ഇവിടെ ഒരു അച്ഛന്‍റെ കുറിപ്പാണ് വൈറലാവുന്നത്. മകനെ കുറിച്ചായിരുന്നു ആ അച്ഛന്‍ എല്ലായ്പ്പോഴും സ്വപ്നം കണ്ടിരുന്നത്. പക്ഷെ, മകന് പഠനവൈകല്യമായിരുന്നു. ഒടുവില്‍ ആ മകനേയും കുടുംബത്തേയും ചേര്‍ത്തുപിടിക്കുന്നത് അതുവരെ വലിയ പരിഗണനയൊന്നും നല്‍കാത്ത മകളാണ്... 

മുംബൈ: മിക്ക വീടുകളിലും ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണ് ഉള്ളതെങ്കില്‍ പലപ്പോഴും പ്രാധാന്യം കൂടുതല്‍ നല്‍കുക മകന്‍റെ കാര്യത്തിനായിരിക്കും. അവനെ നന്നായി പഠിപ്പിക്കണം, അവന് നല്ലൊരു ജോലി കിട്ടണം അങ്ങനെയങ്ങനെ പോകും അത്. പെണ്‍മക്കള്‍ അധികം പഠിച്ചാലും ഇല്ലെങ്കിലും അവളെ മറ്റൊരിടത്തേക്ക് വിവാഹം കഴിച്ചയക്കേണ്ടതാണ് എന്ന ധാരണയില്‍ നിന്നുണ്ടാവുന്നതാകാം ഇവയെല്ലാം... 

വീട്ടിലെ ആണ്‍കുട്ടികളേക്കാള്‍ പഠിക്കാന്‍ കഴിവുണ്ടായിട്ടും കൂടുതല്‍ പഠിക്കാന്‍ അനുവദിക്കാതെ വിവാഹം കഴിപ്പിച്ചയക്കുന്ന പെണ്‍കുട്ടികളും ധാരാളം. വിവാഹശേഷം പഠിക്കാന്‍ അനുവാദമില്ലാത്തവരും ജോലി ചെയ്യാന്‍ അനുവാദമില്ലാത്തവരുമുണ്ട്. അവരുടെ ഭാവിയെക്കുറിച്ച് പലര്‍ക്കും വലിയ സ്വപ്നങ്ങളൊന്നുമില്ല. വീട്ടിലെ കാര്യങ്ങള്‍ നോക്കണമെന്നതാണ് അവരുടെ പ്രാഥമികമായ ഉത്തരവാദിത്തം എന്നാണ് മിക്കവരും കരുതുന്നത്. ആണ്‍കുട്ടിക്ക് കൊടുക്കുന്നതിന്‍റെ പകുതി പരിഗണനയെങ്കിലും നല്‍കിയിരുന്നുവെങ്കില്‍ ഒരുപാട് ഉയരങ്ങളിലെത്തുമായിരുന്ന ഒരുപാട് പെണ്‍കുട്ടികളെ എല്ലായിടത്തും കാണാം. അവരുടെ സ്വപ്നങ്ങളെ കുറിച്ച് അധികമെവിടെയും രേഖപ്പെടുത്തിക്കാണില്ല.

ഇവിടെ ഒരു അച്ഛന്‍റെ കുറിപ്പാണ് വൈറലാവുന്നത്. മകനെ കുറിച്ചായിരുന്നു ആ അച്ഛന്‍ എല്ലായ്പ്പോഴും സ്വപ്നം കണ്ടിരുന്നത്. പക്ഷെ, മകന് പഠനവൈകല്യമായിരുന്നു. ഒടുവില്‍ ആ മകനേയും കുടുംബത്തേയും ചേര്‍ത്തുപിടിക്കുന്നത് അതുവരെ വലിയ പരിഗണനയൊന്നും നല്‍കാത്ത മകളാണ് എന്നും കുറിപ്പില്‍ അച്ഛന്‍ വ്യക്തമാക്കുന്നുണ്ട്. അവളെ കുറിച്ചോര്‍ത്ത് ഞാനിന്ന് അഭിമാനം കൊള്ളുകയാണ് എന്നും അച്ഛന്‍റെ വാക്കുകള്‍.

