അരനൂറ്റാണ്ടിനിടയിൽ ഒരു ദരിദ്രഗ്രാമത്തെ ഒരു സമ്പന്ന ഗ്രാമമാക്കി മാറ്റി എന്ന് കമ്മ്യൂണിസ്റ്റ് ഭരണകൂടം എന്നും അഭിമാനം കൊണ്ടിരുന്ന ആ ഗ്രാമം പക്ഷേ കടക്കെണിയിൽ കൂപ്പു കുത്തുന്നു.

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഗുജറാത്തിലെ മദാപ്പർ ഗ്രാമത്തെ കുറിച്ച് നമ്മൾ കേട്ടുകാണും. ചൈന(china)യിലും അത്തരം ഒരു സമ്പന്ന ഗ്രാമമുണ്ടായിരുന്നു. ജിയാങ്സു പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഹുവാക്സിയാണ് (huaxi) ആ ഗ്രാമം. 72 നിലകളുള്ള ഒരു അംബരചുംബിയായ കെട്ടിടം, ഹെലികോപ്റ്റർ ടാക്സികൾ, ഒരു തീം പാർക്ക്, ആഡംബര വില്ലകൾ എന്നിവയാൽ പ്രൗഢഗംഭീരമായിരുന്നു അത്. അവിടെ മൊത്തം 2,000 താമസക്കാരുണ്ട്‌. അവിടെ ഓരോരുത്തർക്കും ബാങ്ക് അക്കൗണ്ടിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണുണ്ടായിരുന്നത്. അവർക്കെല്ലാം സ്വന്തമായി ആഡംബര കാറും വില്ലയുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിന് അതിന്റെ പഴയ പ്രൗഢിയില്ല, പകരം കടക്കെണിയിൽ പെട്ട് ഉഴറുകയാണ് ഗ്രാമം.

1961 -ലാണ് ഹുവാക്‌സി സ്ഥാപിതമായത്. ഒരു മാതൃകാ കമ്മ്യൂണിസ്റ്റ് ഗ്രാമമായിട്ടാണ് ഇതിനെ ചൈനീസ് സർക്കാർ പ്രചരിപ്പിച്ചിരുന്നത്. ഹുവാക്സിയുടെ പ്രവേശന കവാടത്തിന് മുകളിൽ, 'ആകാശത്തിന് കീഴിലുള്ള ഒന്നാം നമ്പർ ഗ്രാമം' എന്നെഴുതിയ ഒരു വലിയ ഫലകവുമുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ അത് സത്യമായിരുന്നു. 2003 മുതലാണ് ഗ്രാമത്തെ കുറിച്ച് ലോകം അറിയാൻ തുടങ്ങിയത്. അവിടെയുള്ള താമസക്കാരുടെ ശരാശരി വാർഷിക ശമ്പളം 12 ലക്ഷത്തിന് മീതെയായിരുന്നു. ഇത് ചൈനയിലെ ഒരു കർഷകന്റെ ശരാശരി വരുമാനത്തിന്റെ 40 മടങ്ങ് വരുമായിരുന്നു. അതിന്റെ സാമ്പത്തിക ശക്തി ലോകത്തെ അറിയിക്കാൻ, 2011 -ൽ സ്വന്തമായി ഒരു അംബരചുംബിയായ കെട്ടിടം ഗ്രാമം പണിയുകയുണ്ടായി. 430 മില്യൺ ഡോളർ ചെലവഴിച്ച് നിർമ്മിച്ച അതിന് 72 നിലകളായിരുന്നു.

