Asianet News MalayalamAsianet News Malayalam

ലോകം മുഴുവൻ ഭയക്കുന്ന കൊറോണാ വൈറസിനെ ഏറ്റുവാങ്ങാൻ തയ്യാറായി 20,000 പേർ; എന്താണ് ഈ ഹ്യൂമൻ ചലഞ്ച് ?

നിയന്ത്രിതമായ മനുഷ്യ അണുബാധാ പരീക്ഷണങ്ങളുടെ ആദ്യപടി, പൂർണ്ണാരോഗ്യമുള്ള വളണ്ടിയർമാരുടെ ദേഹത്ത് കൊറോണാവൈറസ് കുത്തിവെക്കുക എന്നതാണ്.

Human challenge where volunteers are deliberately infected with corona virus to test vaccine
Author
America, First Published May 19, 2020, 11:18 AM IST

കൊവിഡ് ഭീതിയിൽ ലോകം നെട്ടോട്ടമോടുമ്പോൾ, വൈറസ് പിടികൂടാതിരിക്കാൻ വേണ്ടി മാസ്കും, സാനിറ്റൈസറും, ഐസൊലേഷനും, ക്വാറന്റീനും ഒക്കെ പരിചയായി പിടിക്കുമ്പോൾ, അതേ വൈറസിനെ സ്വന്തം ശരീരത്തിലേക്ക് കുത്തിവെക്കാൻ തയ്യാറായി 102 രാജ്യങ്ങളിൽ നിന്നുള്ള 20,000 പരം പേർ സധൈര്യം മുന്നോട്ടു വന്നിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ 'ഹ്യൂമൻ ചലഞ്ച്' എന്ന കൊറോണവൈറസ് വാക്സിൻ മെഗാ ട്രയൽസിന്റെ ഭാഗമാകാനാണ് ഇത്രയുമധികം പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്വന്തം ജീവൻ വരെ പണയപ്പെടുത്തിക്കൊണ്ടുതന്നെ സമ്മതം മൂളിയിരിക്കുന്നത്.

'ഹ്യൂമൻ ചലഞ്ച്' എന്നത് സഹജീവികളുടെ പ്രാണൻ രക്ഷിച്ചെടുക്കാനുള്ള ഒരു ഉദ്യമമാണ്. അത് കൊവിഡ് എന്ന മഹാമാരിക്ക് ഒരു വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ളഒരു കൂട്ടം ഗവേഷകരുടെ അതിനിർണായകമായ പരിശ്രമത്തിന്റെ പേരാണ്. രോഗബാധിതരിൽ വാക്സിൻ ഫലപ്രദമാണോ എന്നത് കണ്ടെത്തുക എന്നതാണ് ഇതിന്റെ പ്രഖ്യാപിതലക്‌ഷ്യം. ഇതിനുവേണ്ട അനുമതി അമേരിക്കൻ സെനറ്റിൽ നിന്ന് ലഭിച്ചു കഴിഞ്ഞു. ലോകാരോഗ്യ സംഘടനയും ഇത്തരമൊരു പരീക്ഷണത്തിന് സമ്മതം മൂളിക്കഴിഞ്ഞു.

എന്താണീ ഹ്യൂമൻ ചലഞ്ച് ?

ഈയടുത്ത് ലോകാരോഗ്യ സംഘടന ഹ്യൂമൻ ചലഞ്ചിനെപ്പറ്റി പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നത് ഇങ്ങനെ," നിയന്ത്രിതമായ മനുഷ്യ അണുബാധാ പരീക്ഷണങ്ങളുടെ (Controlled Human Infection Studies) ആദ്യപടി, പൂർണ്ണാരോഗ്യമുള്ള വളണ്ടിയർമാരുടെ ദേഹത്ത് കൊറോണാവൈറസ് കുത്തിവെക്കുക എന്നതാണ്. ഇത്തരം പഠനങ്ങൾ വാക്സിൻ വികസിപ്പിച്ചെടുക്കാൻ അത്യന്താപേക്ഷിതമാണ്. വാക്സിന്റെ യഥാർത്ഥ രോഗികളിന്മേലുള്ള ഫീൽഡ് ട്രയൽസിനേക്കാൾ എളുപ്പത്തിലും, കാര്യക്ഷമമായും ഇത്തരം പഠനങ്ങൾ നടത്താനാകും. കുറഞ്ഞ എണ്ണം രോഗികൾക്കുമേൽ മാത്രം പരീക്ഷണാടിസ്ഥാനത്തിലുള്ള വാക്സിനുകൾ പ്രയോഗിച്ചാൽ മതിയാകും. "

 

Human challenge where volunteers are deliberately infected with corona virus to test vaccine



