Asianet News MalayalamAsianet News Malayalam

Huchchamma Chowdri : ഒരുകോടി രൂപ വിലമതിക്കുന്ന തന്റെ സ്ഥലം മുഴുവനും കുഞ്ഞുങ്ങൾക്കായി ദാനം ചെയ്‍ത് ഒരു മുത്തശി

ഇപ്പോൾ കുട്ടികൾക്കായി സ്കൂൾ ഒരു കളിസ്ഥലം നിർമിക്കാൻ ആലോചിക്കുകയാണ് എന്നറിഞ്ഞപ്പോൾ, ഹുച്ചമ്മ രണ്ടാമതൊന്ന് ആലോചിക്കാതെ നിറഞ്ഞ മനസ്സോടെ ബാക്കിയുള്ള ഭൂമി കൂടി സ്കൂളിന് സമ്മാനിക്കുന്നു. 

Huchchamma Chowdri grandma donated her one crore worth land for children
Author
Karnataka, First Published Jan 25, 2022, 2:33 PM IST

സമ്പാദ്യത്തിൽ നിന്ന് ഒരു വിഹിതമെടുത്ത് മറ്റുള്ളവരെ സഹായിക്കാൻ മനസ്സ് കാണിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റിലുമുണ്ടാകും. എന്നാൽ, കൈയിലുള്ളത് മുഴുവൻ എടുത്ത് ദാനം ചെയ്യുന്ന എത്രപേർ കാണും. കർണാടക(Karnataka)യിലെ കുനിക്കേരി ഗ്രാമത്തിൽ നിന്നുള്ള 75 വയസ്സുള്ള ഹുച്ചമ്മ ചൗദ്രി(Huchchamma Chowdri) എന്നാൽ അത്തരത്തിലൊരാളാണ്. ഗ്രാമത്തിലെ കുട്ടികൾക്കായി തനിക്കുണ്ടായിരുന്നതെല്ലാം അവർ സ്വമേധയാ വിട്ടുകൊടുത്തു. കുനിക്കേരിയിലെ ഒരു പ്രധാന സ്ഥലത്ത് ഹുച്ചമ്മയുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ ഭൂമി അവർ ഗ്രാമത്തിലെ സ്കൂളിനായി നൽകി. ഗ്രാമത്തിലെ കുട്ടികൾക്ക് പഠിക്കാനും, കളിക്കാനും വളരാനുമായി അവർ തന്റെ മുഴുവൻ സമ്പാദ്യവും വിട്ടു കൊടുക്കുകയാണ്. ഇന്ന് അതിന്റെ മൂല്യം ഏകദേശം ഒരു കോടി അടുപ്പിച്ച് വരുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ പണത്തേക്കാൾ, കുട്ടികളുടെ സ്നേഹമാണ് തനിക്ക് വലുതെന്ന് അവർ പറയുന്നു.

വർഷങ്ങൾക്ക് മുമ്പ് ബസപ്പ ചൗദ്രിയെ വിവാഹം കഴിച്ച ശേഷമാണ് ഹുച്ചമ്മ ഈ ഗ്രാമത്തിലെത്തിയത്. അന്നവൾക്ക് പ്രായം തീരെ കുറവായിരുന്നു. ദമ്പതികൾക്ക് കുട്ടികളില്ല. അവർ തങ്ങളുടെ വയലിൽ കഠിനാധ്വാനം ചെയ്താണ് ജീവിച്ചിരുന്നത്. മുപ്പത് വർഷം മുമ്പ്, ബസപ്പ ചൗദ്രി അന്തരിച്ചു, ഹുച്ചമ്മ തനിച്ചായി. അപ്പോഴും അവർ മറ്റുള്ളവരെ ആശ്രയിക്കാൻ പോയില്ല. അവർ തന്റെ വയലിൽ ജോലി തുടർന്നു. ലളിതമായ ജീവിതം നയിച്ചു. പിന്നീട് സർക്കാർ ഉദ്യോഗസ്ഥർ സ്‌കൂൾ പണിയാനായി ഒരു സ്ഥലം നോക്കുകയാണെന്നറിഞ്ഞപ്പോൾ ഗ്രാമത്തിലെ കുട്ടികൾക്കായി, അവർ സ്വമേധയാ തന്റെ ഭൂമിയുടെ പകുതി കൊടുത്തു. അതായത് ഒരു ഏക്കർ ഭൂമി വിട്ടുകൊടുത്തു.