കൂടാതെ ഗ്രാമത്തിന് സ്വന്തമായി ഒരു ആഡംബര ട്രാൻസ്പോർട്ട് കമ്പനിയുമുണ്ട്. അത് കാറുകളിലല്ല, മറിച്ച് ഹെലികോപ്റ്ററുകളിലാണ് നിവാസികളെ യാത്ര ചെയ്യാൻ അനുവദിക്കുന്നത്. ചുറ്റുമുള്ള നഗരങ്ങളിലേക്കുള്ള എല്ലാ യാത്രകളും 10 മിനിറ്റിനുള്ളിൽ നടത്താനാകുമെന്ന് ടോങ്‌യോംഗ് എയർലൈൻ കമ്പനിയുടെ ഓപ്പറേറ്റർ പറഞ്ഞു. വിവിധ ആവശ്യങ്ങൾക്കായി ഓരോ ദിവസവും രണ്ടായിരത്തോളം ആളുകൾ ഇവിടെ വന്നുപോകുന്നുവെന്ന് പറയപ്പെടുന്നു.

ഈ ഗ്രാമത്തിലെ എല്ലാവരും സമ്പന്നർ ആണെങ്കിലും പണം ധൂർത്തടിക്കാൻ ഇവിടത്തുകാർക്ക് അനുവാദമില്ല. ചൂതാട്ടവും മയക്കുമരുന്നും കർശനമായി നിരോധിച്ച ഇവിടെ ഇന്റർനെറ്റ് കഫേകളോ, ബാറുകളോ, നൈറ്റ് ക്ലബ്ബുകളോ ഒന്നുമില്ല. അതുപോലെ ഹുവാക്സി ഗ്രാമം ഉപേക്ഷിച്ച് പോകുന്ന നിവാസികൾക്ക് അവരുടെ സ്വത്തു കൈവശപ്പെടുത്താൻ കഴിയില്ല. ഗ്രാമം വിട്ട് പോകുന്നവർ കൈയിലുള്ളതെല്ലാം ഉപേക്ഷിച്ചിട്ട് വേണം പടിയിറങ്ങാൻ. എന്നാലും അവിടെ താമസിക്കുന്നിടത്തോളം കാലം അവർക്ക് തങ്ങളുടെ ആഡംബര ജീവിതം പിന്തുടരാം. ഗ്രാമത്തലവൻ വു റെൻബാവോവാണ് ഗ്രാമത്തെ പുരോഗതിയിലേക്ക് നയിച്ചത്. ടെക്സ്റ്റൈൽസ്, റിയൽ എസ്റ്റേറ്റ് മുതൽ സ്റ്റീൽ വരെയുള്ള നൂറിലധികം കമ്പനികളുടെ കൂട്ടായ്മായ "ഹുവാക്സി ഗ്രൂപ്പ്" അദ്ദേഹം ഗ്രാമത്തിൽ സ്ഥാപിച്ചു. ഈ കമ്പനികളിൽ നിന്നുള്ള ലാഭം ഗ്രാമീണർ പങ്കിട്ടെടുത്തു. ഈ സോഷ്യലിസ്റ്റ് സമീപനത്തിന്റെ ഫലമായി, ഗ്രാമവാസികളെല്ലാം ഒരുപോലെ സമ്പന്നരായി. എന്നാൽ 2013 -ൽ 84 -ാം വയസ്സിൽ അദ്ദേഹം മരണപ്പെട്ടു.

