയുടെ കാര്യം ഇനി എങ്ങനെയാകും എന്നതാണ്. ഇങ്ങനെയൊരു ആക്രമണത്തിന് മുതിരുന്നതിനു മുമ്പുതന്നെ അമേരിക്ക പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഇതേപ്പറ്റി നല്ല നിശ്ചയമുണ്ടായിരുന്നിരിക്കും എന്നും, അദ്ദേഹം പ്രത്യാക്രമണങ്ങളെ നേരിടാനുള്ള നയങ്ങളും രൂപീകരിച്ചു കാണും. ആ നയങ്ങളുടെ ഒക്കെ പരീക്ഷണകാലമായിരിക്കും ഇനിയുള്ള ആഴ്ചകൾ. അമേരിക്കയുടെ ഈ നടപടി ഇറാനുമായി യുദ്ധം പ്രഖ്യാപിക്കുന്നതിൽ കുറഞ്ഞൊന്നുമല്ല എന്നാണ് ഒബാമ സർക്കാരിന്റെ കാലത്ത് മധ്യപൂർവേഷ്യയിൽ അമേരിക്കയ്ക്ക് വേണ്ടി  പ്രവർത്തിച്ചിരുന്ന നയതന്ത്രജ്ഞനുമായ ഫിലിപ്പ് ഗോർഡൻ പറഞ്ഞത്. 

How will Iran act in retaliation to the targeted assassination of General Qassem Soleimani

ജനറൽ കാസിം സൊലെമാനിയുടെ ചുക്കാൻ പിടിച്ചിരുന്ന ഖുദ്സ് ഫോഴ്‌സ് എന്നത് ഇറാന്റെ ഉള്ളിൽ നിലനിന്നിരുന്ന ഒരു സൈന്യമാണ് എന്നതാണ് ഇതിൽ ഒരു പ്രധാന വസ്തുത. പല രാജ്യങ്ങളിലും ഇടക്കാലത്ത് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപങ്ങളെ അടിച്ചമർത്താൻ സഹായിച്ചത് ഖുദ്സ് ഫോഴ്‌സ് ആയിരുന്നു. പലയിടത്തും അധികാരികളെ അധികാരം പിടിച്ചെടുക്കാനും അവർ സഹായിച്ചു.  സിറിയയിൽ അസദ് അൽ ബഷറിനെ അധികാരത്തിലേറാൻ സഹായിച്ചത്, ഇറാഖിലെ ഷിയാ പോരാളികൾക്ക് വേണ്ട സൈനികസഹായം നൽകിയത് ഒക്കെ ഖുദ്സ് ഫോഴ്‌സ് ആണ്. എന്തിന് സൗദിയുടെ എണ്ണപ്പാടങ്ങളിൽ ഹൂതി വിമതരുടെ ഡ്രോണാക്രമണം നടന്നപ്പോഴും അതിനു പിന്നിൽ ഇറാന്റെ സഹായമുണ്ടായിരുന്നു എന്ന ആക്ഷേപം ഉയർന്നുവന്നിരുന്നു. 

എന്തിനായിരുന്നു ഇപ്പോൾ ഇങ്ങനെ ഒരു നീക്കം ?

ജനറൽ കാസിം സൊലെമാനി അമേരിക്കക്കാർക്ക് അവരുടെ ആജന്മ ശത്രുവാണ്. നൂറുകണക്കിന് അമേരിക്കൻ സൈനികരുടെ ചോരയ്ക്ക് ഉത്തരവാദി കാസിം ആണെന്ന് അമേരിക്കക്കാർ, വിശിഷ്യാ സൈനികർ ധരിക്കുന്നു. അതേസമയം, ഇറാനിലെ ഹീറോ ആണ് ജനറൽ. അമേരിക്കയുടെ നിരന്തരമുള്ള നിഴലാക്രമണങ്ങളെയും, ഉപരോധങ്ങളെയും ഒക്കെ അതേ നാണയത്തിൽ തിരിച്ചടികൾ നൽകി അവരുടെ അഭിമാനം സംരക്ഷിക്കുന്നത് ജനറലാണ്. അമേരിക്കൻ സൈന്യത്തിന്റെ ഹിറ്റ്‌ലിസ്റ്റിൽ എന്നും ജനറൽ കാസിം ഉണ്ടായിരുന്നു എന്നത് ഉറപ്പാണ്. ചോദ്യമിതാണ്. ഇതിനാണവർ ഇപ്പോൾ, ഈ സമയം ജനറൽ കാസിമിനെ കൊല്ലാൻ വേണ്ടി തെരഞ്ഞെടുത്തത്? 