ഇപ്പോൾ കുട്ടികൾക്കായി സ്കൂൾ ഒരു കളിസ്ഥലം നിർമിക്കാൻ ആലോചിക്കുകയാണ് എന്നറിഞ്ഞപ്പോൾ, ഹുച്ചമ്മ രണ്ടാമതൊന്ന് ആലോചിക്കാതെ നിറഞ്ഞ മനസ്സോടെ ബാക്കിയുള്ള ഭൂമി കൂടി സ്കൂളിന് സമ്മാനിക്കുന്നു. ഇത്രയധികം ഭൂമിയും, സ്വന്തമായി കൃഷിസ്ഥലവും ഉണ്ടായിരുന്ന അവർ ഇപ്പോൾ അതേ സ്കൂളിൽ പ്രധാന പാചകക്കാരിയായി ജോലി ചെയ്യുകയാണ്. അവർ കുട്ടികൾക്കായി സന്തോഷത്തോടെ ഉച്ചഭക്ഷണം തയ്യാറാക്കുന്നു. അവരുടെ കൈകൾകൊണ്ട് കുഞ്ഞുങ്ങൾക്ക് ആഹാരം വിളമ്പി കൊടുക്കുന്നു. എന്നാൽ, സ്കൂൾ അടക്കുമ്പോൾ, അവർ മറ്റുള്ളവരുടെ വയലുകളിൽ ദിവസക്കൂലിക്കായി പണിയ്ക്ക് പോകുന്നു. അവരുടെ ഈ നല്ല മനസ്സ് കൊണ്ട് തന്നെ കുട്ടികൾക്ക് അവർ മുത്തശ്ശിയാണ്. “ഞാൻ പ്രസവിച്ചിട്ടില്ല. എന്നാൽ ഈ കുട്ടികളെല്ലാം എന്നെ അജ്ജി (മുത്തശ്ശി) എന്നാണ് വിളിക്കുന്നത്," അവർ പറഞ്ഞു. ദിവസവും 300 കുട്ടികൾക്ക് ഭക്ഷണം നൽകാൻ സാധിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എല്ലാവർക്കും ഒന്നോ രണ്ടോ കുട്ടികളെയുള്ളൂ. എന്നാൽ എനിക്ക് സ്വന്തമായി 300 കുട്ടികളുണ്ട്" ഹുച്ചമ്മ കൂട്ടിച്ചേർത്തു.  

ഈ പ്രദേശത്ത് ലോഹനിർമ്മാതാക്കളുടെ, പ്രത്യേകിച്ച് ഇരുമ്പയിർ നിർമ്മാതാക്കളുടെ എണ്ണം വർധിച്ചതോടെ ഭൂമിയുടെ മൂല്യം പെട്ടെന്ന് വർധിച്ചു. സ്കൂൾ കെട്ടിടത്തിനായി ഹുച്ചമ്മ സംഭാവന നൽകിയ സ്ഥലത്തിന്റെ വിപണിവില കുറഞ്ഞത് ഒരു കോടി രൂപയാണെന്നത് ഹുച്ചമ്മക്കും അറിയാം. എന്നാൽ, തനിക്ക് വിശപ്പടക്കാനുള്ള ഭക്ഷണം മാത്രം മതിയെന്ന ലളിതമായ ചിന്തയാണ് അവർക്കുള്ളത്. "ഒരുപാട് പണം കൊണ്ട് എന്ത് ചെയ്യാനാ? അതിനേക്കാൾ ഈ കുട്ടികൾ എന്നും എന്നെ ഓർക്കും. എനിക്ക് പണത്തേക്കാൾ വലുതാണ് ഈ കുട്ടികളുടെ സ്നേഹം. ഇതിൽ കൂടുതൽ എന്ത് ആഗ്രഹിക്കാനാ" അവർ പറയുന്നു.  

Follow Us:
Download App:
  • android
  • ios