എട്ട് വർഷങ്ങൾക്ക് ശേഷം, ഗ്രാമത്തിന്റെ സാമ്പത്തികനില തകരാറിലാകാൻ തുടങ്ങി. കമ്പനികളുടെ ലാഭവിഹിതം ഇടിഞ്ഞു. ഇത് ഗ്രാമത്തിന്റെ കടം 6 ബില്യൺ ഡോളറിലേയ്ക്ക് ഉയർത്തി. അരനൂറ്റാണ്ടിനിടയിൽ ഒരു ദരിദ്രഗ്രാമത്തെ ഒരു സമ്പന്ന ഗ്രാമമാക്കി മാറ്റി എന്ന് കമ്മ്യൂണിസ്റ്റ് ഭരണകൂടം എന്നും അഭിമാനം കൊണ്ടിരുന്ന ആ ഗ്രാമം പക്ഷേ കടക്കെണിയിൽ കൂപ്പു കുത്തുന്നു. ഈ വർഷം ആദ്യം ഹുവാക്സി ഗ്രാമവാസികൾ ബാങ്കിന് മുന്നിൽ മഴയിൽ അണിനിരക്കുന്ന ഒരു വീഡിയോ വൈറലായിരുന്നു. ഹുവാക്സി ഗ്രൂപ്പിൽ ഗ്രാമവാസികൾ പണം നിക്ഷേപിച്ചിരുന്നു. എന്നാൽ അവരുടെ ലാഭവിഹിതം 30% ൽ നിന്ന് 0.5% ആയി കുറഞ്ഞു. എല്ലാവരും തങ്ങളുടെ പണം പിൻവലിക്കാനായി ബാങ്കുകൾക്ക് മുന്നിൽ എത്തി. ചിത്രങ്ങൾ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും നഗരം പാപ്പരായെന്ന അഭ്യൂഹങ്ങൾ നിഷേധിച്ചു. പക്ഷേ 2008 ന് ശേഷം, ഹുവാക്സിയുടെ സ്റ്റീൽ വ്യവസായം ഇടിഞ്ഞതായി പറയുന്നു. 2013 ൽ, ഗ്രാമീണ ഉടമസ്ഥതയിലുള്ള സംരംഭങ്ങൾ നഷ്ടത്തിലായി. കമ്പനികളിൽ നിന്ന് വിചാരിച്ച രീതിയിൽ ലാഭമുണ്ടാക്കാൻ ഗ്രാമത്തിനായില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ഹുവാക്സി ഗ്രൂപ്പ് ഏകദേശം 40 ബില്യൺ RMB കടബാധ്യതയിലായി.

ഹുവാക്സി ഗ്രാമത്തിലെ കടക്കെണി രൂക്ഷമാകുന്നതിനിടയിൽ, അവിടത്തെ ജനങ്ങൾ എങ്ങനെ അതിജീവിക്കുന്നു എന്നതിൽ പലരും സംശയം പ്രകടിപ്പിക്കുന്നു. 2013 ൽ വു റെൻബാവോ അന്തരിച്ചതിനുശേഷം, അദ്ദേഹത്തിന്റെ മകൻ വു സിയാൻ ഹുവാക്സി വില്ലേജ് പാർട്ടി സെക്രട്ടറിയായും ഹുവാക്സി ഗ്രൂപ്പ് സിഇഒയായും ചുമതലയേറ്റു. വു കുടുംബത്തിലെ മറ്റ് അംഗങ്ങളും ഗ്രാമത്തിൽ പ്രധാനപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നു, ഹുവാക്സി വില്ലേജ് ഇപ്പോൾ "ഒരു കുടുംബം ഭരിക്കുന്ന ഒരു ഫ്യൂഡലിസ്റ്റ് ലോകമായി" മാറിയെന്ന വിമർശനമുണ്ട്. വു ഏറ്റെടുത്ത ശേഷം, ഹുവാക്സി ഗ്രൂപ്പ് പുതിയ അവസരങ്ങൾ തേടി ധനകാര്യ വ്യവസായത്തിലേക്ക് കടന്നു.

വു സിയാന്റെ മകൻ സൺ സിയാവോ, 2008 ൽ ഓൺലൈൻ ഗെയിമുകൾ, ഇ-സ്പോർട്സ്, മൊബൈൽ റീഡിംഗ് തുടങ്ങിയ വളർന്നുവരുന്ന ഇന്റർനെറ്റ് വ്യവസായങ്ങളിലേക്ക് ബിസിനസ്സ് വിപുലീകരിച്ചു. എന്നാൽ മുൻപ് ഉണ്ടായിരുന്ന നഷ്ടം നികത്താൻ ഇതുകൊണ്ട് ഒന്നും സാധിച്ചില്ല എന്ന് മാത്രമല്ല, ചെലവ് വർദ്ധിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ചൈനയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഈ ഗ്രൂപ്പ് ആദ്യ 500 ലിസ്റ്റിൽ നിന്ന് അപ്രത്യക്ഷമായി.