ഒരു വെടിക്ക് രണ്ടു പക്ഷി 

ഈ ആക്രമണം ബാഗ്ദാദിലെ അമേരിക്കൻ എംബസിക്കു നേരെയുണ്ടായ അക്രമണങ്ങളോടുള്ള പ്രതികരണമാണ്. ജനറൽ കാസിം സൊലെമാനിയുടെ ചോരചിന്തിയ ഭൂതകാലത്തെപ്പറ്റി പറഞ്ഞു കൊണ്ട് ആക്രമണത്തെ ന്യായീകരിച്ച അമേരിക്ക, ഇനി നടക്കാനിരിക്കുന്ന ആക്രമണങ്ങളും, യുദ്ധങ്ങളും എല്ലാം ഒഴിവാക്കാനാണ് ഇതുവരെയുള്ളതിന്റെയൊക്കെ പിന്നിലെ തലച്ചോറായ ജനറൽ സൊലെമാനിയെത്തന്നെ വധിച്ചത് എന്നാണ് പറയുന്നത്.  കൂടെ വെള്ളിയാഴ്ചത്തെ വ്യോമാക്രമണത്തിൽ  സൊലെമാനിയ്ക്കൊപ്പം അബു മഹ്ദി അൽ മുഹന്ദിസും കൊല്ലപ്പെട്ടിരുന്നു. ഇറാഖിൽ അമേരിക്കൻ സൈന്യത്തെ നിരന്തരം ആക്രമിക്കുന്ന പ്രാദേശിക സൈനികസംഘടനയുടെ തലവനായിരുന്നു അൽ മുഹന്ദിസ്. ഇരുവരെയും കൂടി ഒരു ആക്രമണത്തിൽ ഇല്ലാതാക്കിയത് വലിയ നേട്ടമാണ് എന്നാണ് അമേരിക്ക കരുതുന്നത്.

How will Iran act in retaliation to the targeted assassination of General Qassem Soleimani
 

ഇറാൻ ഇനി എന്ത് ചെയ്‌തേക്കും ?