ഇന്ന് ലോകത്തിന്റെ പലഭാഗങ്ങളിലായി പരിണാമദശയുടെ പല ഘട്ടങ്ങളിൽ എത്തി നിൽക്കുന്ന നൂറിലധികം കൊറോണാ വാക്സിൻ തന്മാത്രകളുണ്ട്. രണ്ടെണ്ണമെങ്കിലും, ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകരുടെയും, ഹോങ്കോങ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാൻസിനോ ബയോ ലോജിക്‌സ് എന്ന കമ്പനിയുടെയും, രണ്ടാംഘട്ട ഫീൽഡ് ട്രയൽസ് എത്തി നിൽക്കയാണ്. കൊവിഡ് മഹാമാരി കാരണം ലോകത്തുണ്ടാകുന്ന ധന-ജീവ-നഷ്ടങ്ങൾ പരിഗണിച്ച് ഹ്യൂമൻ ചലഞ്ചിനു സമാനമായ ബോധപൂർവമുള്ള നിയന്ത്രിത മനുഷ്യ അണുബാധാ പരീക്ഷണങ്ങൾക്ക് അനുമതി നൽകണം എന്നുകാണിച്ചുകൊണ്ട് നിരവധി യുഎസ് കോൺഗ്രസ് അംഗങ്ങൾ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് കത്ത് നൽകിക്കഴിഞ്ഞു. പ്രസ്തുത മാർഗ്ഗത്തിലൂടെയുള്ള വാക്സിൻ ട്രയലുകൾ ത്വരിതഗതിയിലാക്കി വാക്സിൻ എത്രയും പെട്ടെന്ന് വിപണിയിലെത്തിക്കണം എന്നതാണ് അവരുടെ ആവശ്യം. സാധാരണ നിലയ്ക്ക്, വാക്സിൻ പരീക്ഷണത്തിനു സമ്മതം മൂളുന്ന ഒരു വ്യക്തിക്ക് സമൂഹത്തിൽ നിന്ന് അസുഖം പിടിപെട്ട് ട്രയൽ ഘട്ടത്തിലേക്ക് വരാൻ കാലതാമസമുണ്ടാകാം. അത് ഹ്യൂമൻ ചലഞ്ചിൽ ഒഴിവാക്കാനാകും.

മനുഷ്യരിൽ വൈറസ് കുത്തിവെക്കൽ ഇതാദ്യമായാണോ ?

അല്ല. മലേറിയ, ഡെങ്കി, ഇൻഫ്ളുവൻസ, കോളറ തുടങ്ങിയ പല രോഗങ്ങൾക്കും ഇതിനു മുമ്പും ബോധപൂർവമുള്ള നിയന്ത്രിത മനുഷ്യ അണുബാധാ പരീക്ഷണങ്ങൾക്ക് അനുമതി നൽകപ്പെട്ട ചരിത്രമുണ്ട് നമ്മുടെ മുന്നിൽ. സ്മാൾ പോക്സിന് വാക്സിൻ കണ്ടെത്തിയ എഡ്വേർഡ് ജെന്നർ ആദ്യമായി വൈറസ് കുത്തിവെച്ചത് സ്വന്തം തോട്ടക്കാരന്റെ മകനിലാണ് . പിന്നാലെ വാക്സിനും കുത്തിവെച്ച ജെന്നർ ആ കുട്ടിയെ രോഗം ബാധിച്ചില്ല എന്ന കാര്യം സ്ഥിരീകരിച്ച ശേഷമാണ്, അതേ വാക്സിൻ 6000 പേരിൽ വീണ്ടും അതുതന്നെ പരീക്ഷിച്ചതും,പോക്‌സിനെ തടുക്കാൻ വേണ്ടി പ്രസ്തുത വാക്സിൻ  പിന്നീട്  വിപണിയിൽ എത്തിച്ചതും.

 

Human challenge where volunteers are deliberately infected with corona virus to test vaccine



കൃത്യമായ മാർഗനിർദേശങ്ങൾ പിന്തുടർന്നുകൊണ്ട്, ഒരു എത്തിക്സ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ കഴിഞ്ഞ 50 വർഷത്തിനിടെ നിരവധി ഹ്യൂമൻ ചലഞ്ച് ട്രയൽസ് വിജയകരമായി നടന്നിട്ടുണ്ട് എന്നും ലോകാരോഗ്യ സംഘടന പറയുന്നു. പ്രസ്തുത പഠനങ്ങളാണ് ആ രോഗങ്ങൾക്കുള്ള ചികിത്സകൾ വികസിപ്പിച്ചെടുക്കുന്നതിൽ വൈദ്യശാസ്ത്രത്തെ സഹായിച്ചിട്ടുള്ളത്.

ഇങ്ങനെ ഒരു ഹ്യൂമൻ ചലഞ്ചിന്റെ ആവശ്യം?