ഹ്യുമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജിലാണ് ഈ അച്ഛന്‍റെ വാക്കുകള്‍ പങ്കുവച്ചിരിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്: 
എനിക്ക് രണ്ട് മക്കളായിരുന്നു. ഒരു മകനും ഒരു മകളും. എനിക്ക് എന്‍റെ മകനെ കുറിച്ച് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. അവന്‍ വളര്‍ന്ന് വലിയൊരാളാകുന്നത് ഞാനെപ്പോഴും സ്വപ്നം കണ്ടു. പക്ഷെ, അവന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ അവന്‍റെ അധ്യാപകരാണ് അതെന്നോട് പറയുന്നത്, അവന് പഠിക്കുന്നതില്‍ എന്തോ ചെറിയൊരു പ്രയാസമുണ്ടെന്ന്. അവന് പഠനവൈകല്യമായിരുന്നു. അതെന്താണ് എന്ന് പോലും എനിക്ക് മനസിലായിരുന്നില്ല. അവന്‍ മറ്റുള്ളവരേക്കാള്‍ മെല്ലെയാണ് എന്ന് മാത്രമാണ് എനിക്കറിയാമായിരുന്നത്. മറ്റുള്ള കുട്ടികളേക്കാള്‍ അവന് ഒരല്‍പം ശ്രദ്ധ കൂടുതല്‍ വേണ്ടി വന്നു. ആദ്യമൊക്കെ എനിക്ക് കടുത്ത നിരാശ തോന്നി. പക്ഷെ, പയ്യെ ഞാന്‍ മനസിലാക്കി, ഇതൊന്നും തന്നെ അവന്‍റെ തെറ്റല്ല. മാറണമെന്ന് അവനാഗ്രഹിച്ചാല്‍ പോലും അവന് മാറാനാകില്ല.

അപ്പോഴാണ് അപ്രതീക്ഷിതമായ ആ കാര്യം സംഭവിച്ചത്. എന്‍റെ മകള്‍ ഈ വീട് നോക്കാന്‍ മുന്നോട്ട് വന്നു. അവള്‍ ദുപ്പട്ടകളും വിവിധതരം ആഭരണങ്ങളും നിര്‍മ്മിച്ചു. ഞങ്ങളുടെ കുടുംബത്തിന് കഴിയാനുള്ളത് അവള്‍ സമ്പാദിച്ചു. അവള്‍ അവളുടെ സഹോദരനെ സഹായിക്കുന്നു, ഞങ്ങളെ നന്നായി നോക്കുന്നു, ഇവയെല്ലാം ഒരേ സമയം കൈകാര്യം ചെയ്യുന്നു. അതുകൊണ്ട് തന്നെ എനിക്ക് വീട്ടുകാര്യങ്ങളൊന്നും നോക്കേണ്ടി വരുന്നില്ല. 

ഞാനെപ്പോഴും മകന്‍റെ കാര്യങ്ങളാണ് കൂടുതല്‍ ശ്രദ്ധിച്ചത്. അതുകൊണ്ട് തന്നെ എന്‍റെ മകളുടെ കഴിവ് കാണാനെനിക്കായില്ല. അവളിന്നെന്‍റെ അഭിമാനമായി മാറിയിരിക്കുന്നു. ഞാനെപ്പോഴും കരുതും എന്‍റെ കുട്ടിയെ ആരെങ്കിലും വിവാഹം കഴിക്കുമല്ലോ അപ്പോള്‍ അയാള്‍ അവളുടെ കാര്യങ്ങളെല്ലാം നന്നായി നോക്കുമെന്ന്. പക്ഷെ, പിന്നീട് ഞാന്‍ മനസിലാക്കി, അവള്‍ക്ക് ആരുടേയും സഹായം വേണ്ട. അവളുടെ കാര്യങ്ങളെല്ലാം നോക്കാന്‍ അവള്‍ തന്നെ ധാരാളമാണ് എന്ന്.