തീയില്‍ വേവിച്ചെടുത്ത മത്സ്യം 780,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ആദ്യകാല മനുഷ്യര്‍ക്ക്  പ്രിയപ്പെട്ട ഭക്ഷണം വിഭവം തന്നെയായിരുന്നു എന്നാണ് ഗവേഷകന്‍ വെളിപ്പെടുത്തിയിരിക്കുന്നത് Photo: Representational Image 

മനുഷ്യന്റെ ഇഷ്ടഭക്ഷണങ്ങളില്‍ ഒന്നാണ് മത്സ്യം. വറുത്തും കറിവെച്ചുമൊക്കെ രുചികരമായ വിവിധ വിഭവങ്ങള്‍ നമ്മള്‍ മത്സ്യം കൊണ്ട് ഉണ്ടാകാറുണ്ട്. എന്നാല്‍ നമ്മള്‍ മാത്രമല്ല ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുന്‍പുള്ള പൂര്‍വികരും മത്സ്യം കഴിച്ചിരുന്നു എന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മത്സ്യം കറി വച്ചാണ് വറുത്താണോ അതോ ഗ്രീല്‍ ചെയ്തതാണോ ഇവര്‍ ഉപയോഗിച്ചിരുന്നത് എന്നൊന്നും അറിയില്ലെങ്കിലും തീയില്‍ വേവിച്ചെടുത്ത മത്സ്യം 780,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ആദ്യകാല മനുഷ്യര്‍ക്ക് പ്രിയപ്പെട്ട ഭക്ഷണം വിഭവം തന്നെയായിരുന്നു എന്നാണ് ഒരു ഇസ്രായേലി ഗവേഷകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ പൂര്‍വികര്‍ പാചകം ചെയ്യാന്‍ തീ ഉപയോഗിച്ചിരുന്നു എന്നതിന്റെ നിര്‍ണായക തെളിവാണ് ഗവേഷകര്‍ പുറത്തുകൊണ്ടുവന്നത്. 

പാചകം ചെയ്യാന്‍ ആദ്യകാല മനുഷ്യര്‍ തീ ഉപയോഗിച്ചിരുന്നു എന്നത് എന്നും ഒരു വിവാദ വിഷയമാണ്. ചൂടു കായാന്‍ വേണ്ടി മാത്രമായിരുന്നില്ല പുരാതന അടുപ്പുകള്‍ ഉപയോഗിച്ചിരുന്നത്, ഭക്ഷണം പാചകം ചെയ്യാനും ഇത് ഉപയോഗിച്ചിരുന്നു എന്ന് തെളിയിക്കുക ഏറെ ബുദ്ധിമുട്ടായിരുന്നു.അതേസമയം പാചക കലയുടെ പിറവി കണ്ടെത്തേണ്ടത് അനിവാര്യവും ആണ് . കാരണം മനുഷ്യ ചരിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവാണ് ഇത്. ഭക്ഷണം പാചകം ചെയ്യുന്നത്ദഹനം എളുപ്പമാകുന്നു എന്ന കണ്ടെത്തല്‍ നമ്മുടെ പൂര്‍വികര്‍ നടത്തിയത് ലോകമെമ്പാടുമുള്ള മനുഷ്യകുലത്തിന്റെ വികാസത്തിന് നല്‍കിയ നിര്‍ണായക സംഭാവനയാണ് ചരിത്ര ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്..

ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയിലെ സ്റ്റെയ്ന്‍ഹാര്‍ഡ് മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ പുരാവസ്തു ഗവേഷകനായ ഇറിത് സോഹറിന്റെ 16 വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമാണ് ഈ പുതിയ കണ്ടെത്തല്‍. നേച്ചര്‍ ഇക്കോളജി ഇവല്യൂഷന്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. വടക്കന്‍ ഇസ്രായേലിലെ ഗെഷര്‍ ബെനോട്ട് യാക്കോവ് എന്ന സ്ഥലത്ത് കണ്ടെത്തിയ ആയിരക്കണക്കിന് മത്സ്യ അവശിഷ്ടങ്ങള്‍ നിര്‍ണായകമായ ഈ കണ്ടെത്തലിലേക്ക് വഴി തുറന്നു. ഈ മത്സ്യ അവശിഷ്ടങ്ങളില്‍ മുള്ളുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ധാരാളം പല്ലുകള്‍ ഉണ്ടായിരുന്നു.

500 ഡിഗ്രി സെല്‍ഷ്യസിനു താഴെയുള്ള താപനിലയില്‍ (930 ഫാരന്‍ഹീറ്റ്) മത്സ്യ അസ്ഥികള്‍ മൃദുവാക്കുകയും ശിഥിലമാകുകയും ചെയ്യുന്നതിന്റെ സൂചനയാണ് ഇതെന്നാണ് ഗവേഷകന്‍ കണ്ടെത്തിയത്. ഇത് മത്സ്യം പാചകം ചെയ്തു എന്നതിനെറ തെളിവാണെന്നും ഗവേഷകന്‍ പറയുന്നു. ഈ താപനിലയില്‍ ചൂടാക്കിയാലും അവയുടെ പല്ലുകള്‍ക്ക് യാതൊന്നും സംഭവിക്കുകയില്ല. അവ മണ്ണില്‍ അവശേഷിക്കുക തന്നെ ചെയ്യും. കണ്ടെത്തിയ പല്ലുകളില്‍ ഭൂരിഭാഗവും കരിമീനിന്റെതായിരുന്നു. ഇത് മാംസത്തിനായി തിരഞ്ഞെടുത്തതാണെന്ന് പഠനം പറയുന്നു. ചില കരിമീന്‍കള്‍ക്ക് രണ്ട് മീറ്ററിലധികം (6.5 അടി) നീളമുണ്ടായിരുന്നു. പല്ലിന്റെ ഇനാമലില്‍ നടത്തിയ പഠനത്തിലാണ് നിര്‍ണായക തെളിവ് ലഭിച്ചതെന്ന് സോഹര്‍ പറഞ്ഞു.