കൊവിഡ് 19 എന്ന മഹാമാരിക്ക് നിലവിൽ ചികിത്സയേതുമില്ല. ആ സാഹചര്യത്തിൽ അസുഖത്തെ നേരിടാൻ രണ്ടേ രണ്ടു മാർഗ്ഗങ്ങളാണുള്ളത്. ഒന്ന്, 'ഹെർഡ്' ഇമ്മ്യൂണിറ്റി കൈവരിക്കുക. അതായത് സമൂഹത്തിലെ ഭൂരിഭാഗം പേർക്കും രോഗം ബാധിച്ചു കഴിഞ്ഞാൽ, സമൂഹത്തിന് മൊത്തമായി ഒരു പ്രതിരോധ ശേഷി വരും. അതിനെയാണ് ഹെർഡ് ഇമ്മ്യൂണിറ്റി എന്ന് വിളിക്കുന്നത്. ഈ പ്രക്രിയ നിരവധി പേർക്ക് ജീവാപായവും, രോഗപീഡകളും നൽകുന്ന ഒന്നാണ്. ഒരു സമൂഹത്തിലെ 60-70 ശതമാനം പേർക്കെങ്കിലും രോഗം വന്നാൽ മാത്രമാണ് ഹെർഡ് ഇമ്മ്യൂണിറ്റി കിട്ടുക എന്ന് ചില പഠനങ്ങൾ പറയുന്നു. ഇത് അത്ര എളുപ്പത്തിൽ പ്രവർത്തികമാക്കാവുന്ന ഒന്നല്ല. രണ്ടാമത്തെ വഴി, വാക്സിൻ വികസിപ്പിച്ചെടുക്കുക എന്നതാണ്. അതുകൊണ്ടാണ് വാക്സിൻ നിർമാണത്തിനായി ഇത്രയധികം ഗവേഷണ-പഠനങ്ങൾ ലോകമെമ്പാടുമായി നടന്നുവരുന്നത്. എത്ര പെട്ടെന്ന് ക്ലിനിക്കൽ ട്രയലുകൾ പുരോഗമിച്ചു എന്ന് പറഞ്ഞാലും ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും ഒരു വാക്സിൻ വികസിപ്പിച്ചെടുക്കാനും ആഗോളതലത്തിൽ അത് രോഗികളിലേക്ക് എത്തിക്കാനും ചെലവാകും.

രോഗമില്ലാത്തവരിൽ വൈറസ് കുത്തിവെക്കുന്നതിലെ നൈതികത ?

ഇത് അത്ര എളുപ്പത്തിൽ ഉത്തരം താറാവുന്ന ഒന്നല്ല. അതുകൊണ്ടുതന്നെ കാര്യത്തിന്റെ ഗൗരവം കൃത്യമായി മനസ്സിലാക്കി, എന്നിട്ടും ഈ പ്രക്രിയയുടെ സാമൂഹിക പ്രതിബദ്ധത തിരിച്ചറിഞ്ഞു കൊണ്ട് പരീക്ഷണങ്ങൾക്ക് വിധേയരാക്കാൻ സന്നദ്ധത പ്രകടിപ്പിക്കുന്നവരെ മാത്രമേ ഹ്യൂമൻ ചലഞ്ചിന് വളണ്ടിയർമാരായി പരിഗണിക്കാവൂ. കൃത്യമായി ഡിസൈൻ ചെയ്യപ്പെടേണ്ടതുണ്ട് ഇത്തരത്തിൽ ഒരു പഠനം. അനാവശ്യമായി ഒരാളെപ്പോലും വൈറസ് കുത്തിവെച്ച് രോഗബാധിതനാക്കാൻ പാടില്ല. നല്ല ആരോഗ്യമുള്ളവരെ മാത്രമേ ഇതിനു പരിഗണിക്കാവൂ. വാക്സിനെപ്പറ്റി നല്ല ഉറപ്പുണ്ടായ ശേഷം മാത്രമേ ഇത്തരത്തിലുള്ള പഠനത്തിന് ജനങ്ങളെ വളണ്ടിയർമാരാക്കാവൂ. അതുകൊണ്ടു തന്നെ ഏറ്റവും റിസ്ക് കുറവുള്ള 18 മുതൽ 30 വരെ പ്രായമുള്ള പൂർണ്ണാരോഗ്യവാന്മാരായ ചെറുപ്പക്കാരെ മാത്രമേ WHO ഈ ഹ്യൂമൻ ചലഞ്ചിനായി പരിഗണിക്കുന്നുള്ളൂ. അവരിൽ ആഗോള തലത്തിൽ തന്നെ ഹോസ്‌പിറ്റലൈസേഷൻ ഒരു ശതമാനവും, മരണനിരക്ക് .03 ശതമാനവുമാണ് എന്നതാണ് ലോകാരോഗ്യ സംഘടന അതിനു പറയുന്ന കാരണം.  

കൊറോണവൈറസ് മൂലം ഗബാധിതരായി അനുദിനം ആയിരക്കണക്കിന് സഹജീവികൾ മരണത്തോട് മല്ലിടുമ്പോൾ, സ്വന്തം ജീവൻ പണയപ്പെടുത്തിയും ഒരു വാക്സിൻ എത്രയും പെട്ടെന്ന് വികസിപ്പിച്ചെടുക്കാനുള്ള ഈ ഉദ്യമം കാലതാമസം കൂടാതെ അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്തുക എന്നത് മനുഷ്യരാശിയുടെ തന്നെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. അതിനാണ് ഈ ഹ്യൂമൻ ചലഞ്ചിലൂടെ ലോകാരോഗ്യ സംഘടന തന്നെ നേരിട്ടിറങ്ങിയിരിക്കുന്നത്.

 

Follow Us:
Download App:
  • android
  • ios