രാജ്യത്തിലെ ഏറ്റവും ശക്തനായ സൈനികനേതാവായിരുന്ന ജനറൽ കാസിം സൊലെമാനിയെ ഇത്തരത്തിൽ കൊലപ്പെടുത്തിക്കളഞ്ഞ അമേരിക്കയുടെ നടപടിയോട് ഇറാൻ പ്രതികരിക്കാതിരിക്കാൻ സ്വാഭാവികമായും സാധ്യത കുറവാണ്. ഇങ്ങനെ ഒരു പ്രതികരണത്തിന്റെ ആദ്യ ഇരകൾ ആകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത്, ഇറാഖിൽ ഡിപ്ലോയ് ചെയ്യപ്പെട്ടിരിക്കുന്ന 5000 -ലധികം വരുന്ന അമേരിക്കൻ സൈനികരാണ്. അങ്ങനെ കരുതാൻ മറ്റൊരു കാരണവുമുണ്ട്. ഇതിനു മുമ്പ് ഇതുപോലെ ഒരു സാഹചര്യമുണ്ടായപ്പോൾ ഇറാൻ ആദ്യം ആക്രമിച്ചത് ഈ സൈനികരെത്തന്നെയായിരുന്നു. ഇതിനു പുറമെ മധ്യപൂർവ ഏഷ്യയുടെ കലുഷിതപ്രദേശങ്ങളിൽ തൊഴിലെടുക്കുന്ന അമേരിക്കൻ പൗരന്മാരെയും ഇറാന്റെ പ്രതികാര ഭാവം ബാധിക്കാൻ ഇടയുണ്ട്. യുഎസ് പൗരന്മാർക്ക് നേരെ,  ഏത് നേരവും ഒരു ആക്രമണവും പ്രതീക്ഷിച്ചുകൊണ്ട്  അവരിൽ അത്യാവശ്യമില്ലാത്തവരോട് നാട്ടിലേക്ക് മടങ്ങിപ്പോകാനാണ് അമേരിക്കൻ സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. ഇറാൻ അങ്ങനെ എന്തെങ്കിലും പ്രവർത്തിച്ചാൽ അത് ഇറാനുമായി ബന്ധപ്പെട്ടു കിടക്കുന്ന എണ്ണ വിപണിയെയും ഉറപ്പായും ബാധിക്കും. റഷ്യ എന്ന ലോകശക്തി ഇറാനുമായി സൗഹൃദത്തിലാണ് എന്നത് ഇറാൻ-അമേരിക്കാ സംഘർഷങ്ങളുടെ ഗൗരവം കൂട്ടുന്നു. 

How will Iran act in retaliation to the targeted assassination of General Qassem Soleimani

ഈ ആക്രമണത്തോട്  ഒരു പ്രത്യാക്രമണം കൊണ്ടോ അല്ലെങ്കിൽ തിരിച്ചൊരു ലക്‌ഷ്യം വെച്ചുള്ള ആസൂത്രിത കൊലപാതകം കൊണ്ടോ തന്നെ ഇറാൻ പ്രതികരിച്ചുകൊള്ളണമെന്നില്ല. എന്നാൽ ഇത്തവണ ഏറെ പ്രകോപിതമായിരിക്കുന്ന ഇറാൻ എങ്ങനെയൊക്കെ പ്രതികരിക്കും എന്നതും വ്യക്തമല്ല. ഇറാനിലെ ഏറെ ശക്തനായ ഒരു സൈനികത്തലവനെ, മറ്റൊരു രാജ്യത്തു വെച്ച് നടത്തിയ ഒരു വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയ ഈ നടപടിയിലൂടെ തങ്ങളുടെ ഇന്റലിജൻസ്, സൈനിക ശക്തികൾ ലോകത്തിനു മുന്നിൽ തെളിയിച്ചിരിക്കുകയാണ് അമേരിക്ക. ഇനി അറിയാനുള്ളത് അപ്രതീക്ഷിതമായി വരാൻ സാധ്യതയുള്ള തിരിച്ചടികളെ നേരിടാനുള്ള അമേരിക്കയുടെ തയ്യാറെടുപ്പാണ്. ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാതിരുന്നത്ര വലിയ ഒരു ആക്രമണം 2001 -ൽ അൽ ക്വയിദയിൽ നിന്നുണ്ടായ ശേഷം, അത് ഏറെക്കുറെ അത്തരത്തിലുള്ള ഏതാക്രമണത്തെയും പ്രതിരോധിക്കാൻ പോന്നതാണ് എന്ന് അമേരിക്കൻ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ അവകാശപ്പെടുന്നുണ്ടെങ്കിലും, ഇനിയുള്ള നാളുകൾ അമേരിക്കൻ പൗരന്മാരെ സംബന്ധിച്ചിടത്തോളം ഉദ്വേഗഭരിതമാകാനാണ് ഇട. 

ഇറാൻ എങ്ങനെയൊക്കെ പ്രതികരിച്ചേക്കാം? നയതന്ത്ര വിദഗ്ധന്‍ ടിപി ശ്രീനിവാസന്‍ പ്രതികരിക്കുന്നു : വീഡിയോ കാണാം 

"

Follow Us:
Download App:
  • android
  • ios